Flash News

കുമ്പസാരിക്കാനാവാത്ത തെറ്റുകള്‍ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

July 14, 2018 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

kumbasarikkaan banner1വിശ്വാസവും വിശ്വാസതകര്‍ച്ചയും തമ്മിലുള്ള വൈരുദ്ധ്യം ഒരുവശത്ത്. നിയമവാഴ്ച ഉറപ്പുവരുത്തേണ്ട സര്‍ക്കാറിന്റെയും കോടതിയുടെയും ഭരണഘടനാ പ്രതിബദ്ധത മറുവശത്ത്. കേരളത്തില്‍ ക്രിസ്തീയ വിശ്വാസികളുടെ രണ്ട് ആത്മീയ സഭകളില്‍ പുരോഹിതര്‍ക്കെതിരെ ഉയര്‍ന്ന ആരോപണവും പരാതികളും ലോകത്താകെയുള്ള മലയാളികളെ അസ്വസ്ഥമാക്കുന്ന തലത്തിലേക്ക് വളരുകയാണ്.

കുമ്പസാരരഹസ്യം പരസ്യപ്പെടുത്തിയെന്ന പരാതിയില്‍ ആരോപിതരായ നാലു പുരോഹിതന്മാരില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. യുവതി മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴി പരിശോധിച്ച ഹൈക്കോടതി യുവതിയോട് വേട്ടമൃഗത്തെപോലെ വൈദികര്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

images (1)കേസിലെ രണ്ടാംപ്രതിയായ ഓര്‍ത്തഡോക്‌സ് സഭയിലെ ഈ വൈദികന്റെ മുമ്പാകെയാണ് യുവതി കുമ്പസാരം നടത്തിയിരുന്നത്. ആദ്യ കുട്ടിയുടെ മാമ്മോദീസ ചടങ്ങിനു മുമ്പുനടത്തിയ കുമ്പസാരത്തിലാണ് പന്ത്രണ്ടുവര്‍ഷംമുമ്പ് വിവാഹവാഗ്ദാനം നടത്തി മറ്റൊരു വൈദികന്‍ ലൈംഗികമായി ചൂഷണംചെയ്ത കാര്യം യുവതി ഏറ്റുപറഞ്ഞത്. ഈ രഹസ്യം മറ്റു വൈദികരോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവരും യുവതിയെ ചൂഷണംചെയ്തതും പീഢിപ്പിച്ചതും. ഭാര്യയെ വൈദികര്‍ ലൈംഗികമായി ചൂഷണംചെയ്‌തെന്ന് പൊലീസില്‍ പരാതിനല്‍കിയത് തിരുവല്ല സ്വദേശിയായ ഭര്‍ത്താവാണ്. ആദ്യം മടിച്ചുനിന്ന പൊലീസ് പരാതി മാധ്യമങ്ങളിലൂടെ പരസ്യമായതോടെ ജൂലൈ 2ന് കേസ് രജിസ്റ്റര്‍ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.

നിരണം ഭദ്രാസനത്തിലെ കറുകച്ചാല്‍ എം.ജി.ഡി ആശ്രമാംഗമായ പുരോഹിതനാണ് ഇരുമ്പഴിക്കുള്ളിലെങ്കില്‍ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ 43കാരിയായ കന്യാസ്ത്രീയാണ് പഞ്ചാബിലെ ജലന്ധര്‍ ബിഷപ്പിനെതിരെ നിരന്തര പീഢനത്തിന് പൊലീസില്‍ പരാതിനല്‍കിയത്. നാലുവര്‍ഷമായി കത്തോലിക്കാ സഭയുടെ വിവിധ തലങ്ങളിലും വത്തിക്കാനില്‍ പോപ്പിനും പരാതി നല്‍കിയിട്ടും ഒറ്റപ്പെടുത്തലും മാനസിക പീഢനവും തുടരുകയാണുണ്ടായത്. ഒടുവില്‍ പൊലീസില്‍ പരാതിപ്പെട്ടു.

കുമ്പസാര രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വിധി വന്നദിവസം ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിയുയര്‍ത്തിയ കന്യാസ്ത്രീയുടെ പീഢാനുഭവങ്ങള്‍ മാതൃഭൂമി ദിനപത്രം എഡിറ്റ്‌പേജില്‍ സുദീര്‍ഘമായി പുറത്തുകൊണ്ടുവന്നു. തന്റെയും സഭാപിതാക്കന്മാരുടെയും സഭയുടെയും മാനം പൊതു സമൂഹത്തില്‍ നശിപ്പിക്കരുതെന്ന ചിന്തയില്‍ പലതും പൊതിഞ്ഞുവെച്ചു. ഇനിയും മൗനം പാലിച്ചാല്‍ തന്റെ ജന്മംമുഴുവന്‍ വേട്ടയാടപ്പെടുമെന്ന് ഉറപ്പായതുകൊണ്ടാണ് പുരോഹിതനായ പിതൃസഹോദരീപുത്രനോടും കന്യാസ്ത്രീയായ അനുജത്തിയോടും കാര്യങ്ങള്‍ സൂചിപ്പിച്ചത്. അമ്മ മരിച്ചശേഷം പതിനഞ്ചാം വയസില്‍ തിരുസഭയുടെ സന്യാസിനിയാകാന്‍ വീടുവിട്ട കോടനാട്ടെ ക്രിസ്ത്യന്‍ തറവാട്ടിലെ രണ്ടാമത്തവളാണ് മദര്‍ സുപ്പീരിയര്‍ പദവിയില്‍നിന്ന് മേലധികാരികള്‍ നീക്കിയ ഈ കന്യാസ്ത്രീ.

വിവരമറിഞ്ഞ് ബിഹാറില്‍നിന്ന് എത്തിയ അനുജത്തിയായ കന്യാസ്ത്രീയും പീഢിപ്പിക്കപ്പെടുന്ന സിസ്റ്റര്‍ക്ക് നീതികിട്ടണമെന്ന് ഉറച്ചുവിശ്വസിക്കുന്ന മറ്റു നാല് കന്യാസ്ത്രീകളുമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ പ്രാര്‍ത്ഥനയുമായി കഴിയുന്നത്. കുറവിലങ്ങാട്ടെ മതിലുകളിലെല്ലാം വിശ്വാസി സമൂഹത്തിന്റെ പേരിലുള്ള പ്രാര്‍ത്ഥനയും നിരത്തി ഒട്ടിച്ചിട്ടുണ്ട്: ആരോപണവിധേയനായ ബിഷപ്പിനുവേണ്ടി വിശ്വാസിസമൂഹം പ്രാര്‍ത്ഥിക്കുന്നു എന്ന്!

താന്‍ കുറ്റക്കാരനല്ലെന്നതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തതെന്നാണ് ജലന്ധര്‍ ബിഷപ്പ് പറയുന്നത്. കുമ്പസാരകേസില്‍ മുന്‍കൂര്‍ജാമ്യം തേടുന്ന പുരോഹിതര്‍ കുറ്റംചെയ്തവരാണെന്ന് സ്ഥാപിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന.

photo-1സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമണങ്ങളും പീഢനങ്ങളും തുടര്‍ക്കഥയാവുകയും സിനിമാ മേഖലയിലെ താരരാജാക്കന്മാരുടെ പീഢനകേസുകള്‍ പുറത്തുവരികയും അതിനെതിരായി സിനിമാ നടികളുടെ കൂട്ടായ്മ രംഗത്തുവരികയും ചെയ്തത് കേരളത്തില്‍ സമീപകാലത്താണ്. ഹോളിവുഡിലും ബോളിവുഡിലും സംവിധായകരും സൂപ്പര്‍സ്റ്റാറുകളുമായവരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിരോധം വ്യാപകമാകാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് വിശ്വാസമേഖലയില്‍നിന്ന് കുമ്പസാരിച്ച യുവതിയും മദര്‍സുപ്പീരിയര്‍ പദവിയില്‍വരെ പ്രവര്‍ത്തിച്ച ഒരു കന്യാസ്ത്രീയും അസാധാരണ ധൈര്യത്തോടെ പരാതിയും ചെറുത്തുനില്‍പ്പും ഉയര്‍ത്തുന്നത്. ഇവരുടെ രണ്ടുപേരുടെയും കാര്യത്തില്‍ കുടുംബം ഒന്നിച്ച് അവര്‍ക്കൊപ്പം നീതിതേടുന്നു എന്ന പ്രത്യേകതയുമുണ്ട്.

പുരോഹിതനായ ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടുതന്നെ ഈ അവസ്ഥയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ചിരിക്കുന്നു: സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിരുന്ന മത-രാഷ്ട്രീയ മേഖലകളില്‍ തുടരുന്ന അധാര്‍മ്മികമായ ധനസമ്പാദന മോഹമാണ് ഈ പ്രവണതയുടെ ചാലകശക്തി. പണം വില്ലനായി രംഗത്തെത്തിയപ്പോള്‍ അതിന്റെ സ്വാധീനത്തില്‍ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ചൊല്‍പ്പടിക്കു നിര്‍ത്താനാകുമെന്ന് മതവും രാഷ്ട്രീയക്കാരും ഒരുപോലെ പഠിച്ചു. എന്താണിതെന്നു ചോദിക്കാന്‍ വലുപ്പമുള്ളവര്‍ സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമായി. അവശേഷിക്കുന്നവരെ ചവിട്ടിത്താഴ്ത്തി. എല്ലാ അധികാരങ്ങളും കൈക്കുമ്പിളില്‍ ഒതുക്കാന്‍ മതങ്ങളും രാഷ്ട്രീയക്കാരും മത്സരിക്കുന്നു. ഇരുളിന്റെ മറവില്‍ അവര്‍ കൈകോര്‍ക്കുന്നു.

സിദ്ധാന്തപരമായ വിലയിരുത്തലുകള്‍ക്കപ്പുറം പ്രയോഗതലത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിശ്വാസ തകര്‍ച്ചയ്ക്ക് വൈപുല്യമുണ്ട്. പുരോഹിതരുമായി ബന്ധപ്പെട്ട ഈ രണ്ടു സംഭവങ്ങളും വിശ്വാസ സമൂഹത്തിലാകെ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും കാണേണ്ടതുണ്ട്.

കാനോന്‍ നിയമനുസരിച്ച് കുമ്പസാരമെന്നത് പുരോഹിതനും വിശ്വാസിയും തമ്മില്‍ കുമ്പസാരക്കൂടിനകത്തുള്ള മതപരമായ കേവല വ്യവഹാരമല്ല. ഏതു തരത്തിലുമുള്ള വിശ്വാസ്യതയേക്കാളും സ്വകാര്യതയേക്കാളും പവിത്രമായി കണക്കാക്കുന്ന വിശ്വാസിയുടെ പശ്ചാത്താപത്തിന്റെയും പരിഹാരത്തിന്റെയും പ്രക്രിയയാണത്. വിശ്വാസിക്കും യേശുവിനുമിടയില്‍ ഒരു മാധ്യമം മാത്രമാണ് പുരോഹിതന്‍. എത്ര പണ്ഡിതനായാലും ബഹുവന്ദ്യനായാലും അദ്ദേഹത്തിന് പാപപരിഹാരം ചെയ്യാന്‍ അധികാരമില്ല. കുമ്പസാരമെന്ന കൂദാശവഴി ദൈവത്തിനേ അത് നല്‍കാനാവൂ എന്നാണ് കാനോന്‍ നിയമവ്യവസ്ഥ. ദൈവത്തില്‍നിന്ന് വിശ്വാസിയെ അകറ്റിനിര്‍ത്തുന്ന തെറ്റ് തിരിച്ചറിഞ്ഞ് ദൈവനിശ്ചയമനുസരിച്ചുള്ള പാപപരിഹാരം കണ്ടെത്തലാണ് കുമ്പസാരമെന്നാണ് വിശ്വാസം. ആത്മാവിന്റെ ആത്മാര്‍ത്ഥമായ ദു:ഖപ്രകാശനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ എന്നും.

വിശ്വാസിയുടെ ആത്മാവും ദൈവവും തമ്മിലുള്ള വിശ്വാസത്തിന്റേതായ ഈ കൊള്ളക്കൊടുക്കയെ പള്ളിയുടെ ഔദ്യോഗിക മാധ്യമമെന്ന നിലയില്‍ കുമ്പസാരക്കൂടിന്റെ മറുപുറത്തിരിക്കുന്ന പുരോഹിതന്‍ അട്ടിമറിച്ചു. ഭീഷണിക്കും മുതലെടുപ്പിനും യുവതിയെ ഉപയോഗിച്ചു. കൂട്ടുകാരായ മറ്റു പുരോഹിതരും രാക്ഷസീയമായും വേട്ടമൃഗങ്ങളെപ്പോലെയും അവരെ ആക്രമിച്ചു എന്നതാണ് ആരോപണം. നിയമ വാഴ്ചയ്ക്കും വ്യവസ്ഥയ്ക്കും മുമ്പില്‍ അതിന്റെ മൂടി തുറക്കുമ്പോള്‍ വിശ്വാസത്തിനപ്പുറം അതൊരു സാമൂഹിക വിഷയമായി സമൂഹ മന:സാക്ഷിക്കുമുമ്പില്‍ തുറന്നുകാട്ടപ്പെടുന്നു.

71422-nunസഭയ്ക്കും പൗരോഹിത്യത്തിനും ഈ കുറ്റത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. സഭകളുടെയാകെ വിശ്വാസപരമായ നിലനില്‍പ്പുതന്നെ തകര്‍ക്കുന്ന നടപടിയാണ് വെളിപ്പെടുന്നത്. കാലവിളംബംതന്നെ തെളിയിക്കുന്നത് ഉന്നതങ്ങളിലുള്ളവര്‍ വിശ്വാസത്തിന്റെ പേരില്‍ ഈ കൃത്യത്തിനും നിയമലംഘനത്തിന്റെ പാപത്തിനുംനേരെ കണ്ണടച്ചു എന്നാണ്. കാനോന്‍ നിയമത്തിന്റെ 983.1 കോഡുതന്നെ പറയുന്നത് പശ്ചാത്തപിക്കുന്നവനെ/ളെ വഞ്ചിച്ചുകൂടെന്നാണ്. അതുകൊണ്ട് കുമ്പസാരരഹസ്യം ഒരു നിലയ്ക്കും മറ്റൊരാളോട് വെളിപ്പെടുത്തിക്കൂടെന്നും. കുമ്പസാരിച്ച ആളുടെ അനുവാദത്തോടെയല്ലാതെ ആ വിഷയത്തെക്കുറിച്ച് ഒന്നും പിന്നീട് പരോക്ഷമായിപ്പോലും സംസാരിച്ചുകൂടെന്നാണ്. അങ്ങനെ ചെയ്താല്‍ പുരോഹിതനെ ഉടന്‍ സ്വാഭാവികമായി സഭയില്‍നിന്ന് പുറന്തള്ളണമെന്ന് കാനോന്‍ നിയമം (1388.1) വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1682 നവംബര്‍ 18ന് വത്തിക്കാനില്‍നിന്ന് പുറപ്പെടുവിച്ച ഡിക്രിയനുസരിച്ച് കുമ്പസാരിപ്പിക്കുന്ന ആള്‍ പശ്ചാത്തപിക്കുന്ന ആളെ അസന്തുഷ്ടമാക്കുന്ന ഒരു പരാമര്‍ശവും വെളിപ്പെടുത്തിയ വിഷയത്തെ സംബന്ധിച്ച് നേരിട്ടോ അല്ലാതെയോ നടത്താന്‍ പാടില്ലാത്തതാണ്.

ജീവന്‍ ബലികൊടുത്തും കുമ്പസാരത്തിന്റെ രഹസ്യം സൂക്ഷിക്കുമെന്ന വിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കാന്‍ സഭാവിശ്വാസികളെ ലോകത്താകെ പറഞ്ഞുകേള്‍പ്പിക്കുന്ന ജീവിതകഥയാണ് സെന്റ് ജോണ്‍ നെപ്പോ മുസീന്റേത് (1340-93). ഇന്നത്തെ ചെക്കോസ്ലോവാക്യയുടെ ആദ്യരൂപമായിരുന്ന ബൊഹീമിയയുടെ രാജാവ് വെന്‍സലാസ് നാലാമന്‍ താന്‍ സംശയിച്ചുപോന്ന പത്‌നിയുടെ കുമ്പസാരരഹസ്യം വികാരി ജനറല്‍ ജോണ്‍ നെപ്പോ മുസീനോട് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. അനുസരിക്കാഞ്ഞതിന് വികാരിയെ മുല്‍ദാവു നദിയില്‍ എറിഞ്ഞ് മുക്കിക്കൊന്നു. (1393 മാര്‍ച്ച് 20)

കേരളത്തിലിപ്പോള്‍ അസാധാരണ വിവാദമായി വളരുന്ന രണ്ടു സംഭവങ്ങളിലും ഇരകളായവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് പരാതിയുമായി പുരോഹിതര്‍ക്കെതിരെ നീങ്ങേണ്ടിവന്നു. പുരോഹിതവേഷമണിഞ്ഞ വ്യക്തികള്‍ മാത്രമല്ല ഇതിന്റെ പേരില്‍ നീതിപീഠത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരിക എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. കോടിക്കണക്കില്‍ മനുഷ്യരുടെ വിശ്വാസവും ജീവിത പ്രതിസന്ധികളിലെ ആശ്വാസവും പ്രതീക്ഷയും ഉറപ്പുനല്‍കുന്ന ക്രൂശിതനായ യേശുവും ആ വിശ്വാസത്തിന്റെ പേരില്‍ രൂപപ്പെട്ട സഭയുമാണ്. അതിനെ നയിക്കുന്ന മഹാഇടയന്മാര്‍ അതു മനസിലാക്കുന്നില്ല എന്നാണ് പല ബിഷപ്പുമാരുടെയും പ്രതികരണങ്ങളും വത്തിക്കാനില്‍നിന്നുള്ള പ്രതികരണമില്ലായ്മയും ഒരുപോലെ വ്യക്തമാക്കുന്നത്.

c1കുറവിലങ്ങാട്ടെ സന്യാസിമഠവും കണ്ണൂരിലെ ചില സഭാസംവിധാനങ്ങളും ജലന്ധര്‍ ബിഷപ്പിന്റെ അധികാരത്തിനു കീഴിലാണ്. ബിഷപ്പിന് മഠത്തിനകത്ത് അതിഥിമുറിപോലുമുണ്ട്. ബിഷപ്പിനെക്കുറിച്ച് വെളിപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഗുരുതരമാണ്. എന്നാല്‍ ബിഷപ്പിനെതിരായ പ്രതിഷേധം ഒരു വിമത പ്രവര്‍ത്തനമാണെന്ന നിലയില്‍ കൈകാര്യംചെയ്യുകയാണ് സഭാനേതൃത്വങ്ങള്‍. ഇത് വിശ്വാസിസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും മുന്നില്‍ സഭയ്ക്കുണ്ടാക്കുന്ന അവമതിപ്പും അവിശ്വാസവും പ്രത്യാഘാതങ്ങളും അവര്‍ കണക്കിലെടുക്കുന്നില്ല.

ആഗോളീകരണത്തിന്റെ വരവോടെ പണമുതലാളിത്തം മതസംഘടനകളിലും രാഷ്ട്രീയ പാര്‍ട്ടികളിലും ഒരുപോലെ കൈകടത്തി സൃഷ്ടിച്ചിട്ടുള്ള ക്രിമിനല്‍ വത്ക്കരണത്തിന്റെയും മൂല്യച്യുതിയുടെയും സ്ഥിതി ഭീതിജനകമാണ്. നിയമവാഴ്ചയേയും നീതിയിടങ്ങളെവരെയും സ്വാധീനിക്കാനും നിയന്ത്രിക്കാനും കണ്ണുകെട്ടാനും കഴിയുന്ന അതിന്റെ രാക്ഷസീയ ശക്തി എല്ലാ തലങ്ങളിലും പ്രകടമാണ്. അതിന്റെ ഏറ്റവും വലിയ ഇരകള്‍ മതവും ഭരണകൂടവും പരിരക്ഷിക്കേണ്ട സ്ത്രീകളും.

ഈ യാഥാര്‍ത്ഥ്യത്തെ വെല്ലുവിളിച്ചുകൊണ്ട് ആഗോളവ്യാപകമായി സ്ത്രീകളുടെ ചെറുത്തുനില്‍പ്പ് അതിവേഗം വളര്‍ന്നുവരികയാണ്. കൊച്ചിയില്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ഒരു കര്‍ദ്ദിനാളിനെതിരെ വിശ്വാസി സമൂഹത്തില്‍നിന്നുയര്‍ന്ന ആരോപണങ്ങളും കര്‍ദ്ദിനാളിന്റെ കോലം കത്തിക്കലും അദ്ദേഹത്തിന്റെ അധികാരത്തില്‍ ചില നിയന്ത്രണങ്ങള്‍ പിന്നീട് വരുത്തിയതും ഇതില്‍ ഒന്നുമാത്രം. സ്ത്രീകളായ കന്യാസ്ത്രീമാര്‍വേണം സ്ത്രീകളുടെ കുമ്പസാരം നടത്താനെന്ന ആവശ്യം ശക്തമായതും ഇതിന്റെ തുടര്‍ച്ചയാണ്.

മറ്റൊരു തെളിവാണ് സിനിമാരംഗത്തെ വനിതാ താരങ്ങളുടെ ധീരമായ കൂട്ടായ്മയും വിട്ടുവീഴ്ചയില്ലാത്ത ചെറുത്തുനില്‍പ്പും. അതിലും സാഹസികമായാണ് പുരോഹിതരുടെയും മതമേധാവിയുടെയും ഇരകളായ കന്യാസ്ത്രീയടക്കമുള്ളവര്‍ ഉയര്‍ത്തുന്ന ചെറുത്തുനില്‍പ്പ്. നിയമലംഘകരെ വിട്ടുവീഴ്ചകൂടാതെ കൈകാര്യംചെയ്യാന്‍ മുന്നോട്ടുവരേണ്ട ബാധ്യത സംസ്ഥാനം ഭരിക്കുന്ന ഗവണ്മെന്റിനുണ്ട്. മതവുമായി ബന്ധമുള്ള ക്രിമിനലുകള്‍ക്കെതിരായ നടപടിയുടെ പ്രശ്‌നം വരുമ്പോള്‍ കേന്ദ്രം തീരുമാനിക്കട്ടെ, കേരള സര്‍ക്കാറിന് പ്രത്യേക അഭിപ്രായമില്ല എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് ആശ്ചര്യകരമാണ്. മതവുമായി ബന്ധപ്പെട്ട ക്രിമിനലുകള്‍ക്കെതിരെ ഇടതുപക്ഷ ഗവണ്മെന്റിന് പ്രത്യേകിച്ചും സ്വന്തമായ നിലപാടുണ്ടാകണം. അതെന്താണെന്നും എന്തുകൊണ്ടെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. മറിച്ചു നിലപാടെടുക്കുന്നത് ഭീരുത്വമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top