Flash News

സീറോ മലബാര്‍ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനര്‍മൂല്യനിര്‍ണയവും (ചാക്കോ കളരിക്കല്‍)

August 21, 2018 , ചാക്കോ കളരിക്കല്‍

syro malabar sabha banner1“Has Europe lost its soul?” എന്നപ്രയോഗം നാംകേട്ടിട്ടുണ്ട്. അതുപോലെ മനുഷ്യനോ മതമോ സഭയോ എന്തുമായിക്കൊള്ളട്ടെ അതിനെല്ലാം അതിന്‍റ്റേതായ ഒരു ആത്മാവ് ഉണ്ടാവണം. ആ ആത്മാവ് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു. സീറോ മലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായ അനിഷ്ടസംഭവങ്ങള്‍. ചില ഉദാഹരണങ്ങള്‍ മാത്രം ഇവിടെ കുറിക്കട്ടെ: നമ്മുടെ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ട രുപത്തിനു പകരം പാഷാണ്ഡ കുരിശായ മാനിക്കേയന്‍ കുരിശിനെ ‘മാര്‍തോമാ കുരിശ്’ ആക്കി വിശ്വാസികളുടെ എതിര്‍പ്പിനെ അവഗണിച്ച് പള്ളികളായ പള്ളികളിലെല്ലാം വണക്കത്തിനായി ചങ്ങനാശ്ശേരിയിലെ മെത്രാപ്പോലീത്ത ആയിരുന്ന മാര്‍ ജോസഫ് പൗവ്വത്തിലിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചു. റോമന്‍ സാമ്രാജ്യാതൃത്തിയിലുള്ള പൗരസ്ത്യ സഭകളില്‍ പെടാത്ത, മാര്‍തോമായാല്‍ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണി കത്തോലിക്കാ സഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ ഇറാഖിലെ കല്‍ദായ സഭയുടെ പുത്രീസഭയാക്കി. 1991ല്‍, റോമന്‍ പൗരസ്ത്യ സഭകളുടെ ഭാഗമല്ലാത്ത നമ്മുടെ നസ്രാണി സഭയ്ക്കും പൗരസ്ത്യ കാനോന്‍ നിയമം ബാധകമാക്കി. നസ്രാണികളുടെ വിലപ്പെട്ട പൈതൃകമായിരുന്ന പള്ളി പൊതുയോഗത്തെ നിര്‍ജീവമാക്കി പകരം പാശ്ചാത്യ സഭയിലുള്ള വികാരിയെ ഉപദേശിക്കാന്‍ മാത്രം അവകാശമുള്ള പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി.

Chackoതൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തലോരില്‍ കാനോന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആശ്രമം വക ഇടവകപ്പള്ളി നിര്‍ത്തല്‍ ചെയ്ത് പുതിയ ഇടവക സ്ഥാപിച്ചു. സഭയുടെ തലവനും നായകനുമായ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി രൂപത വക വസ്തു കള്ളക്കച്ചവടം നടത്തി രൂപതയെ കടക്കെണിയിലാക്കി. മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്തരുടെയും ഇടയില്‍ സ്ത്രീകളോടും കുട്ടികളോടുമുള്ള ലൈംഗിക അതിക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നു. സഭയുടെ പൊതുസ്വത്ത് അത്തരം ലൈംഗിക കുറ്റവാളികളെ നിയമത്തില്‍ നിന്നും രക്ഷപെടുത്താന്‍ സഭാധികാരികള്‍ ചിലവഴിക്കുന്നു. പുരാതനവും ചരിത്രപ്രാധാന്യമുള്ളതുമായ പുണ്യ ദേവാലയങ്ങള്‍ ഇടിച്ചു നിരത്തി ഇടവകക്കാരെ കുത്തിപ്പിഴിഞ്ഞ്‌ കോടികള്‍ ശേഖരിച്ച് പുതിയ മെഗാപള്ളികള്‍ പണിയുന്നു. ലളിത ജീവിതത്തിലൂടെ വിശ്വാസികള്‍ക്ക് മാതൃകയാകേണ്ട മെത്രാന്മാരും വൈദികരും അത്യാഢംബര ജീവിതം നയിച്ച്‌ ലോകരുടെ മുമ്പില്‍ ഉതപ്പിന് കാരണക്കാരാകുന്നു. സമ്പത്തിനോടുള്ള അത്യാര്‍ത്തി സഭാധികാരികളെ വിഴുങ്ങിക്കളയുന്നു. അനധികൃതമായി ഭൗതിക സമ്പത്തു സമാഹരിക്കുന്നതും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി ചൂഷണം ചെയ്യുന്നതും വിശ്വാസികളെ ബൗദ്ധിക അടിമത്തത്തില്‍ നിലനിര്‍ത്തുന്നതും ഹൃദയമില്ലാത്ത വൈദികരാണ്. അപ്പോള്‍ മൂല്യവിചാരമില്ലാത്ത സഭാതലവന്മാരുടെയും ശുശ്രൂഷകരുടെയും ദുഷ്പ്രവര്‍ത്തികളാണ്‌ സീറോ മലബാര്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെടാന്‍ കാരണം. സീറോ മലബാര്‍ കത്തോലിക്കാ സഭ ലോകം മുഴുവന്‍ പടര്‍ത്തിയാലും അതിന്‍റെ ആത്മാവു നശിച്ചാല്‍ എന്തുഫലം?

ഈ അവസരത്തില്‍ നല്ല വൈദികരുടെ മൗനം അവരെ ഒരു വിധത്തില്‍ അപ്രസക്തരും മറ്റൊരു വിധത്തില്‍ പ്രസക്തരുമാക്കുന്നു. കാനോന്‍ നിയമത്തിന്‍റെ ബലത്തില്‍ മെത്രാന്മാര്‍ നമ്മുടെ പൂര്‍വ്വികര്‍ പണിയിച്ച പള്ളികളുടെ താക്കോല്‍ പിടിച്ചു പറിച്ചപ്പോള്‍ ഇടവക വൈദികരുടെ മൗനം മെത്രാന്മാര്‍ക്ക് അനുകൂലമായ ശബ്ദത്തിന്‍റെ പെരുമഴയായിരുന്നു. അവര്‍ മെത്രാന്മാര്‍ക്ക് അനുകൂലമായി നിന്ന് മൗനത്തിലൂടെ പ്രസക്തരായി. മെത്രാന്മാരുടെ തീരുമാനത്തിനെതിരായി വിശ്വാസികളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടി ഒച്ചപ്പാടുണ്ടാകാതെ മൗനം പാലിച്ചതിനാല്‍ അവര്‍ ദൈവജനമധ്യത്തില്‍ അപ്രസക്തരുമായി. എന്നുമാത്രമല്ല, വിശ്വാസികള്‍ക്ക് അവരുടെ മൗനം ദോഷകരമായിതീരുകയും ചെയ്തു. അപ്പോള്‍ അവരും അവരുടെ മൗനത്തിലൂടെ മെത്രാന്മാര്‍ക്ക് അനുകൂലികളും കൂട്ടുപ്രതികളും ആകുന്നു. സഭാ മേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച കരിസ്മാറ്റിക് ധ്യാനപ്രസ്ഥാനങ്ങള്‍ ഇടവകകളിലെപരമ്പരാഗതമായ വാര്‍ഷിക ധ്യാനങ്ങളുടെ പ്രസക്തി ഫലപ്രദമായി ഇല്ലാതാക്കി. രോഗ സൗഖ്യ വാഗ്ദാനങ്ങളോടെ ആത്മീയ കമ്പോളത്തില്‍ മൊത്തക്കച്ചവടത്തിനിറങ്ങിയ കുറെ വായാടി വൈദികര്‍ പാവം വിശ്വാസികളുടെ പണസഞ്ചിയില്‍ കണ്ണുവെക്കുക മാത്രമല്ല അവരെ പൗരോഹിത്യത്തിന്‍റെ അടിമകളാക്കാനുള്ള സകല കുതന്ത്രങ്ങളും ഉപയോഗിച്ച് ചിന്തിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു ആട്ടിന്‍പറ്റത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തു. വിശ്വാസം തന്നെ പരിഹാസ വിഷയമായിരിക്കുയാണിന്ന്. നസ്രാണികളുടെ സംസ്കാരത്തിലധിഷ്ഠിതമായ മൂല്ല്യങ്ങളെ മുറുകെ പിടിച്ചില്ലായെങ്കില്‍ സൃഷ്ടിപരമായ അത്തരം വിഭ്രാന്തി സഭയുടെ അടിത്തറമാന്തും. മാര്‍തോമാ ക്രിസ്ത്യാ നികളുടെ ചരിത്രപരമായ അനന്യതയെ തിരിച്ചറിയാന്‍ പാടില്ലാത്ത വിധം പട്ടക്കാരും മേല്പട്ടക്കാരും കൂടി കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ കൊണ്ട് ക്രൈസ്തവ വിശ്വാസത്തിലും ഈശ്വര ജ്ഞാനത്തിലും ആത്മീയതയിലും മുന്നിട്ടു നിന്നിരുന്ന നസ്രാണി സഭയെ നശിപ്പിച്ചുകളഞ്ഞു. ഓരോ സീറോ മലബാര്‍ സഭാപൗരനും തലയില്‍ മുണ്ടിട്ട്‌ നാണം മറച്ച്‌ നടക്കേണ്ട ഗതികേടിലായ ഈ കാലഘട്ടത്തില്‍ നാമും ചോദിക്കേണ്ട ഒരു ചോദ്യമാണ് Has Syro-Malabar Church lost its soul?

ദൈവകല്‍പനയ്ക്കും സ്വാഭാവിക നീതിയ്ക്കും യോജിച്ച രീതിയില്‍ നമ്മുടെ പൂര്‍വ്വീകര്‍ ജീവിച്ചു. അവരുടെ ചവിട്ടടികളെ നാം പിന്തുടരുന്നില്ലായെങ്കില്‍ സമുദായം അധഃപതിച്ച്‌ നശിക്കും.

നാമെല്ലാം മനുഷ്യരാണ്; ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ്. കെട്ടിച്ചമച്ചതും തകര്‍ന്ന സങ്കേതവുമായ സഭ നമ്മെ വട്ടം ചുറ്റിയിരിക്കയാണ്. അസമത്വത്തെ വിതക്കുന്ന ഈ നൂറ്റാണ്ടിലെ സീറോ മലബാര്‍ സഭയുടെ ഭൗതിക പുരോഗതി അഴിമതിയില്‍ കൂടിയാണ്; വഞ്ചനയില്‍ കൂടിയാണ്. സഭാ മേലധ്യക്ഷന്മാര്‍ സമൃദ്ധിയുടെ സുവിശേഷം (Prosperity Gospel) ജീവിത ശൈലിയാക്കുമ്പോള്‍ പാവങ്ങള്‍ക്ക് അത് വൃത്തി കെട്ട നുണയുടെ വഞ്ചനാപരമായ ദൈവശാസ്ത്രമാണ്. വേല ചെയ്ത് വന്‍‌തുക സമ്പാദിക്കാത്ത ഇവരുടെ ജീവിത ശൈലി ധനവാന്മാരുടേതു പോലെയാണ്. അതുകൊണ്ട്‌ സമൃദ്ധിയുടെ സുവിശേഷം സദ്‌വാര്‍ത്തയല്ലായെന്ന്‌ നാം മനസിലാക്കണം. പരിപൂര്‍ണരാകാന്‍ ആഗ്രഹിച്ച്‌ സഭാശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്നവര്‍ എങ്ങനെഉള്ളവര്‍ ആയിരിക്കണമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം യേശു ഉത്‌ബോധിപ്പിച്ചിട്ടുണ്ട്. “പരിപൂര്‍ണരാകാന്‍ നീ ഇച്ഛിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക” (മത്താ. 19:21). പരിപൂര്‍ണനാകാന്‍ ആഗ്രഹിച്ച്‌ സഭാ ശുശ്രൂഷയ്ക്കായി ജീവിതം സമര്‍പ്പണം ചെയ്തിരിക്കുന്ന സഭാ തലവനും കര്‍ദിനാളുമായ ഒരു വ്യക്തി ആദായ നികുതി വകുപ്പിന്‍റെ തിണ്ണ നിരങ്ങേണ്ടിവരുന്ന അവസ്ഥ സഭയുടെ ആത്മാവിനെ കാര്‍ന്നുതിന്നുകയല്ലേ ചെയ്യുന്നത്? ലൈംഗിക സദാചാരത്തെപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന പുരോഹിതന്‍ കൗമാര പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഗര്‍ഭവതിയാക്കി ജയിലില്‍ കിടക്കുമ്പോള്‍ സഭയുടെ ആത്മാവ്‌ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? സമര്‍പ്പിത ജീവിതം നയിക്കുന്ന സഹോദരിയെ അവരുടെ മേലധികാരി തന്നെ ലൈംഗികമായിചൂഷണം ചെയ്യുമ്പോള്‍ സഭയുടെ ആത്മാവ്‌ നശിക്കുകയല്ലേ ചെയ്യുന്നത്? കൂദാശ ലൈംഗികതയ്ക്കുള്ള വഴികാട്ടിയായി ദുരുപയോഗിക്കുമ്പോള്‍ ദൈവകോപം വിളിച്ചുവരുത്തുക മാത്രമല്ല, സഭയുടെ ആത്മാവിനെ നശിപ്പിക്കുക കൂടി ചെയ്യുന്നു.

കോട്ടയത്തുനിന്നുള്ള 87 വയസ്സു പ്രായമുള്ള ഒരു വല്ല്യച്ചനുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പ്‌ സംസാരിക്കുവാനിടയായി. അദ്ദേഹം പറയുകയാണ് വടവാതൂര്‍ സെമിനാരി കുറെ ന്യൂജന്‍ ഗുണ്ടാ അച്ചന്മാരെ ഇറക്കി വിടുന്നുണ്ടെന്ന്. ചെറുപ്പക്കാരായ ഇന്നത്തെ വികാരിമാരുടെ കൈയ്യിലിരിപ്പാണ് അദ്ദേഹത്തെകൊണ്ട് അത് പറയിപ്പിക്കാന്‍ ഇടയാക്കിയത്. അധികാര ധാര്‍ഷ്ട്യം, സുഖലോലുപ ജീവിതം, മേലധികാരികളെ ധിക്കരിക്കുക, ഏതുവിധേനെയും സ്വത്ത്‌ സമ്പാദിക്കുക, നീതിബോധമില്ലാതെ പെരുമാറുക, സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കുക, അനാവശ്യമായി മരാമത്ത് പണികളിലേര്‍പ്പെടുക, അല്മായരെ അവഗണിക്കുക എന്നുവേണ്ട ഒരു സാധാരണ വിശ്വാസി ചെയ്യാന്‍ മടിക്കുന്ന പ്രവര്‍ത്തികള്‍ ദൈവത്തിന്‍റെ പേരില്‍ അവര്‍ ചെയ്യുന്നു. നസ്രാണി ക്രിസ്ത്യാനികളുടെ സഹജമായ ആത്മീയതയെ തകര്‍ത്ത്‌ സഭയെ കൊല്ലുന്നത് ഇത്തരം ഗുണ്ടാവൈദികരാണ്.

സഭയ്ക്ക്‌ നിത്യകളങ്കം വരുത്തിവെയ്ക്കുന്ന പട്ടക്കാരെയും മേല്‍പട്ടക്കാരെയും സംരക്ഷിക്കുന്ന സഭ യേശുവിന്‍റെ സഭയല്ല. അത് പിശാച് ബാധിച്ച സഭയാണ്.

നരകത്തില്‍ നിപതിച്ച സഭയാണ്. കൊക്കനും എഡ്വിനും റോബിനും സോണിയും ഫ്രാങ്കോയുമെല്ലാം സഭയ്ക്ക് പുറത്താക്കപ്പെടേണ്ടവരാണ്. മേജറും പീലിയാനിക്കലും ജയിലില്‍ കിടക്കണ്ടവരാണ്. ഈ വഞ്ചകരുടെ മൂടു താങ്ങുന്നത് സഭയുടെ ശവക്കുഴി മാന്തലിന് കാരണമാകും. അല്മായരെ നിങ്ങള്‍ ഉണരുവിന്‍. നിങ്ങളും നിങ്ങളുടെ പൂര്‍വികരും ദാനമായി നല്‍കിയ പള്ളി സ്വത്തുക്കളാണ് അവര്‍ വിറ്റു നശിപ്പിക്കുന്നത്; ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക്‌ നഷ്ടപരിഹാരമായി നല്‍കുന്നത്; കോടതികളില്‍ കേസു നടത്താനായി ദുര്‍വ്യയം ചെയ്യുന്നത്; ആഢംബര ജീവിതത്തിന് ചിലവഴിക്കുന്നത്. സര്‍വ തിന്മകളുടെയും നിദാനമായ ദ്രവ്യാഗ്രഹം (1 തിമൊ. 6: 10) സഭാ മേലധികാരികളെ കീഴ്‌പ്പെടുത്തിയിരിക്കുകയാണിന്ന്. നിങ്ങള്‍ ഒന്നേ ചെയ്യേണ്ടു. പള്ളിക്കായി ചില്ലി കാശുപോലും ദാനം ചെയ്യാതിരിക്കുക. അവര്‍ താനേ നന്നായിക്കൊള്ളും. സഭയിലെ സന്ന്യാസിനികളെ നിങ്ങള്‍ ഉണരുവിന്‍.

നിങ്ങള്‍ പട്ടക്കാരുടെ ദാസികളല്ലെന്നും അവരുടെ അനുദിന ജീവിത സുഖത്തിന് അവര്‍ പറയുന്നതു മുഴുവന്‍ ചെയ്തു കൊടുക്കാനല്ല മഠങ്ങളില്‍ ചേര്‍ന്നതെന്നും തിരിച്ചറിയുവിന്‍. നിങ്ങളുടെ ചാരിത്രത്തിന് വില പേശാന്‍ സഭാധികാരികളെ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ശക്തികളെ നിങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണം. വൈദികരെ നിങ്ങള്‍ ഉണരുവില്‍. നിങ്ങളുടെ കൂട്ടു ശുശ്രൂഷകര്‍ നിങ്ങളുടെ അന്തസ്സിന് കളങ്കം വരുത്തിവയ്ക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടാല്‍ നിങ്ങള്‍ അത് മേലലധികാരികളെ അറിയിക്കുവിന്‍. തെറ്റു ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കട്ടെ. നിങ്ങളുടെ മൗനം നിങ്ങള്‍ക്ക്‌ ദോഷമായി ഭവിക്കുന്നുയെന്ന്‌ നിങ്ങള്‍ തിരിച്ചറിയുവിന്‍. സഭയുടെ നാശത്തിന് അത് കാരണമാകും.

മൂല്യം നശിച്ചുകൊണ്ടിരിക്കുന്ന സഭ, ആത്മാവ്‌ നശിച്ചുകൊണ്ടിരിക്കുന്ന സഭ, ഹൃദയമില്ലാത്ത സഭ, വിശ്വാസികളുടെ സത്യസന്ധതയെ ത്യാഗം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സഭ യഥാര്‍ത്ഥത്തില്‍ സ്‌നേഹം എന്ത് എന്നറിയുന്നില്ല. സ്‌നേഹമാണ് കുരിശ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സീറോ മലബാര്‍ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനര്‍മൂല്യനിര്‍ണയവും (ചാക്കോ കളരിക്കല്‍)”

  1. Sojan Pulickal says:

    Very good. Somebody has to say something. Being silent is agreeing to what is going on. That is the reason why things are getting worse.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top