Flash News

എന്തിലും ഏതിലും സ്വാര്‍ത്ഥ ലാഭം ! (ലേഖനം)

July 21, 2018 , തോമസ് കളത്തൂര്‍

Enthilum Ethilum banner-1“സ്വര്‍ഗ്ഗം” പ്രാപിക്കാനായി നന്മ ചെയുന്നതു സ്വാര്‍ത്ഥ ലാഭേച്ഛയുടെ പ്രേരകം, എന്ന് പറയാം. നരകത്തോടുള്ള ഭയം കൊണ്ട് തിന്മ ചെയ്യാതിരിക്കുന്നതും അത് തന്നെ ആണ്. മറ്റൊരു ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ചെയ്യുന്ന നന്മയെ ആത്മാര്‍ത്ഥം എന്ന് പറഞ്ഞു കൂടാ. അതിനാലാണ് പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ക്രമേണ അഴിമതിയിലേക്കും അതിക്രമങ്ങളിലേക്കും വഴുതി വീഴുന്നത്. സ്നേഹം, കരുണ, സത്യസന്ധത ഇവയൊക്കെ ചില പ്രതീക്ഷകളില്‍ നിന്നുത്ഭവിച്ചാല്‍, അത് വെറും പ്രകടനമോ, ഉപരിവിപ്ലവമോ ആയി മാറുന്നു. അവസരങ്ങള്‍ക്കനുസരിച്ചു ഉത്ഭവിക്കാതെ, ജീവിതത്തിലും മനസ്സിലും സ്ഥായിയായി നില്‍ക്കേണ്ട ഗുണങ്ങളാണ്. അങ്ങനെയുള്ള ജീവിതം “സ്വര്‍ഗ്ഗ സമാനം” ആയിരിക്കും!

പാപം ഏറ്റു പറഞ്ഞു മാനസാന്തരപ്പെട്ടാല്‍ ദൈവം ക്ഷമിക്കുന്നു. നാം, സ്വര്‍ഗം നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു. അതിനോടനുബന്ധിച്ച വിശ്വാസങ്ങളില്‍ ചോദ്യങ്ങള്‍ ഉണ്ടാകുന്നു. ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ പിന്നെ സ്വര്‍ഗ്ഗമോ രക്ഷയോ നഷ്ടപ്പെടുമോ? ഓരോ തെറ്റിനും പശ്ചാത്താപവും ഏറ്റുപറച്ചിലും ആവശ്യമാണെന്ന് മനഃശാസ്ത്രവും അംഗീകരിക്കുന്നു. പാപത്തില്‍ നിന്നും കുമ്പസാരിച്ചു രക്ഷ പ്രാപിക്കുന്നത് ആത്മാവോ, മനസ്സോ, ശരീരമോ, അതോ ജീവിതമോ? അതോടനുബന്ധിച്ചു — സ്വര്‍ഗം എന്താണ് ? രക്ഷ എന്താണ്? ആകാശത്തിനപ്പുറം, പ്രപ്രപഞ്ചത്തിനും അപ്പുറം, ശൂന്യാകാശത്തു ഒരു കൊട്ടാര സമുച്ചയം ആണോ? സ്വര്‍ഗത്തേക്കാള്‍ കൂടുതലുള്ള അറിവുകള്‍ നരകത്തെ സംബന്ധിച്ചാണ്. “കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള അത്ഭുത ഭീകര ഇരുട്ടറ.” ഭാവനയില്‍, നീണ്ട ദംഷ്ട്രങ്ങളും, കൂര്‍ത്ത കൊമ്പുകളുമായി നിന്ന് അട്ടഹസിക്കുന്ന പിശാചുക്കള്‍. ഭയപ്പെടുത്തലിന്റെ പരമകാഷ്ഠയിലേക്ക് നരക വിവരണം, താഴ്ത്തിക്കൊണ്ടുപോകുമ്പോള്‍, സുഖത്തിന്റെ ഉച്ചസ്ഥായിയിലേക്ക് സ്വര്‍ഗ്ഗ വിവരണം ഉയര്‍ത്തിക്കൊണ്ടുപോകുന്നു. എന്നാല്‍ സ്വര്‍ഗ്ഗവും നരകവും, സ്വന്തം മനസ്സിലോ? ഈ ലോക ജീവിതത്തില്‍ തന്നെ അനുഭവിക്കുമോ? നന്മ ചെയ്താല്‍ സ്വര്‍ഗം ലഭിക്കുമെന്നുള്ള പ്രലോഭനം, നന്മ ചെയ്തില്ലെങ്കില്‍ നരകത്തില്‍ ആക്കുമെന്ന ഭയപ്പെടുത്തല്‍! ഭയപ്പെടുത്തലും പ്രലോഭനവും ഇല്ലാതെ നന്മ പ്രവര്‍ത്തിക്കാനുള്ള ആത്മ വാഞ്ച, മനസ്ഥിതി എങ്ങനെ വളര്‍ത്തി എടുക്കാം? ചിന്താസരണികളിലും വിശ്വാസ അനുഷ്ടാനങ്ങളിലും അതിനുവേണ്ടിയുള്ള മാറ്റം അനിവാര്യമായിരിക്കുന്നു. മനുഷ്യന്‍ സാങ്കേതികമായി സഹസ്രാബ്ദങ്ങളിലൂടെ വളെരെ വളര്‍ന്നുകഴിഞ്ഞു. മനുഷ്യശരീരത്തെപ്പറ്റിയും അതിനുള്ളില്‍ നടക്കുന്ന രാസ പ്രക്രിയകളും, അതുണ്ടാക്കിവെക്കുന്ന കുഴമറിച്ചിലുകളും അതിനെ നേരിടാനുള്ള ശാസ്ത്ര മാര്‍ഗങ്ങളും വരെ മനസിലാക്കി കൊണ്ടിരിക്കുന്നു. ഭൂമിയുടെയും മറ്റു ഗോളങ്ങളുടെയും മറ്റു പ്രപഞ്ചങ്ങളുടേയും ഘടനയും സ്വഭാവങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. മനഃശാസ്ത്രവും സാമൂഹിക ശരീര ശാസ്ത്രങ്ങളും കൂടാതെ, റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും വളര്‍ന്നുവരികയാണ്. അതിനാല്‍ പഴയ നിഗമനങ്ങളില്‍ അധിഷ്ഠിതമായ വിശ്വാസാചാരങ്ങളെ പുനര്‍ വിചിന്തനം ചെയ്യെണ്ടതാണ്. തെറ്റുകളുണ്ടെങ്കില്‍ അവയെ തെറ്റായി തന്നെ സമ്മതിച്ചുകൊണ്ടു പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കാന്‍ സന്നദ്ധത കാണിക്കണം. ദുര്‍വ്യാഖ്യാനം സംഭവിക്കാതെ സൂക്ഷിക്കാമല്ലോ. എഴുത്തച്ഛന് “ചക്ക് ആട്ടി” കാലം കഴിക്കേണ്ട ഒരു ദുര്‍വിധി ഉണ്ടാകരുത്. ബ്രൂണോ കാരാഗൃഹത്തില്‍ കിടന്നു മരിക്കരുത്. ഗലീലിയോയെ മരണത്തിനു മുന്‍പില്‍ നിര്‍ത്തി സത്യത്തെ തള്ളി പറയിക്കരുത്. മതം സത്യാന്വേഷണത്തെ തടസ്സപ്പെടുത്തരുത്. മനുഷ്യരില്‍ ദൈവചൈതന്യം ഉണ്ടെങ്കിലും, പുരോഹിതരും സന്യാസികളും പ്രവാചകരും ദൈവങ്ങളോ അവതാരങ്ങോളോ അല്ല. പൗരോഹിത്യം ദൈവത്തെ പ്രതിനിധീകരിക്കുന്നതിനാല്‍, ലോകത്തിനും മനുഷ്യര്‍ക്കും നന്മക്കായി, സ്നേഹ സൗഹാര്‍ദ്ദങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവരെ ബഹുമാനിക്കണം. അങ്ങനെ അല്ലാത്തവര്‍ വില്പനക്കാരനെപ്പോലെ,”ഞാന്‍ പറയുന്ന മതവും വിശ്വാസങ്ങളും മാത്രം, ശരിയും സത്യവും, ബാക്കി എല്ലാം തെറ്റുകളും” ആണെന്ന് വാദിക്കുന്നവരായിരിക്കും. അങ്ങനെയുള്ള ദുരൂപദേശകരെ അകറ്റി നിര്‍ത്തണം. ഒരു വേദ പണ്ഡിതനായ ക്രിസ്ത്യന്‍ പുരോഹിതന്റെ വാക്കുകള്‍ ഇപ്രകാരമാണ് “ശ്രീബുദ്ധന്റെ തത്വ സംഹിതകള്‍ പഠിക്കാനിടയായത്, എന്നെ ഒരു നല്ല ക്രിസ്ത്യാനിയും മെച്ചപ്പെട്ട പുരോഹിതനുമാക്കിത്തീർത്തു.” സ്വയം എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ പഠിച്ചു, അപഗ്രഥിച്ചു, നല്ലതിനെ എടുക്കാനും, കൊള്ളാത്തതിനെ തള്ളിക്കളയാനും ആര്‍ജ്ജവം കാണിക്കണം.

രക്ഷയെയും, പാപികള്‍ക്കും നീതിമാന്മാര്‍ക്കുമായി വേര്‍തിരിച്ചു വെച്ചിരിക്കുന്ന സ്വര്‍ഗ നരകങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയേയും മുന്നില്‍ കണ്ടുകൊണ്ട്, ഹൈന്ദവ ഇതിഹാസത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ. കുരുക്ഷേത്ര യുദ്ധത്തിന് ശേഷം, മക്കളുടെയും ബന്ധുക്കളുടേയും മൃതദേഹങ്ങള്‍ക്കു നടുവില്‍ നിന്നുകൊണ്ട്, ശ്രീകൃഷ്ണന് നേരെ കുപിതയാകുന്ന ഗാന്ധാരിയോട് കൃഷ്ണ ഭഗവാന്‍ പറയുന്ന മറുപടിയാണ്, “കാലത്തിന്റെ നിയമങ്ങളുടെ മുന്‍പില്‍ ഞാന്‍ അശക്തനാണ്. കാലം കരുതിവെച്ചിരിക്കുന്നത് സംഭവിച്ചേ മതിയാവു. ശാപങ്ങളും വിധികളും നിയോഗങ്ങളും ഏറ്റുവാങ്ങിയ ജന്മങ്ങള്‍ അത് അനുഭവിച്ചേ തീരു”.

ഈ പ്രസ്‌താവന വളരെ യുക്തിയുക്തമായി തോന്നുന്നു. അല്ലെങ്കില്‍ അത് ഈശ്വരന്റെ അസമത്വവും അനീതിയും ഒക്കെയായി കാണില്ലേ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top