Flash News

വിയന്നയിലെ ദേവാലയങ്ങളുടെ മാതാവ് (ലേഖനം)

July 12, 2018 , കാരൂര്‍ സോമന്‍

viyannayile mathavu1മാനവ ചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴു കലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്കൃതിയെ അടയാളപ്പെടുത്തുന്നു.

മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു. എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്‍റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്.

24e9090a96fa260fed992f2c4c56665d--st-stephens-cathedral-vienna-catacombsറോമന്‍ കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്. യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.

Karoor soman in St.Stepehn Cathedral, Viennaആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്. ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.

maxresdefaultയൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്. മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.

SAM_1642


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top