ഈ പന്ത് എനിക്കു വേണം; ഗോള്‍ഫ് പന്ത് അടിച്ചു മാറ്റി ഓടുന്ന കുറുക്കന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

KURUKKANസ്‌പ്രിംഗ്ഫീല്‍ഡ് (മാസച്യുസെറ്റ്സ്): ഗോള്‍ഫ് മൈതാനത്ത് നിന്ന് പന്ത് മോഷ്ടിച്ച് കടന്നുകളയുന്ന കുറുക്കന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കോണ്ടിരിക്കുകയാണ്. മാസച്യുസെറ്റ്സിലെ സ്‌പ്രിംഗ്ഫീല്‍ഡിലാണ് ഈ കള്ളന്‍ കുറുക്കന്‍ പന്ത് അടിച്ചുമാറ്റി സമീപത്തെ കാട്ടിലേക്ക് ഓടിമറഞ്ഞത്.

ഹാങ്ക് ഡൗണി എന്ന കളിക്കാരനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായിരുന്നു മൈതാനത്തുണ്ടായിരുന്നത്. ഹാങ്ക് ഡൗണി കളിക്കുന്നത് സുഹൃത്തുക്കള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നു, കളി നടക്കുന്നതിന്റെ കുറച്ചു ദൂരെയായി രണ്ടു കുറുക്കന്മാര്‍ കിടക്കുന്നതും വീഡിയോയില്‍ കാണാം.

ഗോള്‍ഫ് കളിക്കാരന്‍ പന്ത് അടിച്ചുവിട്ടതോടെ ആദ്യം കിടന്നിടത്തു നിന്ന് എണീറ്റ് ഒന്നു സംശയിച്ചു നിന്ന കുറുക്കന്‍ പിന്നെ അതിവേഗം പന്തിന്റെ അടുത്തെത്തി അത് കടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ശേഷം പന്തിന്റെ പുറകേ ഓടാന്‍ ഒന്നും കളിക്കാര്‍ മെനക്കെട്ടില്ല മറ്റൊരു ബോളുമായി അവര്‍ കളി തുടര്‍ന്നു.

മൈതാനത്ത് സാധാരണ വേനല്‍ക്കാലങ്ങളില്‍ കുറുക്കന്മാര്‍ വരാറുണ്ട്. ചിലപ്പോള്‍ ഒരേസമയം അഞ്ച് കുറുക്കന്മാരെ വരെ കണ്ടിട്ടുണ്ട്. മറ്റു കളിക്കാരുടെയും പന്തുകള്‍ ഇവ കടിച്ചെടുത്തു കൊണ്ടുപോയതായി കേട്ടിട്ടുണ്ട് പക്ഷേ തനിക്കീ അനുഭവം ആദ്യമാണെന്നാണ് ഹാങ്ക് പറയുന്നത്. സംഗതി എന്തായാലും കള്ളന്‍ കുറുക്കന്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment