Flash News

പെണ്മക്കളെ തഴഞ്ഞ അമ്മ

June 29, 2018

65_9അമ്മയും മക്കളും തമ്മിലുള്ള പോരു മുറുകുന്നു. മോനോടാണ് കൂടുതല്‍ സ്‌നേഹമെന്ന് വ്യക്തമായതോടെ പെണ്‍മക്കളില്‍ പ്രായം കുറഞ്ഞവര്‍ അമര്‍ഷവും പ്രതിഷേധവുമായി പരസ്യമായി രംഗത്തിറങ്ങി. അവര്‍ക്ക് ഐക്യധാര്‍ഢ്യം പകടിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ നേതാക്കളും സാസ്‌ക്കാരിക പ്രവര്‍ത്തകരും സിനിമാ രംഗത്ത അപൂര്‍വ്വം പുരുഷ കേസരികളും വാ തുറന്നു.

അമ്മയ്ക്ക് അങ്കലാപ്പായി എന്നു വേണം കരുതാന്‍. ആദ്യമൊക്ക പെണ്‍മക്കളുടെ മനസ് കണ്ടില്ലെന്ന് നടിച്ചു വെങ്കിലും അപകടം മണത്തറിഞ്ഞാവണം അമ്മയുമായി അടുപ്പമുള്ളവരില്‍ ചിലരൊക്കെ നേരിയ തോതില്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഒടുവില്‍ അമ്മയുടെ മുഖം താല്‍ക്കാലികമായെങ്കിലും രക്ഷിക്കാന്‍ മോന്‍ തന്നെ രംഗത്ത് വന്നത് ആശ്വാസമായി. നടിയെ മാനം കെടുത്തിയെന്ന കേസില്‍ വിധി വരുന്നത് വരേ തന്നെ സംഘടനയില്‍ സജീവമാകില്ലെന്ന് നടന്‍ ദിലീപ് അമ്മയ്ക്ക് കത്തെഴുതിയതാണ് പ്രതിസന്ധിക്ക് അയവുവന്നുവെന്ന് കരുതാന്‍ സിനിമാ പ്രേമികളെ പ്രേരിപ്പിക്കുന്നത്. പക്ഷെ അതു കൊണ്ട് അമ്മയില്‍ യുവ വനിതാതാരങ്ങള്‍ ഉയര്‍ത്തിയ ശബ്ദം കെട്ടടങ്ങുമോ എന്ന് പറയാറായിട്ടില്ല.

തങ്ങളുടെ സഹപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ സിനിമാ പ്രവര്‍ത്തകരുടെ അമ്മയ്ക്ക് സംഭവിച്ച ദൃഷ്ടി ദോഷത്തില്‍ അമര്‍ഷം പ്രകടിപ്പിച്ച യുവ വനിതാ താരങ്ങളെ പരസ്യമായും രഹസ്യമായും അഭിനന്ദിക്കാത്തവര്‍ ചുരുക്കം. രാഷ്ട്രീയ നേതാക്കളുടെ കക്ഷി ഭേദമില്ലാതെയുള്ള പിന്‍തുണയാണ് കണ്ടതിനേയും കേള്‍ക്കുന്നതിനേയും രാഷ്ട്രീയ കണ്ണിലൂടെ കാണാറുള്ള കേരളത്തില്‍ അടുത്ത കാലത്ത് കണ്ട നന്മയുടെ വെളിച്ചം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ടും സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍ പേര്‍സണ്‍ എം.സി ജോസഫൈനും സംസ്ഥാന മന്ത്രിസഭയിലെ വനിതാ പ്രതിനിധികളായ മേഴ്‌സിക്കുട്ടി അമ്മയും ശൈലജ ടീച്ചറും കോണ്‍ഗ്രസിലെ ബിന്ദു കൃഷ്ണയും മാത്രമല്ല, പിണറായി മന്ത്രി സഭയിലെ കരുത്തരായ ജി.സുധാകരനും തോമസ് ഐസക്കും കോണ്‍ഗ്രസിലെ വി.എം. സുധീരന്‍ വരേ പരസ്യമായി അമ്മയുടെ നിലപാടിനെ വിമര്‍ശിച്ചും യുവ നടികളോട് ഐക്യം പ്രഖ്യാപിച്ചും രംഗത്ത് വന്നു. പ്രശസ്ഥ നടന്‍ പ്രൃഥ്വീ രാജും താന്‍ യുവനടികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഈ നീക്കം സിനിമാ വേദിക്ക് അപകടമാണെന്ന് ബോധ്യപ്പെട്ടപ്പോളാണ് ഈ രംഗത്തെ നിയന്ത്രിക്കുന്നവരില്‍ ചിലര്‍ ഇടപെട്ട് ദീലീപിനെ ക്കൊണ്ട് താന്‍ തല്‍ക്കാലം അമ്മയിലേക്ക് ഇല്ലെന്ന് എഴുതിച്ചതെന്നാണ് പിന്നാമ്പുറ സംസാരം.

ഈ പ്രശ്‌നത്തില്‍ സിനിമാരംഗവുമായി അഭേദ്യ ബന്ധമുള്ള ചിലരുടെ മൗനമാണ് ഏറെ ശ്രദ്ധേയം. അടുത്ത ദിവസം വരേ അമ്മയുടെ പ്രസിഡന്‌റായിരുന്ന ഇന്നസെന്റ് എം.പിയും പുതിയ കമ്മറ്റിയില്‍ വൈസ് പ്രസിഡന്‌റുമാരായ മുകേഷ് എം.എല്‍എയും ഗണേഷ്‌കുമാര്‍ എം.എല്‍എയും മിണ്ടിയിട്ടില്ല. മുകേഷാവട്ടെ ഇക്കാര്യ ത്തില്‍ പ്രതികരണമാരാഞ്ഞ പത്രപ്രവര്‍ത്തകരോട് അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ട് ഇങ്ങള്‍ക്ക് വേറൊന്നു ചോദിക്കാനില്ലേ, സര്‍ക്കാറിന്റെ ഒരു മുറം പച്ചക്കറി ഉല്‍പ്പാദനത്തെപ്പറ്റി ചോദിക്കു… എന്നായിരുന്നു പരിഹാസം. വനിതകള്‍ക്ക് നേരെയുള്ള അതിക്രമത്തെ തുറന്ന് എതിര്‍ത്തു പോരുന്ന ഇടതു പക്ഷത്തെ എം.പിയും എംഎല്‍എമാരും തങ്ങളുടെ പാര്‍ട്ടിയുടെ നിലപാട് മനസിലാക്കിയെങ്കിലും പ്രതികരിക്കാതിരുന്നത് ഹാ കഷ്ടം എന്നേ പറയാനാവൂ.

അവരുടെ കാര്യം പോകട്ടെ, സിനിമയിലെ പ്രശസ്ഥരായ പരിണിത പ്രജ്ഞരായ മുതിര്‍ന്ന വനിതാ താരങ്ങളും വാ തുറന്നിട്ടില്ല. അമ്മമാരുടെയും അമ്മൂമ്മമാരുടെയും വേഷങ്ങളില്‍ വേദി തിളങ്ങിയ കെപിഎസി. ലളിതയോ കവിയൂര്‍ പൊന്നമ്മയോ പല വിഷയങ്ങൡ പ്രതികരിക്കാന്‍ മടികാണിക്കാത്ത ഭാഗ്യലക്ഷ്മിയോ ഇതേ വരേ ഉരിയാടിയിട്ടില്ല. ഇവരോടൊക്കെ നമുക്ക് മുകേഷ് പറഞ്ഞത് പോലെ ഒരു മുറം പച്ചക്കറി കൃഷിയെപ്പറ്റി ചോദിക്കാം. എന്തേ…

അപമാനിതയായ വനിത താരത്തില്‍ കാര്യത്തില്‍ നിശ്ശബ്ദാരാവുകയും ഇതുമായി ബന്ധപ്പെ്ട കേസില്‍ പ്രതിയായ നടനെ ആദ്യം പുറത്താക്കുകയു ം പിന്നീട് തിരിച്ചെടുക്കാന്‍ വ്യഗ്രത കാട്ടുകയും ചെയ്ത അമ്മയുടെ ഭാരവാഹികളുടെ മുമ്പില്‍ പാപ്പി അപ്പച്ചാ.. എന്ന സിനിമാഗാനത്തിലെ രണ്ടമത്തെ വരി മൂളാനാണ് തോന്നുന്നത്. ‘അമ്മയ്ക്ക് മോനോടോ മോളോടോ കൂടുതല്‍ സ്‌നേഹം….’


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top