ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ചയുടെ കരി ഓയില്‍ പ്രയോഗം

tharoor-afpന്യൂഡല്‍ഹി: അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ഭരണത്തില്‍ വന്നാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താനാ’യി മാറുമെന്ന പരമാര്‍ശത്തിനെതിര ശശി തരൂരിന്റെ ഓഫീസിന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. സെക്രട്ടേറിയറ്റിന് പിന്നിലുള്ള തരൂരിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഓഫീസിന്റെ കവാടത്തില്‍ റീത്തും വച്ചു. കൂടാതെ, ഓഫീസിന് മുന്‍പില്‍ പാകിസ്താന്‍ ഓഫീസ് എന്ന ഫ്‌ലക്‌സും വെച്ചിട്ടുണ്ട്. ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരമാര്‍ശത്തിനെതിരെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. തരൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. വിവാദ പരാമര്‍ശം നടത്തിയ തരൂര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഓഫീസിലുള്ളവര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസെത്തി യുവമോര്‍ച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തി. പ്രതികരിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഇത് ഭയപ്പെടുത്തനുള്ള ശ്രമം മാത്രമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

അതേസമയം, താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി ശശി തരൂര്‍ വ്യക്തമാക്കി. അതേസമയം, ഓഫീസിനും തനിക്കും സുരക്ഷ ഉറപ്പാക്കണമെന്ന് തരൂര്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ശശി തരൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. രണ്ട് ഗണ്‍മാന്‍മാരാണ് ഇപ്പോള്‍ തരൂരിന് ഉള്ളത്.

Tharoorകൂടുതല്‍ പൊലീസ് എത്തുന്നതിന് മുമ്പ് സമരക്കാര്‍ രക്ഷപ്പെട്ടു. വാര്‍ത്ത പരന്നതോടെ ഓഫിസിലേക്ക് രമേശ് ചെന്നിത്തലയും ശശി തരൂരുമെത്തി. അതിക്രമം ബി.ജെ.പിയുടെ ഫാസിസ്റ്റ് നയമാണ് വ്യക്തമാക്കുന്നതെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. യുവമോര്‍ച്ചയുടെ കരിഓയില്‍ പ്രയോഗത്തിനെതിരെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

സംഭവത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപിയുടെയ് ഫാസിസ്റ്റ് നയമാണെന്നും അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കാനും കായികമായി ആക്രമിക്കാനുമാണ് ബിജെപിയുടെ ശ്രമമെങ്കില്‍ നേരിടുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് തരൂര്‍ പരാമര്‍ശം നടത്തിയിരുന്നു.

ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്താന്റെ തനിപ്പകര്‍പ്പാണെന്ന് ശശി തരൂര്‍ എംപി പറഞ്ഞിരുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താന്‍’ ആകുമെന്നു തിരുവനന്തപുരത്തു തരൂര്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ആരോപണം ആവര്‍ത്തിച്ചു തരൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ഞാന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാക്കിസ്ഥാന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്താന്റെ തനിപ്പകര്‍പ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകും അത്. അതൊരു ഹിന്ദു പാകിസ്താന്‍ ആയിരിക്കും. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടന്നത് അതിനുവേണ്ടിയായിരുന്നില്ല. ഭരണഘടനയില്‍ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കല്‍പം അതല്ല താനും. പാകിസ്താന്റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തു സൂക്ഷിക്കുകയാണു വേണ്ടത്’ തരൂരിന്റെ പോസ്റ്റില്‍ പറയുന്നു.

തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങില്‍ ‘ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികളും’ എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

‘മോദി ഭരണത്തില്‍ പശുക്കള്‍ മനുഷ്യരെക്കാള്‍ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്ന് സംശയിക്കപ്പെട്ടാല്‍ പോലും ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയാണ്. ഇതേസര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചാല്‍ ഇന്ത്യ ‘ഹിന്ദു പാകിസ്താനാ’യി മാറും. ഇന്ത്യന്‍ ഭരണഘടന പരിപാവനമെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളേയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം.ഇന്ത്യയില്‍ ഫാസിസമില്ലെന്ന ഇടത് നേതാക്കളുടെ നിലപാട് അപക്വമാണ്.അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകര്‍ക്കുകയാണ്. രാജ്യസഭയില്‍കൂടി ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും’.

ഇതിനെതിരെ, അതിരൂക്ഷമായാണ് ബി.ജെ.പി പ്രതികരിച്ചത്. തരൂര്‍ മാപ്പ് പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. എന്നാല്‍ ഫെയ്‌സ്ബുക്കിലൂടെ തരൂര്‍ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു.

അതേസമയം,തരൂര്‍ നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment