ട്രം‌പ് – കിം ചര്‍ച്ച പരാജയമോ? ഉത്തര കൊറിയയുടെ കരാര്‍ ലംഘനത്തെ അപലപിച്ച് ട്രം‌പ്; ഉപരോധം തുടരും

trump-1ആണവനിരായുധീകരണ കരാറില്‍ ഒപ്പുവച്ചതിനു പിന്നാലെ നിലപാടില്‍ മാറ്റവുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ആണവനിര്‍വ്യാപനത്തിനു പ്രതിജ്ഞാബദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടും ഉത്തരകൊറിയ ആണവഗവേഷണം തുടരുകയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ജൂണ്‍ 11നാണ് ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ആണവനിരായുധീകരണ കരാറില്‍ ഒപ്പുവെച്ചത്. ചരിത്രപരമായ ആ കരാറില്‍ ഉത്തരകൊറിയയിലെ ആണവ റിയാക്ടറുകള്‍ പൂര്‍ണമായും നശിപ്പിച്ചുകളയും എന്ന സുപ്രധാന തീരുമാനവും ഉണ്ടായി. അതിന്റെ ഭാഗമെന്നോണം പ്രധാന ആണവനിലയങ്ങള്‍ ലോകമാധ്യമങ്ങളെ സാക്ഷിനിര്‍ത്തി ഉത്തരകൊറിയ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ ഉച്ചകോടിയില്‍ എടുത്ത തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഉത്തര കൊറിയ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ’38 നോര്‍ത്ത് വെബ്‌സൈറ്റ്’ പുറത്തു വിട്ട ജൂണ്‍ 21 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് ഉത്തരകൊറിയയിലെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയുള്ള യോംഗ്‌ബ്യോന്‍ ആണവ ഗവേഷണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ നടക്കുന്നുണ്ടെന്നും ഒപ്പം പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചതായാണ് അറിയാന്‍ സാധിക്കുന്നത്. യോംഗ്‌ബ്യോണില്‍ ഒരു എന്‍ജിനിയറിംഗ് ഓഫീസും റിയാക്ടര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പുതിയ റോഡും നിര്‍മിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ആണവകേന്ദ്രങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ രാജ്യസുരക്ഷക്കും സാമ്പത്തികരംഗത്തിനും ഭീഷണിയാണെന്നും അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും വൈറ്റ് ഹൗസ് പ്രസ്താവന പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് സമയ പരിതി നിശ്ചയിച്ചു എന്നുള്ള വാര്‍ത്ത ട്രം‌പ് ഭരണകൂടം പുറത്തു വിടുന്നത്.

അതേസമയം, ഇരു കൊറിയകളും അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹങ്ങളെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി ലീ നാക് യോങ് അറിയിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള ആക്രമണങ്ങളെ തടുക്കുന്നതിനായി 1000 പീരങ്കികളാണ് ഉത്തര കൊറിയ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പ് നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ നിന്നു സൈനിക സന്നാഹത്തെ പിന്‍വലിക്കാന്‍ ദക്ഷിണ കൊറിയ ഉത്തര കൊറിയയോട് ആവശ്യപ്പെട്ടിരുന്നു. ആദ്യമായാണ് ദക്ഷിണ കൊറിയ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

സിംഗപ്പൂരില്‍ നടന്ന സമാധാന ഉച്ചകോടിക്ക് ശേഷം ഉത്തരകൊറിയ ആണവ ഭീഷണിയല്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സമാധന ഉച്ചകോടിക്ക് ശേഷം ജൂണ്‍ 13ന് ‘ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല സമാധാനമായി ഉറങ്ങി കൊള്ളൂ’ എന്നാണ് ട്രംപ് ട്വിറ്റ് ചെയ്തത്. എന്നാല്‍ ചര്‍ച്ച നടന്ന് നാളുകള്‍ക്കുള്ളില്‍ വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ട്രംപ്.

Print Friendly, PDF & Email

Related News

Leave a Comment