ഫൊക്കാന സാഹിത്യ സമ്മേളനം – ഒരവലോകനം: അബ്ദുള്‍ പുന്നയൂര്‍ക്കുളം

IMG_4505ഫിലഡല്‍‌ഫിയ: ഫൊക്കാനയുടെ ഭാഷയേയും ഭാഷാസ്നേഹികളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2018 ജൂലൈ 6, 7 തിയ്യതികളിലെ സാഹിത്യ സമ്മേളനം ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ ഉദ്ഘാടനം ചെയ്തു. സാഹിത്യ സെമിനാര്‍ ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം, മുഖ്യാതിഥിയും പ്രശസ്ത എഴുത്തുകാരനുമായ കെ.പി. രാമനുണ്ണി എന്നിവരെ സെമിനാറിന്റെ എം.സി.യായ സാംസി കൊടുമണ്‍ സദസ്യര്‍ക്ക് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു.

“സാഹിത്യകാരനും സമൂഹവും തമ്മില്‍ ഹൃദയപൂര്‍‌വ്വം ഒരുമിച്ച് ചിന്തിച്ചെങ്കിലേ സര്‍ഗാത്മകതയുടെ ഔന്നത്യത്തിലെത്താനാവൂ. അതിന് രചനയ്ക്കാധാരമായ സാമൂഹിക സാംസ്ക്കാരിക പശ്ചാത്തലങ്ങള്‍, എഴുത്തുകാരുടെ കാഴ്ചപ്പാടുകള്‍, ചിന്തകള്‍, സാഹിത്യകാരന് സമൂഹത്തോടുള്ള കടപ്പാട് എല്ലാം ആവശ്യമാണ്….” കെ.പി. രാമനുണ്ണി പ്രസ്താവിച്ചു. “രചന രസാത്മകമായിരിക്കണം. എഴുത്തുകാര്‍ എഴുതാന്‍ പോകുന്ന വിഷയം മനസ്സിലിട്ട് ചവച്ചരച്ചു വേണം വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍. സത്യസന്ധത ജീവിതത്തിലെന്ന പോലെ സാഹിത്യത്തിലും പ്രധാനമാണ്…” അദ്ദേഹം അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളെക്കുറിച്ച് പരാമര്‍ശിച്ചു.

ലേഖന വിഷയത്തിന്റെ മോഡറേറ്റര്‍ ജോര്‍ജ് നടവയല്‍ ഡോ. ശശിധരനെ സദസ്സിനു പരിചയപ്പെടുത്തി. ശശിധരന്‍ സാഹിത്യത്തേയും സാമൂഹിക പരിവര്‍ത്തനത്തേയും ആസ്പദമാക്കി “മനുഷ്യര്‍ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ സമൂഹമുണ്ടെന്നും, സമൂഹത്തിന്റെ മുഖം അറിവിറ്റെ മുഖമാണെന്നും, അറിവ് പകരുന്നവരാണ് സാഹിത്യകാരെന്നും, സാഹിത്യകാരന്മാര്‍ എന്നും ജനപക്ഷത്താവണമെന്നും വാദിച്ചു.

കവിതയുടെ മോഡറേറ്റര്‍ മനോഹര്‍ തോമസ് പ്രൊഫ. കോശി തലക്കലിനെ ക്ഷണിച്ചു. “അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കവിതകള്‍ അന്നും ഇന്നും”, “അമേരിക്കയില്‍ മലയാള കവിതകളുടെ പുരോഗതി” എന്നീ വിഷയങ്ങളെക്കുറിച്ച് പ്രൊഫ. കോശി തലക്കല്‍ സംസാരിച്ചു.

കവിതകള്‍ വായിക്കാന്‍ വായനക്കാര്‍ കുറയുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ എഴുതപ്പെടുന്നത് കവിതകളാണെന്നും, മുമ്പൊക്കെ കവിതകള്‍ക്ക് വൃത്തവും പ്രാസവും വേണമായിരുന്നെങ്കിലും ക്രമേണ അവ ഗദ്യത്തിലേക്ക് മാറി.

നല്ല കവിതകള്‍ ഗദ്യമാണെങ്കില്‍ക്കൂടി അതിന് താളം വേണം. ജീവിതത്തിനു തന്നെ താളം വേണം. ഭാഷയ്ക്കുള്ളിലെ ഭാഷയാണ് കവിത. സന്തോഷ് പാലായുടെ ശ്ലഥബദ്ധ കവിതകളുടെ മനോഹാരിത അദ്ദേഹം എടുത്തു പറഞ്ഞു.

തുടര്‍ന്ന് അദ്ധ്യക്ഷന്‍ മുരളി ജെ നായര്‍, സാംസി കൊടുമണ്‍, മനോഹര്‍ തോമസ്, ഷീല മോന്‍സ് മുരിക്കന്‍, നീനാ പനക്കല്‍, ജോര്‍ജ് കാക്കനാട് എന്നിവര്‍ അവരവരുടെ രചനാനുഭവങ്ങള്‍ പങ്കുവെച്ചു.

ജോര്‍ജ് ജോസഫ് (ഇ-മലയാളി) വായനാസുഖത്തെപ്പറ്റിയും അദ്ദേഹത്തിന് എന്നും ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവുമാണെന്നും, അവ ആവര്‍ത്തന വായന ആവശ്യപ്പെടുന്ന സാഹിത്യ സൃഷ്ടികളില്‍ ഒന്നാണെന്നും പറഞ്ഞു. ഡോ. ലൂക്കോസ് മന്നിയൂര്‍ കേരളത്തിലെ സമകാലിക സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. അശോകന്‍ വേങ്ങശേരി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീനാരായണ ഗുരു എന്നിവര്‍ സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകുന്ന തരത്തില്‍ സമൂഹത്തെ നയിച്ചവരാണ്.

സന്തോഷ് പാലാ, അബ്ദുള്‍ പുന്നയൂര്‍ക്കുളം കവിതകള്‍ ചൊല്ലി. മൊയ്തീന്‍ മൊയ്തുണ്ണി കഥയും വായിച്ചു. ശ്രീ ബോധാനന്ദ ഗുരു, പഴയ കാല സാഹിത്യകാരന്മാരായ കുമാരനാശാന്‍, വൈലോപ്പിള്ളി, തകഴി, ഒ.വി. വിജയന്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത് അവരുടെ രചനകള്‍ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ടാണ്. ജയിംസ് കൂരിക്കാട്, കവികളേയും സാഹിത്യകാരന്മാരേയും നമ്മള്‍ സാംസ്ക്കാരിക നായകര്‍ എന്ന് വിളിക്കുന്നത് അവര്‍ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന സമൂഹത്തിന്റെ വഴികാട്ടികളായതുകൊണ്ടാണ്.

രാജു തോമസ്, അനിതാ മുരളി നായര്‍, ജോര്‍ജ്ജ് ഓലിക്കല്‍, തോമസ് കൂവള്ളൂര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, പി.ടി. പൗലോസ്, ജോസ് ചെരിപുറം, ത്രേസ്യാമ്മ തോമസ് നാടാവള്ളി, ഗീതാ ജോര്‍ജ്ജ്, ടി.എസ്. ചാക്കോ, സിബി ഡേവിഡ്, അനില്‍ ചിക്കാഗോ, ഏബ്രഹാം പോത്തന്‍, ജോണ്‍ ഇളമത തുടങ്ങിയവരുടെ സാന്നിധ്യം പ്രശംസനീയമായിരുന്നു.

പ്രൊ. കോശി തലക്കല്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകളെ മാനിച്ച് ബെന്നി കുര്യനും, രാമനുണ്ണിയും ചേര്‍ന്ന് ഫൊക്കാന പുരസ്കാരം സമര്‍പ്പിച്ചു. ജോര്‍ജ് നടവയല്‍ പുരസ്കാര ഫലകത്തില്‍ എഴുതിയത് വായിച്ചു കേള്‍പ്പിച്ചു.

ബെന്നി കുര്യന്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ആഗോളതല പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത് വീണ്ടും എടുത്തു പറഞ്ഞു.

യു.എസില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍:

• നോവല്‍ – ചുവന്ന ബ്ലഡ് (രാജേഷ് ആര്‍ വര്‍മ്മ)
• ചെറുകഥ – ഓര്‍മ്മച്ചെപ്പ് (കെ.വി. പ്രവീണ്‍)
• കവിത – സാമഗീതം (മാര്‍ഗരറ്റ് ജോസഫ്)
• നിരൂപണം – മലയാളിയുടെ ജനിതകം (എതിരന്‍ കതിരവന്‍)

ആഗോളതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍:

• നോവല്‍ – ആസിഡ് (സംഗീത ശ്രീനിവാസന്‍)
• ചെറുകഥ – ഒരാള്‍ക്ക് എത്ര മണ്ണ് വേണം (ഇ. സന്തോഷ് കുമാര്‍)
• കവിത – ഈ തിരുവസ്ത്രം ഞാന്‍ ഉപേക്ഷിക്കുകയാണ് (എസ്. രമേശന്‍)
• നിരൂപണം – ജനതയും ജനാധിപത്യവും (സണ്ണി കപിക്കാട്)
• നവമാധ്യമം – തന്‍‌മാത്രം (ഡോ. സുരേഷ് സി പിള്ള)
• ബാലസാഹിത്യം – അര സൈക്കിള്‍ (എം.ആര്‍. രേണുകുമാര്‍)
• ആംഗലേയ സാഹിത്യം – Rain Drops on My Memory Yacht (സ്വാതി ശശിധരന്‍)

സമ്മേളനത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ പുസ്തക പ്രദര്‍ശനവും അന്നാ മുട്ടത്തു വര്‍ക്കിയുടെ “ജീവന്റെ ഈണങ്ങള്‍” എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം സാംസി കൊടുമണ്‍ ശ്രീ രാമനുണ്ണിക്ക് നല്‍കി നിര്‍‌വ്വഹിച്ചു.

ഫൊക്കാന സാഹിത്യ സമ്മേളനം ഭാഷാസ്നേഹികള്‍ക്ക് ഒരു മികച്ച അക്ഷര വിരുന്നായിരുന്നെന്ന് ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു.

അബ്ദുള്‍ പുന്നയൂര്‍ക്കുളം സാഹിത്യ സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.

IMG_1230 IMG_4487 IMG_4490 IMG_4532 IMG_4538 IMG_4546 profkoshy_award1

Print Friendly, PDF & Email

Related News

Leave a Comment