Flash News

മഞ്ഞ ലോഹത്തിന്റെ മായാലോകം (ലേഖനം): ജയന്‍ വര്‍ഗീസ്

June 10, 2018

manja loham1മനുഷ്യന്‍ എന്നാണ് സ്വര്‍ണ്ണം കണ്ടുപിടിച്ചത്? ഏതു കാട്ടിലെ മേട്ടിലാണ് സ്വന്തം വര്‍ണ്ണത്തിളക്കവുമായി അതവനെ ആകര്‍ഷിച്ചത്? വീട്ടിലെത്തിയ അവനില്‍ നിന്ന് അത് സ്വീകരിച്ച അവന്റെ പെണ്ണ് കാട്ടുവള്ളിയില്‍ കോര്‍ത്ത് അത് കഴുത്തിലണിയുകയായിരുന്നോ? ആ സ്വര്‍ണ്ണത്തിളക്കത്തില്‍ അവളുടെ മടിയിലേക്ക് ഒന്നുകൂടി മയങ്ങി വീഴുകയായിരുന്നുവോ അവന്‍?

കനകവും, കാമിനിയും കലഹത്തിന് കാരണമാകുമെന്ന് കവി പാടി. കാലാന്തരങ്ങളിലൂടെ വളര്‍ന്നുവന്ന മനുഷ്യന്റെ വര്‍ഗ്ഗ ചരിത്രം ഈ മഞ്ഞ മണ്ണിനായി ചെയ്തു കൂട്ടിയ പാതകങ്ങള്‍ ‘ ചിലപ്പതികാരം’ പോലുള്ള വാങ്മയ ചിത്രങ്ങളിലൂടെ ഇന്നും നമ്മെ കണ്ണീരണിയിക്കുന്നുണ്ട്. യുദ്ധങ്ങളിലും, യുദ്ധക്കെടുതികളിലും നിന്ന് മനുഷ്യന്‍ കട്ടു കവര്‍ന്നു കൊണ്ട് പോയതില്‍ ഒരു മുഖ്യ വസ്തു ഈ മഞ്ഞ മണ്ണ് തന്നെ ആയിരുന്നു.

ദുര്‍ലഭ്യത ഈ വസ്തുവിന്റെ മൂല്യം ഉയര്‍ത്തിയിരിക്കാം. അപൂര്‍വത ഇതിനെ ആകര്‍ഷകമാക്കിയിരിക്കാം. പില്‍ക്കാല സമൂഹങ്ങളില്‍ സാമൂഹ്യ മാന്യതയുടെ സിംബലായി ഇത് മാറിയെങ്കിലും, ഇന്ത്യക്കാരനെപ്പോലെ ഇതിന്റെ തിളക്കത്തില്‍ അപസ്മാരം ബാധിച്ചവര്‍ ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.

ജനസംഖ്യയിലെ വലിയൊരു ശതമാനവും ദരിദ്ര നാരായണന്മാരായി ജീവിതം തള്ളി നീക്കുന്ന മഹാഭാരതത്തില്‍, വിശ്വാസങ്ങളുടെയും, ആചാരങ്ങളുടെയും പേരില്‍ അടച്ചു പൂട്ടി വച്ച ഈ ‘ മരിച്ച സന്പത്ത് ‘ പുറത്തെടുക്കാനും, ഉപയോഗപ്പെടുത്താനും സാധിച്ചിരുന്നെങ്കില്‍, എന്ന് പണ്ടേ ഇന്ത്യ ഒരു സാന്പത്തിക ശക്തിയായി വളര്‍ന്നു വികസിക്കുമായിരുന്നില്ല? ഗൃഹനാഥയുടെ ശവം മറവു ചെയ്യാന്‍ സ്വന്തം കുടിലിന്റെ അടുക്കള പൊളിച്ചു കുഴി കുത്തേണ്ടി വന്ന ദരിദ്ര കുടുംബത്തിന്റെ ദയനീയാവസ്ഥ എന്ന് പണ്ടേ സമൂഹത്തില്‍ നിന്ന് നീക്കം ചെയ്യപ്പെടുമായിരുന്നില്ല?

പോഷകാഹാരക്കുറവ് മൂലം വിളര്‍ച്ച ബാധിച്, സര്‍ക്കാരാശുപത്രിയിലെ നീണ്ട ക്യൂവില്‍ മരുന്നിന് കാത്തു നില്‍ക്കുന്ന അമ്മയും, കുഞ്ഞും പോലും, അവരില്‍ അടിച്ചേല്പിക്കപ്പെട്ട അന്ധമായ ആചാരത്തിന്റെ അനന്തര ഫലമായിട്ടായിരിക്കണം, ഒരു തരി പൊന്ന് കാതിലോ,കഴുത്തിലോ അണിഞ്ഞിരിക്കുന്നത് കാണാം?

നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചക്കോ, തളര്‍ച്ചക്കോ മതങ്ങള്‍ ഒരു വലിയ പങ്ക് വഹിച്ചിരുന്നതായി കാണാം. പൗണ്ട് കണക്കിന് സ്വര്‍ണ്ണത്തില്‍ അടിച്ചുപരത്തി പണിത സ്വര്‍ണ്ണക്കുരിശുകളും തൂക്കി എഴുന്നള്ളുന്ന സ്വര്‍ണ്ണ തിരുമേനിമാരും, ദേവന്റെ വിഗ്രഹം തങ്കത്തില്‍ തന്നെ തീര്‍ത്ത് അതില്‍ വെണ്ണയും, പാലും അഭിഷേകം നടത്തുന്ന ക്ഷേത്ര വിശ്വാസികളും, ആരാധകരായ അനുയായി സമൂഹത്തിന്റെ പൊതു മനസ്സിലേക്ക് ഈ മഞ്ഞ മണ്ണിന്റെ ആര്‍ത്തി അടിച്ചു കയറ്റുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.

പിറന്നു വീഴുന്ന ശിശുവിന്റെ ചോരിവായില്‍ സ്വര്‍ണ്ണം അരച്ച് തേയ്ക്കുന്നത് കൊണ്ട് കുഞ്ഞിന് സ്വര്‍ണ്ണനിറം കൈവരുമെന്ന് വെറുതേ നിരൂപിക്കുന്ന അമ്മയമ്മൂമ്മമാര്‍ അറിയുന്നില്ലാ, പില്‍ക്കാലത്ത് കുട്ടികള്‍ക്ക് ചൊറി ചിരങ്ങുകള്‍ പിടിപെടുന്നത്തിന്റെയും, നിരന്തരം വയറിളക്കം പിടി പെടുന്നതിന്റെയും കാരണം ഇതായിരിക്കാം എന്ന്.

തങ്ങളുടെ ശരീരത്തിനുള്ള സ്വാഭാവിക നിറം അത്ര പോരാ എന്ന് ചിന്തിക്കുന്ന ചില പ്രവാസി സുന്ദരിമാര്‍ പതിവായി അമേരിക്കന്‍ വൈന്‍ കുടിക്കുന്നത് പോലെ, ദരിദ്ര ഇന്ത്യയിലെ സന്പന്ന സുന്ദരിമാര്‍ ശരീര കാന്തിക്കായി തനിത്തങ്കം ഭസ്മമാക്കി സേവിക്കുന്നുണ്ടത്രേ! ഇതിനു പകരം ചുവന്നു തുടുത്ത രണ്ട് ജൈവ തക്കാളിപ്പഴം ദിവസേന അകത്താക്കിയിരുന്നെങ്കില്‍, തക്കാളിപ്പഴം പോലെ ഇവര്‍ ചുവന്നു തുടുത്തു വരുമായിരുന്നു എന്ന് യാതൊരു ആയുര്‍വേദക്കാരനും ഇവരോട് പറഞ്ഞു കൊടുക്കാത്തതാണ് കഷ്ടം. അല്ല, ഇതൊക്കെ പറഞ്ഞു കൊടുത്താല്‍ കോടികള്‍ കൊയ്തു മുന്നേറുന്ന ഇവരുടെ സൗന്ദര്യ സംവര്‍ദ്ധക വ്യവസായം പൂട്ടിപ്പോകും എന്നതാകാം ഒരു കാരണം.?

സൗന്ദര്യ സംവര്‍ദ്ധനയ്ക്ക് സ്വര്‍ണ്ണം സഹായകമാവും എന്ന് പറഞ്ഞു പരത്തിയത് ഏതു വിവര ദോഷിയാണെങ്കിലും, അവന്‍ ചെയ്തു വച്ച പരമ ദ്രോഹത്തിന്റെ പേരില്‍ അവനാകുന്നു സാക്ഷാല്‍ ചെകുത്താന്‍. ഈ ചെകുത്താനെ അക്ഷരം പ്രതി അനുസരിച്ച ആധുനിക സമൂഹം പവിത്രവും, പരിശുദ്ധവുമായ മനുഷ്യ ശരീരത്തിന്റെ തലങ്ങും, വിലങ്ങും സ്വര്‍ണ്ണ ചങ്ങലകളുടെയും, വളയങ്ങളുടെയും കിലുക്കം സൃഷ്ടിച്ചു കൊണ്ട്, സാമൂഹികവും, സാമ്പത്തികവുമായ അസമത്വങ്ങളുടെയും, അസ്വാതന്ത്ര്യത്തന്റെയും കനത്ത നുകങ്ങള്‍ സ്വന്തം കഴുത്തുകളില്‍ ഏറ്റു വാങ്ങുക വഴി, ദുഃഖം വിലക്ക് വാങ്ങുകയായിരുന്നു.എന്നതല്ലേ ശരി?

മനുഷ്യ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിലാണ് ഈ മഞ്ഞ ലോഹം കെട്ടിത്തൂക്കുന്നത്? കാത്, കഴുത്ത്, നെറ്റി, മൂക്ക്, തല, മാറ്, അര , കൈത്തണ്ട, വിരലുകള്‍, കണങ്കാല്‍, കാല്‍വിരലുകള്‍…….പുറത്തു കാണാവുന്ന ഇത്രയും ഭാഗങ്ങളില്‍ ഇത് അണിഞ്ഞിരിക്കുന്ന നിലയ്ക്ക് പുറത്ത് കാണാത്ത ചില ഭാഗങ്ങളിലെങ്കിലും യോഗ്യന്മാരും, യോഗ്യത്തികളും ഇത് അണിയുന്നുണ്ടാവണം. വേണ്ടപ്പെട്ടവര്‍ കണ്ടാല്‍ മതിയല്ലോ?

ഇതെല്ലാം സഹിക്കാം. അതി മനോഹരവും, അത്യാകര്‍ഷകവുമായ ചാരുതയോടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള മനുഷ്യ ശരീരം അതി വേദന തിന്ന് കുത്തിത്തുളച് അതില്‍ കൊളുത്തുന്ന ഒരു തരി മഞ്ഞമണ്ണില്‍ സംതൃപ്തി തേടുന്ന ആധുനിക മനുഷ്യന്‍ എന്തുതരം പുരോഗതി നേടിയെന്നാണ് അവന് അവകാശപ്പെടാനുള്ളത്? മൃഗങ്ങള്‍ പോലും ഇത് ചെയ്യുമെന്ന് തോന്നുന്നില്ല. ശരീരത്തില്‍ തറഞ്ഞു കയറുന്ന അന്യവസ്തുക്കള്‍ കടിച്ചോ, മാന്തിയോ പറിച്ചെറിഞ്ഞു സ്വതന്ത്രമാവാനാണ് അവയും ശ്രമിച്ചു കാണുന്നത്.

എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് ? സൗന്ദര്യം വര്‍ദ്ധിപ്പിക്കാം എന്നാണോ? പൊന്നിന്റെയും, പൊന്നാടകളുടെയും ഉപയോഗം കൊണ്ട് സൗന്ദര്യം വര്‍ദ്ധിക്കും എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ ആഴത്തില്‍ വേര് പിടിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ജനതയിലേക്ക് ഈ ധാരണ ആദ്യമായി സന്നിവേശിപ്പിക്കപ്പെട്ടത് നമ്മുടെ പുരാണങ്ങളില്‍ നിന്ന് തന്നെ ആണെന്ന് തോന്നുന്നു. ചലച്ചിത്രങ്ങളിലും, ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന പുരാണ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ ആര്‍ക്കും ഇത് മനസ്സിലാക്കാവുന്നതാണ്. ആടയാഭരണ വിഭൂഷിതരായി പ്രത്യക്ഷപ്പെടുന്ന ഈ പാത്രങ്ങള്‍ക്ക് ഒന്ന് മൂത്രിക്കണമെങ്കില്‍, കാഷ്ഠിക്കണമെങ്കില്‍, എന്തിന് ഒന്ന് കുളിക്കണമെങ്കില്‍ എന്തെല്ലാം അഴിക്കണം ? വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് അവര്‍ക്കിത് അഴിച്ചും, അണിഞ്ഞുമൊക്കെയായി ദിവസം പോക്കാം. ശൗചാലയങ്ങളും, കുളിപ്പുരകളുമൊന്നും സുലഭമല്ലാതിരുന്ന അക്കാലത്ത് വല്ല വയറിളക്കവും പിടി പെട്ടാലുള്ള ഒരവസ്ഥ.?അത് ചിന്തിക്കുന്‌പോള്‍ നമ്മുടെ തന്നെ തല കറങ്ങുന്നു ?

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അരിയും, പച്ചക്കറിയും പോലെ മലയാളിയുടെ നിത്യോപയോഗ വസ്തുക്കളില്‍ ഈ മഞ്ഞ ലോഹം സ്ഥാനം പിടിച്ചു കഴിഞ്ഞു. ‘ അതുകൊണ്ടരിശം തീരാഞ്ഞിട്ടഥ’ എന്ന് പറഞ്ഞതുപോലെ ഇപ്പോള്‍ ചില വര്‍ണ്ണക്കല്ലുകളിലാണ് മനുഷ്യന് കന്പം. അതിന്റെയൊക്കെ വിലയുടെ മണിയുണ്ടായിരുന്നെങ്കില്‍ അതണിയുന്നവരുടെ തന്നെ എത്രയെത്ര പോരായ്മകള്‍ പരിഹരിക്കപ്പെടുമായിരുന്നു? ജ്യോത്സ്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന കല്ലുകള്‍ കഴുത്തില്‍ കെട്ടിത്തൂക്കിക്കൊണ്ടാണ് ചിലര്‍ പ്രശ്‌ന പരിഹാരം തേടുന്നതെങ്കില്‍, അന്ധ വിശ്വാസങ്ങളെ കൂട്ട് പിടിച്ചു കൊണ്ട് ‘ അക്ഷയ തൃതീയ ‘ സ്വര്‍ണ്ണം അണിഞ്ഞു കൊണ്ടാണ് മറ്റു ചിലര്‍ പ്രശ്‌ന പരിഹാരത്തിന് വേണ്ടി വേഷം കെട്ടുന്നത്. ഈ മഞ്ഞ മണ്ണും, വര്‍ണ്ണക്കല്ലും മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളിന്മേല്‍ യാതൊരു പരിഹാരവും കൊണ്ടുവരാന്‍ പര്യാപ്തമല്ല എന്ന് ആര് ഇവര്‍ക്ക് പറഞ്ഞു കൊടുക്കും? എല്ലാം പറഞ്ഞു കൊടുക്കാനിരിക്കുന്ന മതങ്ങളുടെ വക പള്ളികളിലോ, ക്ഷേത്രങ്ങളിലോ അന്വേഷിക്കാം എന്ന് വച്ചാലോ, ‘ പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട ‘ എന്ന നിലയിലാണ് അവിടെ അകത്തും, പുറത്തും ഉള്ളവരുടെ ഇരിപ്പ്.

സ്വര്‍ണ്ണക്കുരിശുകളും, സ്വര്‍ണ്ണ ശൂലങ്ങളുമായി മാര്‍ച്ചു ചെയ്തു മുന്നേറുന്ന മതങ്ങള്‍…പത്തു വിരലിലും മോതിരമണിഞ്, സ്വര്‍ണ്ണച്ചങ്ങലയും കഴുത്തില്‍ തൂക്കി നില്‍ക്കുന്ന ഖലാഹാരന്മാര്‍ …..അമേരിക്കയിലാണെങ്കില്‍, ചുരുങ്ങിയത് ഒരിഞ്ചു വീതിയിലുള്ള ഒരു കട്ടി ബ്രെസ്ലെറ്റുമുണ്ടാവും. കൈത്തണ്ടയില്‍ ഉലഞ്ഞുലയുന്ന അതിന്റെ ചലനത്തിലാണ് അമേരിക്കന്‍ മലയാളിയുടെ സാമൂഹ്യ മാന്യതയുടെ ഗുട്ടന്‍സിരിക്കുന്നത് എന്നതിനാല്‍, സ്ഥാനത്തും, അസ്ഥാനത്തും നമ്മുടെ അച്ചായന്‍സ് കൈ ചലിപ്പിച്ചു കൊണ്ടേയിരിക്കും !

ജ്യുവലറികളുടെ ഉത്ഘാടന മാമാങ്കങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള പരസ്യ പത്രാസ്സുകളില്‍ വേഷം കെട്ടി നില്‍ക്കുന്നവരില്‍ ഏറിയകൂറും നമ്മുടെ സിനിമാ ജീനിയസുകളാണ്. അണിഞ്ഞാസ്വദിക്കാനും, അവസാനം പണയം വയ്ക്കാനുമായി വരുവിന്‍ വാങ്ങുവിന്‍ എന്നാണ് പാല്‍പ്പുഞ്ചിരിയന്‍ ക്ഷണം. കൃഷിയിറക്കാന്‍ പണമില്ലെങ്കില്‍ ചേട്ടത്തിയുടെ താലിമാലയുമായിട്ടും, ജീവിതത്തിനു ഒരു കരുതല്‍ വേണമെങ്കില്‍ അതിനായിട്ടും പഴയ ബ്ലേഡുകളുടെ പുതിയ ഷാര്‍പ്പുകളിലേക്ക് വരൂ, വരൂ എന്ന് ക്ഷണിക്കുന്നൂ രണ്ട് ജനപ്രിയ ഖലാഹാരന്മാര്‍. !

അവര്‍ പറഞ്ഞാല്‍ അപ്പീലില്ലാ എന്ന നിലയിലേക്ക് താരം താണിരിക്കുന്നൂ നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ചിന്താ ശേഷിയുടെ വാരിയുടച്ച കാളകള്‍. ഈ കാളകള്‍ക്കു നിലപാടുകളോ, ഉത്തരവാദിത്വങ്ങളോ ഇല്ല. തങ്ങളുടെ സുഖത്തിനപ്പുറത്തുള്ള ഒരു ലോകത്തെക്കുറിച് അവര്‍ക്കറിയേണ്ടതില്ല. എന്തിനും, ഏതിനും ഓടിക്കൂടുന്ന ഈ ഇന്ത്യന്‍ കാളകള്‍ സെക്‌സ് ബോംബുകളുടെ ദര്‍ശന സുഖത്തിനായി റോഡില്‍ ട്രാഫിക് ജാം സൃഷ്ടിക്കുകയും, ആരെയും അടിച്ചു വീഴ്ത്തിക്കൊണ്ട് പോലും തങ്ങളുടെ താര ദൈവങ്ങള്‍ക്ക് സംരക്ഷണ വലയം സൃഷ്ടിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു!

ജ്വല്ലറികളുടെ ഉത്ഘാടന ഗിഫ്റ്റായിക്കിട്ടുന്ന അള്‍ട്രാ മോഡേണ്‍ നെക്ലേസണിഞ്ഞു പത്രത്താളുകളിലും, ചാനല്‍ മുഖങ്ങളിലും കൊളീനോസ് പുഞ്ചിരി തൂവി നില്‍ക്കുന്ന നമ്മുടെ സിനിമാ നടികള്‍ അറിയുന്നില്ലാ, ഒരിക്കലും അത് അണിയാന്‍ കഴിയാത്ത ഗ്രാമീണ ദരിദ്ര വര്‍ഗ്ഗത്തിലെ നിങ്ങളുടെ ആരാധകര്‍ക്ക് നിങ്ങള്‍ സമ്മാനിക്കുന്നത്, നിത്യമായ മോഹഭംഗവും, അതിന്റെ അവസാനത്തെ മൈല്‍ക്കുറ്റിയായ ആത്മഹത്യയും ആണെന്ന്.?

സീരിയല്‍ താരങ്ങളുടെ പ്രകടനമാണ് ഏറെ രസകരം. ഒരു ദിവസം നടക്കുന്ന പല സംഭവങ്ങളില്‍ പല സാരികളണിഞ്ഞിട്ടാണ് അവര്‍ പ്രത്യക്ഷപ്പെടുന്നത് എന്നതോ പോകട്ടെ, മിക്ക കഥാപാത്രങ്ങളും സ്വര്‍ണ്ണത്തില്‍ കുളിച്ചിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ മനുഷ്യരുടെ കഥയാണോ നിങ്ങള്‍ പറയുന്നത്? അതോ, രാമായണക്കാല രാജാക്കന്മാരുടെയോ, കാലം കൊഴിച്ചു കളഞ്ഞ തൂവലുകളില്‍ പണിഞ്ഞു വച്ച കോവിലകങ്ങളുടെയോ ?

സീരിയല്‍ നായകന്മാരുടെ വേഷവും സഹതാപം അര്‍ഹിക്കുന്നുണ്ട്. മിക്കവരുടെയും ഷര്‍ട്ടിന്റെ ആദ്യ ബട്ടണ്‍ തുറന്നിട്ടിരിക്കുന്നതു കാണാം. കഴുത്തിലെ കാപ്പിക്കുരു മാല അങ്ങനെ മിന്നിമിന്നി മറയുന്നത് പ്രേക്ഷകന്‍ കാണണം എന്ന് തന്നെയാണ് ലക്ഷ്യം. അല്ല, ഈ മെഗാ സീരിയലുകള്‍ക്കൊക്കെ പണം മുടക്കി സ്‌പോണ്‍സറിങ് നടത്തുന്നത് സ്വര്‍ണ വസ്ത്ര ബിഗ് ഷാര്‍ക്കുകളാണല്ലോ? നടികളുടെ കണ്ണീരിനും, കരച്ചിലിനും ഇടക്ക് അവര്‍ക്കും കിട്ടണമല്ലോ നാല് ചക്രം ?

ഇവരൊക്കെ കൂടിയാണ് നമ്മുടെ ആളുകളെ വഴി തെറ്റിക്കുന്നത്. അനാവശ്യ ആഭരണ ഭ്രമത്തിന്റെ അടിമകളാക്കുന്നത്. അതിലൂടെ സൗന്ദര്യവും, സാമൂഹ്യ മാന്യതയും ഉണ്ടാക്കാം എന്ന് ധരിപ്പിക്കുന്നത്, പച്ചയിറച്ചി കുത്തിത്തുളച് അതില്‍ മഞ്ഞമണ്ണിന്റെ ഒരു തരിയെങ്കിലും ചാര്‍ത്തിക്കുന്നത്, നെറ്റിപ്പട്ടം കെട്ടി നില്‍ക്കുന്ന ആനയുടെ ഒന്നാം പാപ്പാന്റെ ഗരിമയോടെ നവ വധുവിന്റെ ദേഹത്ത് ചാര്‍ത്തിയ സ്വര്‍ണ്ണത്തുടലുകളുടെ കിലുക്കത്തില്‍, നവ വരനെ അഭിമാന വിജ്രംഭിതനാക്കുന്നത് !?

അതി ശക്തമായി വിപ്ലവം പ്രസംഗിക്കുന്ന വിപ്ലവകാരിയുടെ അണിവിരലിലും കാണും ഒരു വളയം. വിവാഹ മോതിരമാണത്രെ! അതില്ലെങ്കില്‍ വിപ്ലവം കഴിഞ്ഞു വീട്ടില്‍ ചെല്ലുന്‌പോള്‍ ഭാര്യ അയാളെ കഴുത്തിനു പിടിച്ചു പുറത്തേയ്ക്ക് തള്ളും. അത് പോലെ അവളുടെ കഴുത്തില്‍ ആയാളും കെട്ടിത്തൂക്കിയിട്ടുണ്ട് ഒരു നന്പര്‍ പ്‌ളേറ്റ്. താലി. അതില്‍ എഴുതാതെ എഴുതിയിട്ടുണ്ട്: ” ഈ വണ്ടി ഇറക്കത്തില്‍ ഇട്ടിയവരായുടെ വഹ ” എന്ന്. മറ്റാരും ഇത് െ്രെഡവ് ചെയ്യരുത് എന്നര്‍ത്ഥം. എത്ര െ്രെഡവര്‍മാര്‍ വേണമെങ്കിലും െ്രെഡവ് ചെയ്യട്ടെ എന്ന് കരുതുന്നത് കൊണ്ടായിരിക്കുമോ അമേരിക്കന്‍ സ്ത്രീകള്‍ ഈ നന്പര്‍ പ്‌ളേറ്റ് ധരിക്കാത്തത് ?

പള്ളിയിലേക്കുള്ള നമ്മുടെ ലലനാ മണികളുടെ എഴുന്നള്ളത്തും ഒന്ന് കാണേണ്ടത് തന്നെ. കാതും, കഴുത്തും, കയ്യും , കാലും എന്ന പരസ്യ ഭാഗങ്ങള്‍ നിറയെ സ്വര്‍ണ്ണം. മുറിച്ചിട്ട മുടിയില്‍ കറുത്ത ചായം. നഖവും, കവിളും, ചുണ്ടും നിറയെ ചുവന്ന ചായം. കുതിരക്കുളന്പന്‍ ഷൂവില്‍ക്കയറി ചാടിച്ചാടിയുള്ള ആ പോക്ക്. കര്‍ത്താവിനെ കാണാന്‍ പോവുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ മുക്കുവച്ചേരികളിലെ തെണ്ടിപ്പരിഷകളോടൊപ്പം ജീവിച്ച കര്‍ത്താവിനെ? ഒന്നേ പറയാനുള്ളു: ” ഇവര്‍ ചെയ്യുന്നത് ഇന്നത് എന്നറിയായ്കയാല്‍ ഇവരോട് ക്ഷമിക്കേണമേ ” എന്ന് മാത്രം.

പൊള്ളയായ മാന്യതയുടെ വിള്ളല്‍ വീണ ഈ സ്വര്‍ണ്ണ ഭ്രമം! അത് നമ്മെ എങ്ങും എത്തിക്കുകയില്ല എന്ന് മാത്രമല്ലാ, എന്നും അസംതൃപ്തിയുടെ ഒരു വലിയ വിള്ളല്‍ ജീവിതത്തില്‍ സൃഷ്ടിക്കുകയും ചെയ്യും. ഫാഷ്യനും മാറ്റിനും അതിരുകളില്ലാത്ത കാലത്തോളം ഈ വിള്ളല്‍ വലുതായിക്കൊണ്ടേയിരിക്കും.?

കലയും,ശാസ്ത്രവും, സിനിമയും, സീരിയലും എല്ലാം കൂടി നമുക്ക് സമ്മാനിച്ച അടിപൊളിയന്‍ സംസ്കാരത്തിന്റെ ഈ അടിമത്വം. അത് എല്ലാ പരിധികളെയും അതിലംഘിച്ചു കൊണ്ട് വളരുകയാണിപ്പോള്‍. അതിന്റെ കാലടികളില്‍ പെട്ട് സ്‌നേഹവും, സാഹോദര്യവും ധര്‍മ്മവും, മാനവീകതയുമെല്ലാം പിടയുകയാണ്. കാലവും, പ്രകൃതിയും ഇതെല്ലാം കാണുകയും, പ്രതികരിക്കുകയും ചെയ്യുന്നത് കൊണ്ടായിരിക്കുമോ മുന്പില്ലാത്തതു പോലെ മലകള്‍ മൂളുന്നതും, ഉപരിതലം പിളരുന്നതും, കടലുകള്‍ കരയിലേക്ക് കയറുന്നതും മറ്റും, മറ്റുമായ പ്രതിഭാസങ്ങള്‍ ?

സൗന്ദര്യം നൈസര്‍ഗ്ഗികമാണ്. പൂവിനു സുഗന്ധം പോലെ, മഴവില്ലിന് നിറം പോലെ, നിലാവിന് നിഴല്‍ പോലെ.! നിങ്ങളും സുന്ദരിയാണ്.നിങ്ങളുടെ കാതും, കഴുത്തും, മാറും ,കൈത്തണ്ടകളും, വിരലുകളും, അരക്കെട്ടും, കാല്‍പ്പാടവും, കണങ്കാലുകളും ഏല്ലാം.. എല്ലാം എത്ര വശ്യമോഹനമാണ്. ദൈവീക വരദാനമായ ആ അസുലഭ ചേതോഹാരിത മഞ്ഞ മണ്ണ് വാരിത്തേച്ചു വികൃതമാക്കേണ്ടതുണ്ടോ? ചിന്തിക്കുക ?

എന്നും പ്രകൃതിയുടെ ആരാധകനായിരുന്നു മനുഷ്യന്‍ അവന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ തേന്‍ സഞ്ചികള്‍ നിറച്ചെടുക്കുന്നത് ദൈവീക ശില്‍പ്പ ചാതുര്യത്തിന്റെ നഗ്‌നമായ ഈ ദള പുടങ്ങളില്‍ നിന്നായിരുന്നുവല്ലോ?. ദയവായി അവനെ അതിന് അനുവദിച്ചു കൂടെ? മഞ്ഞ മണ്ണും, വര്‍ണ്ണക്കല്ലും കൊണ്ട് അത് മറച്ചു പിടിക്കാതിരുന്നു കൂടേ സുന്ദരികളേ, സുന്ദരന്മാരേ ?

കുറിപ്പ്: സ്വര്‍ണ്ണം, മദ്യം, പുകയില എന്നീ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായി വര്‍ജ്ജിക്കാന്‍ സാധിക്കുകയാണെങ്കില്‍ ‘ ദാരിദ്ര്യം’ എന്ന പ്രതിഭാസം എന്നെന്നേക്കുമായി അപ്രത്യക്ഷമാവും എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. വ്യക്തി അനുഷ്ഠിക്കുകയാണെങ്കില്‍ വ്യക്തി ജീവിതത്തിലും, വ്യക്തികളുടെ വലിയ കൂട്ടമായ ലോകം അനുഷ്ഠിക്കുകയാണെങ്കില്‍ ലോകത്തും ഇത് അനുഭവിച്ചറിയുവാന്‍ സാധിക്കുന്നതാണ്. സ്വര്‍ണ്ണ നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്ന ‘ഇറേഡിയം ‘ എന്ന രാസവസ്തുവും, മദ്യത്തില്‍ ഉള്‍ച്ചേര്‍ന്ന ‘ആല്‍ക്കഹോളും, ‘ പുകയിലയുടെ ഭാഗം തന്നെയായ ‘ നിക്കോട്ടിനും,’ മനുഷ്യ ശരീരത്തില്‍ മഹാ രോഗങ്ങളുടെ വിത്ത് വിതയ്ക്കുകയാണ് എന്ന സത്യം ആരും കാണുന്നില്ലാ, കണ്ടാലും കണ്ടതായി നടിക്കുന്നുമില്ല. ( സ്വര്‍ണ്ണം എന്ന് പറയുന്‌പോള്‍ ആഭരണ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും, മദ്യം, പുകയില എന്നതില്‍ മനുഷ്യ ശരീരത്തില്‍ പ്രയോഗിക്കപ്പെടുന്ന ഇവകളുടെ ഉപ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. മരുന്നുകളുടെയോ, മറ്റ് ജീവന ഉപാധികളുടെയോ രൂപത്തില്‍ ഇവ ഉള്‍ച്ചേര്‍ന്നിട്ടുണ്ടങ്കില്‍, അവ നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തത് കൊണ്ട് അത് വിടുക.)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top