Flash News

നാലു ദിവസം നീണ്ടുനില്‍ക്കുന്ന പെന്തക്കോസ്ത് മഹാസമ്മേളനത്തിന് ബോസ്റ്റണ്‍ പട്ടണം ഒരുങ്ങി

June 21, 2018 , നിബു വെള്ളവന്താനം (നാഷണല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍)

getPhotoബോസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി നാലു ദിവസം നീണ്ടു നില്‍ക്കുന്ന ആത്മീയ സമ്മേളനത്തിന് ബോസ്റ്റണ്‍ പട്ടണം ഒരുങ്ങി. മലങ്കരയുടെ മണ്ണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത പിതാക്കന്മാര്‍ ത്യാഗമനോഭാവത്തോടെ നട്ടുവളര്‍ത്തിയ പി.സി.എന്‍.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. പങ്കെടുക്കുന്ന വിശ്വാസികള്‍ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ ആയിരങ്ങള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ദൈവീക പ്രമാണങ്ങളോട് നൂറു ശതമാനം വിശ്വസ്തത പുലര്‍ത്തി സമുഹത്തിനും സഭകള്‍ക്കും മാതൃക കാണിക്കുവാന്‍ പ്രതിവര്‍ഷം അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഫറന്‍സുകളില്‍ എത്തിച്ചേരുന്നു. സത്യ ദൈവത്തെ ആരാധിക്കുവാനും ബന്ധങ്ങള്‍ പുതുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും ഈ അവസരങ്ങള്‍ ദൈവജനം പരമാവധി പ്രയോജനപെടുത്തുന്നു.

‘അങ്ങയുടെ രാജ്യം വരേണമേ’ എന്നുള്ളതാണ് കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം. അസമധാനം നിറഞ്ഞ ഈ ലോകത്ത് ദൈവരാജ്യത്തിന്റെ സന്തോഷ പരിപൂര്‍ണ്ണതയും, നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വര്‍ഗ്ഗീയ അനുഭവവും ഓരോ ഹൃദയങ്ങളിലും പകരപ്പെടണം എന്നുള്ള ചിന്തയോടെ കുടിയാണ് ചിന്താവിഷയം തിരഞ്ഞെടുത്തത്.

അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എന്‍.എ.കെ. ആത്മീയ ആരാധന ശുശ്രൂഷ നയിക്കുവാന്‍ പ്രമുഖ വര്‍ഷിപ്പ് ബാന്‍ഡുകള്‍ ആണ് എത്തിച്ചേരുന്നത്. ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനവുമുള്ള റവ.ഡോ.സാമുവേല്‍ റോഡ്രിഗ്സ്, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതനും വേദാദ്ധ്യാപകനും പ്രമുഖ എഴുത്തുകാരനുമായ ഇവാ. സാജു ജോണ്‍ മാത്യൂ, പ്രശസ്ത സുവിശേഷകനും ഇറാനിയന്‍ മുസ്ലീം വംശജനും ലിബര്‍ട്ടി യൂണിവേഴ്സിറ്റിയിലെ സ്പിരിച്വല്‍ ഡവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റുമായ റവ. ഡേവിഡ് നാസ്സര്‍, ദക്ഷിണേന്ത്യയില്‍ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവര്‍ത്തകന്‍ ബ്രദര്‍ മോഹന്‍ സി. ലാസറസ്സ്, സാമുഹ്യ ഉത്തരവാദിത്വത്തിലും മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിലും പ്രവര്‍ത്തിക്കുന്ന ഈവന്‍ റ്റൈഡ് എന്ന സംഘത്തിന്റെ പ്രധാനിയും, ബോസ്റ്റണ്‍ ഡൗണ്‍ടൗണ്‍ സത്‌ലെര്‍ കോളേജിന്റെ സ്ഥാപകനുമായ ഡോ. ഫിന്നി കുരുവിള എന്നിവരാണ് മുഖ്യ പ്രാസംഗികര്‍. സഹോദരിമാരായ മായ കുമാരദാസ്, സൗധ സുരേഷ്, ജെസ്സി സജു എന്നിവരാണ് വനിതാ സംഗമത്തില്‍ പ്രധാന പ്രഭാഷകരായി എത്തിച്ചേരുന്നത്. ഇവരെ കൂടാതെ സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും കടന്നുവരുന്ന ദൈവദാസന്മാര്‍ വചനം പ്രസംഗിക്കുന്നതാണ്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കായി ഡോ. വാള്‍ട്ട് ലാറി മോറിന്റെ നേത്യത്വത്തില്‍ പ്രത്യേക ക്ലാസും ഉണ്ടായിരിക്കും. ആത്മീയ ദര്‍ശനവും, പ്രാര്‍ത്ഥനാ ജീവിതവും, അനുപമമായ ആസൂത്രണവും കൈമുതലായ നേതൃത്വം കൈകോര്‍ക്കുമ്പോള്‍ വിശ്വാസ സമൂഹത്തിന് പ്രതീക്ഷിക്കുവാന്‍ ഏറെ.

അമേരിക്കന്‍ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ബോസ്റ്റണ്‍
പട്ടണത്തില്‍ വെച്ചാണ് 36മത് കോണ്‍ഫറന്‍സ് നടത്തുന്നത്. അമേരിക്കന്‍ ചരിത്രത്തോടൊപ്പം ക്രൈസ്തവ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള പുരാതന പട്ടണങ്ങളില്‍ ഒന്നാണ് ബോസ്റ്റണ്‍ പട്ടണം. ന്യുയോര്‍ക്കില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ സമ്മേളന സ്ഥലമായ സ്പ്രിംഗ്‌ഫീല്‍ഡ് മാസ് മ്യൂച്ചല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ എത്താം. ലോകോത്തര നിലവാരമുള്ള കോണ്‍ഫറന്‍സ് സെന്ററും വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമാണ് ഇവിടെ ഉള്ളത്.

കുഞ്ഞുമനസുകളില്‍ ആഴത്തില്‍ ദൈവസ്‌നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തില്‍ ചില്‍ഡ്രന്‍സ്‌പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗണ്‍സലിംഗ്, മിഷന്‍ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിള്‍ ക്ലാസുകള്‍, ഹിന്ദി സര്‍വ്വീസ്, അഡല്‍റ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങള്‍ക്കും പ്രത്യേക സെക്ഷനുകളും , റ്റേഴ്‌സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് ചതുര്‍ദിനങ്ങളില്‍ നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത ആരാധനയോടും ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.

ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ കര്‍ത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുവാനായി നാഷണല്‍ കണ്‍വീനര്‍ റവ. ബഥേല്‍ ജോണ്‍സണ്‍, നാഷണല്‍ സെക്രട്ടറി ബ്രദര്‍ വെസ്‌ളി മാത്യു, നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ ബാബുക്കുട്ടി ജോര്‍ജ്, നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഷോണി തോമസ്, നാഷണല്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആശ ഡാനിയേല്‍, കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഡോ. തോമസ് ഇടിക്കുള തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണല്‍ ലോക്കല്‍ കമ്മറ്റികള്‍ പ്രാര്‍ത്ഥനയോടെ അഹോരാത്രം കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്.

1982 ല്‍ മൂന്നൂറില്‍ താഴെ വിശ്വാസികള്‍ പാസ്റ്റര്‍ ഉമ്മന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പിസിനാക്ക് ഇന്ന് ആയിരക്കകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന വിപുലമായ കൂട്ടായ്മയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോണ്‍ഫ്രന്‍സുകളില്‍ കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും എടുത്തു പറയേണ്ട സുപ്രധാന ഘടകങ്ങളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.pcnak2018.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top