‘അമ്മ’യുടെ മാനം കാക്കാന്‍ ആണ്‍ മക്കള്‍ വിയര്‍ക്കുന്നു; പെണ്‍‌മക്കള്‍ വീടുവിട്ടിറങ്ങിയിട്ടും അമ്മയ്ക്ക് കുലുക്കമില്ല; പ്രതിഷേധവും പ്രതികരണവുമായി രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍

amma-3മലയാള സിനിമാതാരങ്ങളുടെ സംഘടന ‘അമ്മ’യിലെ അസ്വാരസ്യങ്ങള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. സംഘടനയില്‍നിന്നും ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജിവച്ചതോടെ കൊട്ടിഘോഷിക്കപ്പട്ട ഐക്യം തകര്‍ന്നു. അമ്മയുടെ അംഗമായ സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ അതിക്രമത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണു സംഘടന സ്വീകരിച്ചതെന്ന് ആരോപിച്ചാണു നടിമാരുടെ പ്രതിഷേധ രാജി.

‘അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിനു കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വയ്ക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിനു കാരണമാകട്ടെ എന്ന് ആശിക്കുന്നു’- നടിമാര്‍ വ്യക്തമാക്കി. ഇതോടെ ‘അമ്മ’യില്‍ വ്യക്തമായി രണ്ടുപക്ഷം ഉണ്ടായിരിക്കുകയാണ്.

ഈ വിഷയത്തില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചില്ല. ഒന്നും പറയാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നസെന്റും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

രാജിവെച്ച നടിമാരുടെ പ്രതികരണം ഇങ്ങനെ:

ആക്രമിക്കപ്പെട്ട നടി:

അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്‍പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.

അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ യില്‍ നിന്ന് ഞങ്ങളില്‍ ചിലര്‍ രാജി വെക്കുന്നു.

1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരങ്ങള്‍ നേടി തരുന്ന മലയാള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു

പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.

rima-2അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!

അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ‘അമ്മ’യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു.

രമ്യാ നമ്പീശന്‍

‘അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ.

ഗീതു മോഹന്‍ ദാസ്

‘അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.

റീമ കല്ലിങ്കല്‍

ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്. അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.

നടിമാരുടെ കരുത്തുറ്റ തീരുമാനത്തെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. കൂടാതെ അമ്മയെ വിമര്‍ശിക്കാനും മറന്നില്ല.

ആഷിഖ് അബു

ചില ആളുകള്‍ക്ക് അവരവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള ക്ലബ് ആണ് അമ്മ. ഈ കൂട്ടത്തില്‍ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടി ഉണ്ട്. എന്നിട്ടാണ് ഈ പറയുന്ന ആളുകള്‍ വൃത്തികെട്ട തീരുമാനത്തിലൂടെ കുറ്റാരോപിതനെ തിരഞ്ഞെടുക്കുന്നത്.

ഇപ്പോള്‍ രാജിവെച്ച നടിമാര്‍ എടുത്തത് ചരിത്രപരമായ തീരുമാനമാണ്. ഇവര്‍ ഇത് നേരത്തെ എടുക്കേണ്ടതായിരുന്നു എന്നാണ് എനിക്ക് പറയുവാനുള്ളത്.

സജിത മഠത്തില്‍

അമ്മയുടെ നിര്‍വാഹകസമിതിയില്‍ ഉണ്ടായിട്ടും ഒന്ന് ശബ്ദം ഉയര്‍ത്താന്‍പോലും സാധിക്കാത്ത അവസ്ഥയുണ്ടെന്ന് അറിയുന്നവരാണ് രമ്യയും ഗീതു മോഹന്‍ദാസും. വനിതാ സംഘടനയിലെ ആറോ ഏഴോ അംഗങ്ങളല്ലല്ലോ ഈ വിഷയത്തില്‍ പോരാടേണ്ടത്. അമ്മയില്‍ തന്നെ രാഷ്ട്രീയരംഗത്ത് എംപിയും എംഎല്‍എയും അടക്കമുള്ള ശക്തന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ? അവര്‍ക്കൊന്നും വാ ഇല്ലേ, ഡബ്ലുസിസിയിലെ അംഗങ്ങള്‍ മാത്രം മതിയോ അമ്മയുടെ തീരുമാനങ്ങള്‍ മാറ്റാന്‍? ഇത് അവളോടൊപ്പം നില്‍ക്കുക എന്നതിന്റെ തീരുമാനത്തോടുള്ള ഭാഗമായി ചെയ്യുന്ന കാര്യമാണ്’.

വി. മുരളീധരന്‍ എംപി

മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്. മോഹന്‍ലാല്‍ എന്ന മഹാനായ നടന്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.

ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട്, അക്കാര്യത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍, അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.

എം. എ ബേബി

കേരളത്തിലെ പുരുഷാധിപത്യബോധം ചിലരുടെ വ്യക്തിപരമായ ഒരു പ്രശ്‌നമല്ല. നമ്മുടെ സമൂഹത്തെ ആകെ ബാധിക്കുന്ന ഒന്നാണത്. അതിനെ ഉടച്ചു കളഞ്ഞല്ലാതെ നമ്മള്‍ ഒരു ആധുനിക സമൂഹമാവില്ല.

മലയാളിയുടെ പുരുഷാധിപത്യ ബോധത്തെ അരക്കിട്ടുറപ്പിക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വളരെ കൂടുതലാണ്. പക്ഷേ, ഇന്നത് വെല്ലുവിളിക്കപ്പെടുന്നു. കാഴ്ചക്കാരിലെയും സിനിമയുണ്ടാക്കുന്നവരിലെയും പുതുതലമുറ ഈ പുരുഷാധിപത്യത്തെ സഹിക്കാന്‍ തയ്യാറല്ല. നിര്‍ഭാഗ്യവശാല്‍, നമ്മുടെ സിനിമാ ലോകത്തെ മുതിര്‍ന്ന പൗരര്‍ മാറിയ കാലത്തിന്റെ ഈ ചുവരെഴുത്ത് കാണുന്നില്ല.

ഒരു സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യിച്ചു എന്ന പേരില്‍ കുറ്റാരോപിതനായി നിയമവ്യവസ്ഥയുടെ മുന്നില്‍ നില്ക്കുന്ന ഒരു നടനെ അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുതിയ ലോകവീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്ന തലമുറയുടെ നിര്‍ബന്ധത്തെ കൂടെ തുടര്‍ന്നാണിത് സംഭവിച്ചത്. പക്ഷേ, ഇപ്പോള്‍ ഈ നടനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ആധുനിക കേരള സമൂഹത്തോട് ഒരു വെല്ലുവിളി നടത്തുകയാണ് അഭിനേതാക്കളുടെ ഈ സംഘടന ചെയ്തിരിക്കുന്നത്.

ഇതൊക്കെ ഈ സംഘടനയുടെ ആഭ്യന്തര കാര്യമല്ലേ എന്ന് കരുതുന്നവരുണ്ടാകും. പക്ഷേ, കേരളസമൂഹത്തിന്റെ വലിയ ആദരവ് നേടുന്നവരാണ് ഇതിലെ അംഗങ്ങള്‍. അവരുടെ ഓരോ പ്രവൃത്തിയും സമൂഹത്തെ ആകെ സ്വാധീനിക്കുന്നു. അതിനാല്‍ പൊതുസമൂഹം ഇക്കാര്യത്തില്‍ അഭിപ്രായം പറയുക സ്വാഭാവികമാണ്

അഭിനേതാക്കളുടെ സംഘടനയുടെ ഒരു പരിപാടിയില്‍ സ്ത്രീകളെ ആക്ഷേപിച്ച് നടത്തിയ നാടകം ജീര്‍ണ മാനസികാവസ്ഥയോടെയാണ് എന്നതും പറയാതിരിക്കാനാവില്ല.. മലയാളിയുടെ പൊതുബോധം കഴിഞ്ഞ നൂറ്റാണ്ടിലേതാണെന്ന് ലോകത്തോട് പറയുന്നതായിപ്പോയി ഇത്. വെള്ളിത്തിരയിലെ ആരാധ്യരുടെ ലോകവീക്ഷണം ഇത്തരത്തില്‍ ജീര്‍ണമാണ് എങ്കില്‍ അത് സ്വാധീനിക്കുന്ന മനുഷ്യരുടെ ലോകവീക്ഷണം എന്താകും? സ്ത്രീ വീട്ടുപകരണവും ലൈംഗികവസ്തുവും മാത്രം എന്ന ബോധം സമൂഹത്തില്‍ നിലനില്ക്കാന്‍ ഇതു കാരണമാകും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഈ പൊതുബോധമാണ്.

ഇവയില്‍ പ്രതിഷേധിച്ച് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ നടപടിക്ക് ജനാധിപത്യ കേരളമാകെ പിന്തുണ നല്കും.. അഭിനേതാക്കളുടെ സംഘടനയും ഇവരുടെ കൂടെ അഭിപ്രായം പരിഗണിച്ച് തങ്ങളുടെ തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

എന്‍.എസ്.മാധവന്‍

ഏറ്റവും നികൃഷ്ടമായ മീ ടൂ സംഭവം നടന്നത് ഹോളിവുഡിലല്ല, കേരളത്തിലാണ്. മലയാളത്തിലെ ഒരു നടിയെ ബലാത്സംഗം ചെയ്യുന്നതിന് ഒരു നടന്‍ പണം കൊടുത്ത് ഒരു സംഘത്തെ വിലയ്ക്കെടുത്തു എന്ന ആരോപണത്തില്‍ ആ കേസ് നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, അതിനിടയില്‍ താരസംഘടനയായ അമ്മയിലെ ആണ്‍കൂട്ടം (‘മെയില്‍ ഷോവനിസ്റ്റ് പിഗ്’) കുറ്റാരോപിതനൊപ്പം നിന്ന് മീ ടൂ എന്ന് ആക്രോശിക്കുന്നു.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുത്ത താര സംഘടനയായ അമ്മ പിരിച്ചു വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണം. സ്വന്തം സംഘടനയിലെ അംഗം കൂടിയായ നടിയെ ആക്രമിച്ച കേസിലെ പ്രതിയെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്.

മുന്‍പ് നടനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനില്‍ക്കില്ലെന്ന വാദം പരിഹാസ്യമാണ്. പ്രതി ചേര്‍ക്കപ്പെട്ട നടനെ പുറത്താക്കിയെന്ന നേരത്തെയുള്ള പ്രസ്താവന പൊതുസമൂഹത്തെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ഇപ്പോഴത്തെ തിരിച്ചെടുക്കലിലൂടെ തെളിഞ്ഞിരിക്കുകയാണ്. അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു.

എംഎല്‍എ.മാരും എംപി.മാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരവാണ്.സിനിമ രംഗത്തെ ഇത്തരം നെറികെട്ട പ്രവര്‍ത്തികളോടുള്ള സൂപ്പര്‍ താരങ്ങളുടെ നിലപാട് എന്താണെന്ന് അവര്‍ വ്യക്തമാക്കണം. നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ മഹാ നടന്‍ തിലകനെ മരണം വരെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഘടനയാണിപ്പോള്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുക്കാനും സംഘടന നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത്.

വിധു വിന്‍സന്റ്

എല്ലാവരും രാജിവെയ്‌ക്കേണ്ടെന്നത് ഒന്നിച്ചെടുത്ത തീരുമാനമാണ്. രാജി വെയ്ക്കാത്ത അംഗങ്ങള്‍ അമ്മ സംഘടനയില്‍ ആശയ പോരാട്ടം തുടരുക എന്ന ലക്ഷ്യമാണ് പിന്തുടരുന്നത്. അതു തുടരുക തന്നെ ചെയ്യും. സിനിമയിലെ വനിതാ കൂട്ടായ്മയില്‍ അംഗങ്ങള്‍ തമ്മില്‍ ഭിന്നതയില്ല.

wcc യെ വിമര്‍ശിച്ച് മഹേഷ് നായര്‍

എനിക്ക് ഒരു കാര്യം എഴുതുകയും അതുവഴി ചില സത്യങ്ങള്‍ മലയാള സിനിമാ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്. എന്നാല്‍ എഴുതുംമുന്‍പേ ഒരു കാര്യം ഭൂമിയോളം താഴ്ന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് വായിച്ച് സഭ്യതയില്ലാത്ത വാക്കുകള്‍ കൊണ്ട് എന്നെ അടക്കി നിര്‍ത്താന്‍ ദയവായി ഈ പെയ്ജ് വായിക്കുന്നവര്‍ മുതിര്‍ന്നേക്കരുത്. സൈബര്‍ സെല്‍; പോലീസ് കേസ് മുതലായ കലാപരുപാടികളില്‍ താത്പര്യമില്ലാത്തതിനാലാണ്. ഇനി കാര്യത്തിലേയ്ക്ക് കടക്കാം…….

അമ്മയുടെ നാലു നടികള്‍ രാജിവെയ്ച്ചു. W.C. C അംഗങ്ങള്‍ കൂടിയായ നാലു പേരാണ് രാജിവെയ്ച്ചത്. തികച്ചും നിര്‍ഭാഗ്യകരമായ കാര്യമായിപ്പോയി അത്. രാജിവെച്ച ഒരാള്‍ ഇരയാകപ്പെട്ട നടിയാണ്. അവര്‍ പക്ഷേ രാജ്യക്കാരണമായി പ്രധാനമായി പറയുന്നത് തന്റെ നിരവധി അവസരങ്ങള്‍ക്ക് തടസ്സമായി ദിലീപ് എന്ന നടന്‍ നിന്നുവെന്നതാണ്. ഇത് ഇരയായ നടി രേഖാമൂലം അമ്മ അസ്സോസ്സിയേഷന് നല്‍കിയിട്ടും അമ്മ ഒന്നും ചെയ്തില്ല എന്നാണ്. തികച്ചും സത്യവിരുദ്ധമായ കാര്യമാണത്. നാളിതുവരെ ഇങ്ങനെ ഒരു ആക്ഷേപം നടന് എതിരെ ഈ നടി അമ്മയില്‍ നല്‍കിയിട്ടില്ല. രേഖാമൂലമോ വാക്കാലോ നല്‍കിയിട്ടില്ല. വന്നിരുന്നെങ്കില്‍ തീര്‍ച്ചയായും നടപടിയുടെ തുടക്കമായി ദിലീപിനോട് വിശദീകരണം ചോദിച്ചേന്നെ. മറ്റുള്ളവര്‍ പ്രധാനമായും രാജിയുടെ കാരണമായി പറയുന്നത് അവര്‍ക്ക് അമ്മയില്‍ അവരുടെ പ്രതികരണങ്ങള്‍ പറയുവാന്‍ സാധിക്കുന്നില്ല എന്നാണ്. അതുകൊണ്ടാണോ W.C. C ഉണ്ടായ വേളയില്‍ ഇരുപത്തിമൂന്നാം ജനറല്‍ ബോഡിയില്‍ ഗീതു മോഹന്‍ ദാസ് വേദിയില്‍ മൈക്കിലൂടെ W. C. C യ്ക്കു വേണ്ടി മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ഇന്നസെന്റിനോടും അമ്മയോടും നന്ദി പറഞ്ഞ് പ്രസംഗിച്ചത്? അവര്‍ക്ക് പറയുവാനുള്ളത് അമ്മ ആംഗങ്ങള്‍ ശ്രവിച്ചത്. എന്നിട്ട് പുറത്തേയ്ക്ക് ഇറങ്ങിയ റീമ കല്ലിങ്കല്‍ മീഡികാരോട് പറഞ്ഞതെന്താ? ഞങ്ങള്‍ക്കു പറയുവാനുള്ളത് ആരും കേട്ടില്ലാന്ന്. രമ്യാ നമ്പീശന്‍ കഴിഞ്ഞ എക്സ്സിക്യൂട്ടിവ് മെംബറായിരുന്നല്ലോ. എന്തെ അക്രമണത്തിനിരയായ നടിയുടെ പരാതി അധവാ നല്‍കിയിട്ടുണ്ടായിരുന്നെങ്കില്‍ മുന്‍ കൈയ്യ് എടുത്ത് അതിനായി യത്‌നിച്ചില്ല? എന്തുകൊണ്ട് അമ്മയുടെ കുറ്റം പറയുവാനായി നാഴികയ്ക്ക് നാല്‍പതു വട്ടം മീഡിയയുടെ മുന്നില്‍ വരുന്ന ഇവരാരും ഒരു വാക്ക് മിണ്ടിയില്ലാ? എന്തേ w.c.c യുടെ സ്ഥാപക നേതാവ് മഞ്ചു വാരിയര്‍ അമ്മയില്‍ നിന്നും രാജിവെച്ചില്ല? പതിനെട്ട് പേരുടെ സംഘടനയില്‍ എന്തെ ആള്‍ക്കാര്‍ കൊഴിഞ്ഞു പോകുന്നു? അതു പിന്നെ പോകട്ടെ, അവരുടെ കാര്യം.

ഇരുപ്പത്തിനാല് വര്‍ഷമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അമ്മയെന്ന ആല്‍വൃക്ഷത്തിന് നാല് ഇല കൊഴിഞ്ഞു പോയാല്‍ വിഷമം തോന്നുമെങ്കിലും വൃക്ഷത്തിന് ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല. അത് തണല്‍ വിരിച്ച് നില്‍ക്കുക തന്നെ ചെയ്യും. നൂറ്റി നുപ്പതോളം പേര്‍ക്ക് കൈ നീട്ടം കൊടുക്കുന്നുണ്ട്; എല്ല മാസവും. അക്ഷര ക്രമത്തില്‍ പാവപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി. പാവങ്ങള്‍ക്കായി ആംബുലന്‍സ്സ് സര്‍വീസ്സ് തുടങ്ങി.ഇനിയും എത്രയോ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ചെയ്യുവാനിരിക്കുന്നു. നാലു പേര്‍ മാത്രമാണ് ശരി, അഞ്ഞു റോളം പേര്‍ തെറ്റ് എന്നാണ് അവര്‍ വിശ്വസിക്കുന്നതെങ്കില്‍: പിന്നെ എനിക്ക് ഒന്നും പറയുവാനില്ല. മലയാള സിനിമയ്ക്ക് നന്‍മകള്‍ മാത്രം നേര്‍ന്നു കൊണ്ട് നിങ്ങളുടെ സ്വന്തം മഹേഷ്.

വിനയന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ബുദ്ധിശൂന്യം. സംഭവത്തില്‍ ആക്രമിക്കപ്പെട്ട നടിയോട് അമ്മ മാപ്പു പറയണം. നടിയുടെ അഭിപ്രായം ചോദിക്കാതെയുള്ള തീരുമാനം വലിയ മണ്ടത്തരമാണ്. നടിയോട് അനുഭാവ സമീപനം സ്വീകരിക്കാമായിരുന്നു.

മാധ്യമങ്ങള്‍ക്ക് പോലും പ്രവേശനം അനുവദിക്കാതെ തീരുമാനമെടുത്തത് ആരോടൊക്കെയുള്ള വാശി പോലെയാണ് തോന്നുന്നത്. സാക്ഷര കേരളത്തില്‍ അമ്മ കുറച്ചു കൂടി മാന്യത കാണിക്കണം.

അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

അമ്മയും രാജിയും

അങ്ങേയറ്റം പ്രതിലോമകരമായ, പിന്തിരിപ്പനായ, സ്ത്രീവിരുദ്ധരായ, മലയാള സിനിമാ വ്യവസായത്തിലെ ആ അറുവഷളന്‍ ആള്‍ക്കൂട്ടമാണ് AMMA എന്ന പേരില്‍ സംഘടിച്ചിരിക്കുന്നത്. ഇവരാണ് മലയാളി ഇന്നോളം നേടിയ ലിംഗസമത്വ മൂല്യങ്ങള്‍ക്ക് മേല്‍ പാട്രിയാര്‍ക്കിയുടെ കസേര വലിച്ചിട്ടിരുന്നു കാര്‍ക്കിച്ചു തുപ്പുന്നത്. ഇവരെ പേര്‍ത്തും പേര്‍ത്തും കണ്ടും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചും പണം കൊടുത്തും മിന്നുന്ന ‘താരങ്ങള്‍ ആക്കിയ നമ്മള്‍ പ്രേക്ഷകരുടെ മുഖത്താണ് ഇപ്പോള്‍ ആ തുപ്പല്‍ വീഴുന്നത്. ആ കൂട്ടായ്മയുടെ നെറികേടിന്റെ ഭാഗമാകാന്‍ ഇനി ഞങ്ങളില്ല എന്ന് ചില മുന്‍നിര നടിമാര്‍ക്ക് പരസ്യമായി പറയേണ്ടി വന്നത്, അവരുടെ കൂലിതര്‍ക്കങ്ങളുടെ പേരിലോ സ്വാര്‍ത്ഥ ലാഭത്തിനോ അല്ല, മലയാള സിനിമാ വ്യവസായത്തില്‍ പണിയെടുത്ത് ജീവിക്കുന്ന ഓരോ പെണ്ണിനും ഭരണഘടന അനുവദിക്കുന്ന ലിംഗസമത്വം എന്ന അവകാശം പോരാടി നേടുന്നതിനാണ്. സ്വന്തം തൊഴില്‍ ഇടം പ്രതിസന്ധിയിലാക്കിയും ഈ രാജി പ്രഖ്യാപിച്ച ആ നടിമാര്‍ക്ക് പിന്തുണ കൊടുത്തില്ലെങ്കില്‍, ഇന്ന് നാം മൗനം പാലിച്ചാല്‍, നമ്മളും ഈ അനീതിയുടെ ഭാഗമാണെന്ന് കാലം വിധിയെഴുതും.

ഒരല്‍പം വൈകാരികമാവാം, എന്നാലും എനിക്ക് എന്റെ പരിമിതികളില്‍ നിന്ന് ചെയ്യാവുന്ന ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ‘അമ്മ’ എന്ന സംഘടനയുടെ ഭാഗമായ ഒരാളുടെയും ഒരു സിനിമയും ഞാന്‍ കാണില്ല. പരമാവധി സുഹൃത്തുക്കളോടും ഈ ബഹിഷ്‌കരണം തുടങ്ങാന്‍ എന്നാല്‍ കഴിയുംവിധം ഞാന്‍ നിര്ബന്ധിക്കും. ഇവരുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും ഞാന്‍ ഇനി സഹകരിക്കില്ല. അമ്മയുടെ തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുന്ന നടീനടന്മാരുടെ ചിത്രങ്ങള്‍ മാത്രമാവും ഞാന്‍ ഇനി കാണുക, പ്രോത്സാഹിപ്പിക്കുക.
തീര്‍ന്നില്ല, ക്രിമിനലുകളോട് സന്ധി ചെയ്യുന്ന തീയറ്റര്‍ ഉടമകളെ ഇക്കാര്യം എഴുതി അറിയിക്കും, പാര്‍ക്കിങ് സ്‌പേസ് മുതല്‍ നികുതിയടവ് വരെ അവരുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് വിവരാവകാശ നിയമപ്രകാരം അന്വേഷണങ്ങള്‍ ആരംഭിക്കും. താരരാജാക്കന്മാരും അവരെ പിന്തുണയ്ക്കുന്നവരും വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ക്ക് വരുമാന നികുതി അടയ്ക്കുന്നുണ്ടോ എന്നും രേഖാമൂലം അന്വേഷിക്കും. ഈ മാഫിയാ ബന്ധം വളരുന്നത് കണ്ടുനില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

അമ്മ എന്ന കൂട്ടായ്മ തെറ്റു തിരുത്തുംവരെ, മലയാളിയുടെ രാഷ്ട്രീയബോധത്തെ പരസ്യമായി ബഹുമാനിക്കുന്നത് വരെ ഞാനീ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കും. എന്റെ നൂറുരൂപ കോടികളുടെ സിനിമാവ്യവസായത്തില്‍ ഒന്നുമല്ലായിരിക്കാം, എന്നാല്‍ പലരുടെ പല നൂറുരൂപകളാണ് കോടികളായി മാറുന്നത്. സംഭവിച്ചത് നിങ്ങളുടെ പെങ്ങള്‍ക്കോ സുഹൃത്തിനോ കുടുംബാംഗത്തിനോ ആണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളൂ. കഴിയാവുന്നത്ര, ഈ സമരത്തില്‍ നമുക്ക് സ്ത്രീത്വത്തെ പിന്തുണയ്ക്കാം.

ലിബര്‍ട്ടി ബഷീര്‍

മോഹന്‍ ലാല്‍ അമ്മയുടെ പ്രസിഡന്റായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു. സംഘടനയില്‍ പിളര്‍പ്പുണ്ടാകാതിരിക്കാന്‍ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് മോഹന്‍ലാലിനെ ഈ പദവി. ഈ സമയത്ത് തന്നെ അമ്മയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വേദനയുണ്ട്.

ഹൈക്കോടതി പ്രഥമദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍, താരത്തെ തിരിച്ചെടുക്കാന്‍ ഉണ്ടായ സാഹചര്യം എന്താണ്? കോടതിയില്‍ ഇനി ദിലീപിന് തന്നെ അമ്മ കുറ്റ വിമുക്തനാക്കി എന്നത് ന്യായവാദമായി ഉന്നയിക്കാന്‍ സാധിക്കും.നടിമാര്‍ അമ്മയുടെ വേദിയില്‍ അഭിപ്രായം പറയാഞ്ഞത് കൂവല്‍ കേട്ട് പുറത്ത് വരേണ്ടി വരും എന്നുള്ളത് കൊണ്ടാണ്. പെണ്‍കുട്ടികളല്ലേ അവര്‍, അവര്‍ക്കതറിയാം.

കഴിഞ്ഞദിവസം ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള സന്നദ്ധത ഭാരവാഹികള്‍ അറിയിച്ചത്. യോഗത്തില്‍ പങ്കെടുത്തവരാരും എതിരു പറഞ്ഞുമില്ല. ദിലീപിനെ ‘അമ്മ’യിലേക്കു തിരികെയെടുക്കുന്നതില്‍ പ്രതിഷേധിച്ച് വനിതാ ചലച്ചിത്ര പ്രവര്‍ത്തരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് രംഗത്തെത്തി. സമൂഹമാധ്യമത്തിലെ കുറിപ്പില്‍ അമ്മയുടെ തീരുമാനത്തിനെതിരെ സംഘടന ആഞ്ഞടിച്ചു. തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തില്‍ അപലപിക്കുകയാണെന്നു വ്യക്തമാക്കിയ സംഘടന കുറെ ചോദ്യങ്ങളും ഉന്നയിച്ചു.

അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്? സംഘടനയിലേക്ക് ഇപ്പോള്‍ തിരിച്ചെടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ നേരത്തേ ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്? മാനഭംഗം പോലുള്ള കുറ്റകൃത്യത്തില്‍ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂര്‍ത്തിയാവുന്നതിനു മുന്‍പ് നിങ്ങള്‍ തിരിച്ചെടുക്കുന്നത്. അതില്‍ നിങ്ങള്‍ക്ക് യാതൊരു അപാകതയും തോന്നുന്നില്ലേ? അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലേ? ഇപ്പോള്‍ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നത്?

ഒരു ജനാധിപത്യ സംഘടന എന്ന നിലയില്‍ ഇപ്പോള്‍ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നല്‍കുക? വിചാരണാ ഘട്ടത്തിലുള്ള ഒരു കേസില്‍ ഉള്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങള്‍ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലേ?- ഈ ചോദ്യങ്ങള്‍ക്കു അമ്മയുടെ ഭാരവാഹികളുടെ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. ഇതിനുപിന്നാലെയാണ് വിമന്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗങ്ങളായ നടിമാരില്‍ ചിലര്‍ അമ്മയില്‍നിന്ന് രാജിവച്ചത്.

ദിലീപിനെതിരായ കുറ്റപത്രമിങ്ങനെ

നടി ആക്രമിക്കപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ട ശേഷമാണു സംഘടനയിലേക്കു ദിലീപിനു പ്രവേശനം ലഭിച്ചത്. ഇതു വ്യാപക വിമര്‍ശനത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കി. കേരളത്തെ ഞെട്ടിച്ച യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അടക്കം 12 പേരാണു പ്രതികള്‍. ആക്രമണത്തിനു ശേഷം നടിയെ മോശക്കാരിയാക്കാന്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ച ദിലീപ്, തന്നെ ന്യായീകരിക്കാന്‍ സിനിമാപ്രവര്‍ത്തകരെ ഉപയോഗിച്ചെന്നും ആക്രമണത്തിനുശേഷം പള്‍സര്‍ സുനിയും വിജേഷും ‘ലക്ഷ്യ’യിലെത്തിയത് കാവ്യാ മാധവന്റെ സഹോദരഭാര്യ അറിഞ്ഞെങ്കിലും മറച്ചുവച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.

‘അമ്മ’യുടെ 2013ലെ താരനിശയില്‍ ഉണ്ടായ വാക്കേറ്റത്തിനു ശേഷമാണു നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ നാലുവര്‍ഷം ഈ ആക്രമണം വൈകി. ഇതിന്റെ കാരണങ്ങളും കുറ്റപത്രത്തിലുണ്ട്. 2013ലും 2014ലും പള്‍സര്‍ സുനിക്കെതിരെ മറ്റ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതോടെ പള്‍സര്‍ സുനി ഒളിവില്‍ പോയി. 2015 ജൂലൈ 20ന് കോലഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ശേഷം നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടു. നടിയുടെ അച്ഛന്‍ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ പദ്ധതി നടന്നില്ല.

നടിയുടെ അച്ഛന്റെ മരണശേഷം ക്വട്ടേഷന്‍ നടപ്പാക്കാന്‍ സുനി തീവ്രശ്രമം തുടങ്ങി. ഇതാണു പിന്നീടു നടപ്പായത്. ആക്രമണത്തിനു ശേഷവും നടിക്കെതിരെ പ്രതികാര മനോഭാവത്തോടെയാണു ദിലീപ് പെരുമാറിയത്. സിനിമയിലെ സ്വാധീനമുപയോഗിച്ചു താന്‍ നിരപരാധിയാണെന്നും നടി ജാഗ്രത പാലിക്കണമായിരുന്നെന്നും പ്രമുഖരെക്കൊണ്ടു പറയിച്ചു. ഇങ്ങനെ നടിക്കു മനോവിഷമമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്തു.

ആക്രമണത്തിനുശേഷം പള്‍സര്‍ സുനിയും വിജേഷും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയിരുന്നു. ഇവിടത്തെ ജീവക്കാരനായ സാഗര്‍ ഇക്കാര്യം കാവ്യയുടെ സഹോദര ഭാര്യ റിയയെ അറിയിച്ചു. എന്നാലിതു മറച്ചു വയ്ക്കാനായിരുന്നു റിയയുടെ നിര്‍ദേശം. ദിലീപിന്റെ സ്വാധീനം മൂലം നടി പരാതിപ്പെടുകയില്ലെന്നാണു സുനിയും സംഘവും ധരിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സിനിമയെ വെല്ലുന്ന വഴിത്തിരിവുകള്‍

ആക്ഷന്‍ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ്, സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും മുന്‍നിര നടന്‍ പ്രതിയാവുകയും ചെയ്ത കേസിനുള്ളത്. ഒരു സംഘം ഗുണ്ടകളില്‍ അവസാനിക്കുമായിരുന്ന കേസ് ഗൂഢാലോചനയിലേക്കും വിഐപി പ്രതിയിലേക്കും എത്തിച്ചതു കൃത്യമായ ഇടവേളകളിലുണ്ടായ ഈ വഴിത്തിരിവുകളാണ്.

2017 ഫെബ്രുവരി 17നു രാത്രി കൊച്ചിയില്‍ ഓടുന്ന വാഹനത്തിലാണു നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുന്നതിനു കൂട്ടുനിന്ന ഡ്രൈവര്‍ മാര്‍ട്ടിന്‍ ആണ് ആദ്യം പിടിയിലായത്. സംഭവം ആസൂത്രിതമാണെന്നും സിനിമാപ്രവര്‍ത്തകരുടെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണു മുഖ്യപ്രതിയെന്നു പിന്നീടു വ്യക്തമായി. പൊലീസ് കാടിളക്കി അന്വേഷിച്ചെങ്കിലും സുനിയെ കിട്ടിയില്ല. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജേഷിനെയും കോടതിയില്‍നിന്നു വലിച്ചിറക്കിയാണു പൊലീസ് അറസ്റ്റു ചെയ്തത്.

കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രില്‍ 18നു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ ഒരുപക്ഷേ, അവിടം കൊണ്ടു തീരേണ്ടതായിരുന്നു കേസ്. ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് കോടതിയെ അറിയിക്കുകയും ദിലീപിന്റെ പേര് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്‌തെങ്കിലും വഴിത്തിരിവിനായി പൊലീസിനു കാത്തിരിക്കേണ്ടി വന്നു.

സുനിലിന്റെ കത്തും വിളിയും

ക്വട്ടേഷന്‍ നല്‍കിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തില്‍ പ്രതി സുനില്‍കുമാര്‍ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്‌സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ ബന്ധിപ്പിക്കാനുള്ള ഒരു തുമ്പ് അന്വേഷണ സംഘത്തിനു വീണുകിട്ടി. സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഫോണ്‍വിളി ദിലീപിലേക്ക് എത്താന്‍ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണില്‍നിന്നു സുനില്‍കുമാര്‍ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി.

തിരിച്ചടിച്ച പരാതി

തനിക്കു ബന്ധമില്ലാത്ത സംഭവത്തില്‍ സുനില്‍കുമാ!ര്‍ പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതായി കാണിച്ച് ഏപ്രില്‍ 20നു ദിലീപ് ഡിജിപിക്കു പരാതി നല്‍കി. തെളിവായി വാട്‌സാപ്പില്‍ ലഭിച്ച കത്തും ഫോണ്‍ വിളിയുടെ ശബ്ദരേഖയും നല്‍കി. എന്നാല്‍, ദിലീപിന്റെ പരാതിയില്‍ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനില്‍കുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനില്‍കുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറഞ്ഞ സഹതടവുകാരന്‍ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായി.

സംസാരിക്കുന്ന ചിത്രങ്ങള്‍

സുനില്‍കുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവര്‍ത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രം പുറത്തായത്. ജൂണ്‍ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങള്‍ ഒടുവില്‍ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതില്‍നിന്നു കാര്യങ്ങള്‍ വ്യക്തമായി.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു വാരിയരില്‍നിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങള്‍ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി.

ജൂണ്‍ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകള്‍ പൊലീസിനു പിടിവള്ളിയായി. നാദിര്‍ഷ ഉള്‍പ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിര്‍ണായകമായ അറസ്റ്റ്.

വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മ

ആക്രമിക്കപ്പെട്ട നടിക്കു പിന്തുണ പ്രഖ്യാപിച്ചു ചലച്ചിത്ര പ്രവര്‍ത്തകര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഞ്ജു വാരിയര്‍ നടത്തിയ പ്രതികരണമാണു കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. ക്വട്ടേഷന്‍ സംഘം പണത്തിനുവേണ്ടി നടത്തിയ കുറ്റകൃത്യം എന്ന നിലയില്‍ അവസാനിച്ചേക്കാമായിരുന്ന കേസാണു ദിലീപിലേക്ക് എത്തിയത്. ചലച്ചിത്ര മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) രൂപീകരണത്തിനും സംഭവം കാരണമായി.

കേരളത്തെ ഞെട്ടിച്ചു ജൂലൈ 10നു ദിലീപ് അറസ്റ്റിലായി. 85 ദിവസം ജയില്‍ വാസം. ദിലീപ് ജയിലിലായിരിക്കെ പ്രധാനതെളിവായ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു. ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷമാണു കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയും ദിലീപുമടക്കം 12 പേരാണു പ്രതികള്‍. കേസില്‍ സിനിമാരംഗത്തെ പ്രമുഖരടക്കമുള്ളവരുടെ മൊഴികളും കുറ്റപത്രത്തിന്റെ ഒരു ഭാഗവും പുറത്തുവന്നു. ആക്രമിക്കപ്പെട്ട നടിയോടു ദിലീപിനു ശത്രുതയുണ്ടെന്നു സ്ഥാപിക്കുന്ന ശക്തമായ മൊഴികളാണിവ. എന്നാല്‍ ഈ ഗൂഢാലോചനയ്ക്കും കൃത്യത്തിനും പിന്നില്‍ ദിലീപാണെന്ന മൊഴികള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Print Friendly, PDF & Email

Leave a Comment