ദിലീപിനെ തിരിച്ചെടുത്തതിന് ‘അമ്മ’യ്ക്കെതിരെ ആഞ്ഞടിച്ച് സിപി‌എം സെക്രട്ടറിയേറ്റ്; മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്; ‘അമ്മ’യ്ക്ക് റീത്ത്

dilu_18തിരുവനന്തപുരം: താര സംഘടന അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം. ദിലീപിനെ തിരിച്ചെടുത്തത് തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ദിലീപ് പ്രതിയായ കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. കേരളത്തിലെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അമ്മയെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക് നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് പ്രസ്താവനയില്‍ അറിയിച്ചു. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ ‘അമ്മ’ സ്ത്രീവിരുദ്ധ പക്ഷത്ത് നില്‍ക്കുന്നുവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

ഒരു നടിക്ക് നേരെ നടന്ന അക്രമസംഭവത്തില്‍ പൊലീസ് ചാര്‍ജ്ജ് ചെയ്ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ, നേരത്തെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയിരുന്നു. ദിലീപ് പ്രതിയായ കേസ് നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത് ഈ നടപടിയാണ്. സ്ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന് കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന് ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.

ഈ യാഥാര്‍ത്ഥ്യം ‘അമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിയ്ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന് ഇരയായ സ്ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് കരുതുന്നു. ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയാണെന്ന് കരുതുന്നത് മൗഢ്യമാണ്. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നതും ദുരുദ്ദേശപരമാണ്. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട് പ്രതികരിക്കേണ്ടത്.

6_88ഏത് മേഖലയിലായാലും സ്ത്രീകള്‍ക്ക് മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ് ഇടതുപക്ഷ നിലപാട്. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട് ഉയര്‍ത്തിപ്പിടിച്ച്, നിഷ്പക്ഷവും ധീരവുമായ നിലപാടാണ് ഇടതുപക്ഷവും, എല്‍.ഡി.എഫ് സര്‍ക്കാരും കൈക്കൊണ്ടത്. ഈ കാര്യങ്ങള്‍ കേരള ജനതയ്ക്ക് നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്ക്കുന്നവരുടെ നിഗൂഢ താത്പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്പര്യപൂര്‍വ്വം അംഗീകരിക്കുന്ന സിനിമ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും അമ്മ എന്ന സംഘടന പരിശ്രമിക്കുമെന്ന് ഞങ്ങള്‍ കരുതുന്നതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടന്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിയണമെന്ന് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടനയ്‌ക്കെതിരെ മാര്‍ച്ചും നടത്തിയിരുന്നു.

റീത്തുമായാണ് യൂത്ത് കൊണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. ‘അമ്മ’ എന്ന സംഘടനയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫഌ്‌സ് വച്ചതിന് ശേഷം റീത്ത് സമര്‍പ്പിച്ച് ചന്ദനത്തിരിയും കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. വീടിന് മുന്‍പിലെ ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരേയും കുറ്റവാളിയെ തിരിച്ചെടുത്തപ്പോള്‍ മിണ്ടാതിരിക്കുന്ന ഗണേഷ് കുമാര്‍, മുകേഷ്, കെ.പി.എ.സി ലളിത എന്നീ ജനപ്രതിനിധികളേയും രൂക്ഷമായ ഭാഷയില്‍ വിര്‍ശിച്ചാണ് പ്രതിഷേധം നടത്തിയത്.

ജനാധിപത്യമല്ല താരാധിപത്യമാണ് സംഘടനയില്‍ നടക്കുന്നതെന്നും കുറ്റവാളിക്കൊപ്പമാണ് സംഘടനയും സംഘടനയുടെ തലപ്പത്തിരിക്കുന്നവരും ജനപ്രതിനിധികളും നില്‍ക്കുന്നതെന്നും കെ.എസ്.യുവും, യൂത്ത് കോണ്‍ഗ്രസും ആരോപിക്കുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ മാറി നില്‍ക്കണമെന്നും നടിക്ക് നീതി ലഭിക്കാത്ത സംഘടനയില്‍ തുടരാന്‍ മോഹന്‍ലാലിന് അര്‍ഹതയില്ലെന്നും അവര്‍ ആവശ്യപ്പെടുന്നു.

സംഘടനയ്‌ക്കെതിരേ വ്യാഴാഴ്ച എ.ഐ.വൈ.എഫ് പ്രകടനം നടത്തിയിരുന്നു. മോഹന്‍ലാലിന്റെ കോലം കത്തിച്ചാണ് കൊണ്ടാണ് അവര്‍ പ്രതിഷേധം നടത്തിയത്.

Print Friendly, PDF & Email

Related News

Leave a Comment