Flash News

അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാര്‍: ഡോ. മുന്‍തസര്‍ ഫായിസ് അല്‍ ഹമദ്

June 30, 2018 , അഫ്സല്‍ കിളയില്‍

AL MADRASA AL ISLAMIYA 2

ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ സംഘടിപ്പിച്ച കോണ്‍വെക്കേഷന്‍ സെറിമണി ഖത്തര്‍ യൂണിവേര്‍സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുന്‍തസര്‍ ഫായിസ് അല്‍ ഹമദ് ഉദ്ഘാടനം ചെയ്യുന്നു

ദോഹ: ജീവിതത്തിന് ദിശാബോധം നല്‍കി സംസ്‌കാര സമ്പന്നരും മൂല്യമുള്ളവരുമായ സമൂഹത്തെ സൃഷ്ടിക്കുന്ന അധ്യാപകര്‍ പ്രവാചക നിയോഗത്തിന്റെ പിന്മുറക്കാരാണെന്നും സമൂഹത്തിന്റെ ക്ഷേമൈശ്വര്യ പൂര്‍ണമായ വളര്‍ച്ചാവികാസത്തിനായി സ്വയം കത്തിയെരിയുന്ന വിളക്കുമാടങ്ങളെന്ന നിലക്ക് അധ്യാപകരെ സമൂഹം വേണ്ടരീതിയില്‍ പരിഗണിക്കണമെന്നും ഖത്തര്‍ യൂണിവേര്‍സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുന്‍തസര്‍ ഫായിസ് അല്‍ ഹമദ് അഭിപ്രായപ്പെട്ടു. പത്താം തരം മദ്രസ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി ദോഹ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ്യ സി.ഐസി ഹാളില്‍ സംഘടിപ്പിച്ച കോണ്‍വെക്കേഷന്‍ സെറിമണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഹലോകത്തും പരലോകത്തും വഴി വിളക്കുകളാകാനും നന്മയുടെ പൂമരങ്ങളായി മാറാനും സഹായിക്കുന്ന ധാര്‍മിക വിദ്യാഭ്യാസം അക്ഷരങ്ങള്‍ക്കുമപ്പുറം ആശയ സമ്പുഷ്ടമായ ചിന്തയുടേയും അന്വേഷണത്തിന്റേയും അതിരുകളില്ലാത്ത ലോകത്തേക്ക് കടന്നുചെല്ലുവാനാണ് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ പ്രചോദിപ്പിക്കുവാനും നന്മയുടേയും മൂല്യങ്ങളുടേയും പിമ്പലത്തില്‍ ഉന്നതിയിലേക്കെത്തിക്കുവാനും കഴിയുന്ന അനുഗ്രഹീതരായ അധ്യാപകര്‍ വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും വമ്പിച്ച സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നവരാണ്.

ഏതവസരത്തിലും സക്രിയമാകുന്ന ധാര്‍മികാധ്യാപനങ്ങളാണ് മഹാന്മാരായ അധ്യാപകരുടെ സവിശേഷത. ക്‌ളാസു മുറികളെ വിരസവും വിലക്ഷണവുമാക്കാതെ, കുട്ടികളുടെ സ്വാതന്ത്ര ചിന്തയും ബുദ്ധിപരമായ ഉല്‍സാഹങ്ങളും പരിപോഷിപ്പിക്കുന്ന നിലപാടുകളും സമീപനങ്ങളുമാകും അത്തരം ഗുരുവര്യന്മാരുടെ പ്രത്യേകത. ജീവിതത്തിന് ദിശാബോധം നല്‍കുന്ന അധ്യാപകരാവുകയെന്നത് മഹത്തായ സൗഭാഗ്യമാണ് .

AL MADRASA AL ISLAMIYA 3

പത്താം തരം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ അതിഥികളോടൊപ്പം.

ലോകം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് അനുദിനം നേടുന്നത്. ഇതൊന്നും പക്ഷേ അധ്യാപകന്റെ പങ്ക് ചെറുതാക്കുന്നില്ല. മറിച്ച് കൂടുതല്‍ സങ്കീര്‍ണവും പ്രസക്തവുമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തില്‍ എല്ലാ നിലക്കും ഉയര്‍ന്നുനില്‍ക്കുവാന്‍ അധ്യാപകര്‍ക്ക് കഴിയുകയും സമൂഹം അധ്യാപകരോട് അര്‍ഹമായ കടപ്പാടും സ്‌നേഹാദരവുകളും നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് സമൂഹം കൂടുതല്‍ പ്രബുദ്ധവും ഊര്‍ജസ്വലവുമാകുന്നത്. ധാര്‍മിക ശിക്ഷണം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് മരണാനന്തരവും ഗുണം ചെയ്യുന്നവരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വൈജ്ഞാനികവും ബുദ്ധിപരവുമായ വളര്‍ച്ചാ വികാസത്തിന് നേതൃത്വം നല്‍കുകയും ധാര്‍മിക സനാതന നൈതിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നവരുമായ അധ്യാപക സമൂഹത്തിന്റെ സേവനങ്ങളെ അംഗീകരിക്കാനും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ അമൂല്യ സംഭാവനകളെ വിലയിരുത്താനും നാം തയ്യാറാവണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പത്താം ക്‌ളാസ് പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണം ചെയ്തു.

സി.ഐ.സി. പ്രസിഡണ്ട് കെ.സി. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് സംസാരിച്ചു. മദ്രസ പിടി.എ. പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര, ട്രഷറര്‍ കെ. എല്‍. ഹാഷിം, നിര്‍വാഹക സമിതി അംഗം മുകര്‍റം, വനിതാ പിടി.എ. ഉപാധ്യക്ഷ മാജിദ മുകര്‍റം, സി.ഐ.സി. വൈസ് പ്രസിഡണ്ട് ആര്‍.എസ്. അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ബിന്‍ ഹസന്‍, കള്‍ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ, കെയര്‍ ആന്റ് ക്യൂര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ.പി. അബ്ദുറഹിമാന്‍, വക്‌റ മദ്രസ പ്രിന്‍സിപ്പല്‍ എം.ടി. ആദം എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

പത്താം ക്‌ളാസ് പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്കുനേടുന്ന വിദ്യാര്‍ഥികള്‍ക്കായി അല്‍ മുഫ്ത റെന്റ് എ കാര്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡുകള്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദ് വിതരണം ചെയ്തു.
കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് വസീം അബ്ദുല്‍ വാഹിദ്, നബീല അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ സംസാരിച്ചു. ഫാദില്‍ മുഹമ്മദ് റിയാസ് ഖുര്‍ആന്‍ പാരായണം നടത്തി. ഇഹാബ് നൗഷാദ്, റഷ ജുറൈജ്, റിദ ഫാത്വിമ എന്നിവരുടെ ഗാനാലാപനം പരിപാടിക്ക് കൊഴുപ്പേകി. . മദ്രസ അക്ടിംഗ് പ്രിന്‍സിപ്പല്‍ സഫീര്‍ മമ്പാട് സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ സിദ്ധീഖ് എം.ടി. നന്ദിയും പറഞ്ഞു. നവാല്‍ അബൂബക്കര്‍, റുമാന ഫിദ, ഹന അബുലൈസ് എന്നിവര്‍ അവതാരകരായിരുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top