Flash News

അന്തരിച്ച നടന്‍ മുരളിയുടെ ഓര്‍മ്മകളിലൂടെ മോഹന്‍‌ലാല്‍

August 7, 2018

mohanനടന്‍ മുരളിയുടെ ഓര്‍മകളുമായി മോഹന്‍ലാല്‍. തന്റെ എന്റെ പല കഥാപാത്രങ്ങളും പൂര്‍ണതയിലെത്തിയതില്‍ മുരളി, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഒഴിച്ചുകൂടാനാകാത്ത പങ്കാണുള്ളതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത്തരത്തില്‍ മുരളിക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘സദയം’ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് സംഭവം. തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്‍കി വിധി കാത്തിരിക്കുന്ന തടവുപുള്ളിയുടെ വേഷമായിരുന്നു എനിക്ക്. ദയാഹര്‍ജി തള്ളി തടവുപുള്ളിയെ തൂക്കിലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ യഥാര്‍ത്ഥ കൊലമരത്തില്‍ വച്ചുതന്നെയാണ് ഷൂട്ടിങ്. തൂക്കിക്കൊലയുടെ യഥാര്‍ത്ഥ ചടങ്ങുകളിലൂടെയെല്ലാം ഞാനും കടന്നുപോയി. വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് കുളിച്ചു. ഷൂട്ടിങ് സ്ഥലത്ത് സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത. കൊലമരത്തിന് കീഴെ ഞാന്‍ നിന്നശേഷം കുറ്റപത്രം വായിച്ചുകേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാള്‍ തയ്യാറായി നില്‍പുണ്ട്, ‘ആക്ഷന്‍’ സിബി മലയിലിന്റെ നേര്‍ത്ത ശബ്ദം ഞാന്‍ കേട്ടു. ക്യാമറ ഓടുന്നതിന്റെ മുരള്‍ച്ച പോലും കേള്‍ക്കാമായിരുന്നു. പിന്നീട് എന്നെ പുറത്തേക്ക് നടത്തി. കൊലമരത്തില്‍ ചവിട്ടിനില്‍ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. ജയില്‍മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തുനിന്ന് കണ്ടു. മരണം ജയില്‍ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മുരളി കാത്തിരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും മുരളി മേശയില്‍ കൈതാങ്ങി നിന്ന് കരഞ്ഞു.

‘ലാലേ അതൊരു യന്ത്രമാണ്. ലാല്‍ കയറി നില്‍ക്കുമ്പോള്‍ ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ? ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ? എനിക്കു വയ്യ.’ ശരിയാണ്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ ആ വാതില്‍ താഴോട്ട് തുറന്നുപോകുമായിരുന്നു. കൈകള്‍ പിറകില്‍ കെട്ടി തല മൂടിയ എനിക്ക് ഒന്നു കുതറാന്‍ പോലും സമയം കിട്ടില്ലായിരുന്നു. ഒരുമിച്ചഭിനയിക്കുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കുമുണ്ടായ പൂര്‍ണതയാണ് മുരളിയെ കരയിപ്പിച്ചത്.

‘പച്ചയായ മനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് മുരളിയുടേത്. പൊട്ടിത്തെറിക്കേണ്ടിടത്ത് പൊട്ടിത്തെറിച്ചും സ്‌നേഹിക്കേണ്ടിടത്ത് സ്‌നേഹിച്ചും മനുഷ്യന്റെ പച്ചയായ വികാരങ്ങളെ പൊയ്മുഖങ്ങള്‍കൊണ്ട് മറച്ചുപിടിക്കാതെ, മനസ്സില്‍ പലതും മറച്ചുവച്ച് പെരുമാറുന്നവരുടെ ലോകത്ത് തീര്‍ത്തും വ്യത്യസ്തനായാണ് മുരളി ജീവിച്ചത്. സമൂഹത്തിന്റെ ഒഴുക്കിനെതിരെയുള്ള ഈ നില്‍പ്പ് തന്നെയാണ് പലരും അദ്ദേഹത്തെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയതും.

ഗ്രാമത്തിന്റെ ചൂടും ചൂരും അനുഭവിച്ച് വളര്‍ന്ന വ്യക്തിയാണ് മുരളി. അതുകൊണ്ടു തന്നെ ഗ്രാമത്തിന്റെ നൈര്‍മല്യവും നിഷ്‌ക്കളങ്കമായ പരുക്കന്‍ സ്വഭാവവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഇഴുകിച്ചേര്‍ന്നിരുന്നു. കോളേജ് ജീവിതം കഴിഞ്ഞ് ഏറെ താമസിയാതെ തന്നെ സിനിമയുടെ വര്‍ണലോകത്തെത്തിയ ആളാണ് ഞാന്‍. എന്നാല്‍ വിവിധ സംഘടനകളിലും രാഷ്ട്രീയത്തിലും നാടകലോകത്തിലും എല്ലാം അനേകവര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് മുരളി സിനിമയില്‍ എത്തിയത്. ഇവ അദ്ദേഹത്തിന് പകര്‍ന്നുകൊടുത്ത അനുഭവങ്ങളുടെ ലോകം വളരെ വലുതാണ്. ജീവിതാനുഭങ്ങളുടെ ഈ ആഴം തന്നെയാണ് മുരളി എന്ന നടന്റെ ആഴവും.

maxresdefaultകടമ്മനിട്ടക്കവിതകള്‍ വളരെ ശക്തമായി അവതരിപ്പിക്കാന്‍ സവിശേഷമായൊരു കഴിവ് മുരളിക്കുണ്ട്. സാഹിത്യ ലോകവുമായും അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. ലോകസാഹിത്യവുമായുള്ള ഈ അടുത്ത ബന്ധം മുരളിയിലെ നടനെ വിവിധ പകര്‍ന്നാട്ടങ്ങള്‍ക്ക് പാകപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു. വായനയിലും ആസ്വാദനത്തിലും മാത്രം ഒതുങ്ങിനില്‍ക്കാതെ തന്റെ സര്‍ഗ്ഗശേഷി മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാനുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമാണ് ‘അഭിനയത്തിന്റെ രസതന്ത്ര’വും ‘അഭിനേതാവും ആശാന്‍കവിതയും’ ‘അരങ്ങേറ്റം: വഴികളും വഴികാട്ടികളും’ മറ്റും നമുക്ക് സമ്മാനിച്ചത്. നരേന്ദ്രപ്രസാദ്, കടമ്മനിട്ട തുടങ്ങി മറ്റുള്ളവരില്‍ നിന്ന് ഒരു പടി ഉയരത്തില്‍ ചിന്തിക്കുന്ന, മെന്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന, അതികായന്മാരുമായുള്ള അടുത്ത ബന്ധം തന്നെ മുരളിയുടെ ബൗദ്ധിക നിലവാരത്തിന് ദൃഷ്ടാന്തമാണ്.

‘പഞ്ചാഗ്‌നി’യുടെ സൈറ്റില്‍ വച്ചാണ് മുരളിയും ഞാനും പരിചയപ്പെട്ടത്. എങ്കിലും ഞങ്ങള്‍ തമ്മില്‍ ഒരു കോമ്പിനേഷന്‍ സീന്‍ പോലുമില്ലായിരുന്നു. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് മുരളി പഞ്ചാഗ്‌നിയില്‍ അവതരിപ്പിച്ചത്. പക്ഷേ വളരെ കുറച്ച് സീനുകള്‍ മാത്രമേ അദ്ദേഹത്തിന് ആ സിനിമയില്‍ ഉണ്ടായിരുന്നുള്ളു. ആ സീനുകള്‍ കൊണ്ടു തന്നെ കഥാപാത്രത്തിന്റെ ശക്തിയും സാമീപ്യവും സിനിമയില്‍ ഉടനീളം നിറയ്ക്കാനായി എന്നതുതന്നെ മുരളി എന്ന നടന്റെ പ്രതിഭ തെളിയിക്കുന്നു.

പിന്നീട് ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. നാടുവാഴികള്‍, ഏയ് ഓട്ടോ, വരവേല്‍പ്പ്, വിഷ്ണുലോകം, അപ്പു, ദേവദൂതന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ പരമ്പരാഗത വില്ലന്‍ സങ്കല്‍പ്പങ്ങള്‍ തകര്‍ത്തെറിയാന്‍ പോന്നവയായിരുന്നു അവയോരോന്നും. വില്ലനിസം ശരീരാകാരത്തിലൂടെ മാത്രമല്ല അഭിനയത്തികവിലൂടെയും വരുത്താമെന്ന് മുരളി തെളിയിച്ചു. വില്ലന്‍ വേഷങ്ങള്‍ കൂടാതെ ധനം, ഭരതം, സദയം, ലാല്‍സലാം, ദശരഥം, രക്തസാക്ഷികള്‍ സിന്ദാബാദ്, വടക്കുംനാഥന്‍ തുടങ്ങി നിരവധി ചിതങ്ങളില്‍ അദ്ദേഹം ചെയ്ത സഹനടന്റെ വേഷങ്ങള്‍ എന്റെ കഥാപാത്രങ്ങളെ വളരെയധികം സ്വാധീനിച്ചു. ഇവയിലെല്ലാം കാത്തുസൂക്ഷിച്ച വ്യത്യസ്തതയും സൂക്ഷ്മതയും ശ്രദ്ധേയമാണ്.

ലണ്ടനില്‍വെച്ച് മുരളി ‘ലങ്കാലക്ഷ്മി’ അവതരിപ്പിക്കുന്നത് ഞാന്‍ കണ്ടു. മറ്റാരും ലങ്കാലക്ഷ്മി അവതരിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ‘കര്‍ണ്ണഭാരം’ ഞാന്‍ അവതരിപ്പിച്ചതുകൊണ്ട് ഒറ്റക്ക് ഒരു രംഗഭാഷ നിര്‍മ്മിക്കുന്നതിലെ ബുദ്ധിമുട്ട് എനിക്ക് ശരിക്കറിയാം. വിശേഷിച്ചും ലങ്കാലക്ഷ്മിപോലെ കുറേപേര്‍ ചേര്‍ന്നവതരിപ്പിക്കേണ്ട ഒരു ജഹമ്യ ആകുമ്പോള്‍. അവര്‍ ചേര്‍ന്ന് സംവേദനം ചെയ്യേണ്ട കാര്യങ്ങളാണ് മുരളി ഒറ്റക്ക് അതിമനോഹരമായി അവതരിപ്പിച്ചത്. നാടകാനുഭവങ്ങളും കവിതാ സാഹിത്യബന്ധങ്ങളും ചേര്‍ന്ന് സമ്മാനിച്ച ഭാഷക്കുമേലുള്ള ആധിപത്യവും കളരി അഭ്യസനത്തിലൂടെയും മറ്റും സ്വാംശീകരിച്ച മെയ്‌വഴക്കവും എല്ലാം ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മുരളിയെ വളരെ സഹായിച്ചു. പാത്രപൂര്‍ത്തീകരണത്തിനായുള്ള ഈ ആത്മസമര്‍പ്പണം, മുരളി എത്രമാത്രം കലയേയും വേദിയേയും സ്‌നേഹിച്ചു എന്നതിന് ദൃഷ്ടാന്തമാണ്.

പഞ്ചാഗ്‌നിയില്‍ തുടങ്ങിയ സൗഹൃദം എന്നും അണഞ്ഞുപോകാതെ ഞങ്ങള്‍ സൂക്ഷിച്ചു. തിക്കുറിശ്ശിസാറിനെയും ശങ്കരാടിചേട്ടനെയും ഒക്കെപ്പോലെ എന്നെക്കാള്‍ വളരെ പ്രായക്കൂടുതല്‍ ഉള്ളവരെ പോലും സുഹൃത്തുക്കളായാണ് ഞാന്‍ കാണുന്നത്. നമുക്കെന്തും പറയാനും പ്രവര്‍ത്തിക്കാനും സൗഹൃദത്തില്‍ സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യം മുരളി എനിക്ക് തന്നില്ലെങ്കിലും ഞാനതെടുത്തിരുന്നു. അത്തരം ഒരു ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

ലോകത്തില്‍ മറ്റെവിടെയും ഉള്ളതിനേക്കാള്‍ പ്രതിഭാധനര്‍ നിറഞ്ഞതാണ് മലയാള സിനിമാലോകം എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ മത്സരവും ഇവിടെ കൂടുതലാണ്. അര്‍ഹതയുടെ അതിജീവനമാണ് ഇവിടെ നടക്കുന്നത്. അങ്ങനെയുള്ള മലയാള സിനിമയില്‍ വര്‍ഷങ്ങളോളം നിലനില്‍ക്കുക തന്നെ വലിയ കാര്യമാണ്. അതിലും എത്രയോ വലുതാണ് സ്വന്തമായൊരു സ്ഥാനം സിനിമാലോകത്തുണ്ടാക്കുക എന്നത്. ഒപ്പം മികച്ച നടനുള്ള ഭാരതത്തിലെ സര്‍വ്വോന്നത പുരസ്‌കാരം കിരീടമായും നിരവധി സംസ്ഥാന ബഹുമതികള്‍ കളഭച്ചാര്‍ത്തായും അണിഞ്ഞാണ് മുരളി സിനിമാലോകത്ത് വിഹരിച്ചത്. അതുകൊണ്ടുതന്നെ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു മുരളി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top