Flash News

പ്രധാനമന്ത്രി കേരളത്തില്‍; രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും വിലയിരുത്തി

August 18, 2018 , ശ്രീകുമാര്‍ പി

IMG-20180818-WA0025സംസ്ഥാനത്തെ പ്രളയബാധ വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേരളം സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം കാലാവസ്ഥ അനുകൂലമായ പ്രദേശങ്ങളിലുടെ വ്യോമമാര്‍ഗം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ അദ്ദേഹം വീക്ഷിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി ശ്രീ. കെ.ജെ.അല്‍ഫോന്‍സ് എന്നിവര്‍ക്കൊപ്പമായിരുന്നു വ്യോമനിരീക്ഷണം.

പ്രളയത്തില്‍ ജീവനും സ്വത്തും നഷ്ടപ്പെടാനിടയായതില്‍ പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

യോഗത്തെത്തുടര്‍ന്നു പ്രധാനമന്ത്രി സംസ്ഥാനത്തിന് 500 കോടി രൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. 12-08-18ന് ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ച നൂറു കോടിക്കു പുറമെയാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ ആവശ്യപ്പെടുന്ന മുറയ്ക്കു ലഭ്യമാക്കാമെന്ന ഉറപ്പും പ്രധാനമന്ത്രി നല്‍കി.

പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

rajnath-singh-kerala.jpg.image.784.410സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേക ക്യാംപുകളും നാശനഷ്ടം വിലയിരുത്തലും നടത്താന്‍ പ്രധാനമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. ഫസല്‍ ബീമ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള ക്ലെയിമുകള്‍ എത്രയും വേഗം അനുവദിച്ചുനല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രളയത്തില്‍ തകര്‍ന്ന റോഡുകളില്‍ പ്രധാന ദേശീയ പാതകള്‍ ആദ്യം നന്നാക്കാന്‍ ദേശീയ ഹൈവേ അതോറിറ്റിക്കു പ്രധാനമന്ത്രി നര്‍ദേശം നല്‍കി. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന ഗവണ്‍മെന്റിന് ആവശ്യമായ സഹായം നല്‍കണമെന്ന് എന്‍.ടി.പി.സി., പി.ജി.സി.ഐ.എല്‍. തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീണ്‍ ഭവന പദ്ധതിയില്‍ ഊഴം കാത്തിരിക്കുന്നവരില്‍ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു മുന്‍ഗണനാക്രമത്തില്‍ വീടുകള്‍ അനുവദിക്കും.

2018-19ലെ തൊഴില്‍ ബജറ്റില്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം അഞ്ചരക്കോടി മനുഷ്യാധ്വാന ദിനങ്ങള്‍ അനുവദിച്ചു. സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെടുന്നപക്ഷം ഇത് ഇനിയും വര്‍ധിപ്പിച്ചുനല്‍കും.

തോട്ടക്കൃഷി നശിച്ച കര്‍ഷകര്‍ക്കു വീണ്ടും കൃഷി ആരംഭിക്കാന്‍ മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ പ്രകാരം സഹായം നല്‍കും.

കേരളത്തിലെ പ്രളയസാഹചരം കേന്ദ്ര ഗവണ്‍മെന്റ് ഗൗരവപൂര്‍വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികൂലസാഹചര്യത്തെ നേരിടാന്‍ എല്ലാ സഹായവും സംസ്ഥാന ഗവണ്‍മെന്റിനു നല്‍കിവരികയാണ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം 21-07-2018നു സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. കെ.ജെ.അല്‍ഫോന്‍സിനൊപ്പം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ. കിരണ്‍ റിജിജു ആലപ്പുഴയിലെയും കോട്ടയത്തെയും പ്രളയബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ദുരിതം അനൂഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

2018 ഓഗസ്റ്റ് 12നു കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ. കെ.ജെ.അല്‍ഫോന്‍സിനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പം പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ച കേരളത്തിലെ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയിരുന്നു. കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ ചേര്‍ന്നു നടത്തുന്ന സുരക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ വിലയിരുത്തിയിരുന്നു. ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്നു നൂറു കോടി രൂപയുടെ ധനസഹായം ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന ഗവണ്‍മെന്റ് 21-07-2018നു നല്‍കിയ നിവേദനം പരിഗണിച്ച് 2018 ഓഗസ്റ്റ് ഏഴു മുതല്‍ 12 വരെ വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കേന്ദ്രസംഘം ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തിയിരുന്നു.

modi-7420151300 പേരും 435 ബോട്ടുകളും ഉള്‍പ്പെടുന്ന ദേശീയ ദുരന്തനിവാരണ സേനയുടെ 57 ടീമുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. ബി.എസ്.എഫിന്റെയും സി.ഐ.എസ്.എഫിന്റെയും ആര്‍.എ.എഫിന്റെയും അഞ്ചു കമ്പനികളും കേരളത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

കര, നാവിക, വ്യോമ സേനകളും തീരദേശ സംരക്ഷണ സേനയും കര്‍മനിരതമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 38 ഹെലികോപ്റ്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ആള്‍ക്കാരെ കടത്തുന്നതിനായി 20 വിമാനങ്ങള്‍ വേറെയും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലനം നേടിയ 790 പേര്‍ ഉള്‍പ്പെടുന്ന പത്തു സംഘങ്ങളെയും പത്ത് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. നാവികസേനയുടെ 82 സംഘങ്ങളാണു സജീവമായി പ്രവര്‍ത്തിച്ചുവരുന്നത്. തീരസംരക്ഷണ സേനയുടെ 42 സംഘങ്ങള്‍ക്കൊപ്പം രണ്ടു ഹെലികോപ്റ്ററുകളും രണ്ടു കപ്പലുകളും വിട്ടുകൊടുത്തിട്ടുണ്ട്.

ഓഗസ്റ്റ് ഒന്‍പതു മുതല്‍ ദേശീയ ദുരന്ത നിവാരണ സേനയും സൈന്യവും നാവികസേനയും ചേര്‍ന്ന് 6714 പേരെ രക്ഷപ്പെടുത്തുകയും 891 പേര്‍ക്കു വൈദ്യസഹായം നല്‍കുകയും ചെയ്തു.

അനിതരസാധാരണമായ സാഹചര്യം നേരിടുന്നതിനായി സംസ്ഥാന ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു. വെള്ളത്തിനു നടുവില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു. സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്ര ഗവണ്‍മെന്റ് തുടര്‍ന്നു പിന്‍തുണ നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top