ലോക കപ്പില്‍ മുത്തമിട്ട ഫ്രഞ്ച് താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍ !! ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രഞ്ച് നിര ലോകകപ്പില്‍ മുത്തമിട്ടത്. 1998-ല്‍ ക്യാപ്റ്റനായിരുന്ന ദാംഷെ 2018ല്‍ പരിശീലകനായി എത്തിയപ്പോള്‍ വീണ്ടും ഫ്രാന്‍സ് വിശ്വ കിരീടം ചൂടി. കിരീടം സ്വന്തമാക്കിയ ഫ്രാന്‍സിനെ കാത്തിരുന്നത് കോടികളുടെ സമ്മാനത്തുക. 260 കോടി രൂപയാണ് വിശ്വവിജയികള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 191 കോടി രൂപയാണ് സമ്മാനം. മൂന്നാം സ്ഥാനം നേടിയ ബെല്‍ജിയത്തിന് 164 കോടി രൂപയും നാലാം സ്ഥാനം നേടിയ ഇംഗ്ലണ്ടിന് 150 കോടി രൂപയും ലഭിക്കും.
എന്നാലും, കോടികളും തിളക്കം അവസാനിക്കുന്നില്ല. ലോകകപ്പില്‍ കളിച്ച എല്ലാ ടീമിനും ഉഗ്രന്‍ പ്രൈസ് മണിയാണ് ഫിഫ നല്‍കുന്നത്. ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട മടങ്ങിയ ബ്രസീല്‍ അടക്കമുള്ള ടീമുകള്‍ക്ക് 109 കോടി രൂപ സമ്മാനത്തുകയായി ലഭിക്കും. പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടവര്‍ക്ക് 82 കോടി രൂപയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായവര്‍ക്ക് 55 കോടി രൂപയുമാണ് സമ്മാനത്തുക. ഈ വര്‍ഷം പ്രൈസ് മണി ഇനത്തില്‍ 5418 കോടി രൂപയാണ് ടീമുകള്‍ക്ക് കിട്ടുന്നത്.
കഴിഞ്ഞ തവണ ഇതു 3945 കോടി രൂപ മാത്രമായിരുന്നു. ഓരോ ലോകകപ്പിന് ശേഷവും പ്രൈസ് സമ്മാനത്തുകയില്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ 2877 കോടി രൂപയും 2006ലെ ജര്‍മ്മന്‍ ലോകകപ്പില്‍ 1822 കോടി രൂപയുമായിരുന്നു സമ്മാനത്തുക. ലോകകപ്പ് ചരിത്രത്തില്‍ രണ്ടാം തവണയാണ് ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിടുന്നത്. 198ല്‍ ഫ്രഞ്ച് ക്യാപറ്റനായിരുന്ന ദാംഷെയുടെ കരുത്തില്‍ കിരീടം ചൂടി. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ദാംഷെ ഫ്രഞ്ച് ക്യാപ്റ്റനായി എത്തിയപ്പോള്‍ സുവര്‍ണ്ണ കിരീടം സ്വന്തമാക്കി മറ്റൊരു ചരിത്രം കുറിച്ചു. നേരത്തെ സ്വന്തം രാജ്യത്ത് നടന്ന ലോകകപ്പിലാണ് ഫ്രാന്‍സ് കിരീടം നേടിയത്.
അതേസമയം, ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചിന് ലഭിച്ചു. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മന് എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ മികച്ച താരമാക്കിയത്.
ഫ്രഞ്ച് താരം കിലിയന്‍ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. ഈ ലോകകപ്പിലാകെ നാലു ഗോളുകളാണ് പത്തൊന്‍പതുകാരനായ എംബപെ നേടിയത്. ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി. ബ്രസീല്‍ ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസും ആറു ഗോളുകളോടെയാണ് പുരസ്കാരം നേടിയത്.
ബല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം നേടി. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ഉള്‍പ്പെടെ തിബോ നടത്തിയ മികച്ച സേവുകളാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.
ഫൈനലില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ലോക കിരീടം സ്വന്തമാക്കിയത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോള്‍ ലോകത്തിന്റെ ഹൃദയം കവര്‍ന്ന പ്രകടനത്തിനൊടുവില്‍ രണ്ടാം സ്ഥാനവുമായി മടക്കം.
ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ അന്റോയിന്‍ ഗ്രീസ്മന് (38, പെനല്‍റ്റി), പോള്‍ പോഗ്ബ (59), കിലിയന്‍ എംബപെ (65) എന്നിവര്‍ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. ക്രൊയേഷ്യയുടെ ആശ്വാസഗോളുകള്‍ ഇവാന് പെരിസിച്ച് (28), മരിയോ മാന്‍സൂക്കിച്ച് (69) എന്നിവര്‍ നേടി.
1958 ലോകകപ്പിനുശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നത് ആദ്യം. മല്‍സരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന് ദിദിയെ ദെഷാമിനും സ്വന്തം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply