Flash News

പുതിയ വാഗ്ദാനങ്ങള്‍; കര്‍മ്മ പദ്ധതികള്‍; ഫൊക്കാന പ്രവര്‍ത്തന രൂപരേഖ പ്രഖ്യാപിച്ചു

August 14, 2018

P1188368ന്യൂജേഴ്‌സി: ധന സമാഹാരം, കായിക മേഖലയെ പരിപോഷിപ്പിക്കല്‍, കേരളത്തിലെയും അമേരിക്കയിലെയും നഴ്സുമാരെ ആദരിക്കല്‍, സാങ്കേതികവികസന പദ്ധതികള്‍, തുടങ്ങിയ നൂതന പദ്ധതികള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഫൊക്കാനയുടെ പുതിയ ഭരണ സമിതിയിയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ പുറത്തിറക്കി. പ്രവര്‍ത്തകരില്‍ ആരോഗ്യപരമായ അച്ചടക്കം കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ടു ‘സൗഹാര്‍ദ്ദവും ഒത്തൊരുമയും’ (HARMONY AND INTEGRITY) എന്ന മുദ്രാവാക്യത്തോടെയാണ് മാധവന്‍ ബി നായര്‍ പ്രസിഡന്റും ടോമി കോക്കാട് സെക്രട്ടറിയുമായുള്ള 2018-2020 ഭരണസമിതി തമ്പി ചാക്കൊ ഫിലിപ്പോസ് ഫിലിപ്പ് കമ്മിറ്റിയില്‍ നിന്ന് അധികാരം ഏറ്റു വാങ്ങിയത്. ആഗസ്റ്റ് 12-നു ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ചായിരുന്നു പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയ്ക്ക് അധികാരം കൈമാറിയത്.

ഫൊക്കാനയുടെ ഒദ്യോഗിക യോഗങ്ങളിലും മറ്റും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാനുദ്ദേശിച്ചുകൊണ്ട് ആദ്യ പടിയായി മാന്യമായ പെരുമാറ്റച്ചട്ടം കൊണ്ടുവരാനും പ്രഥമ കമ്മിറ്റി യോഗം തീരുമാനിച്ചതായി കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ റീജിയണല്‍ കമ്മിറ്റികള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നുകൊണ്ടു അതുവഴി സംഘടനകള്‍കളുടെ വളര്‍ച്ചക്ക് ചടുലമായ വേഗത കൈവരിക്കാനായുള്ള ബഹൃത്തായ പദ്ധതികള്‍ക്കാണ് നാഷണല്‍ കമ്മീറ്റി രൂപം നല്‍കിയിട്ടുള്ളത്. ഫൊക്കാനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്തിട്ടുള്ള പദ്ധതികള്‍ സംഘടനയുടെ വളര്‍ച്ചകളെ ഒരു ചരിത്ര സംഭവമായി മാറ്റാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണുള്ളതെന്ന് മാധവന്‍ നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌റ്റേജ് ഷോകളിലൂടെ ധനസമാഹാരം നടത്താനും കമ്മിറ്റി തീരുമാനിച്ചു. പ്രമുഖ നടന്‍ ബാലചന്ദ്രമേനോന്‍ നയിക്കുന്ന സ്‌റ്റേജ് ഷോ ആയിരിക്കും ആദ്യ ഘട്ടമായി നടത്താന്‍ പോകുന്ന പരിപാടി. ഫൊക്കാനയുടെ എട്ടു റീജിയനുകളുടെ സഹകരണത്തോടെയായിരിക്കും ഷോ നടത്തുക. ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ കൊണ്ടുവരുന്ന താരങ്ങളുടെ ഷോ റീജിയനുകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും സംഘടിപ്പിക്കുക. ബാല ചന്ദ്രമേനോന്റെ നേതൃത്വത്തില്‍ 15 ലേറെ താരങ്ങളാണ് പരിപാടികള്‍ക്കായി എത്തുന്നത്. ഷോകളുടെ നടത്തിപ്പിനായി റീജിയനുകള്‍ക്കുള്ള എല്ലാ സഹായങ്ങളും ഫൊക്കാന ചെയ്തുകൊടുക്കും. മാധവന്‍ നായര്‍ പറഞ്ഞു.

ഷോയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം അതാതു റീജിയനുകള്‍ക്കു തന്നെ ലഭ്യമാക്കുന്ന വിധമാണ് ധനസമാഹാര പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നു ഫൊക്കാന ട്രഷറര്‍ സജിമോന്‍ ആന്റണി പറഞ്ഞു.

യുവജനങ്ങളെ സംഘടനയിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഫൊക്കാന സ്‌പോര്‍ട്‌സ് അഥോറിട്ടി (എഫ്.എസ്.എ) ആരംഭിക്കുവാനും തീരുമാനിച്ചു. ക്രിക്കറ്റ് വോളിബാള്‍ ടൂര്‍ണമെന്റുകള്‍ ഒരു പ്രൊഫഷണല്‍ ക്ലബ്ബ് ടൂര്‍ണമെന്റ് മാതൃകയില്‍ നടത്തുവാനുദ്ദേശിച്ചിട്ടാണ് ഇത്തരമൊരു ആശയം ഉയര്‍ന്നു വന്നതെന്ന് മാധവന്‍ നായര്‍ പറഞ്ഞു. പ്രൊഫഷണല്‍ ബോര്‍ഡ് പോലെ ആരംഭിക്കുന്ന എഫ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ റീജിയനുകള്‍ തോറുമുള്ള ടൂര്‍ണമെന്റ്‌റുകളും ദേശീയാടിസ്ഥാനത്തിലുള്ള ടൂര്ണമെന്റ്‌റുകളും മറ്റു കായിക പ്രോത്സാഹനങ്ങളും ഫൊക്കാന നല്‍കും.ഫൊക്കാനയുടെ എല്ലാ റീജിയനുകളിലും എഫ്.എസ്.എയുടെ കീഴില്‍ ഫൊക്കാന ക്രിക്കറ്റ് ക്ലബ്ബുകളും (എഫ്.സി.സി) ഫൊക്കാന വോളിബാള്‍ ക്ലബ്ബുകളും (എഫ്.വി.എ) രൂപികരിക്കും.

കേരളത്തിലെയും അമേരിക്കയിലെയും ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള നഴ്‌സുമാരെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ആദരിക്കാന്‍ തീരുമാനിച്ചു . 2019 ജനവുവരി 30നു തിരുവന്തപുരത്തു നടക്കുന്ന ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരേയും 2020 ഇല്‍ ന്യൂ ജേഴ്‌സിയില്‍ നടക്കുന്ന ഫൊക്കാനയുടെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനില്‍ അമേരിക്കയിലെ നഴ്‌സുമാരെയും ആദരിക്കും. വിദേശ മലയാളികളുടെ ഏറ്റവും വലിയ തൊഴില്‍ മേഖലയായ നഴ്‌സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളികള്‍ക്കുമുള്ള ഒരു അംഗീകാരമായിരിക്കും ‘നൈറ്റിന്‍ഗേള്‍ അവാര്‍ഡ്’ എന്ന പേരില്‍ ഏര്‍പ്പെടുത്തിയ സ്വപ്‌ന തുല്യമായ ഈ അവര്‍ഡ്. ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് സമ്മാനിക്കുന്ന ഈ അവാര്‍ഡ് നിശ മലയാളികളുടെ ഓസ്‌ക്കാര്‍ നിശായായി മാറും. മാധവന്‍ നായര്‍ പറഞ്ഞു.ഫൊക്കാനയുടെ വിമന്‍സ് ഫോറം നാഷണല്‍ നേഴ്‌സസ് അസോസിയേഷന്‍. റീജിയണല്‍ നഴ്‌സസ് അസോസിഐഷന്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും അവാര്‍ഡ് ജേതാക്കളെ തീരുമാനിക്കുക.

ഫൊക്കാനയുടെ സ്വപ്‌ന പദ്ധതിയായി ആവിഷ്‌ക്കരിക്കാനുദ്ദേശിച്ചു പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയാണ് ഫൊക്കാന ഏഞ്ചല്‍ കണക്ട് (എഫ്.എ.സി) കേരള കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ പുതിയ സംരംഭങ്ങള്‍, ശാസ്ത്രസാങ്കേതിക രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ ചെറുകിട സംരംഭങ്ങള്‍ എന്നിവയില്‍ നേരിട്ട് അമേരിക്കന്‍ മലയാളികള്‍ക്ക് ഭാഗഭാക്കാകാന്‍ കഴിയുന്നതാണ് എഫ്.എ.സി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മാധ്യമങ്ങളിലൂടെ അപേക്ഷകള്‍ ക്ഷണിക്കുന്ന ഈ പദ്ധതിയിലേക്ക് ഫൊക്കാനയുടെ കേരള കോര്‍ഡിനേറ്റര്‍ ആയിരിക്കും യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കുക.ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്റെ മുഖ്യാകര്ഷണമായിരിക്കും ഈ പദ്ധതി.

ഫൊക്കാനയുടെ സംഘടനാ യോഗങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അച്ചടക്ക സ്വഭാവം നിലനിര്‍ത്താനും പ്രായോഗികമായ കാര്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ കൊടുക്കാനും തീരുമാനിച്ചു. കണ്‍വെന്‍ഷനില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചുള്ള പ്രവര്‍ത്തനമല്ല ഫൊക്കാന മുന്നോട്ടുവയ്ക്കുന്നതെന്നും മറിച്ചു സമഗ്ര മേഖലകളിലും വ്യത്യസ്ത മാര്‍ഗത്തിലൂടെയുള്ള ചരിത്രപരമായ മാറ്റമാണ് സംഘടന ലക്ഷ്യമിടുന്നതെന്നു പറഞ്ഞ സെക്രട്ടറി ടോമി കോക്കാട് സംഘടനയുടെ വളര്‍ച്ച മറ്റു സംഘടനകളെയും മാനിച്ചുകൊണ്ടായിരിക്കുമെന്നും അറിയിച്ചു. ഫോമയുടെ ഭാരവാഹികളെ അടുത്ത കണ്‍വെന്‍ഷനില്‍ അതിഥികളായി ക്ഷണിക്കുമെന്നും അവര്‍ക്കു പൂര്‍ണ ബഹുമതിയും അര്‍ഹതപ്പെട്ട അംഗീകാരവും നല്‍കുമെന്നും പറഞ്ഞു.

ഫൊക്കാനയുടെ ആസ്ഥാന മന്ദിരം ന്യൂജേഴ്‌സിയില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞ മാധവന്‍ നായര്‍ മാധ്യമങ്ങളുമായി എന്നും നല്ല ബന്ധം പുലര്‍ത്തുന്ന ഫൊക്കാന ആ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും പറഞ്ഞു.

ഫൊക്കാനയുടെ റീജിയണല്‍ ഘടന വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെ കീഴില്‍ 5 അംഗ കോര്‍ കമ്മിറ്റിയും 5 അംഗ പേട്രണ്‍ കമ്മിറ്റിയും രൂപം നല്‍കും. ഒരു വര്ഷം കുറഞ്ഞത് 4 കോര്‍ മീറ്റിംഗുകള്‍ എങ്കിലും ഓരോ റീജിയനുകളും നടത്തും. എല്ലാ റീജിയനുകളിലെയും കോര്‍പേട്രണ്‍ കമ്മിറ്റികളില്‍ നിന്നും ഇവന്റ് കമ്മിറ്റിയെയും തെരെഞ്ഞെടുക്കുന്നതാണ്.

ഫൊക്കാന തെരെഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ വൈകുന്നതിന് പരിഹാരമായി അടുത്ത വര്ഷം മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് സമ്പ്രദായം നടപ്പിലാക്കാന്‍ കമ്മിറ്റി തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ശ്രീകുമാര്‍ ഉണ്ണിത്താന്‍ പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുമാര്‍ മാത്രം വോട്ടര്‍മാര്‍ എന്നത് നിര്‍ബന്ധമാക്കും. തെരെഞ്ഞെടുപ്പിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പ്രക്രീയയുടെ സുതാര്യത ഉറപ്പു വരുത്തും. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ആരെന്നു കണ്‍വെന്‍ഷന്റെ അവസാന ദിവസം മാത്രമായിരിക്കും അറിയിക്കുക. തോറ്റവരും ജയിച്ചവരും ചേര്‍ന്നുള്ള ഒരു സംയുക്ത വിരുന്ന് അന്നു തന്നെ നടത്തുവാനും അതുവഴി ഇരു കൂട്ടരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും കമ്മിറ്റി തീരുമാനിച്ചതായി മാധവന്‍ നായര്‍ പറഞ്ഞു.

ഫൊക്കാനയുടെ നിലവിലുള്ള കര്‍മ്മ പദ്ധതികളായ ഭാഷക്കൊരു ഡോളര്‍, ഭാവന നിര്‍മ്മാണം, കുട്ടമ്പുഴ ആദിവാസി കോളനിയില്‍ നടത്തിവരുന്ന അടിസ്ഥാന ആരോഗ്യ മേഖലകളിലെ വികസനം എന്നിവ കാലോചിത്തമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ മാധവന്‍ നായര്‍ കഴിഞ്ഞ ഭരണസമിതി പൂര്‍ത്തിയാക്കാതെ വന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ഗണന നല്‍കുമെന്നും അറിയിച്ചു.

ഫൊക്കാന ഉള്‍പ്പെടെയുള്ള നാഷണല്‍ സംഘടനകള്‍ പ്രസ് ക്ലബ്ബുമായി നല്ല ബന്ധം കത്ത് സൂക്ഷിക്കാന്‍ മൂന്ന് മാസത്തിലൊരിക്കല്‍ ഒരു ലൈസന്‍ കമ്മിറ്റി കൂടണമെന്നു ഐ.പി.സി.എന്‍.എ പ്രസിഡന്റ് മധു കൊട്ടാരക്കര നിര്‍ദ്ദേശിച്ചു. ഇതിനുള്ള മുന്‍കൈ പ്രസ് ക്ലബ് തന്നെ എടുക്കാമെന്ന് പറഞ്ഞ മധു ഈ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ സംഘടനകള്‍ തന്നെ നിര്‍ദ്ദേശിക്കണമെന്നും പറഞ്ഞു.

ജില്ലക്കൊരു വീട് എന്ന പദ്ധതി പ്രകാരം നാലു വീടുകള്‍ പൂര്‍ത്തിയായതായി പദ്ധതിക്ക് ചുക്കാന്‍ പിടിച്ച ഫൊക്കാനയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌റും ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി അംഗവുമായ ജോയ് ഇട്ടന്‍ അറിയിച്ചു.
ഫൊക്കാനയില്‍ കൂടുതല്‍ അംഗസംഘടനകളെ കൊണ്ടുവരാനുള്ള കര്‍മ്മ പദ്ധതികളും ആവിഷ്‌കരിക്കുന്നുടെന്നു വൈസ് പ്രസിഡണ്ട് ഏബ്രഹാം കളത്തില്‍ പറഞ്ഞു 10 പുതിയ സംഘടനകളെങ്കിലും പുതുതായി ഫൊക്കാനയില്‍ അംഗങ്ങളാക്കി ചേര്‍ക്കും.

ഫൊക്കാനയുടെ കണക്കു പുസ്തകം തുറന്ന പുസ്തകമാണെന്നു പ്രസ്താവിച്ച മുന്‍ ട്രഷറര്‍ ഷാജി വര്‍ഗീസ് കണക്കുകള്‍ സുതാര്യമായതിനാല്‍ വിവാദങ്ങള്‍ ഇല്ലാതെയാണ് ഇറങ്ങുന്നതെന്നു പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ചുള്ള പുതിയ ട്രഷററുടെ അഭിപ്രായം എങ്ങും തൊടാതെയായിരുന്നു. പുതിയ കമ്മിറ്റിയ്ക്ക് പുതിയ നയങ്ങളും പ്രവര്‍ത്തനരീതികളുമാണ് ഉള്ളതെന്ന് ട്രഷറര്‍ സജിമോന്‍ ആന്റണി വ്യക്തമാക്കി.

പ്രസ് ക്ലബ് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് രാജു പള്ളത്ത് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ജോര്‍ജ് തുമ്പയില്‍ മോഡറേറ്റര്‍ ആയിരുന്നു.

ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ അസ്സോസിയേറ്റ് ട്രഷറർ ഷീല ജോസഫ്, വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലൈസി അലക്‌സ്, നാഷണല്‍ കമ്മിറ്റി അംഗംങ്ങളായ അലക്‌സ് ഏബ്രഹാം , ദേവസി പാലാട്ടി എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ഫൊക്കാന മുന്‍ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്, വിമന്‍സ് ഫോറം മുന്‍ പ്രസിഡന്റ് ലീല മാരേട്ട്, ഫൊക്കാന ചാരിറ്റി ചെയര്‍ പോള്‍ കറുകപ്പള്ളില്‍, അഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. ചാക്കോ, അലക്‌സ് തോമസ് എന്നിവര്‍ സംസാരിച്ചു.

വാര്‍ത്ത: ഫ്രാന്‍സിസ് തടത്തില്‍

ചിത്രങ്ങള്‍: മഹേഷ് കുമാര്‍

P1188300 P1188306 P1188310 P1188313 P1188316 P1188325 P1188326 P1188328 P1188331 P1188333 P1188336 P1188340


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top