ഡാളസ് : കേരളത്തിലെ കൊല്ലം ജില്ലയിലെ ആനയം ഗ്രാമത്തിലെ ആദിമ ക്രിസ്തീയ കുടുംബത്തിലെ പിന്മുറക്കാര് ഡാളസില്‍ നടത്തിയ കുടുംബ സംഗമം വന്‍വിജയം. ഇക്കഴിഞ്ഞ മേയ്-26ന് ഡാളസിലെ ഹെബ്രോണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പില്‍ വച്ച് നടന്ന കുടുംബ സംഗമത്തില്‍ ടെക്സാസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 65 കുടുംബാംഗങ്ങള്‍ സംബന്ധിക്കുകയുണ്ടായി.
ആനയത്തുനിന്നും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള തേവലപ്പുറത്ത് മൊട്ടാലുവിള കുടുംബത്തില്‍ നിന്നുള്ള ചാക്കോ, യോഹന്നാന്, ഡാനിയേല്‍ എന്നിവരുടെ കുടുംബങ്ങളാണ് ആദ്യമായി ഇവിടെ കുടിയേറിയത്. അവരോടൊപ്പം കുണ്ടറയില്‍ നിന്നുള്ള കാമ്പിയില്‍ കുടുംബത്തില്‍ പെട്ട യോഹന്നാനും സഹോദരനായ ഫീലിപ്പോസും ആനയത്ത് താമസമാക്കിയിരുന്നു. യോഹന്നാന് വിവാഹം കഴിച്ചിരിക്കുന്നത് മോട്ടാലുവില കുടുംബത്തിലെ ചാക്കോ, യോഹന്നാന്,ഡാനിയേല്‍ എന്നിവരുടെ സഹോദരി അന്നമ്മയെയാണ്. ഇവരുടെ പിന്ഗാമികളില് ഉള്‍പെട്ടവരാണ് പ്രസ്തുത സംഗമത്തില്‍ ഒന്നിച്ചു കൂടിയത്.
ഇതിലെ ചാക്കോയുടെ കൊച്ചുമകന് പാസ്റ്റര്‍ ജോര്‍ജ്ജ് സി വര്‍ഗ്ഗീസാണ് തന്റെ സഹോദരങ്ങള്‍ക്ക് അമേരിക്കന്‍ കുടിയേറ്റത്തിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ സഹോദരന് കാനഡയിലുള്ള പാസ്റ്റര്‍ ജോര്‍ജ്ജ് തോമസിനെ ഡോ. ജോര്‍ജ്ജ് ശാസ്ത്രി കാനഡയില്‍ എത്തിച്ചതാണ് എല്ലാത്തിനും മുഖാന്തരമായത്. യോഹന്നാന്റെ കൊച്ചുമകന് രാജന് മത്തായിയാണ് തന്റെ സഹോദരങ്ങളെ അമേരിക്കയില്‍ എത്തിച്ചത്. ആനയത്തെ ആദ്യകുടുംബത്തില്പെട്ട ചാക്കോ,യോഹന്നാന്, ഡാനിയേല്‍ എന്നിവരുടെ സഹോദരിമാരില്‍ സാറാമ്മയുടെ കൊച്ചുമകന് പാസ്റ്റര്‍ കെ ഓ ജോണ്‍സനാണ് തന്റെ സഹോദരങ്ങള്‍ക്ക് അമേരിക്കയിലേക്കുള്ള വഴിയൊരുക്കിയത്. മറ്റൊരു സഹോദരി അന്നമ്മയുടെ കൊച്ചുമക്കളില്പെട്ടപി എം ശാമുവല്‍, പാസ്റ്റര്‍ കെ ജീ ശാമുവല്‍, എന്നിവരും അമേരിക്കയില്‍ കുടിയേറിയിട്ടുണ്ട്.
ഈ കുടുംബങ്ങളെല്ലാം പെന്തക്കോസ്ത് വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിതം നയിച്ചവരാണ്. അതിനാല്‍ തന്നെ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ ദൈവം തങ്ങളെ ഈ നിലയില്‍ ലോകത്തിലെ വിവിധ പട്ടണങ്ങളില്‍ മാനിച്ചതാണ് എന്ന് പറയുന്നതില്‍ അഞ്ചാം തലമുറ വരെ എത്തി നില്ക്കുന്ന ആനയം കുടുംബം അഭിമാനം കൊള്ളുന്നു. ദൈവം നടത്തിയ വിവിധ അനുഭവങ്ങളെ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സ്മരിക്കുകയും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു. സംഗീതാലാപനവും അര്‍ത്ഥവത്തായ ചിത്രീകരണവും സംഗമത്തിന്റെ ഭാഗമായി നടന്നു.
പ്രസ്തുത സമ്മേളനത്തില്‍ വച്ച് അമേരിക്കയിലേക്ക് വഴിയൊരുക്കിയ മൂന്നു കുടുംബങ്ങളെ ആദരിക്കുകയും അവര്‍ക്ക് കാഷ് അവാര്‍ഡും പ്രത്യേകം തയ്യാറാക്കിയ ഫലകവും സമ്മാനിക്കുകയുണ്ടായി. പാസ്റ്റര്‍ ജോര്‍ജ്ജ് സി വര്‍ഗ്ഗീസ്, പാസ്റ്റര്‍ കെ ഓ ജോണ്സന്, രാജന് മത്തായി എന്നിവരെയാണ് അവരുടെ സഹോദരങ്ങളുടെ പ്രതിനിധികള്‍ ആദരിച്ചത്.
എല്ലാ വര്‍ഷത്തെയും മെമ്മോറിയല്‍ വാരാന്ത്യത്തില്‍ അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ ഈ സംഗമം തുടരുവാനും തീരുമാനമായി. അടുത്തവര്‍ഷം ഒക്കലഹോമയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ചുമതലക്കാരായി പാസ്റ്റര്‍ കെ. ഓ ജോണ്സന്, രാജന് മത്തായി എന്നിവരെയും ഇതര ക്രമീകരണങ്ങള്‍ക്കായി റിനോ എബ്രഹാം ,ലിറ്റു തോമസ്, ലിജോ ജോസഫ്, ഗോഡ് വിന് മാത്യൂ, ജോസ് നൈനാന്, എന്നിവരെയും ചരിത്രരേഖകള്‍ ശേഖരിച്ച് ക്രമീകൃതമായ ഒരു കുടുംബ ചരിത്ര രേഖയുണ്ടാക്കാന്‍ പി എം ശാമുവലിനെയും ചുമതലപ്പെടുത്തി. ആനയം കുടുംബത്തിന്റെ ഭാഗമായുള്ള ചരിത്രപ്രാധാന്യമുള്ള വിവരങ്ങള്‍ കൈവശമുള്ളവര്‍ പി എം ശാമുവലുമായി ദയവായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. 214 697 2120 (USA). ഇതേ നമ്പരില്‍ വാട്സപ്പിലും ലഭ്യമാണ്.
രാജു തരകന്
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply