Flash News

ചന്ദ്രികയ്ക്കു ബദലാകാന്‍ ഉദ്ദേശിച്ച സുപ്രഭാതം ദിനപത്രം വേണ്ടെന്നുവച്ചു

September 10, 2013 , ഷമീന പി.കെ.

suprabhathamതിരുവനന്തപുരം: ഇ.കെ. വിഭാഗം സുന്നികള്‍ പ്രസിദ്ധീകരിക്കാനുദ്ദേശിച്ച മലയാളം ദിനപത്രം ‘സുപ്രഭാതം’ തല്‍ക്കാലമില്ല. പത്രം ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് സമസ്ത കേരള സുന്നീ ജംഇയ്യത്തുല്‍ ഉലമ (ഇ.കെ. വിഭാഗം) പിന്മാറിയതായാണു വിവരം. സ്വന്തം മുഖപത്രമായ ചന്ദ്രികയെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ആണ് പ്രഭാതത്തിനു തുരങ്കം വച്ചതെന്ന് ഇ.കെ. വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും അത് പരസ്യമായി പറയാന്‍ അവര്‍ തയ്യാറല്ല. നവംബറോടെ മാധ്യമ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കാനിരിക്കെയാണ് പത്രം ഉടനെ വേണ്ടെന്ന തീരുമാനത്തിലേക്ക് കാര്യങ്ങള്‍ മാറിയത്.

 

ചന്ദ്രിക സമസ്തയ്ക്കു മാന്യവും മതിയായതുമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി സുന്നീ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ വ്യാപകമായതോടെയാണ് സ്വന്തമായി ഒരു പത്രം തുടങ്ങാനുള്ള ആലോചനയുണ്ടായത്. അതു പിന്നീട് തീരുമാനമായി മാറുകയായിരുന്നു.

 

എ.പി. വിഭാഗം സമസ്തയേക്കാള്‍ കൂടുതല്‍ മദ്രസകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടത്തുന്ന ഇ.കെ. വിഭാഗത്തിന്, ആ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് പത്രം നടത്താമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. മദ്രസാ അധ്യാപകരും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളും ഉള്‍പെടുന്ന വലിയൊരു വിഭാഗം വായനക്കാരും വരിക്കാരും പ്രഭാതത്തിനു മുതല്‍ക്കൂട്ടാകും എന്നുതന്നെ വരികയും ചെയ്തു. എന്നാല്‍ പത്രം തുടങ്ങുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സമാഹരണം നടത്താന്‍ മദ്രസകളെ സമസ്ത ഉപയോഗിക്കുന്നുവെന്ന പരാതി കടുത്ത ലീഗ് പ്രവര്‍ത്തകരായ സമസ്തക്കാര്‍ തന്നെ ഉന്നയിച്ചു തുടങ്ങിയതോടെ കാര്യങ്ങള്‍ താളം തെറ്റിത്തുടങ്ങി.

 

ചന്ദ്രികയുടെ നിലനില്‍പിനെ ബാധിക്കും എന്നതിനാല്‍ ലീഗാണ് പ്രഭാതത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന പ്രചാരണവും സമസ്തയില്‍ ശക്തമായി. അതിനിടെ, ചന്ദ്രികയുടെ പ്രസാധകര്‍ എന്ന സ്ഥാനം മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്തയുടെ സമുന്നത നേതാവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രാജിവച്ച്, സുപ്രഭാതത്തിന് പ്രത്യക്ഷത്തില്‍ തന്നെ പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് സമസ്തക്കാര്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലീഗിനെയും സമസ്തയെയും ചന്ദ്രികയെയും പ്രഭാതത്തെയും വെവ്വേറെ തിരിച്ച് ആക്രമിക്കാനും കുപ്രചാരണം നടത്താനും ശ്രമിക്കുന്നവരെ കരുതിയിരിക്കണം എന്ന നിലപാടാണത്രേ ലീഗിനുള്ളിലും സമസ്തയ്ക്കുള്ളിലും തങ്ങള്‍ സ്വീകരിച്ചത്.

 

ഏതായാലും ചന്ദ്രികയുടെ നിലനില്‍പിനെ ബാധിക്കാന്‍ ഇടയുള്ള പത്രം എന്ന നിലയില്‍ സുപ്രഭാതത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ നിന്ന് ലീഗുകാരായ ഇ.കെ. വിഭാഗം മദ്രസാധ്യാപകരും രക്ഷിതാക്കളും കൂട്ടത്തോടെ പിന്‍മാറുന്നതാണ് പിന്നീടു കണ്ടത്. ഇത് ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ വിജയം കൂടിയായിരുന്നു.

 

അതിനൊടുവിലാണ് പ്രഭാതം പ്രസിദ്ധീകരണം ആരംഭിക്കേണ്ടെന്ന തീരുമാനത്തില്‍ സമസ്ത നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്. തല്‍ക്കാലം ചന്ദ്രികയ്ക്കു സമാന്തരമായി മറ്റൊരു ദിനപത്രം ഇറക്കുന്നില്ല എന്നാണ് പറയുന്നതെങ്കിലും സുപ്രഭാതം ആരംഭിക്കാനുള്ള നീക്കം പൂര്‍ണമായിത്തന്നെ നിര്‍ത്തിവച്ചതായാണ് അറിയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top