ചിക്കാഗോ രൂപതയില്‍ വൈദീകരുടെ സ്ഥലംമാറ്റവും, നവ വൈദീകരുടെ നിയമനവും ജൂലൈ 12-ന്

chicagosyromalabar_picചിക്കാഗോ: അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവരില്‍ നിന്ന്, ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ആദ്യ വൈദീകരായ റവ.ഫാ കെവിന്‍ മുണ്ടയ്ക്കല്‍, റവ.ഫാ. രാജീവ് വലിയവീട്ടില്‍ എന്നീ വൈദീകരുടെ ആദ്യ നിയമനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രഖ്യാപിച്ചു.

റ്റാമ്പാ- ഫ്‌ളോറിഡ സെന്റ് പോള്‍സ് കാത്തലിക് ചര്‍ച്ചില്‍ നടന്ന തിരുപ്പട്ട സ്വീകരണ ശുശ്രൂഷയ്ക്കുശേഷമാണ് പ്രസ്തുത പ്രഖ്യാപനം നടന്നത്. റവ.ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരിയായും, റവ.ഫാ. രാജീവ് വലിയവീട്ടില്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ പള്ളി അസിസ്റ്റന്റ് വികാരിയായും ചുമതലയേല്‍ക്കും.

രൂപതയിലെ മറ്റു വൈദീകരുടെ സ്ഥലംമാറ്റ വിവരം ചുവടെ ചേര്‍ക്കുന്നു:

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. മാത്യൂസ് മുഞ്ഞനാട്ട് കാലിഫോര്‍ണിയയിലെ സാന്റാ അന്ന സെന്റ് തോമസ് ദി അപ്പോസ്തലല്‍ ഫൊറോനാ പള്ളി വികാരിയായും, സാന്റാ അന്ന പള്ളി വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍ അരിസോണയിലെ ഫീനിക്‌സ് ഹോളിഫാമിലി പള്ളി വികാരിയായും നിയമിതരായി. ഫീനിക്‌സ് പള്ളി വികാരി റവ.ഫാ. ജോര്‍ജ് എട്ടുപറയില്‍ ആണ് സാന്‍ഫ്രാന്‍സിസ്‌കോ സീറോ മലബാര്‍ പള്ളിയുടെ പുതിയ വികാരി.

കാലിഫോര്‍ണിയയിലെ സാക്രമെന്റോ ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നിന്നും സ്ഥലംമാറുന്ന റവ.ഫാ. സിബി കുര്യന്‍ വി.സി ഒര്‍ലാന്റോ സെന്റ് മേരീസ് പള്ളി വികാരിയായി ചാര്‍ജെടുക്കമ്പോള്‍, നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ പള്ളി വികാരി റവ.ഫാ. ജോബിമോന്‍ ചേലകുന്നേല്‍ എം.സി.ബി.എസ് സാക്രമെന്റോ സീറോ മലബാര്‍ പള്ളി വികാരിയായി സ്ഥാനമേല്‍ക്കും.

ഒര്‍ലാന്റോ സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ. കുര്യാക്കോസ് വാടാന എം.എസ്.ടി നോര്‍ത്ത് കരോളിന റാലെ പള്ളി വികാരിയായി ചാര്‍ജെടുക്കും.

പുതിയ നിയമനങ്ങള്‍ ജൂലൈ 12-നു നിലവില്‍ വരുമെന്നു രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി അറിയിച്ചു.

രൂപതയിലേക്ക് പുതുതായി ശുശ്രൂഷയ്ക്കായി എത്തിയ റവ.ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ എസ്.ഡി.ബി മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ അസിസ്റ്റന്റായും, റവ.ഫാ. ടോം ജോസ് കുഴിപ്പാല സാന്‍ഡിയാഗോ സെന്റ് ജോസഫ് മിഷന്‍ ഡയറക്ടറായും, റവ.ഫാ. അലക്‌സ് വിരുത്തിക്കുളങ്ങര സി.എസ്.എസ്.ആര്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് അസിസ്റ്റന്റ് വികാരിയായും മെയ് ആരംഭത്തില്‍ ചാര്‍ജെടുത്തു. റവ.ഫാ. ഏബ്രഹാം കളരിക്കല്‍ സെന്റ് ജോണ്‍ പോള്‍ II ക്‌നാനായ സാക്രമെന്റോ മിഷന്‍ ഡയറക്ടറായും, റവ.ഫാ. ബിന്‍സ് ചെതലില്‍ സെന്റ് മേരീസ് മോര്‍ട്ടന്‍ഗ്രോവ് പള്ളി അസിസ്റ്റന്റ് വികാരിയായും നിയമിതരായി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment