Flash News

തിരുവല്ല, ആറന്മുള, നെല്ലിയാമ്പതി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരം; തൃശൂര്‍ കരുവന്നൂര്‍ പുഴ ഗതി മാറി ഒഴുകുന്നു

August 19, 2018

flood-3കൊച്ചി: മഴയ്ക്ക് അല്പം ശമനം ലഭിച്ചെങ്കിലും പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാകുന്നു. തിരുവല്ലയിലും ആറന്മുളയിലും നെല്ലിയാമ്പതിയിലും സ്ഥിതി അതീവഗുരുതരമാണ്, ഭക്ഷണവും വെള്ളവുമില്ലാതെ നാലാംദിവസമാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. വെള്ളം താഴ്ന്നിട്ടും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. 5000 പേരോളമാണ് ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നത്. പമ്പാതീരത്ത് 3000 പേരാണ് രക്ഷ തേടിയത്. കുടുങ്ങിക്കിടക്കുന്നവര്‍ വീടുവിട്ടു വരാന്‍ തയാറാകണമെന്ന് സര്‍ക്കാരും വ്യോമസേനയും അറിയിച്ചു.

ചെറുതോണി അണക്കെട്ടില്‍ നിന്നുള്ള ഒഴുക്ക് കുറച്ചു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന് 140 അടിയായി. ആലുവയിലും ചാലക്കുടിയിലും കാലടിയിലും വെള്ളം ഇറങ്ങി, പെരിയാറില്‍ ജലനിരപ്പ് താഴുന്നു. കനത്ത മഴ ഉണ്ടാകില്ല. എല്ലാ ജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു

എറണാകുളത്ത് ക്യാംപുകളില്‍ സ്ഥിതി ദയനീയമാണ്. വസ്ത്രവും മരുന്നുമില്ല. പനായിക്കുളം ക്യാംപില്‍ രോഗികളായി ഒട്ടേറെപ്പേരാണുള്ളത്. വെള്ളമിറങ്ങിയെങ്കിലും ആലുവയില്‍ ദുരിതം വിട്ടുമാറിയിട്ടില്ല. കടകളിലും വീടുകളിലുമടക്കം കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

കുട്ടനാടും അപ്പര്‍ കുട്ടനാടും വീണ്ടും ദുരിതക്കയത്തിലാണ്. എണ്‍പത് ശതമാനത്തിലേറെപ്പേരെയും ഒഴിപ്പിച്ചു. തൃശൂരില്‍ കരുവന്നൂര്‍ പുഴ ഗതിമാറിയൊഴുകുകയാണ്. ആറാട്ടുപുഴയിലെ 600 വീടുകള്‍ വെള്ളത്തിനടിയിലായി. പള്ളിക്കെട്ടിടം തകര്‍ന്ന് ആറുപേര്‍ മരിച്ച പറവൂര്‍ കുത്തിയതോടില്‍ ദുരന്തത്തിന് ഇരയായവരുടെ ദയനീയ കാഴ്ചയാണുള്ളത്.

എറണാകുളം- തൃശൂര്‍ ദേശീയപാതയില്‍ ഭാഗികമായും എംസി റോഡില്‍ പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ആര്‍ടിസി കുതിരാന്‍വഴിയും ഭാഗികമായി സര്‍വീസ് തുടങ്ങി. കോട്ടയംവഴി ട്രെയിന്‍ ഓടിത്തുടങ്ങി. വേണാടും വഞ്ചിനാടും സര്‍വീസ് നടത്തുന്നുണ്ട്.

പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഴക്കെടുതിയില്‍ ഇന്ന് മൂന്നു പേര്‍ മരിച്ചു. എറണാകുളം പറവൂര്‍, കടുങ്ങല്ലൂര്‍ മേഖകളിലും ചെങ്ങന്നൂരിലുമാണ് കൂടുതല്‍ ദുരിതം. ചെങ്ങന്നൂര്‍ മേഖലയില്‍ ഇനി അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റവന്യൂ വകുപ്പിന്റെ കണക്ക്. ചെങ്ങന്നൂര്‍, പാണ്ടനാട്, വെണ്‍മണി മേഖലകളിലായാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്. ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു ഇന്നലെ രക്ഷപ്പെടുത്തിയ 149 പേരെ തിരുവനന്തപുരത്ത് എത്തിച്ചു.

ജലനിരപ്പ് കുറഞ്ഞതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കുടുങ്ങിക്കിടക്കുന്നവര്‍ വീടുവിട്ട് വരാന്‍ തയ്യാറാകണമെന്ന് സര്‍ക്കാരും വ്യോമസേനയും അഭ്യര്‍ഥിച്ചു. ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വേണുഗോപാലിനെ നിയോഗിച്ചു. കുട്ടനാട്ടില്‍ നിന്ന് 97% പേരെയും ഒഴിപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. തൃശൂരിലെ ആറാട്ടുപുഴയില്‍ ബണ്ട് റോഡ് തകര്‍ന്ന് കരുവന്നൂര്‍ പുഴ ഗതിമാറി ഒഴുകുന്നു. ഈ വെള്ളം തൃശൂരിലെ കോള്‍പ്പാടങ്ങളില്‍ ജലനിരപ്പുയര്‍ത്തി. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി.

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറയുമ്പോഴും പൊന്നാനി കോള്‍ മേഖലയിലേക്ക് പുഴയില്‍ നിന്നുള്ള വെള്ളം എത്തുകയാണ്. എരമംഗലം പത്തിരം ഹരിജന്‍ കോളനി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. കുമരകം ,ഇല്ലിക്കല്‍, അയ്മനം തുടങ്ങിയ പടിഞ്ഞാറന്‍ മേഖലകളില്‍ ആയിരത്തിലേറെ വീടുകള്‍ വെളളത്തിലാണ്. പാലക്കാട് നെല്ലിയാമ്പതിയില്‍ മൂവായിരം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാന്‍ നടപടികള്‍ എടുത്തു. ഇടുക്കി ജില്ലയിലെ മലയോരമേഖലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടു.

മറയൂര്‍, മൂന്നാര്‍, ചെറുതോണി, എടമലക്കുടി തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. ഇന്ധനക്ഷാമവും രൂക്ഷമായി. നെന്മാറ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. എറണാകുളം കിഴക്കേ കടുങ്ങല്ലൂരില്‍ വട്ടോളിപ്പറമ്പില്‍ മണിയുടെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ കരുവന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് കരുവന്നൂര്‍ സ്വദേശി മോഹനന്‍ മരിച്ചു. മഴ കുറഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിലൊഴികെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ടും ബാക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ, ചാലക്കുടി, കാലടി, പന്തളം മേഖലകളില്‍ വെള്ളം ഇറങ്ങി. ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാതെ വിട്ടുനിന്ന അഞ്ചു ബോട്ടുടമകളില്‍ നാലുപേരെ അറസ്റ്റ്‌ചെയ്തു. ആലുവയില്‍ നിന്നുള്ള കുടിവെള്ള പമ്പിങ് ഭാഗികമായി പുനഃസ്ഥാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top