ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലില്‍ ഇടവക മദ്ധ്യസ്ഥനായ വി. തോമ്മാശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. ജൂലൈ 1 ന് ഞായറാഴ്ച രാവിലെ 11 മണിയുടെ ആഘോഷമായ ദിവ്യബലിയില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാ മെത്രാന് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. ജോണിക്കുട്ടി പുലീശേരി വചനസന്ദേശം നല്കി. മെത്രാഭിഷേകം കഴിഞ്ഞിട്ട് ഇന്ന് 17 വര്‍ഷം പൂര്‍ത്തീകരിക്കുന്ന മാര്‍ ജേക്കബ് പിതാവിന് അഭിനന്ദനങ്ങള്‍ അര്പ്പിക്കുന്നതോടൊപ്പംതന്നെ സഭയിലുടനീളം ഇന്നനുഭവപ്പെടുന്ന പ്രതിസന്ധികളെ വിശ്വാസമെന്ന ആയുധം ഉപയോഗിച്ച് മറികടക്കുന്നതിന് ക്രിസ്ത്യാനികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അമേരിക്കയില്‍ സീറോമലബാര്‍ രൂപത സ്ഥാപിതമായിട്ട് ഇന്ന് 17 വര്‍ഷം തികയുന്നു എന്നത് ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന് പാലക്കാപറമ്പില്‍, അസി. വികാരി റവ. ഫാ. നിക്കോളാസ്, റവ. ഫാ. പോള്‍ ചാലിശ്ശേരി എന്നിവര്‍ സഹകാര്‍മികരായി സഭാസമൂഹത്തിനൊപ്പം വി. ബലിയര്‍പ്പിച്ചു. തുടര്‍ന്ന് സ്കറിയാക്കുട്ടി കൊച്ചുവീട്ടിലും സംഘവും ചേര്‍ന്ന് നടത്തിയ ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും ആഘോഷമായ അകമ്പടിയോടെ കൈക്കാരന്മാരോടും വൈദികരോടുമൊപ്പം സഭാസമൂഹം കൊടിമരത്തിങ്കലേക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം പ്രദിക്ഷിണമായി നീങ്ങി. ബിഷപ്പ് മാര്‍. ജേക്കബ് അങ്ങാടിയത്ത് കൊടിയും കൊടിമരവും വെഞ്ചിരിക്കുകയും റവ. ഡോ. അഗസ്റ്റിന് കൊടിയേറ്റകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
നയനമനോഹരമായ ദീപാലങ്കാരങ്ങള്‍, മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന പ്രൗഢഗംഭീരമായ പ്രദിക്ഷിണം, കലാപരിപാടികള്‍, സ്നേഹവിരുന്ന്, കരിമരുന്നുപ്രകടനം തുടങ്ങി വിവിധ ആഘോഷ പരിപാടികളുമായി ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇതോടെ തുടക്കമായി.
സീറോ മലബാര്‍ വിശ്വാസ യാത്രയുടെ നൃത്ത സംഗീത നാടക ആവിഷ്കാരം തിരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച്ച വൈകിട്ട് നടത്തുന്നു. ഇടവകയിലെ 14 വാര്‍ഡുകളിലെ അംഗങ്ങള്‍, യുവജനങ്ങള്‍, സീനിയര്‍ ഫോറം എന്നിവരൊന്നു ചേര്‍ന്നാണ് ഈ ദൃശ്യ കലാ വിരുന്ന് ഒരുക്കുന്നത്. പന്തക്കുസ്താ മുതല്‍ ഇന്നുവരെയും സഭ കടന്നുവന്ന വഴികള്‍ വളരെ ഭംഗിയായി ആവിഷ്ക്കരിക്കുവാനുള്ള ഒരു ശ്രമമാണിത്. മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും സഭയുടെ നടവഴികള്‍ കൃത്യമായി മനസ്സിലാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണിത്. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച്ച ജൂലൈ 8 ന് വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാദ്ധ്യക്ഷന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികനായിരിക്കും.
ജനറല്‍ കണ്‍വീനര്‍ ജോസ് ചാമക്കാലയുടെ നേതൃത്വത്തില്‍ അനേകം കമ്മിറ്റികള്‍ ഈ തിരുനാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചുവരുന്നു. സഭാസമൂഹം ഒത്തൊരുമിച്ച് നടത്തുന്ന ഈ തിരുനാള്‍ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളിലും ആഘോഷപരിപാടികളിലും ഏവരും വന്നു പങ്കുചേരണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന് പാലക്കാപ്പറമ്പില്‍, അസി. വികാരി റവ.ഫാ. നിക്കോളാസ്, ഫാ. കെവിന് മുണ്ടക്കല്‍, കൈക്കാരന്മാരായ പോള്‍ വടകര, സിബി പാറേക്കാട്ട്, ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍ എന്നിവര്‍ താത്പര്യപ്പെടുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply