ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിനു ആഗസ്റ്റ് 10ന് തിരശീല ഉയരും

IPSF main picകൊപ്പേല്‍ (ടെക്സാസ്): ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയിലെ ടെക്സസ് – ഒക്ലഹോമ റീജണിലെ ഇടവകകള്‍ സം‌യുക്തമായി നടത്തുന്ന മൂന്നാമത് ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് (ഐപിഎസ്എഫ് – 2018) കായിക മാമാങ്കത്തിനു ആതിഥേയരായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവക ഒരുങ്ങിയതായി ഇവന്റ് ചെയര്‍മാന്‍ ഫാ. ജോണ്‍സ്റ്റി തച്ചാറ, ഇവന്റ് ഡയറക്ടര്‍ പോള്‍ സെബാസ്റ്റ്യന്‍ ശങ്കൂരിക്കല്‍ എന്നിവര്‍ അറിയിച്ചു.

ആഗസ്റ്റ് 10 മുതല്‍ 12 വരെ (വെള്ളി, ശനി, ഞായര്‍ ) തീയതികളിലായാണ് ഫെസ്റ്റ് നടക്കുന്നത്. ഉദ്ഘാടന ദിവസം (വെള്ളിയാഴ്ച) രാവിലെ 10 മുതല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ രജിസ്‌ട്രേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആദ്യ ദിവസത്തെ മത്സരങ്ങളും ഉദ്ഘാടന പരിപാടികളും കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ (200 S. Heartz Rd, Coppell, TX) നടക്കും. ശനി, ഞായര്‍ ദിവസങ്ങളിലുള്ള മത്സരങ്ങളും ഞായറാഴ്ചത്തെ സമാപന ചടങ്ങുകള്‍ക്കും ഫ്രിസ്‌കോയിലുള്ള ഫീല്‍ഡ് ഹൗസ് യുഎസ്എ ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കോം‌പ്ലക്സാണ് (6155 Sports Village Rd, Frisco, TX 75033) വേദിയാവുക. മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി സംഘാടക സമിതി അറിയിച്ചു.

സതേണ്‍ റീജനിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും കൂട്ടായ്മക്കും സാക്ഷ്യം വഹിക്കുന്ന ഈ കായിക മേളയില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഇടവയ്‌ക്കൊപ്പം, ഗാര്‍ലാന്റ് സെന്റ്. തോമസ് ഫൊറോന , ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേര്‍ലാന്‍ഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്സി, സാന്‍അന്റോണിയോ സെന്റ്.തോമസ് സിറോ മലബാര്‍ എന്നീ ഇടവകകളും പങ്കുചേരും.

റീജണിലെ ഇടവകകങ്ങളില്‍ നിന്നു പ്രാഥമിക റൗണ്ടില്‍ പങ്കെടുത്തു വിജയികളായവരാണ് പാരീഷ് ഫെസ്റ്റിലെ അവസാന റൗണ്ടില്‍ നടക്കുന്ന ഈ കലാശപോരാട്ടത്തില്‍ മാറ്റുരക്കാനെത്തുന്നത്. വിവിധ ഇടവകളില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററുമാരും, ആതിഥേയരായ സെന്റ് അല്‍ഫോന്‍സാ ഇടവകയിലെ നൂറോളം പേരടങ്ങുന്ന സബ് കമ്മറ്റി അംഗങ്ങളും ഫെസ്റ്റിന് ചുക്കാന്‍ പിടിക്കുന്നു.

വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായി സീനിയേര്‍ഴ്‌സ് , അഡള്‍റ്റ് , യൂത്ത് , ഹൈസ്‌കൂള്‍, മിഡില്‍ സ്‌കൂള്‍ , ഇലമെന്ററി എന്നീ ആറ് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ്, സോക്കര്‍, ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ത്രോബോള്‍, ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ്സ്, ചെസ്സ്, ക്യാരംസ്, പഞ്ചഗുസ്തി, വടംവലി ഉള്‍പ്പെടെയുള്ള വിവിധ മത്സര ഇനങ്ങള്‍ നടക്കുമ്പോള്‍ ആവേശം തീപാറുമെന്നുറപ്പ്. ക്രിക്കറ്റ് ടൂര്‍ണമെന്റ് നേരത്തെ പൂര്‍ത്തിയായിരുന്നു. മൂന്നു ദിവസങ്ങളിലും നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണമേളയും വേദിയില്‍ ഒരുങ്ങും.

വിവരങ്ങള്‍ക്ക്: https://www.ipsfcoppell2018.net/

IPSF2018

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News