Flash News

ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യം: സെമിനാര്‍

June 26, 2018

WORLD DRUG DAY 2018

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച സെമിനാര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: മദ്യവും മയക്കുമരുന്നുകളും ലോകത്ത് സൃഷ്ടിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ധാര്‍മിക പ്രതിസന്ധി അതി ഗുരുതരമാണെന്നും ലഹരി വിമുക്തിക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ലോക ലഹരി ദിനാചരണത്തിന്റെ ഭാഗമായി ദോഹയില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയും മീഡിയ പ്‌ളസും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

പ്രായോഗിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുമ്പോള്‍ ആശാവഹമായ മാറ്റമുണ്ടാകും. ലഹരി വര്‍ജനവും ലഹരി നിരോധവുമൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജീവിതം ലഹരിയാവുകയും മാനവ സൗഹൃദവു സ്‌നേഹവും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ ഏത് വെല്ലുവിളികളേയും അതിജീവിക്കാനാകുമെന്ന് സെമിനാര്‍ വിലയിരുത്തി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ ഫോറം വൈസ് പ്രസിഡണ്ട് പി. എന്‍. ബാബുരാജന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാഹചര്യത്തിന്റെ സമ്മര്‍ദ്ധത്തില്‍ വളരുന്ന ലഹരി സംസ്‌കാരത്തെ സാംസ്‌കാരിക കൂട്ടായ്മകളിലൂടെ അതിജീവിക്കുവാനും സാധ്യമാകുന്ന എല്ലാവിധ ബോധവല്‍ക്കരണ പരിപാടികളും സജീവമാക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

സമൂഹത്തിന്റെ സമഗ്രമായ മൂല്യവല്‍ക്കരണവും സംസ്‌കരണവുമാണ് ഏറ്റവും പ്രധാനമെന്ന് വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. കുട്ടികളുടെ സംസ്‌കരണത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ധര്‍മവും മൂല്യവും അവരെ പഠിപ്പിക്കുന്നതില്‍ വരുത്തുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നമ്മുടെ കോളേജ് കാമ്പസുകള്‍ മാത്രമല്ല സ്‌ക്കൂള്‍ കാമ്പസുകള്‍ പോലും ലഹരി മണക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു പക്ഷേ കേരളീയ സമൂഹത്തിന്റെ കുടുംബ പശ്ചാത്തലത്തിലും ശീലങ്ങളിലും സംഭവിച്ച മൂല്യ ശോഷണവും താളപ്പിഴകളും തന്നെയാകാം ഇതിന് വഴിമരുന്നിട്ടത്. ഉപഭോഗ സംസ്‌കാരത്തിന്റെ ധന്യമായ പാരമ്പര്യങ്ങളും ചിട്ട വട്ടങ്ങളും കേരളീയ കുടുംബ സാംസ്‌കാരിക മൂല്യങ്ങളെ നിഷ്പ്രഭമാക്കിയപ്പോള്‍ കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാനോ അവരുടെ വൈകാരിക വൈചാരിക തലങ്ങളില്‍ യഥോചിതം ഇടപെട്ട് നേര്‍വഴിക്ക് നടത്തുവാനോ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയാതെ പോയപ്പോഴാണ് കാമ്പസിന്റെ ഇടവഴികളിലും പാതയോരങ്ങളിലുമൊക്കെ ലഹരി മാഫിയകള്‍ സ്ഥാനമുറപ്പിച്ചത് എനുവേണം കരുതാന്‍. കൂട്ടുകുടുംബങ്ങള്‍ അവസാനിക്കുകയും അണുകുടുംബങ്ങള്‍ വ്യാപകമാകുകയും ചെയ്തതും കുട്ടികളുടെ വൈകാരിക മാനസിക വളര്‍ച്ചയെ സ്വാധീനിച്ചു എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജീവിത വ്യവഹാരങ്ങളില്‍ ആശാസ്യമല്ലാത്ത തിരക്കുകളും സമ്മര്‍ദ്ധങ്ങളുമായി കഴിയുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളെ വേണ്ട പോലെ ശ്രദ്ധിക്കാനോ പരിചരിക്കുവാനോ കഴിയാതെ വരുമ്പോഴാണ് അഭിശപ്തമായ ലഹരി പദാര്‍ഥങ്ങളുടെ മായാവലയത്തില്‍ അവര്‍ പലപ്പോഴും പെട്ടുപോകുന്നതെന്നും രക്ഷിതാക്കള്‍ കുട്ടികളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാകണമെന്നും മൈന്‍ഡ് പവര്‍ ട്രെയിനറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. ഷൈജു കാരയില്‍ പറഞ്ഞു. ബന്ധപ്പെട്ടവരുടെ പെരുമാറ്റ സമീപനങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുകയും ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന ശ്രദ്ധയും പരിചരണവും നല്‍കുകയും ചെയ്താല്‍ ജീവിതത്തിന്റെ മനോഹരമായ മേച്ചില്‍ പുറങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് ഈ പ്രമേയത്തിന്റെ വിശാലമായ താല്‍പര്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യന്‍ മീഡിയ ഫോറം ട്രഷറര്‍ ഷഫീഖ് അറക്കല്‍, മൈന്‍ഡ് ട്യൂണ്‍ എക്കോ വേവ്‌സ് പ്രതിനിധി സബീന എം.കെ., ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സ് ഡയറക്ടര്‍ ജോയ് മത്തായ്, ജനറല്‍ മാനേജര്‍ ഹംസാസ് കെ. എം, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര, ട്രസ്റ്റ് എക്‌സ്‌ചേഞ്ച് ജറനല്‍ മാനേജര്‍ കെ.എന്‍. എസ്. ദാസ് എന്നിവര്‍ സംസാരിച്ചു.

ലഹരി വിരുദ്ധ ദിനം പ്രമാണിച്ച് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അടച്ചിട്ട കേരള ഗവണ്‍മെന്റിന്റെ നടപടി ശ്‌ളാഘനീയമാണെന്നും എല്ലാ ദിവസവും ബവറേജ് ഷോപ്പുകള്‍ അടച്ചിടുന്ന ധാര്‍മിക നിലവാരമാണ് നമുക്കാവശ്യമെന്നും പരിപാടി നിയന്ത്രിച്ച മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ലഹരി പദാര്‍ഥങ്ങളുടെ ലഭ്യത നിയന്ത്രിച്ച് കൊണ്ട് മാത്രമേ ലഹരി വിമുക്തിയും ലഹരി നിര്‍മാര്‍ജനവും സാധ്യമാവുകയുള്ളൂ.

ആദ്യം ശ്രദ്ധിച്ചു കേള്‍ക്കുക എന്ന സുപ്രധാനമായ വിഷയം ചര്‍ച്ചക്ക് വെച്ചുകൊണ്ടാണ് ഐക്യ രാഷ്ട്ര സഭയുടെ ലഹരിവിരുദ്ധ വകുപ്പ് ഈ വര്‍ഷത്തെ ലോക ലഹരി വിരുദ്ധ ദിനമാചരിക്കുന്നത്. നാം ജീവിക്കുന്ന ലോകത്ത് ഓരോരുത്തരും ശ്രദ്ധ ആഗ്രഹിക്കുന്നണ്ടെന്നും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ആവശ്യമായ ശ്രദ്ധ നല്‍കുകയും അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്താല്‍ അവരുടെ മാനസികവും ധാര്‍മികവുമായ മേഖലകളില്‍ വിപ്‌ളവകരമായ മാറ്റമുണ്ടാക്കുമെന്നാണ് ഈ പ്രമേയത്തിലൂടെ ഐക്യ രാഷ്ട്ര സംഘടന പൊതുജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്നത്.

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സന്തോഷങ്ങളും സങ്കടങ്ങളും ശരിയായ അര്‍ഥത്തില്‍ പങ്കിടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നവരാണ് പലരും. ഗുംണകാംക്ഷയോടെ ഇത്തരമാളുകളെ കേള്‍ക്കുവാനും അവര്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കുവാനും ആളില്ലാതെ പോകുന്നത് അത്യന്തം ഗുരുതരമായ മാനസിക പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ആത്മാര്‍ഥമായ സ്‌നേഹ വായ്‌പോടെയുള്ള ഇടപെടലുകള്‍ക്കും പെരുമാറ്റത്തിനും ഒട്ടു മിക്ക പ്രശ്‌നങ്ങളും പരിഹരിക്കുവാനോ ലഘൂകരിക്കുവാനോ കഴിയുമെന്നതാണ് വസ്തുത. ഈയടിസ്ഥാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രമേയമാണ് ഈ വര്‍ഷം ഐക്യ രാഷ്ട്ര സംഘടന മുന്നോട്ടുവെക്കുന്നത്.

ആകര്‍ഷകമായ രീതിയില്‍ ലഹരി ഗുണികകളും ലഹരി മിഠായികളുമൊക്കെ കൗമാരക്കാരുടെ കൂട്ടായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. പലരും വഴിക്ക് വെച്ച് പഠന മുപേക്ഷിച്ചു. മറ്റു പലരും നാടു വിട്ടു. വേറെ ചിലര്‍ വീടുകളുടെ ഇരുണ്ട തടവറകളിലായി . എല്ലാ കേസുകളിലും സമൂഹത്തിന്റെ പ്രതീക്ഷയായ യുവസമൂഹം കൈവിട്ടുപോകുന്ന ദുരന്തമാണ് ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും പറയുവാനും പങ്കുവെക്കുവാനുമുള്ളത് കുടുംബവും സമൂഹവും വിദ്യാഭ്യാസ അധികൃതരുമെക്കെ ശ്രദ്ധിച്ചുകേള്‍ക്കണമെന്ന സന്ദേശം കൂടുതല്‍ പ്രസക്തമാകുന്നത്. സാഹചര്യത്തിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങി ലഹരിക്കടിപ്പെടുന്നവരെ തിരികെ കൊണ്ടുവരുവാനും കൂടുതലാളുകളെ ലഹരിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിന്നും തടയുവാനും ഇത്തരം ശ്രദ്ധിച്ച് കേള്‍ക്കലുകൡലൂടെ സാധിക്കുമെന്ന് സെമിനാര്‍ വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top