കണ്‍‌വന്‍ഷന്‍ സെന്ററില്‍ മലങ്കര ടി.വി.യുടെ പ്രത്യേക സ്റ്റുഡിയോ അഭി. യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ജൂലൈ 25ന് ഉദ്ഘാടനം ചെയ്യും

Malankara TVന്യൂയോര്‍ക്ക്: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ ജൂലൈ 25 മുതല്‍ 28 വരെ നടക്കുന്ന 32-ാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറൻസ് നഗരിയില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ഔദ്യോഗിക മീഡിയ ‘മലങ്കര ടി.വി.’യുടെ പ്രത്യേക സ്റ്റുഡിയോയും മീഡിയ റൂമും ഭദ്രാസന മെത്രാപോലീത്തായും, മലങ്കര ടി.വി. ചെയര്‍മാനുമായ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത ജൂലൈ 25ന് ഉദ്ഘാടനം ചെയ്യും.

ഈ വര്‍ഷത്തെ കുടുംബമേളയോടനുബന്ധിച്ചുള്ള മുഴുവന്‍ പരിപാടികളും റെക്കോര്‍ഡ് ചെയ്യുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചതായി ഡയറക്ടര്‍മാര്‍ അറിയിച്ചു. പൊതുസമ്മേളനവും, സമാപന ദിനമായ ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനിമാരുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കുന്ന വി. കുര്‍ബ്ബാനയും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

ജൂലൈ 5 ന് ഭദ്രാസന ആസ്ഥാന ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടന്ന മലങ്കര ടിവിയുടെ വാര്‍ഷിക യോഗത്തില്‍ ഈ വര്‍ഷത്തെ കുടുംബമേളക്കുള്ള മലങ്കര ടിവിയുടെ പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയാറാക്കി. മലങ്കര ടി.വി. ചെയര്‍മാന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് ചെയര്‍മാന്‍ റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി, ഡയറക്ടര്‍മാരായ സുനില്‍ല്‍ മഞ്ഞിനിക്കര, ഏലിയാസ് വര്‍ക്കി, ബാബു തുമ്പയില്‍, സാജു മാരോത്ത്, ആശ മത്തായി, ഭദ്രാസന സെക്രട്ടറി റവ. ഫാ. ജെറി ജേക്കബ് എം.ഡി എന്നിവര്‍ പങ്കെടുത്തു.

മലങ്കര ടി.വി ഇദംപ്രഥമമായി ഭദ്രാസനത്തിന്റെയും സുറിയാനി സഭയുടെയും വാര്‍ത്തകള്‍ പ്രേക്ഷകരില്‍ എത്തിക്കാനായി വീക്ക്‌ലി ന്യൂസ് ബുള്ളറ്റിന്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. വാര്‍ത്താ വായന രംഗത്ത്‌ തൻ്റെ കഴിവ് തെളിയിച്ച സഭാംഗം കൂടിയായ റവ. ഫാ. ലിജു പോള്‍ മലങ്കര ടി.വി.യോടുകൂടി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ആദ്യ ന്യൂസ് ബുള്ളറ്റിന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍‌വാദത്തോടുകൂടി ഈ വര്‍ഷത്തെ കുടുംബമേളയില്‍ നിന്നും തത്സമയം സംപ്രേക്ഷണം ചെയ്യും.

വാര്‍ത്താ വിനിമയ രംഗത്ത് ഒരു നൂതന കാല്‍വെപ്പ് എന്ന നിലയില്‍ തുടക്കം കുറിച്ച മലങ്കര ടി.വി, അതിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി താണ്ടി ആറു വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവരേയും പ്രത്യേകം അനുമോദിക്കുന്നുവെന്ന്‌ അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. മലങ്കര ടി.വി നടത്തിയ വിവിധ മത്സരങ്ങളില്‍ ജേതാക്കളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും ഫലകങ്ങളും അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് തിരുമേനി കുടുംബമേളയുടെ പൊതുസമ്മേളനത്തില്‍ വെച്ച് നല്‍കി ആദരിക്കുന്നതാണ്. വിജയികള്‍ക്ക് സമ്മാനാര്‍ഹമായ പരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും കുടുംബ മേളയില്‍ നല്‍കുന്നതാണ്.

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര (പി.ആര്‍.ഒ, അമേരിക്കന്‍ മലങ്കര അതിഭദ്രാസനം)

Print Friendly, PDF & Email

Related News

Leave a Comment