കേരളത്തിലെ പ്രളയദുരന്തം; തമിഴ്‌നാടിനെ പഴിചാരി ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍

supremeന്യൂഡല്‍ഹി: കേരളത്തിലെ പ്രളയദുരന്തത്തിന് കാരണക്കാര്‍ തമിഴ്നാടാണെന്ന ആരോപണവുമായി ചീഫ് സെക്രട്ടറി. പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്‌നാട് കാണിക്കുന്ന അവഗണനയാണെന്ന് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. 13 ഷട്ടറുകളും ഒരുമിച്ച് തുറക്കേണ്ടി വന്നത് പ്രളയത്തിനിടയാക്കി. ജലനിരപ്പ് 142 അടിയിലെത്തും മുമ്പേ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് അനുവദിച്ചില്ല. 139 അടിയായപ്പോള്‍ തന്നെ വെള്ളം തുറന്നുവിടാന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളുകയായിരുന്നു. കേരളത്തിലെ എട്ട് അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇത് കാരണമാണ് അടിയന്തരമായി ഷട്ടറുകള്‍ തുറക്കേണ്ടി വന്നത്. ഭാവിയില്‍ ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ക്ക്‌ രൂപം നല്‍കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ജലക്കമ്മീഷന്‍ അധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പര്‍വൈസറി കമ്മിറ്റിക്ക്‌ രൂപം നല്‍കണം. അണക്കെട്ടിന്റെ മാനേജ്മെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.

ഡാം തുറന്നതിലുണ്ടായ പാളിച്ചകളാണ് മഹാപ്രളയത്തിന് വഴിതുറന്നതെന്ന വിമര്‍ശനം പലകോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കുന്നത്. തമിഴ്നാടുമായി നിലനില്‍ക്കുന്ന ഭിന്നത സത്യവാങ്മൂലത്തിലും പ്രകടമാണ്. എന്നാല്‍ ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി വിശദീകരിച്ചു. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു.

സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ല. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത് ഡാം പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടും. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നു. സര്‍വകക്ഷി സംഘം എന്നൊക്കെപ്പറഞ്ഞ് നിന്നിട്ട് ഇപ്പോള്‍ വേലവയ്ക്കുന്ന പണിയാണ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്നും മന്ത്രി എം.എം.മണി തൊടുപുഴയില്‍ പറഞ്ഞു.

ഇടുക്കിയുള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നു വിട്ടത് പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്ന് ഗുരുതര പരാതി ഉയര്‍ന്നിരുന്നു. ശബരിഗിരിയും ബാണാസുരസാഗറും തുറന്നത്, വേണ്ട മുന്നറിയിപ്പ് നല്‍കാതെയെന്നും ആക്ഷേപമുണ്ടായി. ഒരുപാളിച്ചയും ഉണ്ടായിട്ടില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റിയും, ബാണാസുരസാഗറില്‍ വീഴ്ചയുണ്ടായെന്ന് ചീഫ് സെക്രട്ടറിയും പ്രതികരിച്ചു.

ഒാഗസ്റ്റ് 15 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ നൂറിലേറെ ജലസംഭരണികളാണ് തുറന്നുവിടേണ്ടിവന്നത്. വേണ്ട മുന്നൊരുക്കമോ, ജാഗ്രതാ നിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് ബാണാസുരസാഗര്‍, ശബരിഗിരി ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടതെന്നാണ് ആക്ഷേപം ഉയരുന്നത്.ബാണാസുര സാഗറിന്റെ കാര്യത്തില്‍ വീഴ്ച ചീഫ് സെക്രട്ടറി തന്നെ സമ്മതിച്ചു.

കെ.എസ്.ഇ.ബിയുടെ ഡാമുകള്‍ തുറന്നതില്‍ ഒരു പാളിച്ചയും ഉണ്ടായിട്ടില്ലെന്നാണ് ഡാംസുരക്ഷാ അതോറിറ്റിയുടെ നിലപാട്. സമതലങ്ങളിലെ പ്രളയസ്ഥിതി ഗുരുതരമായപ്പോള്‍ ഇടുക്കിയും ഇടമലയാറുമുള്‍പ്പെടെയുള്ളവ തുറന്നത് വെള്ളപ്പൊക്കം രൂക്ഷമാക്കി. നേരത്തെതന്നെ ഇവ അല്‍പ്പാല്‍പ്പമായി തുറന്നുവിടേണ്ടിയിരുന്നു എന്നാണ് അഭിപ്രായം ഉയരുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News