
ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന് നിവേദനം സമര്‍പ്പിക്കുന്നു
തിരുവനന്തപുരം: പ്രളയത്തില്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകളും പഠനോപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്ദ റൈഹാന്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ ഐ.എ.എസ് എന്നിവര്‍ക്ക് നിവേദനം നല്കി.
ഹയര്‍ സെക്കന്‍ഡറി വകുപ്പ് ഇറക്കിയ ഉത്തരവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ ആഗസ്റ്റ് 31നകം പരീക്ഷയെഴുതിയ സ്കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പറയുന്നത്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ടവര്‍ ആഗസ്റ്റ് 31-നു മുന്‍പും സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ 3-നു മുന്‍പും സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലും പറയുന്നു.
ഓണാവധി കഴിഞ്ഞ് ബുധനാഴ്ചയാണ് സ്കൂളുകള്‍ തുറന്നത്. ക്യാമ്പുകളില്‍ കഴിയുന്നതുമൂലം നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസുകളില്‍ എത്താന്‍ സാധിച്ചിട്ടില്ല. പല സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നതിനാൽ ക്ലാസുകൾ ആരംഭിച്ചിട്ടു പോലുമില്ല. ഈ സാഹചര്യത്തിൽ പരിമിതമായ ദിവസങ്ങൾക്കുള്ളിൽ ആവശ്യക്കാർക്ക് അപേക്ഷ സമർപ്പിക്കൽ പ്രയാസകരമാണെന്നതു കൊണ്ടാണ് തിയതി നീട്ടണമെന്ന് ആവശ്യപ്പെട്ടതെന്ന് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. പാഠപുസ്തകങ്ങള്‍ക്കും യൂണിഫോമിനുമൊപ്പം പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട്ബുക്ക്, ബാഗ് അടക്കം മുഴുവന്‍ പഠനോപകരണങ്ങളും നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
നിവേദനം സ്വീകരിച്ച ഡയറക്ടര്‍മാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ നടപടികള്‍ കൈക്കൊള്ളാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തുമെന്ന് നേതാക്കളെ അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്റഫ് കെ.കെ, അസിസ്റ്റന്റ് സെക്രട്ടറി കെ.എം സാബിര്‍ അഹ്സന്, ഹൈദര്‍ കോതമംഗലം എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply