
തൃശൂര്‍: രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തെ ചെറുക്കാന്‍ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകര്‍ക്ക് കഴിയുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന് അഭിപ്രായപ്പെട്ടു. കേരള സ്ക്കൂള് ടീച്ചേഴ്സ് മൂവ്മെന്റ് സംഘടനാ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ക്ക് അയിത്തം കല്‍പ്പിക്കുന്ന അപ്പറാവുമാര്‍ വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരായ ചെറുത്ത് നില്പ്പിന് നേതൃത്വം നല്കാന് അധ്യാപകര്‍ക്കാണ് കഴിയുക എന്നും അദ്ദേഹം പറഞ്ഞു.
കേരള സ്ക്കൂള് ടീച്ചേഴ്സ് മൂവ്മെന്റ് പ്രഖ്യാപനം ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (FITU) സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിര്‍വഹിച്ചു. അസെറ്റ് ജനറല്‍ കണ്‍വീനര്‍ കെ. ബിലാല്‍ ബാബു സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സെമിനാറില്‍ ഡോ. കഞ്ഞിമുഹമ്മദ് പുലവത്ത്, എന്‍.ടി.യു ജനറല്‍ സെക്രട്ടറി പി.എസ്. ഗോപകുമാര്‍, കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് ജാഫര്‍ എ.എ, കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.