Flash News

മുല്ലപ്പെരിയാര്‍ ഭീഷണി: തര്‍ക്കങ്ങളില്‍ തകര്‍ന്നടിയാന്‍ മനുഷ്യ സ്വപ്‌നങ്ങള്‍ ! (ലേഖനം)

August 5, 2018 , ജയന്‍ വര്‍ഗീസ്

mullaperiyar-dam5ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തില്‍ ഭരണ പരമായ സൗകര്യങ്ങള്‍ക്ക് വേണ്ടിയിട്ടാണ് ഭാരത ഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നില്‍ക്കവേ തന്നെ ഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്ന പുരോഗതി ഇന്ത്യന്‍ യൂണിയന്‍ എന്ന ചരിത്രാതീത സമൂര്‍ത്തതയുടെ പുരോഗതിയാണ് ആയിരിക്കണം.

ഈ ലക്ഷ്യം മുന്നില്‍ കണ്ടാണ്, വിവരമുള്ള ആളുകള്‍ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകള്‍ തയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തം തല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയില്‍ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൂടിയാവണം ഇന്ത്യന്‍ യൂണിയന്‍ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമ പ്രാധാന്യം നല്‍കി നില നിര്‍ത്തുന്നത്.

അഞ്ചാറു വ്യാഴവട്ടങ്ങള്‍ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍, ഭരണ ഘടനയുടെ ഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് നില നില്‍ക്കുന്ന വിഘടന വാദങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവാത്ത വിധം ഇന്നും സജീവമാണ് . സിക്ക് ഭീകരതയും, നാഗാ കലാപങ്ങളും, തെലുങ്കാനാ വാദവും മാത്രമല്ലാ, ആസാമിലും, മിസോറാമിലും, കാശ്മീരിലും, ഇങ്ങു തമിഴ് നാട്ടില്‍ പോലും വിഘടനാ വാദങ്ങള്‍ തലയുയര്‍ത്തിയതും, അതില്‍ ചിലതെങ്കിലും ഇന്നും നില നില്‍ക്കുന്നതും നമുക്കറിയാം.

കേന്ദ്ര ഭരണാധികാരികളുടെ സമീപകാല കുറ്റ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ജനതയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കിടയില്‍ പുരോഗതിയുടെ നാട്ടു വെളിച്ചം ഒരു തരി പോലും എത്തിച്ചേരുന്നില്ലാ എന്ന് മനസിലാക്കാവുന്നതാണ്. ഇതിനര്‍ത്ഥം, ഇന്ത്യന്‍ കുത്തകകളും, പാശ്ചാത്യ വഴി വാണിഭക്കാരും വിളിച്ചു കൂവുന്നതും, ഇന്ത്യ നേടിയെടുത്തുവെന്ന് അവകാശപ്പെടുന്നതുമായ പുരോഗതിയുടെ സദ്ഫലങ്ങള്‍ അനുഭവിക്കാനാവുന്നത് കേവലമായ ഒരു ന്യൂന പക്ഷത്തിന് മാത്രമാണെന്നും, നീണ്ട എഴുപതു വര്‍ഷത്തെ ആഞ്ഞ ഭരണം കൊണ്ട് ഇന്ത്യന്‍ ദരിദ്ര വാസിയുടെ അപ്പച്ചട്ടിയിലെ മുറിക്കഷണങ്ങളില്‍ കാര്യമായ ഒരു മാറ്റവും വരുത്താന്‍ സാധിച്ചിട്ടില്ലാ എന്നുമാണ്. ബ്രിട്ടീഷു കാരന്റെ കാലത്തേ ഉണ്ടായിരുന്ന പതിന്നാലു ശതമാനം മേധാവികളുടെ എണ്ണം ഉന്തിയുന്തി ഇരുപതിനും മുകളിലാക്കി വച്ചുവത്രെ! എന്താ പോരെ? ഏതു കഴുതകളാണ് പറയുന്നത് ഇന്ത്യ പുരോഗതി നേടിയില്ലെന്ന് ?

നാം വിഷയത്തില്‍ നിന്ന് വിട്ടു. ഇന്ത്യന്‍ ജനതയിലെ മഹാഭൂതിപക്ഷത്തിനും തങ്ങള്‍ക്കര്‍ഹമായ അവകാശങ്ങള്‍ അനുഭവിക്കാനായിട്ടില്ലാ എന്ന യാഥാര്ഥ്യം ഔദ്യോഗികമായി അംഗീകാരം നേടുന്‌പോള്‍ത്തന്നെ, നൂറു കോടിയും എന്നേ കവിഞ്ഞുലഞ്ഞു നില്‍ക്കുന്ന ഇന്ത്യയിലെ മനുഷ്യര്‍ക്കിടയില്‍ ‘ തങ്ങള്‍ ഒരു ജനതയാണ് ‘ എന്ന ദേശീയ ബോധം വളര്‍ത്തിയെടുക്കുന്നതില്‍ പോലും ഭരണ കൂടങ്ങള്‍ അന്‌പേ പരാജയപ്പെടുകയാണുണ്ടായത്. കഴിക്കുന്ന ആഹാരത്തിലും, ധരിക്കുന്ന വസ്ത്രങ്ങളിലും വരെ വര്‍ഗ്ഗവല്‍ക്കരണത്തിന്റെ വാളുകള്‍ കുത്തിയിറക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇന്ത്യന്‍ മേധാവികള്‍ വിജയകരമായി പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍? ആയതിന്റെ ഏറ്റവും വലിയ തെളിവായി നമ്മുടെ മുന്നില്‍ നില നില്‍ക്കുന്ന യാഥാര്‍ഥ്യമാണ് കേരളം തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കിടയില്‍ കാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ‘ മുല്ലപ്പെരിയാര്‍ ” എന്ന നീറുന്ന തര്‍ക്ക പ്രശ്‌നം?

ജല സമൃദ്ധിയില്‍ നിറഞ്ഞു നിന്ന കേരളം ജല വറുതിയില്‍ വീര്‍പ്പു മുട്ടിയ തമിഴ് നാടിന് കുറെ ജലം നല്‍കാന്‍ കരുണ കാട്ടിയത് മാനുഷികമായ കേവല ധര്‍മ്മം. ഭരണ ഘടനാ പരമായ ബാധ്യത ഉണ്ടെങ്കില്‍ കൂടിയും ഇന്നത്തെ ജനകീയന്മാരായിരുന്നെങ്കില്‍ അത് നടപ്പിലാകുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യ സ്‌നേഹിയായ മഹാ രാജാവിന്റെ മഹാ മനസ്കത കൊണ്ട് അത് അന്ന് സാധിച്ചു എന്നേയുള്ളു. വിശാലമായ ഒരര്‍ത്ഥത്തിലെടുത്താല്‍, ആ പ്രവര്‍ത്തി സ്വതന്ത്ര ഭാരതം അനുവര്‍ത്തിക്കേണ്ട ഒരു മാതൃക കൂടി ആയിരുന്നു എന്ന് കാണാം. ഒരു രാജ്യത്തിലെ വിഭവങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്‌പോളാണ് അതൊരു നല്ല രാജ്യമാവുന്നത് ; ഒരു ലോകത്തിലെ വിഭവങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്‌പോളാണ് അതൊരു നല്ല ലോകമാവുന്നത് എന്നത് പോലെ !

അയല്‍ക്കാരന്‍ എന്ന സങ്കല്പം യേശു രൂപപ്പെടുത്തിയത് ഈ ചിന്തയില്‍ നിന്നായിരിക്കണം എന്ന് കരുതുന്നു. അടുത്ത വീട്ടിലെ മത്തായിയാണ് അയല്‍ക്കാരന്‍ എന്ന് പള്ളിക്രിസ്ത്യാനികള്‍ പറഞ്ഞാലും, താനൊഴികെയുള്ള തന്റെ ലോകത്തെയാണ് യേശു അയല്‍ക്കാരന്‍ എന്ന് വിളിച്ചത്. അവനു വേണ്ടിയുള്ള ‘ കരുതലിനെ ‘ യാണ് സ്‌നേഹം എന്ന പദം കൊണ്ട് യേശു വിവക്ഷിച്ചത്. കുറുവടിയേന്തി കുര്‍ബ്ബാന കാണുന്ന പുത്തന്‍ പൊളിറ്റിക്കല്‍ റിലീജിയന്‍സിന് ഇതൊക്കെ എവിടെ മനസ്സിലാവുന്നു? ശാന്തം! പാപം !!

അപ്പോള്‍ തമിഴ് നാടിനു കേരളം കുടിവെള്ളം കൊടുത്തത് ധര്‍മ്മം. വര്ഷങ്ങളായി നിശ്ചിത അളവില്‍ തമിഴ് നാട് വെള്ളം ഒഴുക്കിക്കൊണ്ട് പോകുന്നു അതും ധര്‍മ്മം. നൂറിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് സിമന്റിനേക്കാള്‍ ബലം കുറഞ്ഞ ‘ സുര്‍ക്കി ‘ ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടിന്റെ ബലം കുറയുന്നത് സ്വാഭാവികം. നൂറ്റി നാല്‍പ്പതോളം അടി ഉയരത്തില്‍ വെള്ളം നിറച്ചു കൊണ്ട് പത്തും തികഞ്ഞ ഗര്‍ഭിണിയെപ്പോലെ ഏങ്ങി വലിഞ്ഞു നില്‍ക്കുന്ന മുല്ലപ്പെരിയാറിന്റെ ഇന്നത്തെ നില തമിഴ് നാടിനു പുല്ല്? തമിഴ് സഖ്യ കക്ഷിയുടെ താങ്ങലോടെ ന്യൂ ഡല്‍ഹിയിലെ ഭരണ കസേരകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കേന്ദ്രത്തിന് പുല്ല് ? ചൂടന്‍ കഞ്ഞിക്കു വട്ടം ചുറ്റുന്ന കുഞ്ഞു പട്ടികളെപ്പോലെ പ്രസ്താവനകളിറക്കി തെക്കു വടക്കു പറക്കുന്ന കേരളത്തിലെ ജന പ്രതിനിധികള്‍ക്കും പുല്ല് ?

പെരിയാറിന്റെയും, അതിന്റെ കൈവഴികളുടെയും തീരങ്ങളില്‍ അവഗണിക്കപ്പെട്ട ബഹു ഭൂരിപക്ഷത്തിന്റെയും പ്രതിനിധികളായി കാലാകാലങ്ങളില്‍ കുത്തിക്കുത്തി കൊടുക്കാനുള്ള വോട്ട് മാത്രം കൈവശമുള്ള കുറേ പാവങ്ങളുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന ഒരു വിസ്തൃത പ്രദേശത്തു ചിലയിടങ്ങളിലെങ്കിലും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തങ്ങളുടെ പിഞ്ചോമനകള്‍ക്കു കാവലിരിക്കുന്ന മാതാ പിതാക്കളുണ്ട്. വര്‍ഷങ്ങളായി ഉറങ്ങാന്‍ കഴിയാതെ തങ്ങളുടെ അരുമകളെ നെഞ്ചോട് ചേര്‍ക്കുന്ന മുത്തശ്ശിമാരാരുണ്ട്. താഴ്ച പ്രദേശത്തെ വീട്ടില്‍ കുടുംബാംഗങ്ങളെ തനിച്ചാക്കിയിട്ട് ഉയര്‍ന്ന പ്രദേശത്തെ സ്കൂളില്‍ പഠിക്കാന്‍ പോകുന്നില്ലാ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന കുരുന്നു ബാല്യങ്ങളുണ്ട്. ചാനല്‍ പ്രതിനിധിയോട് ഇക്കാര്യം തുറന്നടിച്ച ആ ധീര ബാലിക ഇരുട്ട് വ്യാപിച്ച സമകാലീന
സമൂഹത്തില്‍ കത്തി നില്‍ക്കുന്ന കര്‍പ്പൂര നാളമാണ്, അവള്‍ക്ക് അഭിവാദനങ്ങള്‍ !!

എവിടെ നമ്മുടെ രാഷ്ട്രീയ, ഭരണ സംവിധാനങ്ങള്‍ ? അടുത്ത തെരഞ്ഞെടുപ്പിലെ തന്ത്രം മെനയുന്നതിനുള്ള തിരക്കിലാണോ അവര്‍ ? എവിടെ നമ്മുടെ സാംസ്ക്കാരിക വീര നായകന്മാര്‍ ? അക്കാദമിക്കസേരകളില്‍ ആസനസ്ഥനാകാനുള്ള ആര്‍ത്തിയോടെ അധികാരികളുടെ ആസനം താങ്ങുകയാണോ അവര്‍ ? എവിടെ മനുഷ്യ കഥാനുഗായികള്‍ ആവേണ്ട മീഡിയകള്‍ ? മദ്യ സ്വര്‍ണ്ണ മാഫിയകളുടെ പൃഷ്ഠം ഉരയ്ക്കുന്നതിനുള്ള പ്രതലങ്ങളായി അവര്‍ തങ്ങളുടെ മുഖങ്ങള്‍ പരുവപ്പെടുത്തുകയാണോ ?

ബലക്കുറവുള്ള അണക്കെട്ടിനു പകരമായി മറ്റൊന്ന് നിര്‍മ്മിക്കാമെന്നു കേരളം പറയുന്‌പോള്‍ തമിഴ് നാട് അതിന് സമ്മതിക്കുകയില്ലത്രേ ? സ്വന്തം പ്രദേശത്ത് ജന സൂരക്ഷയെ കരുതി ഒരണക്കെട്ടു നിര്‍മ്മിക്കാന്‍ ആര്‍ക്കു വേണം ഒരു തമിഴ് നാടിന്റെ സമ്മതം ? പക്ഷെ, ഇടയ്ക്ക് കയറി കവച്ചു നില്‍ക്കുകയാണ് സുപ്രീം കോടതി. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നിരിക്കാന്‍ ഇടയുള്ള ഒരു സുപ്രീം കോടതി ജഡ്ജിക്ക് നദീ തീരത്തെ മണ്ണില്‍ മനസും സ്വപ്നങ്ങളും നടുന്ന മലയാളത്തിലെ മനുഷ്യനെക്കുറിച്ചെന്തറിയാം ? കടലാസു രേഖകളില്‍ നിന്ന് ന്യായവും നീതിയും വേര്‍തിരിക്കുന്ന ഒരു സംവിധാനമല്ലാ നമുക്ക് വേണ്ടതെന്നും, പകരം, നിസ്സഹായനായ മനുഷ്യന്റെ പച്ചയായ ജീവിത പരിസ്സരങ്ങളിലേക്ക് താണിറങ്ങുന്ന ഒരു കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍ അനിവാര്യമായിട്ടുള്ളതെന്നും ഇത്തരം കോടതി ദൈവങ്ങളോട് ആര് പറയും ?

കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുവാദം ഒരാനകേറാ മലയാണെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. മനുഷ്യന്റെ പ്രാണനേക്കാള്‍ വിലപ്പെട്ടതായി എന്ത് പരിസ്ഥിതിയാണുള്ളത് സാര്‍ ? കേന്ദ്രത്തില്‍ നിന്നുള്ള ഒരനുവാദം കേരളത്തിന് വേണമെങ്കില്‍ 24 മണിക്കൂറിനകം അത് കിട്ടണം, കിട്ടിയിരിക്കണം. കേന്ദ്ര പ്രതിരോധ പ്രവാസ വിദേശ വകുപ്പുകളിലും, മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ കസേരകളിലും ചടഞ്ഞിരുന്ന കുറേപ്പേര്‍ ഉണ്ടായിരുന്നുവല്ലോ കേരളത്തിന് ? അധികാരം കൈയില്‍ നിന്ന് പോയിട്ട് ഇപ്പോള്‍ ഓലിയിട്ടു നടന്നിട്ട് എന്ത് കാര്യം ? ഇപ്പോഴുമുണ്ടല്ലോ തെക്കു വടക്ക് പറന്നു നടന്നു ഭരിക്കുന്ന കുറെ കുറ്റിത്താടികളും, ക്‌ളീന്‍ ഷേവുകളും? ഇതിനും പുറമേ, ‘ ഇപ്പെ പിടി വിടുവേ, ഇപ്പ പിടി വിടുവേ ‘ എന്നും പറഞ്ഞു സമ്മര്‍ദ്ദ രാഷ്ട്രീയം പയറ്റുന്ന കൈയൂക്കുള്ള ഘടക കക്ഷികള്‍, ഇടതു വലതു കക്ഷികളുടെ കൊടിയാളന്മാരായി ലോക് സഭയിലും, രാജ്യ സഭയിലും നിന്ന് അടുത്തൂണ്‍ പറ്റുന്ന ( ബുദ്ധിയില്ലാത്ത ) ബുദ്ധി ജീവികള്‍ ……ഇവരൊക്കെ എവിടെ ? ഒരാവശ്യം വന്നപ്പോള്‍ ഒരുത്തനുമില്ല. റോഡ് വക്കത്തെ വെയ്റ്റിംഗ് ഷെഡില്‍ പോലും സ്വന്തം പേരെഴുതി വച്ച് ക്രെഡിറ്റ് തട്ടിയെടുക്കാനാണെങ്കില്‍ എന്തൊരു ഉത്സാഹം ?

ആരൊക്കെ കൂടിയാണെങ്കിലും വേണ്ടില്ലാ, ഉടന്‍ തീരുമാനം ഉണ്ടാവണം. മൂന്നടി വ്യാസമുള്ള ഒരു പൈന്‍സ്റ്റോക്കു പൈപ്പ് പൊട്ടിയപ്പോള്‍ പനങ്കുട്ടിയില്‍ ( നേര്യമംഗലം പവര്‍ ഹൌസ് സ്ഥിതി ചെയ്യുന്നത് പനംകുട്ടിയിലാണ് ) ഉണ്ടായ ദുരന്തം നമുക്കറിയാം. ഒരു വലിയ പ്രദേശത്തെ മണ്ണും, മരങ്ങളും, വീടുകളും, പാറകളും ജല പ്രവാഹം കുത്തിയൊലിപ്പിച്ചു കൊണ്ട് പോയി. മരണമടഞ്ഞവരില്‍ ചിലരുടെയെങ്കിലും മൃത ദേഹങ്ങള്‍ ഇന്ന് വരെയും കണ്ടു കിട്ടിയിട്ടില്ലാ എന്നാണോര്‍മ്മ. ( നിശ്ചയമില്ല )

മുല്ലപ്പെരിയാറില്‍ 140 അടി വെള്ളമാണ് ഭീഷണിയുയര്‍ത്തുന്നത്. പനംകുട്ടി ചോര്‍ച്ചയേക്കാള്‍ അനേകായിരം ഇരട്ടി സമ്മര്‍ദ്ദത്തില്‍ നില നില്‍ക്കുന്ന വെള്ളം. ഇടുക്കി അണക്കെട്ടും ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നതിനാല്‍ തന്നെ മുല്ലപ്പെരിയാറിന്റെ ഭീഷണി പ്രവചനാതീതമായ ഒരു മാനറിലാണ് ഇപ്പോഴുള്ളത്.

ഞാന്‍ എഴുതാതെ ഒഴിവാക്കുന്ന ഒരു വാക്കുണ്ട്. ആ വാക്ക് സംഭവിക്കാതിരിക്കുന്നതിനായി ഏവരും ഉണരണം. കേരളത്തിലെയും,തമിഴ് നാട്ടിലെയും, കേന്ദ്രത്തിലെയും ഗവര്‍മെന്റുകള്‍………, ഇവകളില്‍ ഭാഗഭാക്കായി നികുതിപ്പണം കൈപ്പറ്റുന്ന ജന പ്രതിനിധികള്‍……, ഊരിയ വാള്‍ ഉറയിലിട്ടുകൊണ്ട് കോടതികള്‍……., മനുഷ്യ സ്വപ്നങ്ങളില്‍ വിളവിറക്കി ജീവിക്കുന്ന മീഡിയകള്‍ ……, ഉറക്കം തൂങ്ങികളായി മനസിന് അജീര്‍ണം ബാധിച് ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്ന സാംസ്കാരിക പ്രതിഭകള്‍…….എല്ലാവരും ഒരുമിച്ചു വന്ന് ഈ പ്രശ്‌നം പരിഹരിക്കണം. ബദല്‍ അണക്കെട്ടുണ്ടാവണം, തമിഴ് നാടിന് അവകാശപ്പെട്ട വെള്ളം എന്നും അവര്‍ക്കു കിട്ടും എന്ന് ഉറപ്പു വരുത്തുന്ന മുന്‍കൂര്‍ കരാര്‍….എല്ലാം….എല്ലാം നടപ്പാവണം..ഉടന്‍…..ഉടന്‍….ഉടന്‍.

ഇല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചു പോയാല്‍ ( അങ്ങിനെ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.) അതില്‍ ഒലിച്ചു പോയേയേക്കാവുന്ന പതിനായിരങ്ങളെ നെഞ്ചിലേറ്റുന്ന കുറേ ലക്ഷങ്ങള്‍ വീണ്ടും അവശേഷിക്കും. സമചിത്തത കൈമോശം വരാനിടയുള്ള അവരുടെ വലിയ കൂട്ടങ്ങള്‍ അലറി വന്ന് നിങ്ങളുടെ പിന്‍ കഴുത്തുകള്‍ കടിച്ചു പറിക്കുന്നതിനു മുന്‍പ്, സ്വയം രക്ഷപ്പെടാന്‍ വേണ്ടിയെങ്കിലും ഉണരുക!..ഉടന്‍!! ഉടന്‍!!!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top