പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിമിഷയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ശ്വാസനാളം മുറിഞ്ഞ് രക്തസ്രാവമുണ്ടായത് മരണ കാരണമെന്ന്

nimishaപെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്‍ഥിനി നിമിഷയുടെ പോസ്റ്റുമോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നു. അക്രമി വെട്ടിയതിനെ തുടര്‍ന്ന് നിമിഷയുടെ കഴുത്തില്‍ 15 സെന്റിമീറ്ററിലേറെ നീളത്തില്‍ മുറിവുണ്ടായി. ഇതിലൂടെ അമിതമായി രക്തം വാര്‍ന്നുപോയി പെട്ടെന്ന് മരണം സംഭവിക്കുകയായിരുന്നു.

മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമിയെ തടയാന്‍ ഓടിയെത്തിയ നിമിഷയുടെ കയ്യില്‍ വീട്ടില്‍ ഉപയോഗിക്കുന്ന കത്തി ഉണ്ടായിരുന്നു. ഇത് പിടിച്ചുവാങ്ങിയാണ് ഇതര സംസ്ഥാനക്കാരനായ പ്രതി നിമിഷയ്ക്ക് നേരെ വീശിയത്. ഒറ്റ വെട്ടിലുണ്ടായ നീളമേറിയ മുറിവാണ് മരണകാരണമായത്. കഴുത്തിലേറ്റ മുറിവിന് 15 സെന്റിമീറ്ററിലേറെ നീളമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ശ്വാസനാളത്തിലും അന്നനാളത്തിലും ഏറ്റ പരുക്ക് അതീവ ഗുരുതരമാണ്. ശ്വാസനാളം പൂര്‍ണമായും മുറിഞ്ഞുപോയി. മുറിവില്‍ നിന്ന് അമിതമായി രക്തസ്രാവം ഉണ്ടായി. രക്തം ശ്വാസനാളത്തിലേക്ക് ഇറങ്ങിയതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഫലമായി ആശൂപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

കളമശേരി മെഡിക്കല്‍ കോളെജില്‍ ഫൊറന്‍സിക് സര്‍ജന്‍ ഡോ എകെ ഉന്മേഷ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്റെ വിവരങ്ങള്‍ ഇന്ന് രാവിലെയോടെയാണ് പൊലീസിന് നല്‍കിയത്. നിമിഷയുടെ പക്കല്‍ നിന്ന് അക്രമി പിടിച്ചുവാങ്ങി ഉപയോഗിച്ച കത്തി അന്വേഷണസംഘം ഫൊറന്‍സിക് സര്‍ജനെ കാണിച്ച് സ്ഥിരീകരിച്ചു. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ ലഭിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment