ചെളിയുടെ, യടിയിലെ
യെളിമയില് നിന്നൊരു
ദളപുട, മുണരുമെ
ന്നറിഞ്ഞീല ഞാന്‍ ?
ഒരുനൂറ് ദളവുമാ
യൊരു നീലത്താമര
വിരിയുമ്പോ, ളറി
യാതെ, യമ്പരന്നു !
അകലെയാകാശത്തിന്‍
കരിമേഘക്കാട്ടിലാ,
മഴവില്ലു വിരിയുമെ
ന്നറിഞ്ഞീല ഞാന്‍ ?
അഴകിന്റെ യൊരുകോടി
ത്തളിമയാ, യാകാശത്തി
ലതുവന്നു നിറയു
മ്പോള്‍, അമ്പരന്നു !
ഇരുളിന്റെ, യീറ്റില്ലത്തില്
പിടയുന്ന ചോരക്കുഞ്ഞായ്
പുലരികള്‍ തുടുക്കു
മെന്നറിഞ്ഞീല ഞാന്‍ ?
ഉറങ്ങുമ്പോളുണരുവാ,
നൊരു മൃദു രശ്മിക്കൈയാല്
തഴുകുമ്പോ, ളറി
യാതെ, യമ്പരന്നു !
അറിവല്ല, ജ്ഞാനത്തിന്റെ
യകത്തുള്ള കിളിവാതില്‍
തുറക്കുവാന്‍ കഴിയുമെ
ന്നറിഞ്ഞീല ഞാന്‍ ?
നിലയ്ക്കാത്ത സത്യത്തിന്റെ
നിറക്കൂട്ടില്‍ നിന്നൊക്കേയും
വരയ്ക്കുന്നു ദൈവം,
വീണ്ടും അമ്പരന്നു !!
‘ചിറകടികള്‍’ എന്ന കഴിഞ്ഞ കവിതയില്‍ രണ്ട് തെറ്റുകള്‍ വന്നു പോയിട്ടുണ്ട്. ഒന്ന്: ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ പേര് തെറ്റിച്ചാണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍, ആയത് ‘കിം ജോംഗ് ഉന്‍’ എന്നും, രണ്ട് : ഇരുപത്തി നാലാം വരിയുടെ അവസാനം ‘ഭൂമിയില്‍’ എന്നതിന് പകരം ‘ചുറ്റിലും’ എന്നും തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply