മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ?: സാംസി കൊടുമണ്‍

IMG-20180813-WA0015ആഗസ്റ്റ് 12-ാം തീയ്യതി വൈകിട്ട് അഞ്ചു മണിക്ക് കെ.സി.എ.എന്‍.എയില്‍ വര്‍ഗീസ് ചുങ്കത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, അന്ന മുട്ടത്തിന്റെ “ജീവന്റെ ഈണങ്ങള്‍” എന്ന കൃതിയുടെ വെളിച്ചത്തില്‍ “മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനോ” എന്ന വിഷയം ചര്‍ച്ച ചെയ്തു.

സമകാലിന ഇന്ത്യന്‍ രാഷ്ട്രിയത്തെ ബഹുദൂരം നയിച്ച എം. കരുണാനിധിക്കും, ഇന്ത്യന്‍ വംശജനായ നൊബേല്‍ പുരസ്കാര ജേതാവായ വി.എസ്. നയ്പാളിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, സാംസി കൊടുമണ്‍ ഏവരേയും സ്വാഗതം ചെയ്തു.

മുട്ടത്തു വര്‍ക്കിയുടെ മരുമകള്‍ അന്ന മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍ എന്ന ഓര്‍മ്മക്കുറിപ്പ്, മുട്ടത്തു വര്‍ക്കിയുടെ വ്യക്തി ജീവിതത്തിലേക്ക് ഏറെ വെളിച്ചം വീശുന്നതാണന്ന് സാംസി കൊടുമണ്‍ അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തില്‍ അന്ന മുട്ടത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇന്ന് ഈ ചര്‍ച്ചക്ക് വഴിയൊരിക്കിയതെന്നും അദ്ദേഹം പറഞ്ഞു. 71-ാം പേജില്‍ പറയുന്നു; “… എന്നാല്‍ മലയാള സാഹുത്യസാംസ്കാരിക രംഗം വേണ്ട രീതിയില്‍ ആ എഴുത്തുകാരനെ മാനിച്ചുവോ? ഇല്ല. അദ്ദേഹം സംഭാവന ചെയ്ത നോവലുകളും ചലച്ചിത്രങ്ങളും മലയാള മനസ്സിന് മുതല്‍ക്കൂട്ടുതന്നെയാണ്. ജീവിച്ചിരുന്ന കാലത്തൊരെഴുത്തുകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വില ഗണിക്കപ്പെട്ടില്ല. നിരൂപകര്‍ പ്രശംസിക്കാന്‍ മടിച്ചു. … പാടാത്ത പൈങ്കിളി എന്ന ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡല്‍ കിട്ടി… ഈ വാര്‍ത്ത ആരും കേട്ടതായിപോലും നടിച്ചില്ല. എന്നാല്‍ ഇതേ പുരസ്കാരം നീലക്കുയില്‍ എന്ന ചിത്രത്തിനു കിട്ടിയപ്പോള്‍ അതെല്ലാവരും കൊണ്ടാടി. (പേജ് 72)… ആ സാഹിത്യ ജീവിതത്തെ ഒരിക്കíലും അംഗികരിക്കാന്‍ സാഹിത്യ അക്കാദമി തയ്യാറായിട്ടില്ല. കീഴാളപ്രിയനായ ഒരെഴുത്തുകാരനെ സാഹിത്യത്തിലെ മേലാളന്മാര്‍ കണ്ടില്ലന്നു വരിക സ്വഭാവികമാണല്ലോ.”

IMG-20180813-WA0007ചോദ്യം ന്യായമായിരിക്കാം എന്നാല്‍ മുട്ടത്തു വര്‍ക്കി ഒരിക്കലും അവഗണിക്കപ്പെട്ട എഴുത്തുകാരനായിരുന്നില്ല എന്നും തന്നെപ്പോലെയുള്ള ആയിരക്കണക്കിനു വായനക്കാരെ സാഹിത്യത്തിലേക്കടുപ്പിച്ചത് മുട്ടത്തു വര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’, ‘പാടാത്ത പൈങ്കിളി’, ‘അഴകുള്ള സെലീന’ മുതലായ കൃതികാളാണന്നും സാംസി കൊടുമണ്‍ ചൂണ്ടിക്കാട്ടി. ഉപോല്‍ബലകമയി സുധീര്‍ പണിക്കവീട്ടില്‍ മുട്ടത്തു വര്‍ക്കിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ നിന്നും ഏതാനും ഭാഗങ്ങള്‍ സാംസി കൊടുമണ്‍ വായിച്ചു. “മദ്ധ്യതിരുവതാംകൂറിലെ ക്രിസ്തീയ കുടുംബാന്തരീക്ഷവും, ഭാഷാ രീതിയും, അവിടങ്ങളിലെ പ്രകൃതി ഭംഗിയും ഒരു ചിത്രം പോലെ മനസ്സില്‍ തെളിയുന്ന വിധത്തിലുള്ള ആഖ്യാന ശൈലി, അതു വീണ്ടും വീണ്ടും വായിക്കാന്‍ ഉത്സാഹം പകരുന്നു. അഴകുള്ള സെലീനമാരും, പാടാത്ത പൈങ്കിളിയും, തെക്കന്‍ കാറ്റില്‍ പ്രേമത്തിന്റെ പട്ടുതുവ്വാലകള്‍ പറത്തി മയിലാടും കുന്നിലൂടെ സ്വപ്നകണ്ണുകളുമായി നടന്നു നീങ്ങുന്നത് കണ്മുന്നില്‍ കാണുന്നു. മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിന്, അതാ, അവിടെ അങ്ങോട്ട് പരന്നു കിടക്കുന്ന മുണ്ടകന്‍ പാടത്തേക്ക് നിങ്ങള്‍ വരികയാണെങ്കില്‍ അവിടെ ഞാനെന്റെ കഥാപാത്രങ്ങളെ കാണിച്ചു തരാം.

IMG-20180813-WA0010കാവ്യാത്മകമായ ഗദ്യമായിരുന്നു മുട്ടത്തു വര്‍ക്കിയുടേത്. എഴുപത്തഞ്ചോളം നോവലുകള്‍ അദ്ദേഹം മലയാളത്തിന് തന്നു. അതൊക്കേയും വായനക്കാര്‍ സ്വീകരിക്കുകയും ചെയ്തു. മുട്ടത്തു വര്‍ക്കിയുടെ തിരഞ്ഞെടുത്ത കഥകള്‍ക്ക് അവതാരിക എഴുതിയ പ്രൊഫ. അച്ചുതന്‍ എഴുതി – “ശ്രിമാന്‍ മുട്ടത്തു വര്‍ക്കി മലയാള സാഹിത്യത്തിലെ ഒരത്ഭുതമാണ്. മറ്റുള്ളവര്‍ക്ക് സാധിക്കാത്ത പലതും അദ്ദേഹത്തിന് കൈവന്നിരിക്കുന്നു. സമൂഹത്തിലെ അനീതികള്‍, ഉച്ചനീചത്വങ്ങള്‍, കുബേര പുത്രന്റേയും കുചേല പുത്രിയുടേയും മനസ്സിലുദിക്കുന്ന പ്രണയങ്ങളും, അവയുടെ സാഫല്യങ്ങളും ദുരന്തങ്ങളും പച്ചയായ ജീവിതത്തിന്റെ അനേകം മുഖങ്ങള്‍ കഥകളിലെല്ലം പ്രത്യാശയുടേയും വിശ്വാസത്തിന്റേയും സന്ദേശങ്ങള്‍ നിറച്ചുവെയ്ക്കുകയും ചെയ്തു മുട്ടത്തു വര്‍ക്കി.” അനുവാചകന്റെ ഹൃദയത്തില്‍ മുട്ടത്തു വര്‍ക്കി ഉറപ്പിച്ച കനക സിംഹാസനത്തിന് ഒരുകാലത്തും ഇളക്കം തട്ടുകയില്ലെന്നും സുധീര്‍ പണിക്കവീട്ടില്‍ തന്റെ ലേഖനത്തില്‍ പറഞ്ഞുറപ്പിച്ചു.

IMG-20180813-WA0011സാംസി കൊടുമണ്‍ തന്റെ ആമുഖം പറഞ്ഞവസാനിപ്പിച്ചതിങ്ങനെയാണ്. മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം കഥകളിലെ ഒരേ പശ്ചാത്തലവും പേരുകള്‍ മാത്രം മാറുന്ന കഥാപാത്രങ്ങളുമായിരിക്കാം. കഥാപ്രപഞ്ചത്തില്‍ സ്വയം വികാസങ്ങള്‍ സംഭവിക്കാതേയും, കഥാപാത്രങ്ങള്‍ സ്വയം വളരാതേയും, മുന്‍കൂട്ടി തീര്‍മാനിച്ചുറപ്പിച്ചതുപോലെയുള്ള കഥാ പരിസമാപ്തിയും ആയിരിക്കാം. അദ്ദേഹത്തിന്റെ സമകാലിനരായ എഴുത്തുകാര്‍ കുറേക്കൂടി ആഴമുള്ള കഥകള്‍ മലയാളത്തിനു നല്‍കി എന്നുള്ളതും വിസ്മരിക്കത്തക്കതല്ല.

IMG-20180813-WA0016വര്‍ഗീസ് ചുങ്കത്തില്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍, ജീവിന്റെ ഈണങ്ങള്‍ എഴുതിയ അന്ന മുട്ടത്തിന്റെ ഭാഷാശുദ്ധിയേയും, എഴുത്തിന്റെ ആത്മാര്‍ത്ഥതയും അഭിനന്ദിച്ചു. മുട്ടത്തു വര്‍ക്കിയുമായുള്ള ആത്മബന്ധം വിളിച്ചറിയുന്ന ചെറിയ ചെറിയ സംഭവങ്ങള്‍ ഒരു വലിയ പ്രപഞ്ചത്തെ തുറന്നു തരുന്നുണ്ട്. മുട്ടത്തു വര്‍ക്കി അന്ന മുട്ടത്തിന്റെ വീട്ടില്‍ വിരുന്നു ചെന്ന ഒരു അവസരത്തേക്കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. “മുട്ടത്തു വര്‍ക്കി വന്നിട്ടുണ്ടെന്നറിഞ്ഞതും നാട്ടുകാര്‍ പാഞ്ഞെത്തിയതും ഒരുമിച്ചായിരുന്നു. കല്ലുവെട്ടുകാരന്‍ കുഞ്ഞുമുണ്ടനും ഭാര്യ കിളിവേലവും മകളും, റെബറു വെട്ടുകാരന്‍ ഔസേഫും തെറുതാപെണ്ണും വേലത്തിയും കുഞ്ഞുകുഞ്ഞും, പരിചമുട്ടുകാരായ മത്തായിയും സംഘവും, ഉഴവുകാരനായിരുന്ന വര്‍ഗിസ് ചേട്ടന്‍. ചെത്തുകാരന്‍ നാരയണന്‍ എന്നുവേണ്ട സകല നാട്ടുകാരും.” സത്യത്തില്‍ ഇവരൊക്കെ മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങള്‍ തന്നെ. കഥാപാത്രങ്ങള്‍ കഥാകാരനെ കണ്ടെത്തുന്ന അവസരം വളരെ രസകരമയി. ഗ്രാമീണ ഭംഗി ഇത്രമാത്രം കഥകളില്‍ കാട്ടിത്തരുന്ന മറ്റൊരെഴുത്തുകാരനുണ്ടോ എന്നു സംശയമാണ്. ഇടത്തരം ക്രിസ്തിയ കുടുംബത്തിന്റെ കഥ പറയുന്ന മുട്ടത്തു വര്‍ക്കി കായലിന്റേയും, കരയുടേയും, പ്രേമത്തിന്റേയും, പ്രേമഭംഗത്തിന്റേയും, കൊന്നപ്പൂവിന്റേയും, ഇലഞ്ഞിപ്പൂവിന്റേയും ഒക്കെ കഥ പറയുമ്പോള്‍, അതുവായിക്കാന്‍ മേരിയും, അമ്മിണിയും, ചിരുതയും, തേവനും, ഗോപാലനും, മത്തായിയും ഒക്കെ ക്ഷമയോടെ കാത്തിരിക്കുന്നു. ചങ്ങമ്പുഴക്കൊപ്പം ജനകീയനായ എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന് വര്‍ഗിസ് ചുങ്കത്തില്‍ പ്രകീര്‍ത്തിച്ചു.

IMG-20180813-WA0001മുട്ടത്തു വര്‍ക്കി എഴുതിയ കാലഘട്ടം മലയാള സാഹിത്യത്തിന്റെ സുവര്‍ണ്ണ കാലമെന്ന്, മുട്ടത്തു വര്‍ക്കി കൃതികളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തിയ പി.റ്റി. പൗലോസ് അഭിപ്രായപ്പെട്ടു. ആ സുവര്‍ണ്ണ കാലത്തിലെ ഒരു വായനക്കാരന്‍ ആകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥമുണ്ടെന്നും, മുട്ടത്തു വര്‍ക്കി കഥയിലെ കഥാപാത്രങ്ങളെപ്പോലെ പ്രേമവും, നിരാശയും ഏറ്റുവാങ്ങി, തന്റെ പ്രണയ വര്‍ണ്ണങ്ങളില്‍ മുട്ടത്തു വര്‍ക്കി നിറഞ്ഞു നിന്നിരുന്നുവെന്നും പൗലോസ് സാക്ഷ്യപ്പെടുത്തി. കേരളത്തില്‍ എന്നും കവിതയില്‍ ചങ്ങമ്പുഴയും, നോവലില്‍ മുട്ടത്തു വര്‍ക്കിയും ജനകീയ എഴുത്തുകാരായി നിലനില്‍ക്കും. മണ്ണിനേയും മനുഷ്യനേയും ഒരുപോലെ സ്‌നേഹിച്ച ആ എഴുത്തുകാരന്റെ അതുല്ല്യ ഭാവനെയെ വയലാറു പോലും കടം കൊണ്ടിട്ടില്ലേയെന്ന് വയലാറിന്റെ ചില വരികള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. മുട്ടത്തു വര്‍ക്കിയുടെ തൂലികയില്‍ നിന്നും ഇതള്‍ വിരിഞ്ഞ പ്രണയകാവ്യങ്ങളില്‍ പ്രഭാത പുഷ്പങ്ങളുടെ നൈര്‍മല്യമുണ്ടായിരുന്നു . മഞ്ഞു തുള്ളികളുടെ പരിശുദ്ധി ഉണ്ടായിരുന്നു. ഊഷ്മള സ്‌നേഹത്തിന്റെ ആര്‍ദ്രതയുണ്ടായിരുന്നു. തന്റെ ഗ്രാമത്തിലെ നീലാകാശത്തിലെ നക്ഷത്രങ്ങള്‍ക്ക് കൂടുതല്‍ ശോഭ നല്‍കി. ഗ്രാമ വൃക്ഷങ്ങളിലിരുന്നു പാടിയ കുയിലുകളുടെ പാട്ടുകള്‍ക്ക് അനശ്വര പ്രേമത്തിന്റെ ഈണം ഉണ്ടായിരുന്നു. മുട്ടത്തു വര്‍ക്കി സ്വയം പണിത തന്റെ സിംഹസനത്തില്‍ മറ്റാര്‍ക്കും കടന്നു കയറാന്‍ ഇടമില്ല. മുട്ടത്തു വര്‍ക്കി ഇടതുപക്ഷ സഹയാത്രികനല്ലാതിരുന്നത് ഒരുപക്ഷേ അന്നത്തെ പുരോഗമനസാഹിത്യകാരന്മാര്‍ക്കിടയില്‍ അദ്ദേഹത്തെ അനഭിമതനാക്കിയിരിക്കാം. അദ്ദേഹത്തെ പൈങ്കിളി എന്നാക്ഷേപിച്ചതിനു പിന്നിലും അവരുടെ സ്വാധീനം പ്രകടമായിരുന്നു എന്ന് പി. റ്റി. പൗലോസ് അഭിപ്രായപ്പെട്ടു.

IMG-20180813-WA0017പാടാത്ത പൈങ്കിളിയും പാടും എന്ന ശീര്‍ഷകത്തില്‍ ഡോ. നന്ദകുമാര്‍, അന്ന മുട്ടത്തിന്റെ ജീവന്റെ ഈണങ്ങള്‍ എന്ന പുസ്തകത്തിനെഴുതിയ ആസ്വാദനം ഏറെ ശ്രദ്ധേയമായി. പുസ്തകത്തിലൂടെ സശ്രദ്ധം സഞ്ചരിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പുസ്തകത്തിന്റെ ഉള്‍ക്കാമ്പു വെളിപ്പെടുത്തുന്നതായിരുന്നു. മുട്ടത്തു വര്‍ക്കി ആത്മകഥ എഴുതിയിട്ടില്ലാത്തതിനാല്‍ ഈ പുസ്തകം വളരെ ഉചിതമായിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തിലെ ഹൃദയസ്പര്‍ശിയായ അനേകം ഉദ്ധരണികളിലുടെ കടന്നുപോയ ഡോ. നന്ദകുമാര്‍, അന്ന മുട്ടം ഭര്‍തൃ പിതാവിന്റെ തുപ്പല്‍ കോളാമ്പി കഴുകുന്നതും മറ്റും വിവരിച്ച് അവരുടെ സേവന സന്നദ്ധതയെ പ്രകീര്‍ത്തിച്ചു. കൂടാതെ മുട്ടത്തു വര്‍ക്കി ഫൗണ്ടേഷനു വേണ്ടി മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച് ആ എഴുത്തുകാരനെ മലയാള സാഹിത്യത്തിന്റെ മുന്‍പന്തിയില്‍ പ്രതിഷ്ഠിച്ചു എന്നും അഭിപ്രായപ്പെട്ടു. അവാര്‍ഡുകളാണോ എഴുത്തുകാരന്റെ കൃതിയുടെ മൂല്യം അളക്കുന്ന അളവുകോല്‍? മുട്ടത്തു വര്‍ക്കിയെപ്പോലൊരെഴുത്തുകാരന്‍ എങ്ങനെയാണ് അവഗണിക്കപ്പെടുക. മുട്ടത്തു വര്‍ക്കി മലയാളികള്‍ക്ക് വായനയുടെ സുവര്‍ണ്ണകാലം സമ്മാനിച്ചു. ഇത്ര മാത്രം വായനക്കാരുള്ള എഴുത്തുകാര്‍ മലയാളത്തില്‍ വേറെ ഉണ്ടായിരുന്നുവോ..? ഒരിക്കല്‍ മുട്ടത്തു വര്‍ക്കി ഒരു പ്രസംഗവേദിയില്‍ പറയുകയുണ്ടായി “വിശ്വസാഹിത്യകാരന്മാരായി ഇവിടെ ഇരിക്കുന്ന പലരുടെയും കൃതികള്‍, മുഷിയാത്ത പുറം ചട്ടയുമായി വായനശാലകളുടെ അലമാരകളീല്‍ വായനക്കാരേയും കാത്തിരിക്കുമ്പോള്‍ എന്റെ കൃതികള്‍ മുഷിഞ്ഞു നാറിയ പുറം ചട്ടയുമായി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഓടിനടക്കുന്നു. എനിക്കതില്‍ കൂടിയ ഒരംഗികാരം ആവശ്യമില്ല.” അതെ, മുട്ടത്തു വര്‍ക്കി ഒരിക്കലും അവഗണിക്കപ്പെട്ട എഴുത്തുകാരനല്ല എന്ന് ഡോ. നന്ദകുമാര്‍ ഊന്നി പറഞ്ഞു, അതുപോലെ അന്ന മുട്ടത്തില്‍ പാടുന്ന പൈങ്കിളിയാണന്ന് ഈ പുസ്തകത്തിലുടെ തെളിയിച്ചിരിക്കുന്നതായും പറഞ്ഞു.

IMG-20180813-WA0022വായനക്കു മുമ്പുതന്നെ എഴുത്തുകാരന്റെ വീടു പരിചപ്പെട്ട സാഹചര്യം കോരസണ്‍ ഗൃഹാതുരതയോടെ വിവരിച്ചു. സ്വപിതാവിനൊപ്പം മുട്ടത്തു വര്‍ക്കിയുടെ വീട്ടുപടിക്കലൂടെ കടന്നുപോകുമ്പോഴൊക്കെ ഇതാണ് മുട്ടത്തു വര്‍ക്കിയുടെ വീടെന്നദ്ദേഹം അഭിമാനത്തോട് പറയുന്നത് പിന്നിട് മുട്ടത്തു വര്‍ക്കിയെ വായിക്കുവാന്‍ പ്രചോദനം നല്‍കി. നാട്ടിന്‍ പുറത്തെ മഴക്കാലത്ത് സ്കൂള്‍ യാത്രയില്‍ പെങ്ങള്‍ ലില്ലിയുടെ കുടക്കീഴില്‍ പോയിരുന്നതിനാല്‍ നാട്ടുകാര്‍ക്കിടയില്‍, മുട്ടത്തു വര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞു പെങ്ങളും’ എന്ന വിളിപ്പേര്‍ പതിഞ്ഞു കിട്ടിയതും മുട്ടത്തു വര്‍ക്കിയോട് ഒരു ആത്മബന്ധം വളര്‍ന്നുവരുന്നതിനിടയായി എന്ന് കോരസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു കാലഘട്ടത്തെ സ്വാധിച്ച ഏറ്റവും ജനകീയനായ എഴുത്തുകാരനായിരുന്നു മുട്ടത്തു വര്‍ക്കിയെന്ന് കോരസന്‍ ആ എഴുത്തുകാരനെ അടയാളപ്പെടുത്തി.

IMG-20180813-WA0026ഏറ്റവും പ്രിയപ്പെട്ട മരുമകള്‍ ചെയ്ത ഈ സ്മരണിക ഏറെ ശ്ലാഘനിയമെന്ന് രാജു തോമസ് അഭിപ്രായപ്പെട്ടു. മുട്ടത്തു വര്‍ക്കിയുടെ ജീവിത നിരീക്ഷണം തന്റെ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. “കഥ” മുട്ടത്തു വര്‍ക്കി എന്ന ഡോക്യുമെന്ററി കാണാന്‍ ഇടയായതിനാല്‍ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു വര്‍ക്കി ഒരു ബഹുഭാക്ഷാ പണ്ഡിതനായിരുന്നുവെന്നും ഇംഗ്ലിഷില്‍ നിന്നും ഒന്നില്‍ കൂടുതല്‍ പുസ്തകങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്തിട്ടുണ്ടെന്നും, ഏറ്റവും ക്ലേശകരമായ ശ്രദ്ധരവൃത്തത്തില്‍ കന്യമറിയത്തെപ്പറ്റിയുള്ള ഒരു കാവ്യം മുട്ടത്തു വര്‍ക്കി രചിച്ചിട്ടുണ്ടെന്നും രാജു തോമസ് പറയുകയും അതിലെ നാലു വരികള്‍ ചൊല്ലി കേള്‍പ്പിക്കുകയും ചെയ്തു. ജോസ് ചെരിപുറം പറഞ്ഞത്: പ്രേമം എന്ന വിശുദ്ധ വികാരം ക്രിസ്ത്യാനികള്‍ അശ്ലീലമായി കരുതിയിരുന്ന ഒരു കാലത്ത് പ്രേമ കഥകള്‍ എഴുതുകയും, പ്രേമിക്കാനുള്ള പ്രചോദനം നല്‍കുകയും ചെയ്ത എഴുത്തുകാരന്‍. പണ്ഡിതന്മാരെന്ന് വിശ്വസിച്ചിരുന്നവര്‍ സംസ്കൃതത്തില്‍ മാത്രം എഴുതിയിരുന്ന ആ കാലത്തില്‍ മലയാള സാഹിത്യത്തില്‍ വിപ്ലവകരമായി സാധാരണക്കാര്‍ക്കു വേണ്ടി എഴുതിയ രണ്ടു പേരാണ് ചങ്ങമ്പുഴയും മുട്ടത്തു വര്‍ക്കിയും. ഒരിക്കല്‍ മുട്ടത്തു വര്‍ക്കിയെ നേരില്‍ കണ്ട അനുഭവവും ജോസ് ചെരിപുറം അനുസ്മരിച്ചു. പ്രൊഫ. അമ്മിണി അന്ന മുട്ടത്തിനെ അനുമോദിക്കയും, വരും തലമുറക്കു വേണ്ടി ഈ പുസ്തകം ഇംഗ്ലിഷിലേക്ക് മൊഴി മാറ്റം ചെയ്താല്‍ നന്നാകും എന്നും അഭിപ്രായപ്പെട്ടു. മുട്ടത്തു വര്‍ക്കിയുടെ ഓര്‍മ്മകള്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കട്ടെ എന്നവര്‍ ആശംസിച്ചു.

IMG-20180813-WA0027അന്ന മുട്ടത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു. അവരുടെ ഭര്‍ത്താവ് ബേബിയുടെ ഏറ്റവും വലിയ ഒരു മോഹമായിരുന്നു അപ്പച്ചനെക്കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പുകള്‍. ആ ആഗ്രഹം പൂര്‍ത്തികരിക്കാതെ ഈ ലോകം വിട്ട ബേബിച്ചനു വേണ്ടിയാണീ പുസ്തകമെന്നും അന്ന മുട്ടത്ത് പറഞ്ഞു. മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ വിശദീകരിക്കുകയുണ്ടായി. കാലത്തില്‍ തനിക്ക് വിശ്വാസമുണ്ടേന്നും, ഒരുനാള്‍ കാലം മുട്ടത്തു വര്‍ക്കിയെ തിരിച്ചറിയുമെന്നും അന്ന മുട്ടത്ത് പറഞ്ഞു.

ഒരിക്കലും മുട്ടത്തു വര്‍ക്കി അവഗണിക്കപ്പെട്ട എഴുത്തുകാരനായിരുന്നില്ലെന്ന്, ഇവിടെ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നതായി സാംസി കൊടുമണ്‍ തന്റെ നന്ദി പ്രകാശന വേളയില്‍ ചൂണ്ടിക്കാട്ടി. വരും തലമുറയിലെ സാഹിത്യ വിദ്യാര്‍ത്ഥികളും, ചരിത്രകാരന്മാരും മദ്ധ്യതിരുêവതാംകൂറിന്റെ ചരിത്രം പഠിക്കാന്‍ മുട്ടത്തു വര്‍ക്കി കൃതികളെ ആശ്രയിക്കേണ്ടിവരും എന്നത് ചരിത്ര വസ്തുതയാണ്. കാരണം സാഹിത്യം ചരിത്രം കൂടിയാണ് എന്ന് സാംസി കൊടുമണ്‍ പറഞ്ഞുകൊണ്ട് എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News