ആഭ്യന്തര റബര്‍വിപണി തകര്‍ത്തിട്ട് കര്‍ഷകരക്ഷ പ്രഖ്യാപിക്കുന്നത് വിചിത്രം: ഇന്‍ഫാം

Ltrhd 2018കൊച്ചി: ആഭ്യന്തര റബര്‍ വിപണിയില്‍ വന്‍ വിലത്തകര്‍ച്ച തുടരുമ്പോഴും അനിയന്ത്രിതമായി റബര്‍ ഇറക്കുമതിക്ക് ഒത്താശ ചെയ്യുന്നവര്‍ കര്‍ഷകരക്ഷ പ്രസംഗിക്കുന്നതും പ്രഖ്യാപിക്കുന്നതും വിചിത്രവും കര്‍ഷകവഞ്ചനയുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും വിലയിടിവും മൂലം കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതുമൂലം ഉല്പാദനം കുറഞ്ഞിട്ടും വില ഉയരാത്തതിന്റെ പിന്നില്‍ അഡ്വാന്‍സ് ലൈസന്‍സ് സ്കീമിലൂടെയുള്ള നികുതിരഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിയാണെന്ന് ഇന്‍ഫാം പലതവണ പറഞ്ഞത് ശരിയാണെന്ന് റബര്‍ബോര്‍ഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 254797 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യപ്പെട്ടിരിക്കുന്നതും ഇത് തുടരുന്നതും പ്രതികൂല കാലാവസ്ഥയിലും ആഭ്യന്തരവിപണിയില്‍ വില ഉയരാനുള്ള സാധ്യതകള്‍ മങ്ങുന്നത് കര്‍ഷകര്‍ തിരിച്ചറിയണം. ഇതിനോടകം റബര്‍ ഇറക്കുമതിക്കുണ്ടായിരുന്ന തുറമുഖനിയന്ത്രണവും എടുത്തുകളഞ്ഞു. രാജ്യാന്തര കര്‍ഷകവിരുദ്ധ കരാറുകളുടെ ബാക്കിപത്രമായി കേന്ദ്രസര്‍ക്കാര്‍ റബര്‍ ആക്ട് പോലും റദ്ദ് ചെയ്യാനൊരുങ്ങുന്നു. ഇതിനിടയില്‍ റബര്‍ നയം പ്രഖ്യാപിച്ചാല്‍ റബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രചരണം രാഷ്ട്രീയത്തട്ടിപ്പാണ്.

ജനറല്‍ ലൈസന്‍സ് പ്രകാരം ഇപ്പോള്‍ നിലവിലുള്ള 25 ഇറക്കുമതിത്തീരുവ കൂടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള വ്യവസായികളുടെ നീക്കത്തിന് പച്ചക്കൊടി കാട്ടുവാന്‍ വാണിജ്യമന്ത്രാലയം ഒരുങ്ങുന്നതിനെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരമാണ്. ആസിയാന്‍ കരാറുപ്രകാരം 2019 ഡിസംബര്‍ 31 നോടുകൂടി നിലവില്‍ നെഗറ്റീവ് ലിസ്റ്റിലാണെങ്കിലും റബര്‍ ഉള്‍പ്പെടെ വിവിധ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂര്‍ണ്ണമായി എടുത്തുകളയുന്ന സാഹചര്യം നിലനില്‍ക്കുന്നത് നിസാരവല്‍ക്കരിക്കരുത്. യാതൊരു നടപടികളുമില്ലാതെ നിരന്തരം പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വിഢികളാക്കുന്ന പ്രക്രിയകളില്‍ നിന്ന് കേന്ദ്രസര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും പിന്മാറണം.

സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജകപദ്ധതിയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. മാസങ്ങളായി കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ നിന്നു പണം ലഭിക്കുന്നില്ല. സിയാല്‍ മോഡല്‍ റബര്‍ കമ്പനിയും കടലാസിലൊതുങ്ങുന്നത് ആശങ്കയുളവാക്കുന്നു. വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് കര്‍ഷകരെ വീണ്ടും വിഢികളാക്കുവാനുള്ള കുതന്ത്രങ്ങളും സംരക്ഷണപ്രഖ്യാപനങ്ങളും റബര്‍ പാക്കേജുകളും ഇനിയും വിലപ്പോവില്ല. പൊതുതെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്ന് കര്‍ഷകരും കര്‍ഷകപ്രസ്ഥാനങ്ങളും വ്യാപാരികളും കൂട്ടായി ചിന്തിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment