പ്രവാസികള്‍ക്ക് ഇനി വോട്ടു ചെയ്യാം; ബില്‍ ലോക്‌സഭ പാസ്സാക്കി; പകരക്കാരെ ഉപയോഗിച്ചും വോട്ട് ചെയ്യാം

imageപ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍-2018 ലോക്‌സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങള്‍ പ്രകാരം പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കും. രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റം പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന നിയമഭേദഗതി അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. ഇതോടെ ആയിരക്കണക്കിനു മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് സമ്മതിദാനാവകാശം ഫലപ്രദമായി വിനിയോഗിക്കാനാവും.

അതേസമയം, വോട്ട് രേഖപ്പെടുത്താനുള്ള പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്നതടക്കമുള്ള മറ്റു കാര്യങ്ങള്‍, ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും. കഴിഞ്ഞ വര്‍ഷം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയ കരട് ബില്‍ ലോക്‌‌സഭയില്‍ അവതരിപ്പിച്ചെങ്കിലും പാസാക്കിയെടുക്കാന്‍ സാധിച്ചിരുന്നില്ല. നിലവില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക്, നാട്ടില്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തിയാല്‍ മാത്രമെ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

ഇതിനെതിരെ ഗള്‍ഫ് സംരംഭകനും മലയാളിയുമായ ഡോ. വി.പി. ഷംഷീര്‍ വയലില്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പ്രവാസികള്‍ക്ക് കൂടി വോട്ടവകാശം അനുവദിക്കുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനപ്രതാനിധ്യ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്. ഏകദേശം രണ്ടര കോടിയിലധികം ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍.

പ്രവാസി വോട്ടാവകാശം നേടിയെടുത്തതിനു പിന്നില്‍ ഷംസീര്‍ വയലില്‍, വയലാര്‍ രവി, ഉമ്മന്‍‌ചാണ്ടി എന്നിവര്‍

Untitledപ്രവാസി വോട്ടാവകാശം യാഥാര്‍ത്ഥ‍്യമാകുമ്പോൾ വിജയം നേടുന്നത് മലയാളികളുടെ കാലങ്ങള്‍ നീണ്ട പ്രയത്നം. കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത വ‍്യവസായി ഷംസീര്‍ വയലില്‍, മുന്‍ മുഖ‍്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര പ്രവാസി കാര‍്യമന്ത്രിയായിരുന്ന വയലാര്‍ രവി തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണ് വിജയത്തിലെത്തുക.

കേരളത്തില്‍ മുസ്ലിം ലീഗ് നേതൃത്വം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ‍്യമാണ് പ്രവാസികളുടെ വോട്ട്. യുഎഇയിലും മറ്റ് വിദേശ രാജ‍്യങ്ങളിലുമുള്ള മലയാളി സംഘടനകളും ഈ ആവശ‍്യം നിരന്തരം ഉന്നയിച്ചിരുന്നു. വോട്ടവകാശം അംഗീകരിക്കുന്നത് ബിജെപി സര്‍ക്കാരാണെങ്കിലും ഇതിന്‍റെ ഡ്രാഫ്റ്റ് ബില്‍ ലോക്സഭയില്‍ സമര്‍പ്പിച്ചത് അന്നത്തെ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയായിരുന്നു. മുഖ‍്യമന്ത്രിയായിരുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിയും പ്രവാസികളുടെ വോട്ടിനു വേണ്ടി വയലാര്‍ രവിയോടൊപ്പം നിരന്തരം പ്രവര്‍ത്തിച്ചിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News