ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍

wcc-amma-830x412ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നടിമാര്‍ ആവശ്യപ്പെട്ട മീറ്റിംഗിന് അമ്മ സമ്മതം മൂളി. കത്തു നല്‍കി മൂന്നാഴ്ചയോളം പിന്നിടുമ്പോഴാണ് സംയുകത ചര്‍ച്ചയ്ക്ക് അനുവാദം നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ മീറ്റിംഗ് നടത്താമെന്നാണ് ഡബ്ല്യൂസിസിക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

ഡബ്ല്യൂസിസിയില്‍ സ്ഥാപക അംഗങ്ങളും അമ്മയില്‍ നിന്ന് രാജിവെച്ചിട്ടില്ലാത്തവരുമായ രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരാണ് ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. പാര്‍വ്വതി വിദേശത്ത് ഷൂട്ടിംഗിലായതിനാല്‍ ചര്‍ച്ചയ്‌ക്കെത്താനാവില്ല. രേവതിയും പത്മപ്രിയയും എത്തും. ഡബ്ല്യൂസിസിയുടെ ഭാരവാഹികളില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് സ്ഥിതീകരണമായിട്ടില്ല.

ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് ഡബ്ല്യൂസിസി വിമര്‍ശനവുമായെത്തിയത്. ഇതിനു പിന്നാലെ ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വെച്ചിരുന്നു. ഇത്തരത്തില്‍ ദിലീപിനനുകൂലമായ അമ്മ സംഘടനയുടെ നയങ്ങള്‍ക്കെതിരെയായിരുന്നു നടിമാരുടെ പ്രതിഷേധം.

സാഹചര്യങ്ങള്‍ വിശദീകരിച്ച് ഇവര്‍ വിശദമായ ഫേസ്ബുക്ക് കുറിപ്പും പുറത്തുവിട്ടിരുന്നു. ദിലിപീനെ തിരിച്ചെടുക്കുന്ന വിഷയം അജന്‍ഡയിലുണ്ടായിരുന്നില്ലെന്ന് മോഹന്‍ലാലിന്റെ വാദങ്ങളെ ഖണ്ഡിച്ച് അവര്‍ വ്യക്തമാക്കി. വിഷയം സാങ്കേതികമെന്ന് വരുത്താന്‍ ശ്രമിച്ചു. അക്രമിയും ഇരയും ഒരേ സംഘടനയില്‍ എന്ന സാഹചര്യമുണ്ടാക്കിയത് ഖേദകരമാണ്.

അവസരങ്ങള്‍ നഷ്ടപ്പെടുത്തെന്ന് നടി പലതവണ ഇടവേള ബാബുവിനെ അറിയിച്ചുവെന്നും ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ രേഖാമൂലം പരാതി വേണമെന്ന് പറഞ്ഞില്ലെന്നും ദീര്‍ഘമായ കുറിപ്പില്‍ സംഘടന വിശദീകരിക്കുന്നു. പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നുവെന്നും വനിതാകൂട്ടായ്മ ആരോപിക്കുന്നു.

കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്- അവര്‍ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കഴിഞ്ഞ ദിവസം ‘അമ്മ’ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നു. ഈ വിഷയത്തോടുള്ള സമീപനം തന്നെ അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

1. കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്ക്കുന്നു, ആരോടൊപ്പം നില്ക്കുന്നു എന്നത് കൃത്യമായി വെളിവാക്കുന്നു. ഏതൊരു സംഘടനയും പ്രസ്ഥാനവും അടിസ്ഥാനപരമായി കാത്തു സൂക്ഷിക്കേണ്ട ധാര്‍മ്മികതയും സത്യസന്ധതയും മര്യാദകളുമുണ്ട്. ഈ കാര്യത്തില്‍ ചില സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്‌നമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതരത്തിലുള്ള ഈ നിലപാട് ആശങ്കാജനകമാണ് . കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ ആലോചിക്കുമ്പോള്‍ അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അയാളും ഒരേ സംഘടനയില്‍ തുടരുന്നതിലെ പ്രശ്‌നം അവിടെയുള്ളവര്‍ കണക്കിലെടുക്കാത്തത് ഖേദകരമാണ് .

2. നടി പരാതി എഴുതി നല്‍കിയില്ലല്ലോ എന്ന് പറയുമ്പോള്‍ ഞങ്ങളുടെ സുഹൃത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. തനിക്ക് സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതാക്കപ്പെടുന്നുണ്ട് എന്ന കാര്യം ശ്രീ. ഇടവേള ബാബുവിനെ അറിയിക്കുകയും അദ്ദേഹം അപ്പോള്‍ തന്നെ ഫോണില്‍ കുറ്റാരോപിതനായ നടനുമായി ബന്ധപ്പെട്ട് ഇക്കാര്യം സംസാരിച്ച ശേഷം അത് ഞങ്ങളുടെ സുഹൃത്തിന്റെ തോന്നല്‍ മാത്രമാണെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് അതിക്രമമുണ്ടായ ശേഷം ഈ പെണ്‍കുട്ടി വീണ്ടും ശ്രീ. ബാബുവിനെ ഫോണില്‍ വിളിക്കുകയും തന്റെ കൂടെ നില്‍ക്കണമെന്നും തനിക്ക് എല്ലാ പിന്തുണയും വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ‘ഞങ്ങളൊക്കെ നിന്റൊപ്പമുണ്ട്’ ‘എന്നു പറഞ്ഞതല്ലാതെ രേഖാമൂലം പരാതി എഴുതി തരാന്‍ ആവശ്യപ്പെട്ടതായി അറിവില്ല.

3. അവളോടൊപ്പം രാജി വച്ച ഡബ്ല്യുസിസി അംഗങ്ങള്‍, രാജി വച്ച കാര്യം പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഇമെയില്‍ വഴി നാലുപേരും ‘അമ്മ’ യുടെ ഒഫീഷ്യല്‍ ഇമെയില്‍ ഐഡിയിലേക്ക് അയച്ചു ഉറപ്പുവരുത്തിയതാണ്.

4. ‘അമ്മ’ ജനറല്‍ ബോഡിയില്‍ നടനെ തിരിച്ചെടുക്കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു എന്നാണ് സമ്മേളനത്തില്‍ പറഞ്ഞത്. അത്തരമൊരു വിഷയം അജണ്ടയില്‍ ഇല്ലായിരുന്നു എന്നാണു ഞങ്ങള്‍ക്കറിയാന്‍ സാധിച്ചത്.

വസ്തുതകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സംഘടനകള്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളിലും അതിനുള്ളില്‍ നടക്കേണ്ട സംവാദങ്ങളിലും ഞങ്ങള്‍ക്ക് വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചര്‍ച്ചയെയും ഞങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരുപാട് വൈകിപ്പിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഒരു അടിയന്തര ചര്‍ച്ചക്കുള്ള തിയതി ഞങ്ങളെ ഉടന്‍ അറിയിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

Print Friendly, PDF & Email

Related News

Leave a Comment