കണ്ണൂര്‍: മാതാപിതാക്കള്‍ക്കും മകള്‍ക്കും വിഷം കൊടുത്തു കൊന്ന കേസിലെ പ്രതി സൗമ്യ (30) ജയിലില്‍ തൂങ്ങിമരിച്ചതിനെത്തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നുമാണ് ബന്ധുക്കള്‍ അറിയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും കൂട്ടക്കൊലപാതകത്തില്‍ മറ്റു ചിലര്‍ക്കു കൂടി പങ്കുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് സന്ദര്‍ശനത്തിനെത്തിയ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) പ്രവര്‍ത്തകരോട് കൊലപാതകങ്ങളില്‍ മറ്റു ചിലര്‍ക്കും പങ്ക് ഉണ്ടെന്നും അവരുടെ നിര്‍ദേശ പ്രകാരമാണു കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതെന്നും സൗമ്യ വെളിപ്പെടുത്തിയിരുന്നു. ഇതിനെക്കുറിച്ച് വിശദമായി കോടതിയില്‍ പറയുമെന്നും സൗമ്യ പറഞ്ഞിരുന്നു.
ഇതറിഞ്ഞ ബന്ധുക്കള്‍ കേസില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണം അട്ടിമറിച്ചു എന്നും ബന്ധുക്കള്‍ പറഞ്ഞു.
സൗമ്യ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മറ്റാരുടെയൊക്കെയോ കൈകള്കൂടിയുണ്ട് അത് കണ്ടെത്താന്‍ ഇതു വരെ പൊലീസിനു കഴിഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലാണ് സൗമ്യയുടെ മൃതദേഹം ഇപ്പോള്‍. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്കരിക്കാനാണു പൊലീസ് ആലോചിക്കുന്നത്.
അതേസമയം സൗമ്യയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസിക സംഘര്‍ഷവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കുറിപ്പില്‍ പറയുന്നത്.
സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജയില്‍ ഡിജിപി നോര്‍ത്ത് സോണ്‍ ഡിഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനസിക സംഘര്‍ഷമാവാം ഇത്തരത്തില്‍ തൂങ്ങി മരിക്കാന്‍ സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് പ്രഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
ജയില്‍ വളപ്പിലുള്ള കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്. താഴ്ന്ന് നില്ക്കുന്ന മരക്കൊമ്പുകളില്‍ ചവിട്ടി മുകളില്‍ കയറി മരക്കൊമ്പില്‍ സാരി കെട്ടിയ ശേഷം കഴുത്തില്‍ കുരുക്കിട്ടതിന് ശേഷം താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രാവിലെ 9.30 നാണ് സൗമ്യ തൂങ്ങി നില്‍ക്കുന്നത് ജയില്‍ വാര്ഡന് കാണുന്നത്. ഉടന്‍ സൗമ്യയെ സാരി അറുത്ത് താഴെ ഇട്ടതിന് ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു.
തൂങ്ങി മരിക്കാന്‍ ഉപയോഗിച്ച സാരി കൈക്കലാക്കിയത് ജയിലിലെ വിശ്രമ മുറിയില്‍ നിന്നാവാം എന്നാണ് വിവരം. വിശ്രമ മുറിയില്‍ കഴിഞ്ഞ ദിവസം സൗമ്യ കയറിയതായി സഹ തടവുകാര്‍ പൊലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ജയില്‍ വളപ്പിലെ പുല്ലു വെട്ടാനായി സൗമ്യ പോകുകയായിരുന്നു. ഈ സമയം ആ ഭാഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല. കശുമാവ് പടര്‍ന്ന് പന്തലിച്ചു കിടക്കുന്നതിനാല്‍ ചുവട്ടില്‍ നില്‍ക്കുന്നവരെ ദൂരെ നിന്നും നോക്കിയാല്‍ കാണില്ല. അതിനാലാണ് വാര്ഡന്മാര് അറിയാതെ പോയത്. 9 മണിയോടെ ഇവിടേക്ക് പോയ സൗമ്യയെ കാണാതെ വന്നതോടെ വാര്ഡന് അന്വേഷിച്ചു ചെന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. അടുത്തിടെയായി സൗമ്യ തനിച്ചിരുന്ന് കരയാറുണ്ടായിരുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
പിതാവ് പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), മാതാവ് കമല (65), മക്കളായ ഐശ്വര്യ (എട്ട്), കീര്‍ത്തന(ഒന്നര) എന്നിവരെയാണ് സൗമ്യ എലിവിഷം കൊടുത്തുകൊലപ്പെടുത്തിയത്. അവിഹിത ബന്ധത്തിന് തടസം നിന്നതാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതിന് കാരണമെന്ന് സൗമ്യ മൊഴി നല്‍കിയിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിന് ശേഷം പലരുമായും സൗമ്യക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് നേരില്‍ കണ്ട മൂത്ത മകള്‍ ഐശ്വര്യ ഇക്കാര്യങ്ങള്‍ മുത്തച്ഛനോട് പറയുമെന്ന് സൗമ്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അന്ന് രാത്രി സൗമ്യ ചോറില്‍ എലിവിഷം കലര്‍ത്തി മകള്‍ക്ക് നല്കി. മൂന്നാമത്തെ ദിവസം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണത്തിന് കീഴടങ്ങി. ഐശ്വര്യയുടെ മരണശേഷവും പലരും സൗമ്യയെ തേടി വീട്ടിലെത്തി. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്യുകയും മാതാപിതാക്കള്‍ ഇതിന്റെ പേരില്‍ സൗമ്യയുമായി വഴക്കിടുകയും ചെയ്തു. ഇതോടെ അവരെയും ഇല്ലാതാക്കാന്‍ സൗമ്യ തീരുമാനിച്ചു. മാതാവ് കമലക്ക് മീന്‍ കറിയിലും പിതാവ് കുഞ്ഞിക്കണ്ണന് രസത്തിലും എലിവിഷം കലര്‍ത്തി നല്‍കിയുമാണ് കൊല നടത്തിയത്. പിന്നീട് ഇക്കാര്യങ്ങള്‍ സൗമ്യ കാമുകന്മാരെ ഫോണ്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒരു ഭാവഭേദവുമില്ലാതെയായിരുന്നു സൗമ്യ നാട്ടുകാരുമായി ഇടപെട്ടത്. എന്നാല്‍ കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ അലൂമിനിയം ഫോസ്ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ ബലപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.