Flash News

ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മോഹന്‍‌ലാലിനെ പങ്കെടുപ്പിക്കരുതെന്ന നിവേദനത്തിനു പിറകില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് ആരോപണം; എന്നെ ജോലി അഭിനയമാണ്, അത് ചെയ്യാന്‍ അനുവദിക്കൂ എന്ന് മോഹന്‍ലാല്‍

July 24, 2018

mohanlal-1സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ നിന്ന് മോഹന്‍‌ലാലിനെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്നും, അദ്ദേഹത്തെ പങ്കെടുപ്പിക്കരുതെന്ന നിവേദനത്തിനു പിറകില്‍ ചില തല്പര കക്ഷികളുടെ ഗൂഢലക്ഷ്യമാണെന്നും വിവിധ ചലച്ചിത്ര സംഘടനകൾ. മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനെതിരെയാണു മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സംഘടനകൾ പരാതി നൽകിയത്. കത്തിൽ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സർക്കാർ തലത്തിൽ അന്വേഷണം വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

അമ്മ, കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (കേരള), ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) എന്നീ സംഘടനകളുടെ തലപ്പത്തുള്ളവർ ഒപ്പിട്ട നിവേദനമാണു മുഖ്യമന്ത്രിക്കു നൽകിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ മുഖ്യാതിഥി എന്ന സങ്കൽ‍പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണെന്നാണു കത്തിൽ പറയുന്നത്. എന്നാൽ അതിന്റെ ലക്ഷ്യം മോഹൻലാലിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കുക എന്നതാണ്. സാംസ്കാരിക പ്രവർത്തകരുടെ കത്തിൽ ഒപ്പിട്ടിരിക്കുന്ന ചിലർ ദിവസങ്ങൾക്കു മുൻപേ തങ്ങളുടെ അജൻഡ വെളിപ്പെടുത്തിയതുമാണ്. എന്നാൽ മോഹൻലാലിനെ ഇതുവരെ ചടങ്ങിലേക്കു സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്കു ചിലരുടെ വിദ്വേഷം വളർന്നിരിക്കുന്നു.

നാലു ദശാബ്ദങ്ങളിലേറെയായി മലയാള സിനിമാ വ്യവസായത്തെ നിലനിർത്തുന്ന സുപ്രധാന ഘടകമാണ് മോഹൻലാൽ. അദ്ദേഹത്തെ ഒറ്റപ്പെടുത്തി തമസ്കരിക്കാനുള്ള ഏതു ശ്രമത്തെയും പ്രതിരോധിക്കാൻ മലയാള ചലച്ചിത്രമേഖല ഒന്നടങ്കം മുന്നിട്ടിറങ്ങുമെന്നും മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നു.

ഞാനിപ്പോള്‍ സമാധാനത്തോടെ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്; അതുതന്നെയാണ് എന്റെ ജോലിയും: മോഹന്‍ലാല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’. മോഹന്‍ലാല്‍ പറഞ്ഞു.

ചടങ്ങില്‍ സിനിമാ താരത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്.

എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്ന് രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണു നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നത പുറത്തുവന്നു.

മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമെന്ന് കമല്‍

kamalകൊച്ചി: മോഹന്‍ലാലിനെതിരായ ഭീമഹര്‍ജിക്ക് പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. മോഹന്‍ലാലിനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്കു വിളിക്കാന്‍ തീരുമാനിച്ചാല്‍ ഒപ്പം നില്‍ക്കും. തീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണെന്നും കമല്‍ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 107 പേര്‍ ഒപ്പിട്ട നിവേദനമാണു തിങ്കളാഴ്ച മുഖ്യമന്ത്രിക്കു നല്‍കിയത്. തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടന ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണു മോഹന്‍ലാലിനെതിരായ പ്രതിഷേധത്തിനു പിന്നില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top