Flash News

മഹാപ്രളയത്തെ കേരളം ചെറുക്കുന്നത് (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

August 20, 2018

mahapralayam banner1കേരളം ഒരു മഹാപ്രളയത്തോട് സര്‍വ്വ ശേഷിയും ശക്തിയും സമാഹരിച്ച് മല്ലിടുകയാണ്. ഇതെഴുതുമ്പോള്‍ പ്രളയത്തിന്റെ മൂന്നാം ദിനത്തിലും പെരിയാറിന്റെ തീരങ്ങളിലും പമ്പാനദി പ്രളയത്തില്‍ മുക്കിയ പ്രദേശങ്ങളിലും കുട്ടനാട്ടിലും ഒറ്റപ്പെട്ടു കഴിയുന്ന നിസ്സഹായരായ ആബാലവൃദ്ധം ജനങ്ങളെ രക്ഷിക്കാനുള്ള മഹാദൗത്യം തുടരുകയാണ്. കേരള സര്‍ക്കാറിന്റെ നേതൃത്വത്തിലും ഏകോപനത്തിലും. കേന്ദ്ര സേനയുടെയും സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ആയിരകണക്കായ സന്നദ്ധ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും കൂട്ടായ്മയോടെ.

‘ഞങ്ങളെ രക്ഷിക്കണേ’ എന്ന ഹൃദയം പിളര്‍ക്കുന്ന നിലവിളി പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളുടെ പല പ്രദേശങ്ങളില്‍നിന്നും ഇപ്പോഴും ഉയരുകയാണ്. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും നാം പലപ്പോഴും കണ്ട അഭയാര്‍ത്ഥികളുടെ മരവിച്ച മുഖങ്ങളിലെ ഉത്ക്കണ്ഠയും വിശപ്പിന്റെ തീക്ഷ്ണതയും കേരളത്തിലും നമ്മുടെ തൊട്ടരികില്‍. രക്ഷാപ്രവര്‍ത്തനവും ഭക്ഷണമടക്കം മറ്റു സഹായങ്ങളും എത്തിക്കാനുള്ള ശ്രമം യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്നു. രാജ്യത്തിന്റെ ഒരു ഭാഗത്തും ഇതിനു മുമ്പു ഇത്തരം സന്ദര്‍ഭങ്ങളില്‍ കാണാത്ത അടിയന്തര ദൗത്യമാണ് കേരളം നിര്‍വ്വഹിക്കുന്നത്.

Kozhikode: People engage in flood rescue work after Kakkayam dam was opened following heavy monsoon rainfall, in Kozhikode on Thursday, Aug 16, 2018. (PTI Photo) (PTI8_16_2018_000281B)

അതിവര്‍ഷം, വെള്ളപ്പൊക്കം എന്ന വിശേഷണങ്ങളൊക്കെ കടന്ന് കേരളം നേരിടുന്ന ദുരന്തം എത്തിനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയദുരന്തത്തിലാണ്. ’99ലെ വെള്ളപ്പൊക്ക’മെന്ന് ഞെട്ടലോടെ കേരളം ഓര്‍മ്മിക്കുന്ന 1924 ജൂലൈ 23നു തുടങ്ങി മൂന്നാഴ്ച നീണ്ടുനിന്ന പ്രളയത്തില്‍. ദക്ഷിണ-മധ്യ കേരളത്തിലെ അഞ്ചു ജില്ലകളെ അന്ന് മഹാപ്രളയം ദുരന്തത്തിലാഴ്ത്തി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കൂറ്റന്‍ കരിമേഘങ്ങള്‍ 3368 മില്ലിമീറ്റര്‍ മഴ അന്നു കോരിച്ചൊരിഞ്ഞു. പ്രളയജലം പെരിയാറിലൂടെയും കൈവഴികളിലൂടെയും ഒഴുകി നാശം വിതക്കുകയായിരുന്നു.

1895ല്‍ നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നുകൂടി ഒഴുക്കിവിട്ട ജലംകൂടി ചേര്‍ന്ന് അന്ന് തകര്‍ത്തെറിഞ്ഞത് മൂന്നാറിലെ കരിതിരിമലയും കണ്ണന്‍ദേവന്‍ ചായത്തോട്ടത്തിലേക്കുള്ള കുണ്ടലവാലി റയില്‍പാളവും എറണാകുളം – മൂന്നാര്‍ റോഡുംമറ്റുമായിരുന്നു. തൃശൂര്‍ ജില്ലയുടെ പല പ്രദേശങ്ങളും ഇന്നെന്നപോലെ അന്നും പ്രളയത്തിനടിയിലായി. ഇടുക്കി, കോട്ടയം, കുട്ടനാട് ഉള്‍പ്പെട്ട ആലപ്പുഴ ജില്ലകള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായി. വന്‍ ആള്‍നാശത്തിന്റെയും കന്നുകാലികളും കൃഷിയിടങ്ങളടക്കം നേരിട്ട വന്‍ നഷ്ടങ്ങളുടെയും കണക്ക് ചരിത്രത്തില്‍ പക്ഷെ രേഖപ്പെടുത്തിയിട്ടില്ല.

പ്രകൃതി ശക്തികളുടെ ആ അസാധാരണ സംഹാരപ്രക്രിയയേക്കാള്‍ ഇത്തവണ ആഘാതം സൃഷ്ടിച്ചത് പ്രകൃതിക്കെതിരായ മനുഷ്യനിര്‍മ്മിതമായ അതിക്രമങ്ങളുടെയും നിര്‍മ്മിതികളുടേയും പ്രത്യാഘാതമാണ്. അതാണ് പ്രളയം കൂടുതല്‍ പ്രദേശത്തേക്കും കൂടുതല്‍ മനുഷ്യരിലേക്കും നാശനഷ്ടങ്ങളിലേക്കും വ്യാപിപ്പിച്ചത്. ഈ വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയപാര്‍ട്ടികളും മാറിവന്ന സര്‍ക്കാറുകളും സ്വാധീനശക്തിയും പണശക്തിയും വഴി ഇടപെടാന്‍ നിര്‍ബന്ധിതമായ കോടതികളുടെ സഹായത്താല്‍ ഉണ്ടാക്കിയ പ്രകൃതി നിയമത്തിനെതിരായ പ്രവൃത്തികളും നിര്‍മ്മിതികളും വിഭവ ചൂഷണവും 2018ലെപ്രളയദുരന്തം 1924ലേതിന്റെ തലത്തിലേക്ക് എത്തിക്കുകയായിരുന്നു.

201808191025000928_Kerala-floods-Congress-NCP-Sena-lawmakers-to-donate-a_SECVPFസ്വാതന്ത്ര്യത്തിന്റെ 72-ാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഇത്തരമൊരു അടിയന്തര സ്ഥിതിവിശേഷത്തെ നേരിടാനുള്ള സുരക്ഷാ ആസൂത്രണവും ഏകോപനവും സംവിധാനങ്ങളും അതിനുവേണ്ട പരിശീലനവും നമുക്കില്ലാതെപോയി. നൂറോളം അണക്കെട്ടുകളും സമുദ്രതീരങ്ങളും നിരവധി നദികളും കൈവഴികളും മാത്രമല്ല രണ്ട് കാലവര്‍ഷക്കാലവുമുള്ള സംസ്ഥാനത്തിന് ഒരുക്കാന്‍ കഴിയാതെപോയി എന്നതും കുത്തിനോവിക്കുന്ന സത്യമാണ്. സംസ്ഥാനത്തിനേക്കാളേറെ കേന്ദ്ര സര്‍ക്കാറിന്റെ ആസൂത്രണത്തിന്റെയും ഭരണ നയങ്ങളുടേയും ഭാഗമായി രാജ്യത്താകെ രൂപപ്പെടേണ്ട ഭരണകൂട പ്രതിരോധ കവചമായിരുന്നു അത്.

ഈ ദുരന്തത്തില്‍ ജനങ്ങള്‍ക്കൊപ്പം കൈത്താങ്ങായി സംസ്ഥാനഗവണ്മെന്റ് ആദ്യന്തം നിലകൊള്ളുന്നു എന്നത് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. മുന്നറിയിപ്പു നല്‍കിയും ദുരിതാശ്വാസ പ്രവര്‍ത്തനവും കേന്ദ്ര – സംസ്ഥാന ഏജന്‍സികളുടെ ഏകോപനം നടത്തിയും. ഇതിന്റെ ഫലമായി നേരത്തെ ഉത്തരാഖണ്ഡിലോ ജമ്മു-കശ്മീരിലോ തൊണ്ണൂറുകളില്‍ ബംഗ്ലദേശിലോ ഉണ്ടായതുപോലുള്ള ആയിരങ്ങളുടെ ജീവനെടുത്ത മനുഷ്യദുരന്തം കേരളത്തിലുണ്ടായില്ല. 325 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. നാലുലക്ഷത്തിലേറെപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. ഭഗീരഥ പ്രയത്‌നംകൊണ്ടാണത് സാധിച്ചത്. ഇതെഴുതുന്ന വെള്ളിയാഴ്ച രക്ഷാദൗത്യത്തില്‍മാത്രം 82,000ത്തിലേറെപ്പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്കു രക്ഷപെടുത്തി എന്നത് മഹാപ്രളയത്തിലെ മഹാദുരന്തത്തെ എങ്ങനെ കേരളം പ്രതിരോധിച്ചു എന്നതിന്റെ സ്വയം സംസാരിക്കുന്ന കണക്കുകളാണ്.

എന്നിട്ടും ആയിരങ്ങള്‍ കുടിവെള്ളവും ഭക്ഷണവുമില്ലാതെ ദിവസങ്ങളായി പ്രളയവലയത്തില്‍ കുടുങ്ങി ഇപ്പോഴും നില്‍ക്കുകയാണ്. അവരുടെ ജീവനും സുരക്ഷയും ഉറപ്പുവരുത്തുക എന്ന അടിയന്തര ദൗത്യമാണ് ഇപ്പോള്‍ കേരളത്തിനു നിര്‍വ്വഹിക്കാനുള്ളത്. 70,085 കുടുംബങ്ങളിലെ മൂന്നേകാല്‍ ലക്ഷത്തോളംപേര്‍ രണ്ടായിരത്തില്‍പരം വരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് ദേശീയ വാര്‍ത്തപോലുമല്ല. മറിച്ച്, ഇത്രയുംപേരുടെ ജീവന്‍ പ്രളയം എടുത്തിരുന്നെങ്കില്‍ കേരളത്തിലെ പ്രളയം മഹാദുരന്തമായി ലോകം അറിയുമായിരുന്നു എന്ന വൈരുദ്ധ്യമാണ് ഈ ദൗത്യ വിജയത്തിന്റെ മറുവശം.

kerala-floodകേരളം അനുഭവിക്കുന്ന ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍ പെരിയാറോ പമ്പയോ ഇടുക്കിയിലെ നമ്മുടെ വന്‍ ജലസംഭരണികളോ അല്ല. ഇത് പതിവു കാലവര്‍ഷകെടുതിയല്ലെന്നാണ് അന്താരാഷ്ട്ര ഭൗമ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ശാന്തസമുദ്ര മേഖലയില്‍ 2014ല്‍ പ്രകടമായ എല്‍- നിനോ പ്രതിഭാസം അവസാനിച്ച് ഈ വര്‍ഷം ഉണ്ടായ സൂര്യ നിമ്‌നത്തിന്റെ പ്രത്യാഘാതമാണ് കേരളത്തില്‍ പ്രളയമഴയായി പതിച്ചതെന്ന് അവര്‍ പറയുന്നു. ശാന്ത സമുദ്രത്തില്‍നിന്നു ചൂടുള്ള വെള്ളം ഇന്തോനേഷ്യന്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവിടെ രൂപംകൊണ്ട മേഘപാളികള്‍ ഉയര്‍ന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് നീങ്ങി. ഒഡീഷയില്‍ ഉണ്ടായ ന്യൂനമര്‍ദ്ദവും ഈ കരിമേഘക്കൂട്ടങ്ങളുടെ പശ്ചിമ ഘട്ടനിരകളിലേക്ക് ആഞ്ഞടിച്ചുള്ള വരവും ചേര്‍ന്നാണ് 99ലെ (മലയാളവര്‍ഷം) വെള്ളപ്പൊക്കത്തെ അമുസ്മരിപ്പിച്ച പ്രളയം കേരളത്തിനെയാകെ മുക്കിയത്. അണക്കെട്ടുകളിലെ ജനവിതാനം കുതിച്ചുയര്‍ന്നപ്പോള്‍ ഒന്നിച്ചു തുറന്നുവിടേണ്ടിവന്നതും ഇതിന്റെ വ്യാപ്തിയും സംഹാരശക്തിയും ബന്ധപ്പെട്ടവരുടെ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. ഇതാണ് സംഭവിച്ചത്.

ഇതിന്റെ ഉത്തരവാദിത്വം കേരളത്തിനോ ഇവിടുത്തെ ഗവണ്മെന്റിനോ അല്ല. ആഗോള പ്രകൃതി അവസ്ഥ സൃഷ്ടിച്ച ഈ ദുരന്തം സാര്‍വ്വദേശീയ- ദേശീയ തലത്തില്‍നിന്നു കനഡയുടെ ജനസംഖ്യ പേറുന്ന കൊച്ചു കേരളത്തില്‍ മാത്രമായി. എന്നിട്ടും ലക്ഷങ്ങളുടെ ജീവന്‍ പ്രളയത്തിനു കുരുതികൊടുക്കാതെ കാക്കുകയും ശതകോടികളുടെ മഹാനഷ്ടം സംസ്ഥാനം ഏറ്റുവാങ്ങുകയും ചെയ്തു.

ആ നിലയ്ക്ക് കേരളത്തിന്റെ ദുരന്തം ഇന്ത്യയുടെ ദേശീയ ദുരന്തമായി നെഞ്ചേറ്റേണ്ടത് കേന്ദ്ര ഗവണ്മെന്റാണ്. യു.എന്‍ അടക്കം അന്താരാഷ്ട്ര സമൂഹത്തിന്റെയാകെ സഹായം കേരളത്തിന് ലഭ്യമാക്കേണ്ടത് പ്രധാനമന്ത്രിയാണ്. ഏതാനും കോടി രൂപ ഔദാര്യമായി നല്‍കിയതുകൊണ്ടായില്ല. ഈ ദേശീയ ദുരന്തത്തെ പ്രതിരോധിച്ച കൊച്ചു കേരളത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ കേന്ദ്ര ഗവണ്മെന്റ് പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഭരണപരമായ ദൗത്യം നിര്‍വ്വഹിക്കുകയാണ് വേണ്ടത്. സംസ്ഥാനത്തിന്റെ നഷ്ടം 20,000 കോടിയെങ്കിലും വരുമെന്നാണ് ഔദ്യോഗിക കണക്ക്. യഥാര്‍ത്ഥ നീതി കേന്ദ്രത്തില്‍നിന്നുണ്ടാകുമോ എന്നു കാണാനിരിക്കുന്നു.

244_34_1534680283അനുഭവത്തിലും വസ്തുതാപരമായും പരിശോധിക്കുമ്പോള്‍ പ്രകൃതിശക്തികള്‍ സൃഷ്ടിച്ച ഈ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സര്‍ക്കാറുകളാണ്. അതുകൂടി നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യയടക്കമുള്ള ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ സ്വാതന്ത്ര്യാനന്തര സര്‍ക്കാറുകളെയും അവരുടെ വികസന നയങ്ങളെയും സാമൂഹിക – സാമ്പത്തിക ഘടകങ്ങളുമായി ചേര്‍ത്ത് ‘ഏഷ്യന്‍ ഡ്രാമ’ എന്ന ഏറ്റവും വലിയ സാമ്പത്തിക – സാമൂഹിക – ശാസ്ത്രീയ പഠനം നിര്‍വ്വഹിച്ച ഗുണ്ണാര്‍ മിര്‍ഡല്‍ അതിന്റെ ആമുഖമായി ചൂണ്ടിക്കാട്ടുന്ന വസ്തുത ഈ പ്രളയത്തിന്റെ അനുഭവപാഠവുമായി ബന്ധപ്പെടുത്തി മനസിലാക്കേണ്ടതുണ്ട്:

പ്രകൃതി ശക്തികള്‍ക്ക് വിധേയമായി നിലകൊള്ളുകയാണ് സാമ്പത്തിക സ്ഥിതിഗതികള്‍ എന്നത് തെറ്റായ നിലപാടാണെന്ന് മിര്‍ഡല്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിബദ്ധതയോടുകൂടിയ ആസൂത്രണത്തിന്റെ ഭാഗമായി സാമ്പത്തികാവസ്ഥയേയും വികസനത്തേയും മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണകൂടങ്ങള്‍ക്കു കഴിയണമെന്ന് മിര്‍ഡല്‍ വിശദീകരിക്കുന്നു. അത്തരം ആസൂത്രണം നിര്‍വ്വഹിക്കുന്നതില്‍ ഇന്ത്യയിലെ ഗവണ്മെന്റുകള്‍ പരാജയപ്പെട്ടെന്ന് 1967ല്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചതാണ്. അതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനുപകരം പ്രകൃതി ശക്തികളിലോ ദൈവത്തില്‍തന്നെയോ ചുമത്തി ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാറുകള്‍ക്കു പ്രത്യേകിച്ചു കേന്ദ്രസര്‍ക്കാറിനു മാറിനില്‍ക്കാനാവില്ല.

കേന്ദ്രീകൃത ആസൂത്രണംതന്നെ ഉപേക്ഷിച്ച ഒരു രാജ്യത്ത് സംസ്ഥാന സര്‍ക്കാറിനോ കേന്ദ്രം ഭരിക്കുന്നവരുടെ ഉദാരതകൊണ്ടോ പരിഹരിക്കപ്പെടുന്നതല്ല പ്രകൃതി ദുരന്തവും അതു തകര്‍ത്ത വികസന പ്രവര്‍ത്തനവും ജനങ്ങളുടെ പുരോഗതിയും. ഈ യാഥാര്‍ത്ഥ്യം സ്വാതന്ത്ര്യാനന്തരം രാജ്യം മുന്നോട്ടുപോയ ഏഴു പതിറ്റാണ്ടുകളില്‍ ഇവിടെ ആവിഷ്‌ക്കരിച്ച ആസൂത്രണ പ്രത്യയശാസ്ത്രവും ജനങ്ങളുടെ തുല്യതയെന്ന വികസന പരിപ്രേക്ഷ്യവുമായികൂടി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്.

KERALA-RAINS-INDIA-FLOOD-ENVIRONMENT-AFP_18E6GE-753x450എല്ലാവരും മുഴക്കുന്ന വികസനം എന്ന മുദ്രാവാക്യത്തിന്റെ പൊള്ളത്തരം നാം അഭിമുഖീകരിക്കുന്ന ഈ മഹാപ്രളയം തുറന്നുകാട്ടുന്നു. നമ്മുടെ അണക്കെട്ടുകള്‍, നീരൊഴുക്കിന്റെ വഴികള്‍, റോഡുകള്‍, വനമേഖലകള്‍, പാരിസ്ഥിതിക സംരക്ഷണ മേഖലകള്‍ തുടങ്ങി സര്‍വ്വതും ധനത്തിന്റെ ആര്‍ത്തിമൂത്ത് നാം കൊള്ളചെയ്തു. അതിന്റെ ഒരു യഥാര്‍ത്ഥ കാനേഷുമാരി കണക്കെടുപ്പുകൂടിയാണ് 2018ലെ കേരള പ്രളയം ലോകത്തിനുമുമ്പില്‍ എഴുതിതീര്‍ക്കുന്നത്.

അതിന്റെ മറ്റൊരുവശം, ഇതേതുടര്‍ന്ന് നമ്മുടെ സംസ്ഥാനത്തിന് സംഭവിച്ചുകഴിഞ്ഞ വികസനത്തിന്റെയും പുരോഗതിയുടെയും ഏറ്റവും വലിയ തിരിച്ചടിയുടെ അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിനു കൈമോശം വന്നുപോയ പഴയ സ്ഥിതിയിലേക്ക് വീണ്ടും സംസ്ഥാനത്തെ തിരിച്ചെത്തിക്കാന്‍ കേരള സര്‍ക്കാറിന്റെ പരിമിതമായ പദ്ധതി ഫണ്ടുകള്‍കൊണ്ടോ ബജറ്റ് ജാലവിദ്യകള്‍കൊണ്ടോ ദുരിതാശ്വാസ ഫണ്ടുകളിലേക്ക് നാനാ ഭാഗത്തുനിന്നും പ്രവഹിക്കുന്ന സഹായംകൊണ്ടു മാത്രമോ സാധ്യമല്ല.

തെരഞ്ഞെടുപ്പു രാഷ്ട്രീയമാണ് കേന്ദ്രഭരണ നേതാക്കളെ ഇപ്പോള്‍ നയിക്കുന്ന മുഖ്യ വികാരം. അതുകൊണ്ട് തേന്‍മൊഴി കേള്‍ക്കുമെങ്കിലും ഈ ദുരന്തത്തെ നേരിട്ട് പഴയ നിലയിലേക്കെങ്കിലും ജനങ്ങളേയും സംസ്ഥാനത്തേയും എത്തിക്കാന്‍ വേണ്ട കേന്ദ്രസഹായം ലഭിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ പ്രധാനമന്ത്രിക്കുമുമ്പില്‍ സംസ്ഥാന ഗവണ്മെന്റ് സമര്‍പ്പിച്ചിട്ടുള്ള കണക്കുകള്‍ യഥാര്‍ത്ഥ ആവശ്യത്തിന്റെ വക്കുതൊടുമെന്നുപോലും നമുക്ക് കരുതാനാകില്ല. പ്രളയജലം ഒഴുകിത്തീര്‍ന്ന് കേരളം പഴയ നിലയിലേക്ക് എത്തുമ്പോഴായിരിക്കും ഒരു നൂറ്റാണ്ടിന്റെ വളര്‍ച്ചപോലും നഷ്ടപ്പെടുകയും നാം പിറകോട്ട് എടുത്തെറിയപ്പെട്ടിരിക്കുകയാണെന്ന ഭീകരയാഥാര്‍ത്ഥ്യം നമുക്കു മുമ്പില്‍ ഉയര്‍ന്നുവരിക. സാംക്രമിക രോഗങ്ങളും ആരോഗ്യപ്രശ്‌നങ്ങളും വേറൊരു ദുരന്തം വിതക്കുംമുമ്പ് കേരളത്തിനു നേരിടേണ്ടതുണ്ട്.

അതുകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും ലോക രാഷ്ട്രങ്ങളിലുമുള്ള മലയാളത്തിന്റെ മക്കളുടെ കൂട്ടായ ഒരു മഹാ സഹായ യത്‌നംകൂടി കേരളത്തെ പുന:സൃഷ്ടിക്കാന്‍ നമുക്കു കൂടിയേതീരൂ. ഭരണ – പ്രതിപക്ഷമെന്നുള്ള രാഷ്ട്രീയ വ്യത്യാസങ്ങളും ജാതി-മത ഭേദങ്ങളും മറന്ന് സംസ്ഥാനത്തിനും ജനങ്ങള്‍ക്കുംവേണ്ടി കൂട്ടായി പ്രവര്‍ത്തിക്കുക എന്ന ഒരവസ്ഥയിലേക്ക് ഇപ്പോള്‍ നാം നിര്‍ബന്ധിതരായി എത്തിയിട്ടുണ്ട്. സര്‍വ്വനാശത്തിനിടയിലും പ്രകൃതി നിര്‍വ്വഹിച്ച ഗുണപരമായ കാര്യമാണത്.

ഈ യോജിപ്പിന്റെ തലത്തില്‍നിന്ന് നാം മലയാളികള്‍ ആഗോളതലത്തില്‍ കൈകോര്‍ത്ത് നീങ്ങിയാല്‍ കേരളത്തെ പുന:സൃഷ്ടിക്കാനും മാതൃകാപരമായി ലോകത്തിനുമുമ്പില്‍ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കും. നമ്മുടെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ വീടുകളിലും പ്രദേശങ്ങളിലും ഒറ്റപ്പെട്ടു കുടുങ്ങിയ കുടുംബങ്ങളെ രക്ഷിക്കാന്‍ കേരളത്തില്‍ സ്വമേധയാ നിര്‍വ്വഹിക്കുന്ന ദൗത്യം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃകയാണ്.

TH20CHENGANNURഅത്തരമൊരു പശ്ചാത്തലം ഒരുങ്ങുമ്പോള്‍ ഈ പ്രളയക്കെടുതിയിലേക്കു നയിച്ച നമ്മുടെ വികസനങ്ങളുടെയും ഭരണനയങ്ങളുടെയും തെറ്റുകളും പാളിച്ചകളും പുന:പരിശോധിച്ചു തിരുത്താന്‍ നമുക്കാകും. അടുത്ത നൂറ്റാണ്ടിനുകൂടി മാതൃകയാകാവുന്ന ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിലാകണം നമ്മുടെ തുടര്‍ന്നുള്ള ലക്ഷ്യം. യു.എന്‍ മുതല്‍ അന്താരാഷ്ട്ര സംഘടനകളുടേയും നമ്മുടെ അയല്‍ രാജ്യങ്ങളുടേയും ആത്മാര്‍ത്ഥമായ സഹായം കേരളത്തിന്റെ പുനസൃഷ്ടിക്കു തേടേണ്ടതുണ്ട്.

അതിന് ഭാവനാപൂര്‍ണ്ണമായും ദീര്‍ഘവീക്ഷണത്തോടെയും പ്രതിബദ്ധതയോടെയും നേതൃത്വം നല്‍കാന്‍ സംസ്ഥാന ഗവണ്മെന്റ് ഈ സാഹചര്യം ഉപയോഗപ്പെടുത്തണം. അതിനുവേണ്ട സഹായങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്ര ഗവണ്മെന്റില്‍നിന്നു വിശേഷിച്ചും നേടിയെടുക്കാന്‍ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ – ജനാധിപത്യ ഗവണ്മെന്റ് മുന്‍കൈ എടുക്കണം. ഇതിനാവശ്യമായ വികസന പ്രത്യയശാസ്ത്രവും ഭരണനയങ്ങളും കാഴ്ചപ്പാടുമാണ് ഈ കെടുതികള്‍ അവസാനിക്കുന്നതിന്റെ തുടര്‍ച്ചയായി രൂപപ്പെടുത്തി നടപ്പാക്കേണ്ടത്.

അത്തരമൊരു ബദല്‍ ആസൂത്രണം ജനങ്ങള്‍ക്കു മുമ്പില്‍വെച്ചാല്‍ അത് പ്രവൃത്തിയില്‍ വരുത്താനും വിജയിപ്പിക്കാനും പ്രയാസമില്ല. ഓരോ കേരളീയനേയും കേരളത്തിലെ ഓരോ കുടുംബത്തേയും സ്വയം പര്യാപ്തതയുടേയും പുരോഗതിയുടേയും വിതാനത്തിലേക്ക് ഉയര്‍ത്തുന്നതായിരിക്കണം അത്. ദേശീയപ്രസ്ഥാനകാലത്ത് നാം പ്രതിജ്ഞചെയ്ത എല്ലാവര്‍ക്കും തുല്യതയെന്ന അവസ്ഥ കക്ഷിരാഷ്ട്രീയ- വിഭാഗീയ പ്രളയങ്ങളില്‍ എന്നോ മുങ്ങിപ്പോയി. അത് ഉറപ്പുവരുത്താന്‍ കേരളത്തിനാകണം. ലോകത്തെമ്പാടുമുള്ള മലയാളികളുടെ ശക്തമായ പിന്തുണ രാഷ്ട്രീയ- വിശ്വാസഭേദങ്ങള്‍ക്കപ്പുറം അതിനു ലഭിക്കും.

65 വര്‍ഷംമുമ്പ് കേന്ദ്ര ആസൂത്രണത്തിന്റെ ലക്ഷ്യവും ഭാവിയും വിശദീകരിച്ച് പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞു: വര്‍ഗീയതയുടേയും ജാതീയതയുടേയും പ്രാദേശിക വാദത്തിന്റെയും മറ്റെല്ലാവിധ വിഘടന പ്രവണതകളുടെയും ആപത്തില്‍നിന്ന് ദേശീയ ആസൂത്രണം നമ്മെ രക്ഷിക്കുമെന്ന്. എന്നാല്‍ ആസൂത്രണത്തിന്റെ ലക്ഷ്യം തന്നെ ഉടച്ചുതകര്‍ത്ത നമ്മള്‍ വര്‍ഗീയതയുടെ മാത്രമല്ല മത-ഭീകരവാദത്തിന്റെയടക്കം മുമ്പിലാണിപ്പോള്‍.

പ്രളയം നമ്മെ ഒഴുക്കില്‍ മുക്കി താഴ്ത്തിയപ്പോള്‍ മാത്രമാണ് ഇപ്പറഞ്ഞതെല്ലാം മറന്ന് മനുഷ്യരാണെന്ന തിരിച്ചറിവിലേക്ക് നമ്മളെത്തിയത്. അതാണ് ഒറ്റപ്പെട്ടു രക്ഷതേടുന്ന മനുഷ്യരുടെ അവസ്ഥയില്‍ ദൃശ്യമായത്. രക്ഷാപ്രവര്‍ത്തനത്തിന് നീങ്ങുന്ന കൂട്ടായ്മയില്‍ പ്രകടമായത്. നവോത്ഥാനത്തിന്റെ മുന്നേറ്റത്തില്‍നിന്നു ജനാധിപത്യത്തിന്റെയും ഇടതുപക്ഷത്തിന്റെയും പാതയിലേക്കു മുന്നേറിയ കേരളം ലോകത്തിനുമുമ്പില്‍ അവതരിപ്പിച്ച മാതൃക നമ്മള്‍തന്നെയാണ് പിച്ചിക്കീറിയത്. നേരിട്ടും കൂലിക്ക് ആളെ നിയോഗിച്ചും രാഷ്ട്രീയ പ്രതിയോഗികളെ കൊലചെയ്യുന്ന രാഷ്ട്രീയത്തിന്റെ ചോരക്കളം തീര്‍ത്തതും നമ്മള്‍തന്നെ.

ആ സ്ഥിതിക്ക് പ്രളയദുരന്തം പെട്ടെന്ന് ഒരു മാറ്റം വരുത്തിയിരിക്കുന്നു. മാനവികതയുടെയും കൂട്ടായ്മയുടെയും ഒരു പുതിയ മുഖമാണ് അതില്‍നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നത്. തിരിച്ചുപോക്കില്ലാത്ത മാനവികതയുടെ പുതിയ കേരളം നിര്‍മ്മിച്ചുയര്‍ത്തിയാണ് ഈ സാഹചര്യത്തില്‍ നാം ഇനി മുന്നോട്ടുകൊണ്ടുപോകേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top