Flash News

ദുരന്തം വരുന്ന വഴികള്‍ (കോരസണ്‍)

August 29, 2018 , കോരസണ്‍

durantham varunna banner-1ഇതുകൂടി ഇരിക്കട്ടെ, കൂടെ ജോലി ചെയ്യുന്ന ഒരു പാക്കിസ്ഥാന്‍ സുഹൃത്ത് ഒരുപിടി ഡോളര്‍ മടക്കി മേശപ്പുറത്തു വച്ചു. ‘നിങ്ങടെ ഇന്ത്യയില്‍ വലിയ പ്രളയം നടന്നു എന്ന വാര്‍ത്തകള്‍ കണ്ടു, നിങ്ങള്‍ അയക്കുന്നതിനോടൊപ്പം ഇതുകൂടി ദയവായി ചേര്‍ത്താലും’ അയാളുടെ മുഖത്തു ഉള്ള വേദനയുടെ ഭാവങ്ങള്‍ മറക്കുവാനായിരുന്നില്ല. ദുരന്തങ്ങള്‍ വരുമ്പോളാണ് നന്മയുടെ പച്ചപ്പുകള്‍ അതിര്‍ത്തികള്‍ ഭേദിച്ച് മുളച്ചു വരുന്നത് കാണാവുന്നത്. ഇന്ത്യക്കു ആരുടേയും ദാനം വേണ്ട, മലയാളികള്‍ ദുരഭിമാനികളും അഹങ്കാരികളുമാണ് എന്ന് തുടങ്ങി ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലത്തെ കേരള വാര്‍ത്തകള്‍ കണ്ടു വേദനിച്ചിരുന്ന അസഹിണുതയുടെ കാര്‍മേഘപാളികള്‍ കാറ്റടിച്ചു മാറി.

ഇപ്രാവശ്യത്തെ ഓണത്തിനു പപ്പടവും പായസവും വേണ്ട, ഒരു മലയാള സംഘടനയുടെ ഓണപ്പരിപാടി എങ്ങനെ നടത്തണം എന്ന ആലോചന യോഗമാണ് വേദി. അപ്പൊ പിന്നെ കഞ്ഞിയും പയറുമാകാം ഇല്ലേ പ്രസിഡണ്ടിന്റെ ആക്കിയ ഒരു ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ മെംബെര്‍ക്കു ആയില്ല, ഉള്ളില്‍ കിടക്കുന്ന സിംഗിള്‍ മാള്‍ട് വിസ്‌കിയില്‍ ഒക്കെ പറഞ്ഞതും കേട്ടതും ആരാ എന്താ എന്ന് തിരിച്ചറിയാനായില്ല. എന്നാ പിന്നെ പൂക്കളവും വിളക്കും വേണ്ട, അവളുമാരുടെ സെറ്റ് മുണ്ടും മുല്ലപ്പൂവും പൊളിച്ചു കളയാം എന്ന ഒരു നിര്‍ദോഷമായ പണി.

korason black dressപൂക്കളത്തിന്റെ ഉത്തരവാദിത്തം ഏറ്റിരുന്ന മങ്ക, പൂക്കളം പാടില്ല , ശരി, ഒരുത്തനും കള്ള് അടിച്ചോണ്ടു വന്നേക്കരുത്, പാര്‍ക്കിങ് ലോട്ടില്‍ പോയി മിനുങ്ങുകയും പാടില്ല. കൈതുറന്നു സംഭാവന നല്‍കാന്‍ ശേഷിയുള്ള ആരോഗ്യ പരിപാലന വനിതാ പരിരക്ഷകരുടെ അപ്രീതി സമ്പാദിച്ചാല്‍ ആകെ പണി പാളും എന്ന് കരുതി പ്രസിഡണ്ട്, ആയിക്കോട്ടെ, ഒരു പൂവിന്റെ കാര്യം അത്ര പ്രശ്നമാക്കണ്ട എന്ന് കല്‍പ്പിച്ചു.

അപ്പൊ പിന്നെ ഓണപ്പരിപാടികളുമില്ല, സദ്യയുമില്ല, കള്ളും പാടില്ല.. പിന്നെ ആര് വരാനാണ് യോഗത്തിനു? പ്രസിഡണ്ട് തന്നെ പ്രസംഗിച്ചോ, കമ്മറ്റിക്കാരു കാണുമായിരിക്കും കേള്‍ക്കാന്‍, പൗലോസിന്റെ പരിഹാസത്തിനു മുന്‍പില്‍ പ്രസിഡണ്ട് പ്രളയക്കെടുതിയില്‍ മുങ്ങിത്താഴുന്നവരേക്കാള്‍ കഷ്ടമായി മരവിച്ചു നിന്നു.

പള്ളിയില്‍ കേരളത്തിലെ പ്രളയ ദുരിതങ്ങള്‍ക്കു സഭ നല്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചു വാചാലനാവുകയാണ് അച്ചന്‍. വലിയ തിരുമേനിയും ചെറിയ തിരുമേനിയും ഒക്കെ നമ്മുടെ പള്ളിയെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. ഒരു ദുരിതം വരുമ്പോള്‍ ഇത്രയധികം സഹായിക്കുന്ന ഒരു പള്ളിയും ഈ ലോകത്തില്ല എന്ന് അവര്‍ക്കു അറിയാം. അവരുടെ പ്രതീക്ഷ നമ്മള്‍ നിറവേറ്റണം, ഓരോരുത്തരും ആയിരം ഡോളര്‍ വച്ച് തന്നാല്‍ അരക്കോടി രൂപ നമുക്ക് കൊടുക്കാനാവും, അതിനു ശേഷിയുള്ളവരാണ് നമ്മള്‍. ഒരു ലക്ഷം രൂപ ഇതാ ഞാന്‍ സംഭാവന നല്‍കുന്നു എന്ന് പറഞ്ഞു എഴുതികൊണ്ടു വന്ന ചെക്ക് ട്രസ്റ്റിയെ ഏല്‍പ്പിക്കുന്നു, ഇനിയും പറ ഓരോരുത്തരുടെയും തുകകള്‍. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത എന്ന് കേട്ടിട്ടേയുള്ളു , അത് ആദ്യമായിട്ടാണ് പള്ളിയില്‍ അനുഭവിക്കുന്നത്. എല്ലാവരും കണ്ണടച്ച് ധ്യാനിക്കുന്നു. എന്നാല്‍ ഒരു കടലാസ്സു പാസ് ചെയ്യുന്നു അവരവരുടെ സംഭാവന അങ്ങോട്ട് എഴുതിക്കട്ടെ. വളരെ വേഗം കൈമാറി പോകുന്ന പേപ്പറിനെ നോക്കി ട്രസ്റ്റി വിഷ്ണനാവുന്നു. ആരൊക്കയോ എന്തൊക്കെയോ എഴുതി വിടുന്നുണ്ട്. സുനാമിക്കും, കത്രീനക്കും, ഹെയ്ത്തിക്കും, ഓഖിക്കും ഒക്കെ ഇങ്ങനെ പിഴിഞ്ഞതല്ലേ ഒരു മനുഷ്യനും അത് കിട്ടിയോ അല്ലെങ്കില്‍ കൊടുത്തോ എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല, ആരും ചോദിച്ചിട്ടും ഇല്ല. ഒക്കെ ഒരു വിശ്വാസം, അതെല്ലേ എല്ലാം, പിറുപിറുത്തു കൊണ്ട് എന്തോ എഴുതുന്ന കറിയാച്ചന് കൈയ്യില്‍ നിന്നും ട്രസ്റ്റി പേപ്പര്‍ വാങ്ങി അടുത്ത ഭാഗ്യവാന്റെ അടുത്തേക്ക് ഓടുന്നു.

ഈ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താല്‍ അത് ആളുകള്‍ക്ക് വല്ലതും കിട്ടുമോ അതോ പാര്‍ട്ടിക്കാരു അടിച്ചുകൊണ്ടു പോകുമോ? തോമാച്ചന്റെ നിഷ്‌കളങ്ക ചോദ്യത്തിന് മുന്നില്‍ പതറാതിരുന്നില്ല. ‘നേരിട്ട് ആളുകളെ കണ്ടുപിടിച്ചു മാത്രമേ ഞാന്‍ എന്തെങ്കിലും ചെയ്യൂ, ചുമ്മാതെ ആറേഴു വര്ഷം അരമനയില്‍ പുട്ടടിച്ച ശേഷം, കുറെ പേര് കുത്തിപ്പൊക്കിയപ്പോഴാണ് കത്രിന ഫണ്ട് എവിടേയോ കൊണ്ട് ആര്‍ക്കോ കൊടുത്ത് എന്ന് കേട്ടു. ഇവനെയൊന്നും വിശ്വസിക്കരുത് കാല്‍ പണം കൊടുക്കരുത്’, പിറുപിറുത്തുകൊണ്ട് കണ്ണുരുട്ടി നടന്നുപോകുന്ന പൈലി, പട്ടി കടിച്ച വേദനപോലെ കഠിന വിഷമത്തോടെ കാറില്‍ കയറി പാഞ്ഞു. ഇനി രണ്ടുപെഗ്ഗ് അടിച്ചിട്ട് വേണം വിഷമം മാറ്റാന്‍.

അല്‍പ്പം മനസ്താപത്തോടെ വീട്ടില്‍ ചെന്നിരുന്നപ്പോളാണ് പോള്‍ വിളിക്കുന്നത്. അതേയ് ഈ **** സംഘടന ഒരു ചാരിറ്റി ഡിന്നര്‍ നടത്തുന്നു, അവിടെ ചിലവുകള്‍ ഒക്കെ സൗജന്യമായി കിട്ടുകയാണ് പിന്നെ നമ്മള്‍ കൊടുക്കുന്ന ഓരോ ഡോളറും അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് കൊടുക്കാനാണ് പ്ലാന്‍. നമ്മുടെ സണ്ണിയും മോഹനനുമൊക്കെയല്ലേ നടത്തുന്നത് , നമ്മള്‍ ഓരോ പ്രാവശ്യം ചോദിക്കുമ്പോഴും അവര്‍ സഹകരിക്കാറുണ്ട്, അപ്പൊ നമ്മുക്കും ഒന്ന് സഹായിക്കണം. 500 ഡോളര്‍ എങ്കിലുമാണ് പ്രതീക്ഷിക്കുന്നത്, നല്ല ഒരു ശാപ്പാടും കലാപരിപാടിയും ഉണ്ട്. അപ്പൊ ഞാന്‍ നിങ്ങളെ അങ്ങ് കൂട്ടുകയാണ് നമുക്ക് ഒരു ടേബിള്‍ മുഴുവന്‍ എടുക്കണം. ശരിയാണ്, കഴിഞ്ഞ ചാരിറ്റി ഡിന്നര്‍ നടത്താന്‍ അവരുടെ വീട്ടില്‍ പോയി എന്ത് കാര്യങ്ങളാണ് താനുള്‍പ്പടെയുള്ളവര്‍ പോയി തട്ടിവിട്ടത്. ചില്ലറ സഹായം ഒക്കെ കഴിഞ്ഞു ബാക്കി പണം ബാങ്കില്‍ ഇപ്പോഴും കിടക്കുന്നു. ഇത് ഇങ്ങനെ ഒരു മഹാദുരന്തമായി അടിക്കുമെന്നു സ്വപ്നത്തില്‍ വിചാരിച്ചില്ല. എന്തെന്ന് പറയാനറിയാതെ കസേരയിലേക്ക് പതിച്ചപ്പോഴാണ് ടെലിഫോണ്‍ കൊണ്ട് മകള്‍ വരുന്നത്. ഡാഡി, ഇവിടുണ്ടായിരുന്നോ , ആ ഫോണ്‍ കുറെ നേരമായി കിടന്നു അടിക്കുകയായിരുന്നു, ആ ജോണങ്കിളാ.

സാറെ കുറേനേരമായി ലാന്‍ഡ് ലൈനില്‍ വിളിക്കുന്നു, അതാ മൊബൈലില്‍ വിളിച്ചത്. അതേയ്, നമ്മുടെ ക്ലബ്ബ് കേരളിത്തിലെ പ്രളയ ദുരന്തത്തില്‍ സഹായം ചെയ്യുന്നു. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയതേയുള്ളു ഏതാണ്ട് ആറായിരം ഡോളര്‍ ആയി. സാറുകൂടി എന്തെങ്കിലും ചെയ്യണം. അടുത്ത വെള്ളിയാഴ ക്ലോസ് ചെയ്യാനാണ് പ്ലാന്‍. 250 ഡോളര്‍ എങ്കിലും പ്രതീക്ഷിക്കുന്നു. മറ്റു സംഘടനകള്‍ ഒക്കെ ചോദിച്ചായിരിക്കും, എന്നാലും സാര്‍ അടുത്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഞങ്ങള്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്. അപ്പൊ അതിന്റെ ഒക്കെ ഒരു നിലവാരം നമുക്ക് കാണിക്കണമല്ലോ. നിങ്ങള്‍ എന്തോ മനുഷ്യാ ആഹാ. ഓഹോ.. എന്നും പറഞ്ഞു നടക്കുന്നത് ?. മലയാളത്തില്‍ വേറെ ഒരു വാക്കും ഇല്ലേ സംസാരിക്കാന്‍, ഭാര്യ പിറകില്‍ നിന്ന് അവളുടേതായ പണിയും തുടങ്ങിയിരിക്കുന്നു.

ണിം.. ണിം ..വാട്ട്‌സ്ആപ് മെസ്സേജ് ആണ്..ഒരു സംഘി സംഘടനയുടെ പിരിവു നടത്തുന്നതില്‍ സഹകരിക്കാനുള്ള ആഹ്വാനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഫോണില്‍ നോക്കിയിട്ടു മേശയില്‍ ചിതറിക്കിടക്കുന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കണ്ടു..പിന്നെയും ബില്ലുകള്‍ നോക്കി..ബില്ലുകള്‍ എന്നേയും നോക്കി .. ആകെ തല ചുറ്റുന്നപോലെ.. എന്തോ മഹാദുരന്തം അടിച്ചുകൊണ്ടിരുന്നു .. ഒന്നും അത്ര വ്യക്തമായി കാണാനാവുന്നില്ല. പ്രളയം ചുറ്റും പ്രളയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top