Flash News

കേരളാ റൈറ്റേഴ്സ് ഫോറം പ്രളയ ദുരിതബാധിത കേരളത്തോടൊപ്പം

August 26, 2018

3-Kerala Writers Forum August News photo 1ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരുടെയും വായനക്കാരുടെയും, സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരുടേയും സംഘടനയായ കേരളാറൈറ്റേഴ്സ് ഫോറം ആഗസ്റ്റ് 19-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡിലുള്ള കേരള കിച്ചന്‍ റസ്റ്റോറന്‍റ് ഓഡിറ്റോറിയത്തില്‍ കൂടുകയുണ്ടായി. പ്രസിഡന്റ് ഡോ. സണ്ണി എഴുമറ്റൂരിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മഹാപ്രളയദുരന്തത്തില്‍ തങ്ങളെല്ലാം ഒപ്പമുണ്ടെന്ന പ്രതിജ്ഞയെടുത്തു. വിവിധ ദുരിതനിവാരണ ഏജന്‍സികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫണ്ടിലേക്ക് ഉടന്‍ തന്നെ അവര്‍ സംഭാവനകള്‍ നല്‍കുന്നതായി അറിയിച്ചു. പ്രളയത്തിലും രക്ഷാപ്രവര്‍ത്തനത്തിനിടയിലും ജീവന്‍ പൊലിഞ്ഞവര്‍ക്കായി മൗന പ്രാര്‍ത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, കവിയും മലയാള ഹാസ്യ സാഹിത്യകാരനുമായ ചെമ്മനം ചാക്കോ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

4-Kerala Writers Forum August photo 2ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്ജ് മോഡറേറ്ററായിരുന്നു. സമ്മേളനത്തിലെ മുഖ്യ വിഷയം കേരളത്തിലെ മഹാപ്രളയദുരന്തം തന്നെയായിരുന്നു. ജന്മനാടായ കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളേയും പ്രളയദുരന്തമുഖത്തു നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തകള്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ നെഞ്ചിലേറ്റുകയായിരുന്നു. കേരളത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ ഇവര്‍ക്കെല്ലാം കേരളത്തില്‍ അടിയുറച്ച വേരുകളുണ്ട്. ജന്മനാടുമായി അഭേദ്യമായ ബന്ധവും ഒപ്പം ദുഃഖവും പങ്കുവച്ചുകൊണ്ട് നാട്ടില്‍ നിന്ന് കണ്ടതും കേട്ടതും ഹൃദയം പിളര്‍ക്കുന്നതുമായ വാര്‍ത്തകളും അനുഭവങ്ങളും ഓരോരുത്തരും പങ്കുവച്ചപ്പോള്‍ പലരുടേയും കണ്ണുകള്‍ ദുഃഖഭാരത്താല്‍ ഈറനണിഞ്ഞു. എത്രയും പെട്ടെന്ന് ഈ മഹാപ്രകൃതി ദുരന്തത്തില്‍ നിന്ന് കേരളത്തിലുള്ള തങ്ങളുടെ ഉറ്റവരും ഉടയവരും സമസ്ത കേരളവും കരകയറട്ടെ എന്ന പ്രാര്‍ത്ഥനയായിരുന്നു യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും.

5-Kerala Writers Forum August photo 3തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകാരം ആധുനിക മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അതില്‍ പ്രത്യേകമായി അഡിക്ഷന്‍ ടു സോഷ്യല്‍ മീഡിയ ആന്‍റ് പൊറോനോഗ്രാഫി എന്ന വിഷയത്തില്‍ ഊന്നി ഡോ. ഈപ്പന്‍ ഡാനിയേല്‍ പ്രബന്ധം അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ അനിയന്ത്രിതമായി കുട്ടികളടക്കം എല്ലാ പ്രായക്കാരേയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരുതരം അഡിക്ഷന്‍ അല്ലെങ്കില്‍ ഒരുതരം വിഷലിബ്ധമായ മാദക ലഹരിയാണ് പോര്‍ണോഗ്രാഫിക് സൈറ്റുകള്‍. ഇത്തരം സൈറ്റുകളില്‍ കേറി കുത്തിയിരിക്കുന്നത് കുട്ടികളടക്കം ആബാലവൃദ്ധം ജനങ്ങള്‍, വിവിധ മതമേലധ്യക്ഷന്മാര്‍ മുതല്‍ സന്മാര്‍ഗ ഉപദേശികള്‍ വരെ ജീവിതം പാഴാക്കുകയാണ്. ശാരീരികവും മാനസികവുമായ രോഗങ്ങള്‍, സംഘര്‍ഷങ്ങള്‍, വിഭ്രാന്തികള്‍ എല്ലാം വിളിച്ചുവരുത്തുകയാണ് ഇത്തരം പൊറോണോ സൈറ്റുകള്‍ ചെയ്യുന്നത്. ഇത്തരം സൈറ്റുകളോടുള്ള അമിതമായ ആവേശവും ആക്രാന്തവും വ്യക്തികളുടേയും സമൂഹത്തിന്‍റെയും സമനില തെറ്റിക്കുന്നു. അമിതമായ ഇത്തരം വ്യക്തിസ്വാതന്ത്ര്യങ്ങള്‍ ഒരുതരം സാമൂഹ്യവിപത്തും ജീര്‍ണ്ണതയുമാണ്. പ്രകൃതിവിരുദ്ധവും അശാസ്ത്രീയവുമായ വഴിപിഴച്ച ലൈംഗീക ബന്ധങ്ങളിലേക്കും ലൈംഗീക അരാജകത്വത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും ഈ അശ്ലീല സൈറ്റുകളും അതിലെ ചിത്രങ്ങളും, പ്രഭാഷണങ്ങളും പ്രബോധനങ്ങളും മനുഷ്യനെ നയിക്കുന്നു. ഇതുവഴി എത്ര പേരാണ് കുറ്റകൃത്യങ്ങളിലും നിരവധി കെണികളിലും പെടുന്നത്. കൗമാരക്കാര്‍ ഇപ്പോള്‍ അധികവും ടെക്സ്റ്റിംഗ് അല്ല സെക്സ്റ്റിംഗാണ് മൊബൈല്‍ ഫോണ്‍ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവരും സദാചാര പോലീസായി പ്രവര്‍ത്തിക്കുന്നവരും ആത്മീയ ഗുരുക്കളായി പ്രവര്‍ത്തിക്കുന്ന പുരോഹിതരുമൊക്കെ ഒരു നല്ല വിഭാഗം ഇതില്‍പ്പെട്ടവരാണ്. ലൈംഗീക വിദ്യാഭ്യാസവും ബോധവല്‍ക്കരണവും സ്വയം നിയന്ത്രണവും നിയമനിര്‍മ്മാണവും ശിക്ഷയുമെല്ലാം ഈ സാമൂഹ്യ വിപത്തിനെ പരിഹരിക്കാന്‍ അനിവാര്യമാണെന്ന് തുടര്‍ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു

6-Kerala Writers Forum August Meeting photo 4ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരായ ടി.ജെ. ഫിലിപ്പ്, ദേവരാജ് കുറുപ്പ്, ഡോ. മാത്യു വൈരമണ്‍, ജോണ്‍ മാത്യു, മാത്യു നെല്ലിക്കുന്ന്, ഡോ. സണ്ണി എഴുമറ്റൂര്‍, എ.സി. ജോര്‍ജ്ജ്, ഫാ. എ.വി.തോമസ്, ജോസഫ് തച്ചാറ, ചാക്കോ ജോസഫ്, ഗ്രേസി നെല്ലിക്കുന്ന്, ബോബി മാത്യു, ലെനി ജേക്കബ്, റോസമ്മ മാത്യു, ബി. ജോണ്‍ കൂന്തറ, ബാബു കുരവക്കല്‍, ഈശോ ജേക്കബ്, ഡോ. സി.എം. ജേക്കബ്, ജോസഫ് പൊന്നോലി, നൈനാന്‍ മാത്തുള്ള, സുനില്‍ ജെ. മാത്യു, വല്‍സന്‍ മഠത്തിപ്പറമ്പില്‍, സലീം അറയ്ക്കല്‍, ഡോ. ഈപ്പന്‍ ഡാനിയേല്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും യോഗത്തിലും സജീവമായി പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. കേരള റൈറ്റേഴ്സ് ഫോറം സെക്രട്ടറി ഡോ. മാത്യു വൈരമണ്‍ നന്ദി രേഖപ്പെടുത്തി.

എ.സി. ജോര്‍ജ്ജ്


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top