ഫെഡറലിസവും സങ്കുചിത രാഷ്ട്രീയവും

modi-pinarayiകേന്ദ്ര – സംസ്ഥാന അധികാരത്തിലൂന്നിയുള്ള ഫെഡറല്‍ സംവിധാനം സംബന്ധിച്ച ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി സജീവമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ ഡല്‍ഹിയില്‍ കേരളത്തില്‍നിന്നുള്ള ഇടത് എം.പിമാരുടെ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്താണ് അതിനു തുടക്കം കുറിച്ചത്. പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള ‘മന്‍ കി ബാത്’ റേഡിയോ പ്രക്ഷേപണത്തില്‍ ഫെഡറലിസത്തിന്റെ ഏറ്റവും വലിയ മാതൃക സൃഷ്ടിച്ചത് തന്റെ ഭരണമാണെന്ന് അവകാശപ്പെടുകയും ചെയ്തു.

മോദി സര്‍ക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്നും ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്. കേരളത്തിന്റെ ആവശ്യങ്ങളുന്നയിച്ച് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണുന്നതിനുള്ള അനുവാദം തുടര്‍ന്നും നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രികൂടി പങ്കെടുത്ത ഡല്‍ഹിയിലെ പ്രതിഷേധ സമരം. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ലഭിക്കേണ്ട ആദരവും സംതൃപ്തിയും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി അവകാശപ്പെട്ടതാകട്ടെ കേന്ദ്ര-സംസ്ഥാന സഹകരണത്തിന്റെ ഏറ്റവും വലിയ മാതൃക ജി.എസ്.ടി നിയമമാണെന്നാണ്. ചരിത്രത്തില്‍ ആദ്യമായി നികുതി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതിച്ചെടുക്കുന്നു. ഇത് നടപ്പാക്കാന്‍ കഴിഞ്ഞത് സംസ്ഥാനങ്ങളുടെ സഹകരണംകൊണ്ടാണെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഫെഡറലിസവുമായി ബന്ധപ്പെട്ട് മോദിയും പ്രതിപക്ഷത്ത് ഇടതുപക്ഷവും യു.ഡി.എഫും പ്രത്യേകം പ്രത്യേകം ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും കൃത്യമായ സങ്കുചിത അജണ്ടയുണ്ടെന്ന് കണ്ടെത്തേണ്ടിവരുന്നത് അതിശയകരമാണ്. വാക്കും പ്രവൃത്തിയും ആത്മാര്‍ത്ഥതയും സത്യസന്ധതയും യുക്തിയും രാഷ്ട്രീയ പ്രചാരണത്തിന്റെ കാറ്റെടുക്കുകയാണ്.

ഭരണത്തില്‍ രണ്ടുവര്‍ഷത്തിലേറെ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണത്തില്‍ നാലുതവണ ശ്രമിച്ചിട്ടും കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചിട്ടില്ലെന്നതാണ് മുഖ്യമായ വിഷയം. കേന്ദ്രം എന്നോ പാലക്കാട്ടേക്ക് അനുവദിച്ച കോച്ചുഫാക്ടറി കടത്തിക്കൊണ്ടു പോകുന്നു എന്നതാണ് ചൂണ്ടിക്കാട്ടുന്ന മറ്റൊരു വസ്തുത. റയില്‍മന്ത്രിപോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും സ്റ്റാറ്റിയൂട്ടറി റേഷന്‍ കാര്യത്തിലടക്കം ജനങ്ങളുടെ നിത്യജീവിതത്തെയും സംസ്ഥാനത്തിന്റെ വികസനത്തെയും ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്ര ഗവണ്മെന്റുമായി ഉന്നതതലത്തില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കേണ്ടതുണ്ടെന്നും പരാതിയുടെ നീണ്ട പട്ടികയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതൊക്കെ വസ്തുതകളാണെന്നും കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് – ബി.ജെ.പി ഗവണ്മെന്റുകള്‍ കേരളത്തെ തീര്‍ച്ചയായും അവഗണിച്ചിട്ടുണ്ടെന്നതും ചരിത്രമാണ്. കരയുന്ന കുട്ടികള്‍ക്കുമാത്രം പാലൂട്ടിയപ്പോള്‍ സ്വന്തം സവിശേഷ രാഷ്ട്രീയനിലപാടുകളുള്ള കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കപ്പെട്ടു. എന്നാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുത്തുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തിലാണ് കേന്ദ്ര അവഗണനയും ഫെഡറലിസത്തിന്റെ ലംഘനവും ചര്‍ച്ചയാക്കുന്നത്. ഫെഡറലിസത്തിന്റെ ലംഘനം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ അതിന്റെ മഹത്തായ മാതൃക തന്റെ സര്‍ക്കാറാണെന്ന് പ്രധാനമന്ത്രി അവകാശപ്പെടുന്നു. സത്യം ആരുടെ പക്ഷത്താണെന്ന് പരിശോധിക്കേണ്ടിവരുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാദമുഖങ്ങളെ ആദ്യം മുഖവിലയ്‌ക്കെടുക്കാം. ഏക ബി.ജെ.പി എം.എല്‍.എയെ അടക്കം ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ആവശ്യങ്ങളുമായി പ്രധാനമന്ത്രിയെ കാണാന്‍ നാലുതവണ പിണറായി ശ്രമിച്ചു. വകുപ്പുമന്ത്രിമാരെ കണ്ടാല്‍ മതിയെന്ന് പ്രധാനമന്ത്രിയും ശഠിച്ചു. ഇതെന്തൊരു ഫെഡറല്‍ മര്യാദയെന്ന് ചോദിക്കുന്നത് തീര്‍ച്ചയായും ന്യായമാണ്. അതിനു ബോധ്യപ്പെടുത്തുന്ന മറുപടി കൊടുക്കേണ്ടത് പ്രധാനമന്ത്രിയാണ്.

ഡല്‍ഹിയില്‍ പാര്‍ട്ടിയോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാമെന്ന് കരുതുന്നതിനു പിന്നില്‍ മറ്റുപല ഉദ്ദേശ്യങ്ങളും കാണും എന്ന് ഒ. രാജഗോപാലനെക്കൊണ്ട് പ്രതികരിപ്പിച്ച് മുഖ്യമന്ത്രിയുടെ വായ അടപ്പിക്കുകയായിരുന്നില്ല ചെയ്യേണ്ടത്. ‘മറ്റുപല’ ഉദ്ദേശ്യങ്ങളും എന്ന രാജഗോപാലന്റെ ദുസ്സൂചന വിശദീകരിച്ച് ജനങ്ങളുടെ സംശയം ദൂരീകരിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരുപോലെയുണ്ട്.

ഇടത് എം.പിമാരുടെ പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കാളിയായ മുഖ്യമന്ത്രി കേന്ദ്രകമ്മറ്റി യോഗത്തിനിടയ്ക്ക് ഒരു പത്രസമ്മേളനം വിളിച്ച് മോദിയ്ക്ക് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം അക്കമിട്ട് വിശദീകരിച്ചു. വളച്ചുകെട്ടാതെ കുത്തിപ്പറയുന്ന ശീലമുള്ള പിണറായി തന്റെ വാദംതന്നെ പൊളിക്കുന്ന ഒരുകാര്യം ഇടയ്ക്ക് വെളിപ്പെടുത്തിയതായി കാണുന്നു: പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും എന്ന നിലയില്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തിനോ സമ്പര്‍ക്കത്തിനോ കൂടിക്കാഴ്ചക്കോ തടസമുണ്ടാകാറില്ലെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറയുന്നു.

ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം എന്തൊരു ഊഷ്മളമായ അനുഭവമാണ് മുഖ്യമന്ത്രി പിണറായി മോദിയെപ്പറ്റി പത്രക്കാരോട് പങ്കുവെച്ചത്. അതുകൂടി ഓര്‍ത്താല്‍ പ്രധാനമന്ത്രി മോദിക്ക് കേരളത്തോടുള്ള രാഷ്ട്രീയവിരോധം മുഖ്യമന്ത്രി പിണറായിയോടില്ലെന്ന് വ്യക്തമാകും. സ്വന്തം വീടുപോലെ തന്റെ ഔദ്യോഗിക വസതിയെ കരുതാമെന്ന് മോദി പറഞ്ഞതായി വെളിപ്പെടുത്തിയത് പിണറായിതന്നെ.

ആ നില കേരള മുഖ്യമന്ത്രിയും പ്രധാനമന്ത്രി മോദിയുംതമ്മില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ മോദിക്കെതിരെ അദ്ദേഹം നിരത്തിയ വിമര്‍ശന ശരങ്ങള്‍ക്ക് മുനയെവിടെയാണ് എന്ന ചോദ്യമുയരുന്നു.

‘ഞങ്ങളുടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഭരണഘടനാ മൂല്യങ്ങള്‍ നിഷേധിക്കുന്നത്. ഇതിനുമുമ്പുള്ള എല്ലാ ഗവണ്മെന്റുകളും ഫെഡറല്‍ മൂല്യങ്ങള്‍ വിലമതിച്ചിരുന്നു’ – പിണറായി പറയുന്നു. രാഷ്ട്രീയമായി കേരളത്തോട് വിരോധവും വെറുപ്പും പുലര്‍ത്തുന്ന പ്രധാനമന്ത്രി മോദിയുമായി നീണ്ട രണ്ടുവര്‍ഷക്കാലം അടുത്ത ബന്ധം സൂക്ഷിക്കാന്‍ പിണറായിക്കു സാധിക്കുന്നതിന്റെ രാഷ്ട്രീയമെന്താണ്? ഈ സംശയം ഏറെ പ്രസക്തമാണ്.

മുമ്പ് കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള പ്രതിപക്ഷത്തായിരുന്ന ഇ.എം.എസിനോട് നടത്തിയ അഭ്യര്‍ത്ഥന നല്ലൊരു താരതമ്യമാണ്. നമുക്ക് നല്ല സുഹൃത്തുക്കളാകാന്‍ കഴിയും എന്ന് പട്ടം പറഞ്ഞപ്പോള്‍ അതെങ്ങനെ എന്ന് എനിക്ക് മനസിലായില്ല എന്നായിരുന്നു ഇ.എം.എസ് കൊടുത്ത മറുപടി. ഇപ്പോള്‍ കേരളത്തെയും അതിന്റെ സര്‍വ്വകക്ഷി പ്രതിനിധിസംഘത്തെയും രാഷ്ട്രീയമായി വെറുക്കുന്ന പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുമായി ഇത്രയും നല്ല ബന്ധവും സൗഹൃദവും എങ്ങനെയെന്ന് കേരളീയര്‍ക്കാണ് മനസിലാകാത്തത്.

മുഖ്യമന്ത്രിയുടെ രണ്ട് നിലപാടുകളും പരസ്പര വിരുദ്ധമാണ്. മാത്രമല്ല ബി.ജെ.പിയുടെ മുന്‍ പ്രസിഡന്റായിരുന്ന മന്ത്രി നിതിന്‍ ഗഡ്ഗരിതൊട്ട് മോദിയുടെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി ‘പിണറായി സാറി’നെ ഏറെ ആദരിക്കുന്നു. അദ്ദേഹം പറയുന്നതെന്തും ചെയ്തുകൊടുക്കുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിച്ചദിവസം കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ കണ്ട മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞതുനോക്കൂ: ‘ യോഗം ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍തന്നെ പ്രവര്‍ത്തന സജ്ജമാകും. വിദേശ വിമാനങ്ങള്‍ ഇറങ്ങുന്നതു സംബന്ധിച്ച വിഷയം വേഗം പരിഹരിക്കും. യോഗശേഷം എയര്‍പോര്‍ട്ട് അഥോറിറ്റി ചെയര്‍മാനോടും ഉദ്യോഗസ്ഥരോടും എല്ലാ സാധ്യമായ നടപടികളും കണ്ണൂര്‍ വിമാനത്താവളത്തിനുവേണ്ടി എടുക്കാന്‍ കേന്ദ്രമന്ത്രി സുരേഷ്പ്രഭു ആവശ്യപ്പെട്ടിട്ടുണ്ട്.’

പ്രധാനമന്ത്രി സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ വിസമ്മതിച്ചതിനാണ് മുഖ്യമന്ത്രി കോപിച്ചത്. എന്നാല്‍ അതിലുള്ള പ്രതിഷേധം മറ്റു കക്ഷികളെക്കൂടി ചേര്‍ത്ത് കൂട്ടായി നടത്തണമെന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും തോന്നിയില്ല. ഇടതുപക്ഷ പ്രതിഷേധംകഴിഞ്ഞ് മറ്റൊരു ദിവസമാണ് യു.ഡി.എഫ് എം.പിമാര്‍ പ്രതിഷേധിച്ചത്. ഫെഡറല്‍ തത്വവും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഭരണഘടനാ മൂല്യവും മറ്റുള്ളവര്‍ പാലിച്ചാല്‍മതി എന്ന് മുഖ്യമന്ത്രി സിദ്ധാന്തിക്കുന്നു.

ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയായി ജി.എസ്.ടിയെ പ്രധാനമന്ത്രി ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി പങ്കെടുത്ത സി.പി.എം കേന്ദ്രകമ്മറ്റി യോഗം വിനാശകരമായ മോദി ഭരണത്തിനെതിരെ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തു. ഇതു സംബന്ധിച്ച സി.സി പ്രമേയത്തില്‍ കറന്‍സി പിന്‍വലിക്കലും ജി.എസ്.ടിയും മൂലം സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ജി.എസ്.ടി നിയമമാക്കി നടപ്പില്‍ വരുത്തിയതിന് കേരളവും ത്രിപുരയുമടക്കമുള്ള സംസ്ഥാന ഗവണ്മെന്റുകള്‍ക്കാണ് മോദി അതിന്റെ നേട്ടം സമര്‍പ്പിക്കുന്നത്.

കോണ്‍ഗ്രസ് ഭരണത്തില്‍ കേന്ദ്രത്തിന്റെ അവഗണന തുടര്‍ച്ചയായി നേരിട്ട കേരളത്തിന് കോച്ചു ഫാക്ടറി അനുവദിച്ചത് ഇന്ദിരാഗാന്ധി ആയിരുന്നു. രാജീവ് ഗാന്ധിയാണ് ആദ്യം അത് പഞ്ചാബ് പാക്കേജില്‍ നഷ്ടപ്പെടുത്തിയത്. പിന്നീട് യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് കേരളത്തിന്റെ പ്രതീക്ഷകള്‍ പൂത്തു. ഇടതുപാര്‍ട്ടികളുടെ പിന്തുണയില്‍ ഭരിച്ച യു.പി.എ ഗവണ്മെന്റിന്റെ ഭരണത്തില്‍ അത് യാഥാര്‍ത്ഥ്യമാക്കിയെടുക്കുന്നതില്‍ കേരളം ഭരിച്ച ഇടതു ഗവണ്മെന്റിനോ പത്തുവര്‍ഷം ഭരിച്ച യു.പി.എ ഗവണ്മെന്റിനോ സാധിച്ചില്ല. പ്രതിപക്ഷത്ത് അഞ്ചുവര്‍ഷം ഇരുന്ന രണ്ടുവര്‍ഷത്തിലേറെ ഭരണത്തിലിരിക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തിന് കേന്ദ്ര ബജറ്റ് സമ്മേളന കാലയളവില്‍പോലും റയില്‍വെയുടെ അവഗണനയ്‌ക്കെതിരെ ഫലപ്രദമായ ഒരു സമരത്തിന് മുതിരാന്‍ കഴിഞ്ഞില്ല. ഇപ്പോഴാണ് അതിന് മുഹൂര്‍ത്തമായത്.

പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്ന സഹകരണ ഫെഡറലിസവും യാഥാര്‍ത്ഥ്യവും തമ്മില്‍ പുലബന്ധമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജമ്മു-കശ്മീരില്‍ തങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ പി.ഡി.പി മന്ത്രിസഭയെ താഴെവീഴ്ത്തിയത്. ബി.ജെ.പിക്കു സ്വാധീനമുള്ള ജമ്മുവിലെയും ലഡാക്കിലെയും വികസനത്തിന് മുഖ്യമന്ത്രി മെഹബൂബ എതിര്‍നിന്നെന്ന് ആരോപിച്ച് ഹിന്ദുത്വവികാരം അവിടെ ജ്വലിപ്പിക്കുകയാണ്. പട്ടാളത്തിന്റെയും തീവ്രവാദികളുടെയും നിറത്തോക്കുകള്‍ക്കു മുമ്പില്‍ ഭയവിഹ്വലരായും പിടഞ്ഞുവീണും കഴിയുന്ന ഒരു ജനതയെ വര്‍ഗീയമായി ധ്രുവീകരിച്ച്. ജമ്മു-കശ്മീരിലെ രാജിവെച്ച മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ ഒരാള്‍ സംസ്ഥാനത്തെ പത്ര മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നത് നോക്കുക: തീവ്രവാദികള്‍ വെടിവെച്ചുകൊന്ന പത്രാധിപര്‍ ഷുജാദ് ബുക്കാരിയുടെ ഗതി വരാതിരിക്കാന്‍ ശരിയായ രീതിയില്‍ എഴുതിക്കൊള്ളണമെന്ന്. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും എന്തെല്ലാം ഉത്തമ മാതൃകകള്‍.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഇതിനിടയില്‍ ഡല്‍ഹിയിലെ മറ്റൊരു പരിപാടിയില്‍ പറഞ്ഞതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഭരണഘടനയിലൂന്നിയ ഭരണം പുനസ്ഥാപിക്കാനും മൗലികാവകാശങ്ങള്‍ ചോദ്യം ചെയ്യുന്നതിനെ തടയാനും ഒറ്റയ്ക്ക് ആര്‍ക്കും സാധ്യമല്ല. രാജ്യം സര്‍വ്വനാശത്തിലേക്ക് നീങ്ങുന്നത് തടയാന്‍ എല്ലാവരും പങ്കുവഹിക്കണമെന്ന്. പിണറായി പങ്കെടുത്ത യോഗത്തിലാണ് ആന്റണി ഇതുപറഞ്ഞത്.

രാജ്യത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെന്തെന്ന് തിരിച്ചറിഞ്ഞ് സത്യസന്ധമായി അതിനെ നേരിടാന്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ തയാറാണോ? അതല്ല വോട്ടുകിട്ടണം, ഭരണത്തിലേറാന്‍ കഴിയണം എന്നതോ? സത്യസന്ധമായി ഇനിയെങ്കിലും അവര്‍ മനസു തുറക്കണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment