Flash News

കള്ളനോട്ട് നിര്‍മ്മാണം; അറസ്റ്റിലായ നടി സൂര്യയും അമ്മയുമുള്‍പ്പടെയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

July 18, 2018

surya-sasiഇടുക്കി: വ്യാജ നോട്ട് നിര്‍മ്മാണം നടത്തി സമ്പന്നതയില്‍ കഴിയവേ അറസ്റ്റിലായ പ്രമുഖ സീരിയല്‍ നടി സൂര്യയും അമ്മയുമടക്കം അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂലൈ 31വരെയാണ് റിമാന്‍ഡ് നീട്ടിയത്. കള്ളനോട്ട് വേട്ടയില്‍ സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അതേസമയം, സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. സിനിമാ, സീരിയല്‍ മേഖലകളില്‍ സ്വാമി എന്നറിയപ്പെടുന്ന ഇയാള്‍ സീരിയല്‍ നടിയുടെ വീട്ടില്‍ പൂജ നടത്തിയിരുന്നു. അണക്കരയില്‍ നിന്ന് രണ്ടേകാല്‍ ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേര്‍ പിടിയിലായ ശേഷമാണ് പൊലീസ് ടിവി സീരിയല്‍ നടി ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

വ്യാജ നോട്ട് നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ കൊല്ലം മുളങ്കാടകം തിരുമുല്ലവാരത്തെ ഉഷസ് എന്ന വീട്ടില്‍ ഒരുക്കിയ സൂര്യ (36), അമ്മ രമാദേവി (56), സഹോദരി ശ്രുതി (29) എന്നിവരും നോട്ടുകള്‍ അച്ചടിച്ചിരുന്ന പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58), മുരിക്കാശേരി വാത്തിക്കുടി വെള്ളുകുന്നേല്‍ ലിയോ (സാം-44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46) എന്നിവരുമാണ് പിടിയിലായത്.

നല്ല സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന കുടുംബമായിരുന്നു രമാദേവിയുടേതെന്നും വ്യാപാരികള്‍ക്കും മറ്റും ഇവര്‍ പണം പലിശയ്ക്കു നല്‍കിയിരുന്നെന്നും പൊലീസ് പറയുന്നു. പലിശ, പണമിടപാടു സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം വന്നപ്പോള്‍ പലര്‍ക്കും കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നു. റൈസ് പുള്ളര്‍ ഇടപാടില്‍ ഒരുകോടി രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി തകര്‍ന്നപ്പോഴാണ് പൂജ നടത്താന്‍ സ്വാമി എത്തിയത്. കള്ളനോട്ട് നിര്‍മാണത്തിലൂടെ സാമ്പത്തിക സ്ഥിതി പഴയ നിലയിലാക്കാമെന്ന് ഉപദേശിച്ചത് ഇയാളാണെന്നു പൊലീസ് പറയുന്നു. ഇയാള്‍ മുഖേനയാണ് രമാദേവി കള്ളനോട്ട് നിര്‍മാണ സംഘത്തെ പരിചയപ്പെട്ടതത്രേ.

200 രൂപയുടെ കള്ളനോട്ടു നിര്‍മിച്ച പ്രതികള്‍ അഞ്ഞൂറ് രൂപാ നോട്ടിന്റെ നിര്‍മാണം തുടങ്ങിയിരുന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. ഇത്തരത്തിലുള്ള 57 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കട്ടപ്പന സിഐ വി.എസ്.അനില്‍കുമാര്‍, കുമളി സിഐ: വി.കെ.ജയപ്രകാശ്, പീരുമേട് സിഐ വി.ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു.റൈസ് പുള്ളര്‍, നാഗമാണിക്യം തുടങ്ങിയവയുടെ ഇടപാടുകളുമായി ബന്ധമുള്ള ആളാണ് ലിയോ എന്നും മോഷണം, പീഡനം തുടങ്ങിയ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

യഥാര്‍ഥ നോട്ടിനെ വെല്ലുന്ന വാട്ടര്‍ മാര്‍ക്കും സെക്യൂരി?റ്റി ത്രെഡും ഉള്ള വ്യാജനോട്ടാണ് സംഘം നിര്‍മിച്ചിരുന്നത്. ഒന്നാം പ്രതി സാം എന്ന ലിയോ (44) ഇക്കാര്യത്തില്‍ വിദഗ്ധനാണ്. ഇളയ മകള്‍ ശ്രുതിയാണ് അമ്മയോടൊപ്പം ബിസിനസ് ഓപ്പറേഷനുകള്‍ നടത്തിയിരുന്നത്. യന്ത്രസാമഗ്രികള്‍ക്കും മറ്റുമായി ആറുലക്ഷം രൂപയോളം മുടക്കിയതു സീരിയല്‍ താരമായ മൂത്തമകള്‍ സൂര്യയാണ്. അമ്മയ്ക്കും മക്കള്‍ക്കും അയല്‍ക്കാരുമായോ ബന്ധുക്കളുമായോ അടുപ്പമുണ്ടായിരുന്നില്ല. സാധാരണയിലും ഉയരമുള്ള മതില്‍ക്കെട്ടിനു മേലെ ബൊഗെയ്ന്‍ വില്ലകള്‍ പടര്‍ത്തി നിഗൂഢമാക്കിയിരുന്നു വീടും പരിസരവും.

ആഘോഷമായി നടത്തിയ സൂര്യയുടെ വിവാഹത്തിനു സീരിയല്‍ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. പക്ഷേ വിവാഹബന്ധം അധികം നീണ്ടില്ല. സാമ്പത്തികമായി തകര്‍ന്നതോടെ വീട് പണയം വച്ചു സഹകരണ ബാങ്കില്‍ നിന്ന് ഒരു കോടിയോളം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങി ജപ്തിയുടെ വക്കിലെത്തിയപ്പോള്‍ വീട് സമീപത്തുള്ള ഒരാള്‍ക്കു വില്‍ക്കാന്‍ കരാറാക്കി. ഇയാളാണ് ബാങ്കിലെ കടം വീട്ടിയത്. തുടര്‍ന്നാണ് വയനാട് സ്വദേശിയായ സ്വാമിയുമായി അടുക്കുന്നതും കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുന്നതും. സ്വാമിയടക്കം പന്ത്രണ്ടോളം പേര്‍ ഇനി പിടിയിലാകാനുണ്ടെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top