ശക്തമായ മഴയില്‍ ലോഡ്ജ് ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു; മൂന്നാറിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍

munnar-1തൊടുപുഴ: ശക്തമായ മഴയില്‍ ലോഡ്ജ് ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. മൂന്നാറിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തമിഴ്‌നാട് സ്വദേശി മദനാണ് മരിച്ചത്. മൂന്നാര്‍ പോസ്റ്റ് ഓഫീസ് സമീപത്തെ ശരവണ ഭവന്‍ ലോഡ്ജാണ് തകര്‍ന്നത്. ലോഡ്ജില്‍ കുടുങ്ങിയ മറ്റ് ഏഴു പേരെ രക്ഷപ്പെടുത്തി.

അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. 11 ഷട്ടറുകള്‍ ഒരടി വീതമാണ് തുറന്നത്. ജലനിരപ്പ് 140 അടി പിന്നിട്ടതിന് പിന്നാലെ ബുധനാഴ്ച പുലര്‍ച്ച 2.30 ഓടെയാണ് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. സെക്കന്റില്‍ 4490 ഘനയടി വെള്ളമാണ് സ്പില്‍ വേ പുറത്തേക്കൊഴുകുന്നത്. ഇതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരും.

വെള്ളം ഒഴുക്കി വിട്ടിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കൂടുകയാണ്. പുലര്‍ച്ച നാലിന് 140.25 അടിയിലേക്കെത്തിയിട്ടുണ്ട് ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും സര്‍ക്കാര്‍ നടപടികളുമായി സഹകരിക്കണമെന്നും വൈദ്യുതി മന്ത്രി എം.എം.മണി അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്ന സാഹചര്യം മുന്നില്‍ കണ്ട് ചെറുതോണിയില്‍ നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തീരുമാനിച്ചതാണ്. ഇതനുസരിച്ച് ബുധനാഴ്ച പുലര്‍ച്ച മുതല്‍ സെക്കന്റില്‍ ഏഴര ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ പുറത്തേക്കൊഴുക്കുന്നത്.

ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിപ്പ് പുലര്‍ച്ചെ നാലു മണിയോടെ 2398.28 അടിയിലെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കിയിലേക്ക് എത്തുന്നതോടെ അണക്കെട്ടില്‍ വീണ്ടും വെള്ളം ഉയരും. പെരിയാറിന്റെ തീരത്തുള്ള അയ്യായിരത്തോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റുന്നുണ്ട്.

mazha-2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment