Flash News

ആ ദിവസവും വന്നെത്തി; ഫ്രഞ്ച് വിപ്ലവമോ അതോ ക്രൊയേഷ്യന്‍ പടയോട്ടമോ; ആകാംക്ഷാഭരിതമായ നിമിഷങ്ങളെണ്ണി കായിക ലോകം

July 15, 2018

rBVaSVo7dliAIe6lAALef6gP_os579മോസ്‌കോ: ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ഇന്ന് റഷ്യന്‍ മണ്ണില്‍ നടക്കുന്നത് ഫ്രഞ്ചു വിപ്ലവമോ അതോ ക്രൊയേഷ്യന്‍ പടയോട്ടമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇനി കാത്തിരിക്കേണ്ടതു മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 8:30-നാണ് ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം. 1998ല്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് രണ്ടാം കിരീടം ലക്ഷ്യം വയ്ക്കുമ്പോള്‍ അതേ ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ ലക്ഷ്യം വയ്ക്കുന്നത് കന്നി ലോകകപ്പാണ്. ഇരുടീമും തോല്‍വി അറിയാതെയാണ് കലാശപ്പോരിന് എത്തിയിരിക്കുന്നത്. ഫ്രാന്‍സ് സെമിയില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരുഗോളിന് വീഴ്ത്തിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ക്രൊയേഷ്യ എക്‌സ്ട്രാടൈംവരെ നീണ്ട സെമിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഫൈനലിലെത്തിയത്. മധ്യനിരയുടെ കരുത്തിലാണ് ഇരുടീമുകളുടെയും കുതിപ്പ്.

പതിയെ തുടങ്ങി പ്രതീക്ഷിച്ചതിനും അപ്പുറം നില്‍ക്കുന്ന പ്രകടനവുമായാണ് ഫ്രാന്‍സ് ഫൈനലില്‍ ഇടംപിടിച്ചത്. 1998ലെ ചാമ്പ്യന്‍മാരായ അവര്‍ 2006 ലെ ലോകകപ്പ് ഫൈനലിലെയും 2016ലെ യൂറോ കപ്പ് ഫൈനലിലെയും തോല്‍വിക്ക് പ്രായശ്ചിത്തം ചെയ്യാനാണ് ഒരുങ്ങുന്നത്. യുവത്വത്തിനും പരിചയ സമ്പത്തിനും ഒരുപോലെ പ്രാധാന്യമുള്ള ടീമാണ് അവരുടേത്.

france-croatia1-830x412മിന്നല്‍ ആക്രമണത്തിനു പേരുകേട്ട, ശരവേഗത്തില്‍ കുതിച്ചു പാഞ്ഞു സ്‌കോര്‍ ചെയ്യാന്‍ കഴിവുള്ള പത്തൊമ്പതുകാരന്‍ കിലിയന്‍ എംബാപ്പെയെ മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സിന്റെ ഗെയിം പ്ലാന്‍. മധ്യനിരയില്‍ അന്റോയിന്‍ ഗ്രീസ്മാനും, പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. എംബാപ്പെയ്‌ക്കൊപ്പം തൊട്ടുമുന്നിലായി ഒളിവര്‍ ഗിറൗഡാണ് സ്‌ട്രൈക്കര്‍. ലോകകപ്പില്‍ ഇതുവരെ സ്‌കോര്‍ ചെയ്യാനായിട്ടില്ലെങ്കിലും ഏതൊരു പ്രതിരോധനിരയെയും തുളയ്ക്കാന്‍ കഴിവുള്ള താരമാണ് ഗിറൗഡ്.

പ്രതിരോധത്തില്‍ സാമുവല്‍ ഉംറ്റിറ്റിയെന്ന അതികായനാണ് മുന്നില്‍ നില്‍ക്കുന്നത്. ഒപ്പം ബെഞ്ചമിന്‍ പവാര്‍ഡും റാഫേല്‍ വരാനെയും അണിനിരക്കുമ്പോള്‍ പ്രതിരോധനിര സുശക്തം. ബാറിനു കീഴില്‍ നായകന്‍ ഹ്യഗോ ലോറിസിന്റെ കരങ്ങള്‍ ചോരുന്നത് അപൂര്‍വ കാഴ്ചയാണ്. പതിവുപോലെ 4-2-3-1 ഫോര്‍മേഷനിലായിരിക്കും ദെഷാംപ്‌സ് ഫ്രഞ്ച് ടീമിനെ ഇറക്കുക.

ക്രൊയേഷ്യന്‍ പോരാട്ടവീര്യം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് ഫുട്ബാള്‍ ലോകം. നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുതിപ്പ് കിരീടനേട്ടത്തോടെ അവസാനിപ്പിക്കാനാണ് അവരുടെ ശ്രമം. ആദ്യ റൗണ്ടില്‍ കരുത്തരായ അര്‍ജന്റീനയെ അട്ടിമറിച്ചെത്തിയ ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിഫൈനലിലും എക്‌സ്ട്രാടൈം വരെ നീണ്ട പോരാട്ടം ജയിച്ചാണ് കലാശക്കളിക്ക് എത്തുന്നത്. പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ജയംനേടിയപ്പോള്‍ സെമിയില്‍ എക്‌സ്ട്രാടൈമില്‍ നേടിയ ഗോളിലാണ് ജയിച്ചത്.

സുബാസിച്ച് എന്ന പറക്കും ഗോളിയുടെ മിന്നല്‍ സേവുകളാണ് ഈ മത്സരങ്ങളിലെല്ലാം അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചും പെരിസിച്ചും അണിനിരക്കുന്ന മധ്യനിരയാണ് അവരുടെ ശക്തി. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കുന്ന മാരിയോ മാന്‍സൂകിച്ച് ഏതു പ്രതിരോധനിരയുടെയും തലവേദനയാണ്. വിദയും ലോവ്‌റനും ഗോളിടിക്കാനും തടുക്കാനും ഏറെ മിടുക്കുള്ളവരാണ്. 4-2-3-1 ഫോര്‍മേഷനായിരിക്കും ക്രൊയേഷ്യയും ഇറങ്ങുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top