Flash News

സുധീര്‍ പണിക്കവീട്ടിലിന്റെ അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ (പുസ്തകാവലോകനം)

August 8, 2018 , തൊടുപുഴ കെ ശങ്കര്‍

sudhir bannerഅമേരിക്കന്‍ മലയാള സാഹിത്യ ശാഖയിലെ ഇന്നത്തെ പ്രശസ്ത സാഹിത്യകാരനും കവിയും (അക്ഷരക്കൊയ്ത്ത്) സാഹിത്യ നിരൂപകനുമായ ശ്രീ സുധീര്‍ പണിക്കവീട്ടിലിന്റെ ദ്വിതീയ സാഹിത്യ നിരൂപണ സമാഹാരമാണിത്. വളരെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണെന്ന് ഇവിടെ പറയുന്നതില്‍ തെല്ലും അതിശയോക്തിയുണ്ടാവില്ലെന്നു ഞാന്‍ സുദൃഢമായി വിശ്വസിക്കുന്നു.

ente-amma-size-1-680x315അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചിട്ടുള്ളവര്‍ക്ക് അത് ബോധ്യമാകും. പദസൗകുമാര്യം തുളുമ്പുന്ന അവതരണശൈലിയും കുലങ്കഷമായ അവതരണ രീതിയും ഈ ഗ്രന്ഥത്തെ മഹത്വപൂര്‍ണ്ണമാക്കിയിരിക്കുന്നു. അപ്രകാരം ഉള്ള ഒരു ഗ്രന്ഥം വായിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഒരു അവലോകനം എഴുതാന്‍ നിമിത്തമായതില്‍ സന്തോഷിക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിന്റെ പ്രഥമ വിമര്‍ശന ഗ്രന്ഥമായ ‘പയേറിയയിലെ പനിനീര്‍പ്പൂക്കള്‍’ അതും എനിക്ക് വായിക്കാന്‍ സാധിച്ചു. ഈ പുസ്തകത്തെക്കുറിച്ച് ഈ ലേഖകന്‍ ഒരു അവലോകനം എഴുതിയിരുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഡോ. നന്ദകുമാര്‍ എഴുതിയ അവലോകനത്തില്‍ ഈ പുസ്തകം പ്രവാസ സാഹിത്യ നിരൂപണത്തിലെ പ്രഥമ ഗ്രന്ഥമാണെന്നു അറിയിച്ചിട്ടുണ്ട്. ശരിയാണ്, അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍ ഈ പുസ്തകത്തിലൂടെ ഈ ലോകം അറിയുന്നു. എഴുത്തുകാരുടെയും ഭാഷയുടെയും നന്മ ശ്രീ സുധീര്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാക്കാം. സ്വന്തം കൃതികള്‍ പ്രസിദ്ധീകരിച്ച് പ്രസിദ്ധി നേടുന്നതിനേക്കാള്‍ മറ്റുള്ളവരുടെ രചനകളെ സഹൃദയസമക്ഷം കൊണ്ടു വരിക എന്ന ഉത്കൃഷ്ട കര്‍മ്മമാണ് ശ്രീ സുധീര്‍ നിര്‍വഹിച്ചിരിക്കുന്നത്. അതിനു എന്റെ അനുമോദനം അറിയിക്കുന്നു. തീര്‍ച്ചയായും വായനക്കാരും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കാം.

അമേരിക്കന്‍ മലയാള സാഹിത്യ നിരൂപണങ്ങള്‍ എന്ന ഏകദേശം 239 പേജുകളില്‍ 41 അദ്ധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ രണ്ടാമത്തെ പുസ്തകം അമേരിക്കയിലെ സാഹിത്യ കൃതികളെപ്പറ്റി ഗവേഷണ ബുദ്ധിയോടെ പഠിക്കുവാനും, സമഗ്രമായ പഠനം നടത്തി ഇതുപോലെ ഒരു ഗ്രന്ഥം തയ്യാറാക്കുവാനും എത്രമാത്രം പരിശ്രമിച്ചുവെന്നു മനസ്സിലാക്കുവാന്‍ ഒരു സാഹിത്യകാരനു മാത്രമേ സാധിക്കുകയുള്ളു.

അമേരിക്കയിലെ സാഹിത്യ പ്രവര്‍ത്തകര്‍ അവരവരുടെ വ്യത്യസ്തമായ തുറകളില്‍ എത്ര ഔല്‍സുക്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നും എത്ര നവീനമായ ആവിഷ്‌കാര രീതിയും സമ്പന്നമായ ശൈലിയും ആകര്‍ഷണീയമായ ആഖ്യാന രീതിയും ഉപയോഗിച്ച് കഥകളും കവിതകളും നോവലുകളും ലേഖനങ്ങളും നാടകങ്ങളും യാത്രാവിവരണങ്ങളും മറ്റും മികച്ച ശില്പചാതുരിയോടെ സൃഷ്ടിക്കുന്നുവെന്നതും മാതൃകാപരമായിത്തന്നെ നാം കരുതണം.

സാഹിത്യകാരന്മാരില്‍ ആദ്യമായി, വിജ്ഞാന സമ്പത്തുകൊണ്ടും വിദ്യാഭ്യാസ യോഗ്യതകള്‍ കൊണ്ടും അവതരണ ഭംഗി കൊണ്ടും വിവിധ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളുടെ എണ്ണം കൊണ്ടും പ്രായം കൊണ്ടും, മുന്‍പന്തിയില്‍ വിരാജിക്കുന്ന, ബഹുമുഖ പ്രതിഭയായ, ബഹു. ഡോ: എ കെ ബി പിള്ള സാറില്‍ നിന്ന് തുടങ്ങിയത് ഉചിതമായി. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ തികച്ചും അഭിനന്ദനീയം തന്നെ. മാത്രമല്ല, മാതൃകയും!

ഡോ. എ കെ ബി പിള്ള സാര്‍, കാലടി ശങ്കരാ കോളേജില്‍ എന്റെ ഇംഗ്ലീഷ് പ്രഫസ്സര്‍ ആയിരുന്നെന്ന് പറയാന്‍ സന്തോഷമുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ പുണ്യ ഹസ്തങ്ങളാല്‍ എന്റെ മൂന്നു കവിതാ സമാഹാരങ്ങള്‍ കഴിഞ്ഞ വര്‍ഷം ‘ലാനാ’ സാഹിത്യ സമ്മേളനത്തില്‍ വെച്ച് ഒക്ടോബര്‍ 8 നു പ്രകാശിതമായി എന്ന് ഈ സന്ദര്‍ഭത്തില്‍ പറയുന്നതില്‍ അഭിമാനം തോന്നുന്നു.

മറ്റു സാഹിത്യകാരന്മാരായ ഡോ. പി സി നായര്‍ (കവിതാ സമാഹാരം), അബ്ദുല്‍ പുന്നയൂര്‍ക്കുളം (ഇംഗ്ലീഷ് & മലയാളം കവിതാ സമാഹാരം), സാംസി കൊടുമണ്‍ (നോവല്‍), ചെറിയാന്‍ ചാരുവിളയില്‍ (നോവല്‍), വാസുദേവ് പുളിക്കല്‍ (കവിതാ സമാഹാരം), കെ സി ജയന്‍ (കവിതകള്‍), ജയന്‍ വര്‍ഗീസ് (കവിത, ലേഖനം, നാടകം), ജോസഫ് നമ്പിമഠം (കവിതകള്‍), ജോണ്‍ ഇളമത (നോവല്‍, ലഘു നോവല്‍), ബാബു പാറയ്ക്കല്‍ (കഥ, നോവല്‍ ), ജോസ് ചെരിപുറം (കവിതകള്‍), സ്റ്റീഫന്‍ നടുക്കുടിയില്‍ (ഇംഗ്ലീഷ് യാത്രാ വിവരണ രീതിയിലുള്ള ആത്മകഥ), പീറ്റര്‍ നീണ്ടുര്‍ (കവിതകള്‍), പ്രൊഫ. ജോസഫ് ചെറുവേലി (ആത്മ കഥ/പ്രവാസ ജീവിത കഥ), ഡോ. എന്‍. പി. ഷീല (നാടക/ലേഖന നിരൂപണങ്ങള്‍), ശ്രീമതി എല്‍സി യോഹന്നാന്‍, (കവിത/ഇംഗ്ലീഷ്/മലയാള കവിതകള്‍/ശ്ലോകങ്ങള്‍/ലേഖനങ്ങള്‍/ട്രാന്‍സ്ലേഷന്‍സ്), സോയ നായര്‍ (കവിതകള്‍), ശ്രീമതി സരോജാ വര്‍ഗീസ് (കഥകള്‍, യാത്രാ വിവരണങ്ങള്‍), എന്നിവര്‍ സാഹിത്യ പ്രവര്‍ത്തനത്തിന്റെ അമരത്തിരിക്കുന്ന, നിറകുടങ്ങളായി വിരാജിക്കുന്ന പ്രതിഭകളാണ്.

സാഹിത്യ പ്രവര്‍ത്തനം പ്രത്യേകിച്ചും പ്രവാസികളായ മലയാളികള്‍ക്ക്, വിരഹത്തിന്റെയും, ഗൃഹാതുരത്വത്തിന്റെ തപ്ത ചിന്തകളുടെയും പിടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ ആദ്യം ഉപകരിച്ചെങ്കിലും, പില്‍ക്കാലത്ത് അവരെ ലോകമെമ്പാടും യശസ്വികളായ സാഹിത്യകാരന്മാരും സാഹിത്യകാരികളും ആക്കുമെന്ന് അവര്‍, ഒരു പക്ഷെ, ചിന്തിച്ചിരിക്കില്ല!

‘ഒരുവേള പഴക്കമേറിയാല്‍, ഇരുളും, മെല്ലെ വെളിച്ചമായ് വരാം’ എന്ന പഴമൊഴി, ഇവിടെ സാര്‍ത്ഥകമാകുന്നു. മേല്പറഞ്ഞവരില്‍ ചിലരുടെ കൃതികള്‍ വായിക്കാനേ എനിക്ക് ഭാഗ്യം ലഭിച്ചുള്ളൂ. അതുകൊണ്ട്, സാഹിത്യ കൃതികളിലേക്കു കടക്കുന്നില്ല. എല്ലാം, ശ്രീമാന്‍ സുധിര്‍, അദ്ദേഹത്തിന്റെ, വിമര്‍ശന ലേഖനങ്ങളില്‍ വിശദമായി പ്രസ്താവിച്ചിട്ടുണ്ട്. അമേരിക്കയിലെ എല്ലാ കേദാരത്തിലുമുള്ള സാഹിത്യകാരന്മാര്‍ക്കും സാഹിത്യകാരികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും!

അമേരിക്ക കൊളംബസ് കണ്ടു പിടിച്ചില്ലെങ്കിലും, വേറൊരാള്‍ കണ്ടുപിടിക്കുമായിരുന്നു. പക്ഷെ, ‘ആപ്പിള്‍ കാര്‍ട്ട്’ എന്ന നാടക കൃതി, ബെര്‍ണാഡ് ഷാ അല്ലാതെ വേറെ ആര്‍ക്കും എഴുതാന്‍ കഴിയുമായിരുന്നില്ല. ഒരു ദേശം കണ്ട് പിടിക്കുന്നത് ഒരു നാവികനു സാധ്യമെങ്കില്‍, ഒരു സാഹിത്യ കൃതി മറ്റാര്‍ക്കും സൃഷ്ടിക്കുവാന്‍ സാധ്യമല്ല. അതാണ് സത്യം.

നിരൂപണ സാഹിത്യങ്ങളുടെ കൂട്ടത്തില്‍ ഒരു തികഞ്ഞ മുതല്‍ക്കൂട്ട് തന്നെയാണിതെന്ന്, ശ്രീ സുധിറിന് തീര്‍ച്ചയായും അഭിമാനിക്കാം. എല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണിതെന്നതില്‍ സംശയമില്ല. ഇതുപോലെയുള്ള അഭിനന്ദനീയമായ അനേകം ഗ്രന്ഥങ്ങള്‍ സുധീറില്‍ നിന്നും ഇനിയും വിരചിതമാകട്ടെ!

ശ്രീ സുധീറിന് എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top