ഹ്യൂസ്റ്റന്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ്സ് സീറോ മലബാര്‍ ഫൊറോന ദേവാലയ അംഗങ്ങളും വിശ്വാസികളും കേരള നാടിനെ നടുക്കിയ പ്രളയ ദുരിതബാധിതരോട് അനുകമ്പയും സ്നേഹവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ആഗസ്റ്റ് 19-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനക്കുശേഷം പള്ളി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കേരളത്തിനും ദുരിതബാധിതര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകളും സഹായനിധി ശേഖരണവും നടത്തി. പള്ളി വികാരി ഫാ. കുര്യന് നെടുവേലിചാലുങ്കല്‍ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. കഴിഞ്ഞ കൊല്ലം ഏതാണ്ട് ഇതേ കാലയളവില്‍ ഹ്യൂസ്റ്റന്‍ നിവാസികള്‍ ഇത്തരം ഒരു മഹാപ്രളയ ദുരിതത്തെ, ഹരിക്കെയിന്‍ ഹാര്‍വിയെ നേരിട്ടത് ഫാ. കുര്യന് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. അന്ന് ഈ ദേവാലയം പ്രളയ ദുരിതബാധിതര്‍ക്ക് ഒരു ഷെല്‍ട്ടറായി തുറന്ന് കൊടുത്തിരുന്നു. ഇന്ന് നമ്മുടെ ജന്മനാടായ കേരളത്തിലെ നമ്മുടെ ഉറ്റവരും ഉടയവരുമായ ജനങ്ങള്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും വളരെയധികം നാശനഷ്ടങ്ങള്‍ സഹിച്ച് കഷ്ടപ്പെടുകയാണ്. നമ്മുടെയെല്ലാം പ്രാര്‍ത്ഥനയോടൊപ്പം നമ്മുടെ ഹൃദയകവാടങ്ങള്‍ അവര്‍ക്കായി തുറക്കപ്പെടണം. ഓരോരുത്തരും അവരവരാല്‍ കഴിയുന്ന വിധത്തില്‍ സ്വാന്തനവും സാമ്പത്തികവുമായ സഹായങ്ങള്‍ സത്വരമായി ചെയ്യണം.തന്റെ ഒരു മാസത്തെ ശമ്പളം ഈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. അതുപോലെ കഴിയുമെങ്കില്‍ ഇടവകാംഗങ്ങള്‍ കുറഞ്ഞത് അവരുടെ ഒരു ദിവസത്തെ ശമ്പളമോ വരുമാനമോ ഈ ജീവകാരുണ്യ നിധിയിലേക്ക് നീക്കിവയ്ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായ പ്രാര്‍ത്ഥനകളും, പ്രതിജ്ഞാവാചകങ്ങളും ഇടവക അസിസ്റ്റന്റ് വികാരി ഫാ. രാജീവ് ഫിലിപ്പ് വലിയവീട്ടില്‍ സദസ്യര്‍ക്ക് ചൊല്ലിക്കൊടുത്തു. ഈ മഹാപ്രളയത്തില്‍ ജനസുരക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍പോലും ബലികഴിക്കേണ്ടി വന്നവര്‍ക്കും മറ്റ് അപകടത്തില്‍പ്പെട്ടു മരിച്ചവര്‍ക്കും പ്രത്യേകം ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള മൗന പ്രാര്‍ത്ഥനയും യോഗത്തില്‍ നടത്തി. തുടര്‍ന്ന് കേരള ദുരിതാശ്വാസ ഫണ്ടിലേക്ക് ഇടവകാംഗവും കെംപ്ലാസ്റ്റ് കമ്പനി പ്രസിഡന്റുമായ അലക്സാണ്ടര്‍ കുടകച്ചിറ പതിനായിരം ഡോളറും, വില്‍ഫ്രഡ് സ്റ്റീഫന്‍ അയ്യായിരം ഡോളറും നല്കി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. അന്നുതന്നെ പലരില്‍ നിന്നായി ദുരിതാശ്വാസ നിധിയിലേക്ക് 72000 ല്‍ അധികം ഡോളര്‍ ലഭിക്കുകയുണ്ടായി. കുറഞ്ഞത് ഒരു ലക്ഷം ഡോളറെങ്കിലും ഉടന്‍ തന്നെ കേരളത്തിലേക്ക് അയക്കാനാണ് തീരുമാനം.
മിസൗറി സിറ്റി മേയര്‍ അലന് ഓവന് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതബാധിതരോട് അനുകമ്പയും സ്നേഹവും ഒപ്പം ദുഃഖവും പ്രകടിപ്പിച്ചുകൊണ്ട് പ്രസംഗിച്ചു. അദ്ദേഹം സ്വന്തം നിലയില്‍ ഒരു നല്ല തുക സംഭാവനയും നല്കി. ഇടവക അംഗമായ ബോസ് കുര്യന് മേയര്‍ക്കും മറ്റ് ഉദാരമതികളായ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫോര്‍ട്ട്ബെന്റ് സ്കൂള്‍ ബോര്‍ഡ് മെമ്പറും ജഡ്ജ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ.പി.ജോര്‍ജ്ജും യോഗത്തെ അഭിസംബോധന ചെയ്തു. ഇടവകയിലെ കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും അവസരോചിതമായ വൈവിദ്ധ്യമേറിയ കലാപരിപാടികള്‍ അവതരിപ്പിച്ച് ഈ ജീവകാരുണ്യാസംഗമ ചടങ്ങിന് മാറ്റുകൂട്ടി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply