Flash News

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

August 22, 2018 , മൊയ്തീന്‍ പുത്തന്‍‌ചിറ

pura banner-2അപ്രതീക്ഷിതമായി ആഞ്ഞടിച്ച പ്രകൃതി ദുരന്തത്തില്‍ പെട്ട് സര്‍‌വ്വതും നശിച്ച കേരളത്തിലെ ജനങ്ങളെ കൈയ്മെയ് മറന്ന് സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക? മഹാപ്രളയത്തിന്റെ സം‌ഹാര താണ്ഡവത്തില്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ സ്വന്തം രാജ്യത്ത് അല്ലെങ്കില്‍ സ്വന്തം ഗ്രാമത്തില്‍ അഭയാര്‍ത്ഥികളെപ്പോലെയായി. വര്‍ഷങ്ങളുടെ സമ്പാദ്യം മുഴുവന്‍ കുത്തൊഴുക്കില്‍ ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞു. ചിലര്‍ ആ കുത്തൊഴുക്കില്‍പെട്ട് വിസ്മൃതിയിലാണ്ടുപോയപ്പോള്‍ ബാക്കിയായവര്‍ വിവിധ അഭയകേന്ദ്രങ്ങളിലേക്കയക്കപ്പെട്ടു.

മനുഷ്യജീവനുകളെ എങ്ങനെയും രക്ഷപ്പെടുത്തിയെടുക്കാന്‍ തദ്ദേശീയരും സര്‍ക്കാരും വിവിധ സൈനിക വിഭാഗങ്ങളും അക്ഷീണം പ്രയത്നിച്ചപ്പോള്‍ രക്ഷപ്പെട്ടത് ലക്ഷങ്ങള്‍. സ്വദേശത്തുനിന്നും വിദേശത്തു നിന്നും സഹായങ്ങളുടെ പ്രളയമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ മഹാപേമാരിയും പ്രളയവും കേരളം ചോദിച്ചു വാങ്ങിയതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശം അത് രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇടതും വലതും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുമ്പോള്‍ സര്‍‌വ്വതും നഷ്ടപ്പെട്ടവര്‍ നെഞ്ചത്തടിച്ചു അലമുറയിടുകയാണ്. കാരണം, അവരുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ നിമിഷ നേരം കൊണ്ടാണ് കുത്തിയൊലിച്ചു പോയത്. സഹായം നല്‍കി അവരെയൊക്കെ സമാശ്വസിപ്പിക്കുന്നതിനു പകരം ‘നീയൊക്കെ അവിടെ കിടന്ന് അനുഭവിക്ക്’ എന്ന മട്ടില്‍ കേന്ദ്രം നിലയുറപ്പിക്കുകയാണ്, ഇവരൊക്കെ ചത്തൊടുങ്ങിയിട്ടു വേണം ആ ചെളിയില്‍ താമര വിരിയിക്കാന്‍ എന്ന മട്ടില്‍. “തിന്നുകയുമില്ല തീറ്റിക്കുകയുമില്ല” എന്ന ഈ മുടന്തന്‍ ന്യായം അവര്‍ക്കു തന്നെ വിനയാകുമെന്ന് അടുത്ത തെരഞ്ഞെടുപ്പു വരുമ്പോള്‍ അറിയാം.

kerala-flood1അണക്കെട്ടുകളില്‍ നിന്നും മലകളില്‍ നിന്നും വരുന്ന കുത്തൊഴുക്കില്‍ പെട്ട് നിരവധി വിഷ ജന്തുക്കളും നാട്ടിലിറങ്ങിയിട്ടുണ്ട്. ഉഗ്ര വിഷമുള്ള പാമ്പുകളും, തേള്‍, പഴുതാര മുതലായ വിഷ ജന്തുക്കളും വെള്ളം കയറിയ വീടുകളില്‍ കയറിക്കൂടിയിട്ടുള്ളത് പല ചാനലുകളിലൂടെ കാണിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അവയേക്കാള്‍ വിഷമുള്ള മനുഷ്യജന്തുക്കളും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കയറി അവിടത്തെ അന്തേവാസികളെ ദ്രോഹിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ കേരളത്തില്‍ സമാനമായ മറ്റൊരു പ്രളയം വന്ന് അവരൊക്കെ അടിഞ്ഞു പോകട്ടേ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചുപോയെങ്കില്‍ തെറ്റു പറയാന്‍ കഴിയില്ല. സ്ത്രീകളേയും പെണ്‍‌കുട്ടികളേയും ഉപദ്രവിക്കുക, അന്തേവാസികള്‍ക്ക് നല്‍കാന്‍ കൊണ്ടുവരുന്ന അവശ്യ വസ്തുക്കള്‍ ബലമായി പിടിച്ചെടുക്കുക, ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് വഴി അനാവശ്യ പോസ്റ്റുകള്‍ പ്രചരിപ്പിക്കുക എന്നീ ദുഷ്‌പ്രവര്‍ത്തികളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നടന്നുവന്നിരുന്ന വര്‍ഗീയത ഈ പ്രളയത്തിലൂടെ ഒലിച്ചുപോയെന്നും, എല്ലാവരും ഒരു പാഠം പഠിച്ചെന്നുമൊക്കെ നാം നിത്യവും കേള്‍ക്കുന്നു. ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മുസ്ലിങ്ങള്‍ പള്ളികള്‍ തുറന്നു കൊടുക്കുന്നു, മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുന്നു, അതുപോലെ ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ഇക്കൂട്ടര്‍ അവരവരുടെ ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്നു….. എത്ര മനോഹരമാണീ കാഴ്ച. പക്ഷെ, കേരളത്തില്‍ ഈ അടുത്ത കാലത്തു ഉരുത്തിരിഞ്ഞ മതവൈര്യം വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണെന്ന് എത്ര പേര്‍ക്കറിയാം? മതവൈര്യം ആളിക്കത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തരേന്ത്യയില്‍ മിക്കതും. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ അതൊന്നും തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു, കുറച്ചു വര്‍ഷങ്ങള്‍ മുന്‍പു വരെ. ഉത്തരേന്ത്യയില്‍ നിന്നുള്ള ചില സ്വാമിമാരും, സന്യാസിമാരും, രാഷ്ട്രീയക്കാരും കേരള മണ്ണില്‍ കാലെടു വെക്കുകയും, അവരെ പൂജിക്കാനും വണങ്ങാനും അവരുടെ ആശ്രിതവത്സലരാകാനും കേരളത്തില്‍ ഒരു കൂട്ടര്‍ രംഗത്തിറങ്ങിയതോടെ മതവൈര്യം വളര്‍ത്തി വലുതാക്കാന്‍ കേരളത്തില്‍ വളക്കൂറുള്ള മണ്ണുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. അക്കൂട്ടരെ ഉന്നം വെച്ചുകൊണ്ടാണ് ഈ പ്രളയത്തിനുശേഷം മാനസാന്തരം വന്ന ചിലരുടെ പ്രവര്‍ത്തികള്‍ മേലെ ഉദ്ധരിച്ചത്.

kerala-flood2പ്രളയക്കെടുതിയുടെ ആഘാതത്തില്‍ നിന്ന് കേരള ജനത മോചിതരാകും മുന്‍പേ ഇതാ മറ്റൊരു വര്‍ഗീയ വിഷവാഹിനി സ്വാമി രംഗപ്രവേശം ചെയ്തു കഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം നിരവധി മനുഷ്യരെയാണ് ‘ഗോ രക്ഷകര്‍’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗുണ്ടകള്‍ തല്ലിക്കൊന്നിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ മാത്രം അക്കൂട്ടരുടെ വിളയാട്ടം നടന്നിട്ടില്ല. അവരതിന് ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രം അത് വിലപ്പോയില്ല. എന്നാല്‍ ഇപ്പോള്‍ മേല്പറഞ്ഞ സ്വാമി അതേ ഗോ രക്ഷകന്റെ വേഷത്തില്‍ പ്രസ്താവനകളിറക്കി ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയം കേരളീയര്‍ ബീഫ് കഴിക്കുന്നതുകൊണ്ടാണെന്ന വാദവുമായാണ് ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. കൂടാതെ, പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ഈ ചക്രപാണി പറയുന്നു. ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണത്രേ പ്രളയം. കഴിക്കാന്‍ മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നതെന്നാണ് ഈ സ്വാമിയുടെ വാദം. പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും, ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍ പെട്ടു എന്നും, ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യിക്കണമെന്നുമാണ് ചക്രപാണി ആവശ്യപ്പെടുന്നത്. പ്രളയ ദുരന്തത്തില്‍ പെട്ട ഇവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. പ്രളയം ആരംഭിച്ച ഘട്ടത്തില്‍ ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചിരുന്നു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കേരളത്തിനെതിരെ വരുന്ന ചില വിദ്വേഷ പോസ്റ്റുകള്‍.

ഇപ്പോള്‍ കേരളത്തില്‍ ചികിത്സയില്‍ കഴിയുന്ന സ്വാമി അഗ്നിവേശ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കാം:

Swami-agnivesh

സ്വാമി അഗ്നിവേശ്

” ഝാര്‍ഖണ്ഡില്‍ ആക്രമണത്തിന് ഇരയായതിനു ശേഷം വയറിന്റെ ഇടതുവശത്ത് ആഴത്തില്‍ മുറിവുണ്ടായി. ഇപ്പോള്‍ ജേക്കബ് വടക്കഞ്ചേരിയുടെ ചികിത്സയിലാണ്. ഇനി ഒരുമാസമോ അതിലധികമോ മുറിവുണങ്ങാന്‍ ആവശ്യമാണ്. അദ്ദേഹം പറയുന്നതുപോലെ, നിരാഹാരമടക്കമുള്ള മുറകള്‍ പരിശീലിക്കുകയാണ് ഇപ്പോള്‍. സംഘപരിവാര്‍ എന്നെ നിലത്തേക്കു തള്ളിയിട്ടു. എന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. വാച്ചും വസ്ത്രവുമെല്ലാം നശിപ്പിച്ചു. എന്തിനാണ് ഉപദ്രവിക്കുന്നതെന്നു കൈകൂപ്പി ചോദിച്ചിട്ടും അവര്‍ മറുപടി പറഞ്ഞില്ല. നമുക്ക് ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല. ഞാന്‍ മാപ്പു ചോദിക്കാന്‍ തയാറാണെന്നു പറഞ്ഞിട്ടും ആക്രമണം നിര്‍ത്തിയില്ല. മഹത്തായ പാരമ്പര്യം പിന്തുടരുന്ന സംസ്ഥാനമാണു കേരളം. എങ്ങനെയിതു സംഭവിച്ചു എന്നു ചോദിച്ചാല്‍ അറിയില്ല. അത് കൊച്ചി മഹാരാജാവിന്റെ കാലത്തിനു മുമ്പേ തുടങ്ങിയതാണ്. വിദ്യാഭ്യാസത്തിലും മതസൗഹാര്‍ദത്തിലും ഏറെ മുന്നിലാണു കേരളം. ക്രിസ്തുവിന്റെ അനുയായിയായിരുന്ന തോമാശ്ലീഹ വന്നിട്ടുള്ള നാടാണിത്. സംശയിക്കുകയും തര്‍ക്കിക്കുകയും സ്വയം മാറുകയും ചെയ്യുകയെന്നത് ഒരു മനുഷ്യന്റെ ജന്മാവകാശമാണ്. അങ്ങനെയാണ് നമ്മര്‍ വികസിച്ചതും വളര്‍ന്നതും. നിര്‍ഭാഗ്യവശാല്‍ ‘മോഡി’ യുഗത്തില്‍ രാജ്യമെമ്പാടും അലയടിക്കുന്ന സംഭവങ്ങള്‍ കേരളത്തെയും ബാധിക്കുന്നുണ്ടെന്നാണു കരുതുന്നത്. എങ്കിലും ഇവിടുത്തെ ഇടതു സര്‍ക്കാര്‍ അതിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടുത്തെ മനുഷ്യസമ്പത്തിനെക്കുറിച്ചും സര്‍ക്കാരിനു ധാരണയുണ്ട്. രാഷ്ട്രീയ ബോധത്തെക്കുറിച്ചും യുവാക്കളെക്കുറിച്ചും നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസും ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചാണിവിടെ മുന്നോട്ടു പോകുന്നത്. സംഘപരിവാറിന്റെ വളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കണമെന്ന് അവര്‍ക്കു ബോധ്യമുണ്ട്. ഞാന്‍ കേരളത്തില്‍ അങ്ങേയറ്റം സുരക്ഷിതനാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എനിക്കാവശ്യമായ എല്ലാ സുരക്ഷയും അവര്‍ നല്‍കുന്നു. അക്കാര്യത്തില്‍ പിണറായി വിജയനോട് നന്ദിയുണ്ട്. എന്റെ എല്ലാ യാത്രകള്‍ക്കും ആവശ്യമായ സുരക്ഷ അദ്ദേഹം ഇടപെട്ടു നല്‍കുന്നുണ്ട്. ഒരു ഭീഷണിയും ഇവിടെയില്ല. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ നോക്കിയാലും അതിലും കൂടുതല്‍ സുരക്ഷ ഇവിടെയുണ്ട്.” സ്വാമിമാരിലും സന്യാസിമാരിലും വിവിധ ചിന്താഗതിയുള്ളവരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരു പ്രദേശം മുഴുവന്‍ നാശങ്ങള്‍ വിതച്ചപ്പോള്‍ മനുഷ്യരെ രക്ഷിക്കാന്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ ആ കുത്തൊഴുക്കില്‍ ഒലിച്ചുപോയ മിണ്ടാപ്രാണികളെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല. ആടുമാടുകളുടെ കൂട്ടത്തില്‍ പശുവും പന്നിയും കോഴിയും താറാവും പട്ടിയും പൂച്ചയും മറ്റു വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടായിരുന്നു. അവയൊക്കെ എവിടെ? ആ മിണ്ടാപ്രാണികളെക്കുറിച്ച് വേവലാതിയില്ലാത്ത എല്ലാ കപടസ്വാമികളേയും സന്യാസിമാരേയും കേരളത്തില്‍ നിന്ന് അടിച്ചോടിക്കണം.

thenkara-temple-muslimമലവെള്ളപ്പാച്ചിലില്‍ ജീവന്മരണ പോരാട്ടം നടത്തുന്നവരെ ജാതിയോ മതമോ വിശ്വാസമോ നോക്കാതെ രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് നാമെല്ലാം കണ്ടത്. ചില രംഗങ്ങള്‍ കരളലിയിക്കുന്നതുമായിരുന്നു. നേവിയും എയര്‍ഫോഴ്സും കരസേനയും ഒത്തൊരുമിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ യുഗത്തില്‍ ജീവിച്ച ഒരാളും മറക്കാനിടയില്ല. അതുപോലെ മത്സ്യത്തൊഴിലാളികള്‍ ഇത്രയും ധൈര്യശാലികളും സേവനമനസ്ക്കരുമാണെന്നും നമ്മളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ “അവരാണ് കേരളത്തിന്റെ യഥാര്‍ത്ഥ സൈനികര്‍..!!” ഇപ്പോള്‍ കേരളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഉണ്ണാനും ഉടുക്കാനും യഥേഷ്ടം വിഭവങ്ങളെത്തിച്ച സന്നദ്ധ സേവകര്‍ക്കും സംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക. സ്വാമി ചക്രപാണിയെപ്പോലുള്ള പ്രാണികളെ കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിച്ചാല്‍ ദൈവം പോലും ക്ഷമിച്ചെന്നു വരില്ല.

venniyod-temple-cleaningദുരിതമുഖത്ത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിച്ചത് കോഴിക്കോട് മുക്കത്തു നിന്നും വന്ന മുസ്ലിം യുവാക്കളായിരുന്നു. വെള്ളം കയറി നാശം വിതച്ച വീടുകള്‍ ശുചീകരിക്കാനിറങ്ങിയ ഇവരോട് ക്ഷേത്രത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും പറ്റുമെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഒന്നു സഹായിക്കണമെന്നും ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ മുസ്ലീങ്ങളാണെന്നും അമ്പലത്തില്‍ കയറിയാല്‍ കുഴപ്പമുണ്ടാകുമോ എന്ന അവരുടെ ചോദ്യത്തിന് ‘അതിനൊന്നും ഇനി പ്രസക്തിയില്ല’ എന്ന ഉറപ്പാണത്രേ ഈ ഇരുപതംഗ മുസ്ലിം യുവാക്കളെ ക്ഷേത്രം വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ ഇവര്‍ ഒത്തുചേര്‍ന്ന് ക്ഷേത്ര ശുചീകരണങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായത്തിനും ക്ഷേത്രഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിച്ചത് 18 മുസ്ലിം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്ലിം യുവാക്കള്‍ ശുചിയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. ഇതേ മാതൃകയിലാണ് പാലക്കാട് മണ്ണാര്‍ക്കാട് അയ്യപ്പക്ഷേത്രം നാലു മണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലെയാക്കിയത് മണ്ണാര്‍ക്കാട് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പെടുന്ന 20 മുസ്ലിം യുവാക്കളായിരുന്നു. കോല്‍പ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറി മലിനമായത്. ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫ നോമ്പ് കാലത്താണ് രണ്ട് ജില്ലകളിലെ രണ്ട് ക്ഷേത്രങ്ങളില്‍ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്. യുദ്ധത്തില്‍ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്‌ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും സ്പര്‍ശിച്ചത് തങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കാട്ടിയ മനസാണെന്നും അവര്‍ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവിലില്‍ പോലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീകോവില്‍ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്നും മണ്ണാര്‍കാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.

thenkara-templeഇതിനിടെ കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിക്കുകയാണ്. വെള്ളപ്പൊക്കം ഇത്ര ആഘാതമാകാന്‍ കാരണം അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നു വിട്ടതുകൊണ്ടാണെന്ന് ഗാഡ്ഗില്‍ പറയുമ്പോള്‍ അത് സമ്മതിക്കാതെ കെ‌എസ്‌ഇ‌ബിയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തില്‍ പ്രളയക്കെടുതിക്ക് ഇത്രയും ആക്കം കൂട്ടിയതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങളായി പശ്ചിമഘട്ടത്തില്‍ നടന്നുവരുന്ന ഘനന പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തത്തിന്റെ ശക്തി കൂട്ടി മനുഷ്യനിര്‍മ്മിതമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായതെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

അതിസങ്കീര്‍ണ്ണമായ പ്രക്യതി ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളെയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്. ഇത് വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തി. മുന്നറിയിപ്പ് നല്‍കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ടോം ജോസ് പറയുന്നു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ വാദം. ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നിഷേധിച്ചിരുന്നു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തരവാദപ്പെട്ടവര്‍ രക്ഷപ്പെടാന്‍ ഇങ്ങനെ പരസ്പരം പഴിചാരുമ്പോഴും ചെളിവാരിയെറിയുമ്പോഴും ആ ചെളിയില്‍ സര്‍‌വ്വസ്വവും പൂണ്ടുപോയ സാധാരണ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പു തരില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍”

  1. പി പി ചെറിയാന്‍, ഡാളസ് says:

    രാവിലെ ഒറ്റയിരിപ്പില്‍ ലേഖനം വായിച്ചു. അടുക്കും ചിട്ടയോടും കൂടെ സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ലേഖന കര്‍ത്താവ് മൊയ്ദീന്‍ സാബിന് അഭിനന്ദനങ്ങള്‍. പ്രളയദുരന്തത്തെക്കാള്‍ പ്രളയാനന്തര ദുരിതങ്ങള്‍ ഒഴിവാക്കാനായിരിക്കണം പ്രത്യേകം ശ്രദ്ധിക്കേണ്ടത് .

    പി പി ചെറിയാന്‍, ഡാളസ്

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top