Flash News

പ്രതീക്ഷകളോടെ കോളെജിലെത്തി, അതും പച്ചക്കറി ലോറിയില്‍ കയറി; കാത്തിരുന്നത് കൊലക്കത്തി

July 2, 2018

swathaകൊച്ചി: ക്യാംപസില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായി ഓടിനടന്ന ചെറുപ്പക്കാരനായിരുന്നു അഭിമന്യു. ഇടുക്കിയിലെ വട്ടവടയില്‍നിന്ന് ഒരുപാടു സ്വപ്നങ്ങളുമായി എറണാകുളത്തേക്കു വണ്ടി കയറിയ അഭിമന്യുവിനെക്കുറിച്ച് അധ്യാപകര്‍ക്കും കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പറയാന്‍ നല്ലതു മാത്രം.

സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് അഭിമന്യുവിന്റേത്. കഴിഞ്ഞ ദിവസം ഇടുക്കിയിലെ ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ അഭിമന്യു, അതുകഴിഞ്ഞ് ഇന്നലെ രാത്രിയോടെ വട്ടവടയില്‍നിന്ന് ഒരു പച്ചക്കറി ലോറിയില്‍ കയറിയാണ് എറണാകുളത്തെത്തിയത്. നവാഗതരെ വരവേല്‍ക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ കോളെജില്‍ നടക്കുന്നതിനാലാണു തിടുക്കപ്പെട്ടെത്തിയത്. ആ വരവില്‍ പക്ഷേ കാത്തിരുന്നത് കൊലക്കത്തിയും.

കോളജ് മതിലില്‍ ക്യാംപസ് ഫ്രണ്ടും എസ്എഫ്‌ഐയും മത്സരിച്ചാണ് എഴുതിയത്. എസ്എഫ്‌ഐ ബുക്ക്ഡ് എന്നെഴുതിവച്ച സ്ഥലത്ത് ക്യാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തു വന്നു. അതോടെ അതിന്റെ മുകളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാംപസ് ഫ്രണ്ട് എന്നെഴുതിയതു മായ്ക്കാതെ, വര്‍ഗീയത എന്നുകൂടി എഴുതിചേര്‍ത്തു. ഇതാണു ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിയത്.

ഇന്നു തുടങ്ങുന്ന അധ്യായന വര്‍ഷത്തില്‍ നവാഗതരെ വരവേല്‍ക്കാനായി തയാറാക്കിയ ബോര്‍ഡുകള്‍ ക്യാംപസ് ഫ്രണ്ടുകാര്‍ നശിപ്പിക്കാന്‍ ഒരുങ്ങിയെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. സ്ഥലത്ത് വച്ച് കുത്തേറ്റ അഭിമന്യു തൊട്ടടുത്ത ജനറല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു. നെഞ്ചിലായിരുന്നു കുത്തേറ്റത്. ഒപ്പമുള്ള അര്‍ജുനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പാതിയൊഴിഞ്ഞ പെയിന്റ് പാത്രങ്ങളും ബ്രഷുകളും കോളജ് മതിലിനോടു ചേര്‍ന്നു കാണാം. ഒപ്പം, റോഡില്‍ പൊലിഞ്ഞ അഭിമന്യുവിന്റെ ചുടുചോരയും.

സംഭവം നടന്നതിന് എതിര്‍വശത്തുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സിസിടിവിയില്‍ അക്രമികളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതു പൊലീസ് ശേഖരിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അരുംകൊലയ്ക്കു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കിക്കഴിഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകരായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അഭിമന്യുവിന്റെ കൊലപാതകം: തീവ്രവാദ സ്വഭാവമുള്ളവരാണ് പ്രതികളെന്ന് മുഖ്യമന്ത്രി

668345-530048-515492-pinarayi-vijayan-newതിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ക്യാംപസിനു പുറത്ത് നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി. കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതക കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുവെ കേരളത്തിലെ ക്യാംപസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സര്‍ക്കാര്‍ കര്‍ശനമായി നേരിടും.

ക്യാംപസുകളില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അതേസമയം, കോളെജിന് പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. രവീന്ദ്രനാഥ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനകം മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജാസിൽ ഉണ്ടായത്.

കൊലപാതകം വളരെ ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. ക്യാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷസമൂഹം ജാഗ്രതയോടെ അണിനിരക്കണം.

പൊതുവിൽ കേരളത്തിലെ ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷമാണ് നിലനിൽക്കുന്നത്. അത് തകർക്കാനുള്ള നീക്കം ഏതു ഭാഗത്തു നിന്നായാലും സർക്കാർ കർശനമായി നേരിടും. ക്യാമ്പസുകളിൽ സമാധാനം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top