Flash News

2014-ല്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പറന്ന മലേഷ്യന്‍ വിമാനം ഇടയ്ക്ക് റൂട്ട് മാറ്റി പറന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്

July 30, 2018

MH370-Mainക്വാലാലംപൂര്‍: 2014-ല്‍ 239 യാത്രക്കാരുമായി ബെയ്ജിംഗിലേക്ക് പറന്ന മലേഷ്യന്‍ വിമാനം എംഎച്ച് 370 റൂട്ട് മാറിപ്പറന്നെന്ന് സ്ഥിരീകരണം. വിമാനം മനഃപ്പൂര്‍വം റൂട്ട് മാറിപ്പറന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അന്വേഷണസംഘം 495 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. അതേസമയം എന്തുകൊണ്ടാണ് റൂട്ട് മാറിപ്പറന്നതെന്ന് കണ്ടെത്താന്‍ എംഎച്ച് 370 സേഫ്റ്റി ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് സാധിച്ചില്ല.

നാലു വര്‍ഷം കൊണ്ടു തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നിരാശാജനകമാണെന്ന് കാണാതായവരുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അന്തിമമല്ലെന്നും കൂടുതല്‍ വിഭാഗങ്ങളുടെ കണ്ടെത്തലുകള്‍ വരാനിരിക്കുകയാണെന്നും അന്വേഷണത്തിന് നേതൃത്വം വഹിച്ച കോക് സൂച ചോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

239 യാത്രക്കാരുമായി ക്വാലാലംപുരില്‍ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് എംഎച്ച് 370 വിമാനം അപ്രത്യക്ഷമായത്. വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും വിമാനത്തെക്കുറിച്ച് സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളിലൂടെ പറന്നിരിക്കാമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

MH370-flight-report-1439584മലേഷ്യയുടെ ആകാശപാതയില്‍ നിന്നു മാറിയപ്പോള്‍ ‘ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ’ എന്ന് ക്യാപ്റ്റന്‍ നല്‍കിയ സന്ദേശമാണ് വിമാനത്തില്‍ നിന്ന് അവസാനമായി പുറംലോകത്തെത്തിയതും. അന്വേഷണ സംഘം പൈലറ്റിന്റെയും ഫസ്റ്റ് ഓഫിസറുടെയും പശ്ചാത്തലവും പഠിച്ചു. ഇരുവരുടെയും മാനസികാരോഗ്യനില ഉള്‍പ്പടെ അന്വേഷിച്ചു മനസ്സിലാക്കി. എല്ലാം തൃപ്തികരമായിരുന്നു. വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ പൈലറ്റുമാരാണെന്നും അന്വേഷകര്‍ കരുതുന്നില്ല. അപ്പോഴും വിമാനത്തിന്റെ ഗതി മാറ്റിയതും, ട്രാക്കിംഗ് ഉപകരണങ്ങള്‍ ഓഫ് ചെയ്തതും ആരുടെയോ ഇടപെടലിലാണെന്നതു വ്യക്തം. മൂന്നാമതൊരാള്‍ പ്രശ്നത്തില്‍ ഇടപെട്ടോ എന്നും തിരിച്ചറിയാനാകുന്നില്ല.

വിമാനത്തില്‍ 15 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരുടെയും പശ്ചാത്തലവും പരിശോധിച്ചു. എല്ലാ രാജ്യത്തു നിന്നും ‘ക്ലീന്‍’ റിപ്പോര്‍ട്ടാണു ലഭിച്ചത്. കാണാതായവരുടെ ബന്ധുക്കള്‍ക്ക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അന്വേഷണ സംഘം കൈമാറി. സംഭവത്തില്‍ കമ്പനിയുടെ ഭാഗത്തു നിന്ന് എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചോ എന്നു പരിശോധിക്കണമെന്ന് ബന്ധുക്കളുടെ കൂട്ടായ്മയായ വോയിസ് 370 നേരത്തേ ആവശ്യപ്പെട്ടിരുന്നു. എംഎച്ച് 370യുടെ മെയിന്റനന്‍സ് റിപ്പോര്‍ട്ട് ഉള്‍പ്പടെ കമ്പനി സൂക്ഷിക്കുന്നുണ്ടോ, അവയില്‍ കൃത്രിമം കാണിച്ചോ എന്നെല്ലാം അന്വേഷിക്കാനും ഇവര്‍ മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top